top of page
a  light blue background .jpg

കടന്നുപോകാത്ത കാലങ്ങൾ

Sreekumar Ezhuththaani

Sreekumar Ezhuththaani

കടന്നുപോകാത്ത കാലങ്ങൾ

*************************
ഉച്ചനമസ്കാരത്തിന് പള്ളിയിലിരുന്നപ്പോഴും മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. വിശപ്പ് മാത്രമായിരുന്നു.

ദൂരെ നാട്ടിൽ നിന്ന് ഇവിടെ ജോലിക്ക് എത്തിയവരെല്ലാം പറയും ഹോട്ടലിലെ ആഹാരം കഴിച്ചു മടുത്തെന്ന്. എനിക്കാണെങ്കിൽ വീട്ടിലെ ആഹാരമാണ് മടുത്തത്. കഴിയുന്നതും വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിക്കാതിരിക്കാതിരിക്കാൻ ശ്രമിക്കും. കഴിച്ചാൽ എപ്പോഴെങ്കിലും അത് ഛർദിച്ചു പോകും എന്നത് ഉറപ്പാണ്.
എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

രാവിലെ ഭക്ഷണം മുന്നിൽ വെക്കുമ്പോൾ തന്നെ വയറിനുള്ളിൽ എന്തോ എതിർപ്പ് തുടങ്ങും.

ഇന്നും അങ്ങനെ തന്നെയായിരുന്നു.

രാവിലെ ഒന്നും കഴിക്കാതെ കടയിലെത്തി. ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കാൻ പോകാമെന്ന് കരുതിയിരിക്കുമ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. അതിനിടയിലാണ് നമസ്കാരത്തിൻ്റെ സമയം വന്നത്.

പള്ളിയിലെത്തിയപ്പോൾ വിശപ്പിന് കുറച്ച് ആശ്വാസം കിട്ടുമെന്ന് കരുതി. കിട്ടിയില്ല.

നിസ്കാരത്തിനായി എല്ലാവരും വരിയായി നിന്നു.

ഇമാം മുന്നിൽ. പിന്നിൽ ഞങ്ങൾ.

ചുറ്റും പ്രാർത്ഥനയുടെ ശബ്ദങ്ങൾ ഉയർന്നു.

ഞാനും മറ്റുള്ളവരെപ്പോലെ എഴുന്നേറ്റു. കുനിഞ്ഞു. നിലത്ത് നെറ്റി വെച്ചു. വീണ്ടും എഴുന്നേറ്റു.
എല്ലാം യാന്ത്രികമായി.

മനസ്സ് അവിടെയായിരുന്നില്ല.

വിശപ്പ് കൊണ്ട് വയറിനുള്ളിൽ ഒരു ശൂന്യത. ആ ശൂന്യതയിൽ മറ്റൊന്നിനും കയറിവരാൻ കഴിയാത്തതുപോലെ.

നമസ്കാരം കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴാണ് മുസലിയാരുടെ മുന്നിൽ നേരെ ചെന്നുപെട്ടത്.
അയാളെ കാണാതെ പോകാമെന്ന് കരുതിയതാണ്. അത് പാഴായി.

“നീ വന്നോന്ന് നോക്കുവായിരുന്നു,” അയാൾ പറഞ്ഞു.

ഞാൻ ചിരിക്കാൻ ശ്രമിച്ചു.

“എന്താ മുസലിയാരേ?”

“എന്താണെന്നോ?”

അയാളുടെ ശബ്ദം പള്ളിയുടെ വരാന്തയിൽ നിന്ന് പുറത്തേക്കും കേൾക്കാമായിരുന്നു.

“പള്ളിയുടെ പണി നടക്കുന്നത് നിനക്കറിയില്ലേ?”

“അറിയാം.”

“ഒരു ലക്ഷം തന്നിട്ട് ഉത്തരവാദിത്തം തീർന്നു എന്ന് കരുതിയാലെങ്ങനാ?”

“കച്ചവടമൊക്കെ കുറവാണ്, മുസലിയാരേ.”

“കച്ചവടം കുറവാണെങ്കിൽ പള്ളി പണിയണ്ടേ?”

ഞാനൊന്നും മറുപടി പറഞ്ഞില്ല.

അയാൾ എൻ്റെ മുഖത്തേക്ക് നോക്കി.

“നിൻ്റെ കടയ്ക്ക് ഇത്രയും വർഷമായി കച്ചവടമില്ലേ?”

“ഉണ്ട്.”

“പിന്നെ?”

ഞാൻ മറുപടി പറയുന്നതിന് മുമ്പേ അയാൾ വീണ്ടും തുടങ്ങി.

“ഇവിടെ എല്ലാവരും അഞ്ചെങ്കിലും കൊടുക്കുന്നുണ്ട്. നീ മാത്രം ഒന്ന് തന്നിട്ട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.”

അയാൾ എന്നെ പള്ളിയുടെ വരാന്തയിൽ നിർത്തി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമായില്ല. ചുറ്റുമുള്ളവർ കേൾക്കുന്നുണ്ടായിരുന്നു.

“കുറച്ച് സമയം തരൂ. കച്ചവടം ഒന്ന് മെച്ചപ്പെട്ടാൽ ...”

“എപ്പോൾ മെച്ചപ്പെടും?”

അയാൾ പെട്ടെന്ന് ചോദിച്ചു.

എനിക്ക് അറിയില്ലായിരുന്നു. അത് പറയാൻ പറ്റാത്തതുകൊണ്ട് ഞാൻ മിണ്ടാതെ നിന്നു.

അയാൾ എന്നെ പള്ളിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നാണ് യഥാർത്ഥ ശകാരം തുടങ്ങിയത്.

“നിനക്ക് കഴിയില്ലെങ്കിൽ കഴിയില്ലെന്ന് പറഞ്ഞാൽ മതി. പക്ഷേ പള്ളിയുടെ കാര്യത്തിൽ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം.”

“ഞാൻ കഴിയില്ലെന്ന് പറഞ്ഞില്ലല്ലോ.”

“പിന്നെ എന്താണ് പറയുന്നത്?”

“കുറച്ച് സമയം വേണമെന്ന്.”

“സമയം! സമയം!”

അയാൾ പരിഹാസത്തോടെ ചിരിച്ചു.

“എല്ലാവർക്കും സമയം വേണം. പള്ളിക്ക് മാത്രം സമയമില്ല.”

ഞാനൊന്നും മിണ്ടിയില്ല.

അയാളുടെ കണ്ണുകൾ പെട്ടെന്ന് എൻ്റെ മുഖത്തുനിന്ന് മാറി.

എൻ്റെ കഴുത്തിലേക്കല്ല.

എൻ്റെ കൈയിലേക്കും അല്ല.

എൻ്റെ വീട്ടിൻ്റെ ദിശയിലാണ് നോക്കുന്നതെന്ന് എനിക്ക് തോന്നി.

“നിൻ്റെ ബീവിയുടെ സ്വർണം ഉണ്ടല്ലോ?”

ഞാൻ അയാളെ നോക്കി.

“അതെന്തിനാ?”

“പള്ളിക്ക് വേണ്ടിയല്ലേ.”

“അത് അവളുടെതാണ്.”

“അവളുടെതാണെന്ന് എനിക്കും അറിയാം.”

അയാൾ ശബ്ദം താഴ്ത്തി.

“പക്ഷേ അവള് നിൻ്റെയല്ലേ? അപ്പൊ അവളുടേതും നിൻ്റെയല്ലേ?”

ഞാൻ മറുപടി പറഞ്ഞില്ല.

അവളുടെ കഴുത്തിലെ സ്വർണം എത്രയുണ്ടെന്ന് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ അവൾ അതിൽ കൈവയ്ക്കില്ലെന്ന് അറിയാം.

എൻ്റെ കച്ചവടം മോശമായാലും,വീട്ടിൽ ആശുപത്രി ചെലവിന് പണമില്ലാതിരുന്നാലും, എന്ത് സംഭവിച്ചാലും, അവൾക്ക് ആ സ്വർണം അവളുടെ ശരീരത്തിൽത്തന്നെ കിടക്കണം.

അതിനെക്കുറിച്ച് അധികമായി മുസലിയാരോട് പറയാൻ പോയില്ല.

“ആശുപത്രിയിൽ ചികിത്സയ്ക്ക് പോലും അതിൽ കൈവയ്ക്കാൻ അവൾ സമ്മതിക്കില്ല,” ഞാൻ പറഞ്ഞു.

മുസലിയാർ കുറച്ചുനേരം എന്നെ നോക്കി.

“അവളോട് നീ പറഞ്ഞുനോക്കിയിട്ടുണ്ടോ?”

“പറഞ്ഞിട്ടുണ്ട്.”

“എന്നിട്ട്?”

“ഇല്ലെന്ന് പറഞ്ഞു.”

“നീ വീണ്ടും പറയണം.”

ഞാൻ ചിരിച്ചു.

“ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആളല്ല.”

“അത് നിൻ്റെ പ്രശ്നമാണ്.”

അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

രണ്ടടി പോയിട്ട് വീണ്ടും തിരിഞ്ഞു.

“കുറഞ്ഞത് രണ്ടുലക്ഷം കൂടി നോക്ക്.”

“ഇപ്പോൾ കഴിയില്ല.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല, നോക്കണം.”

ഞാൻ ഒന്നും പറഞ്ഞില്ല.

അയാൾ വീണ്ടും നടന്നു.

പള്ളിയുടെ മിനാരം മുകളിലേക്ക് നോക്കി നിന്നു. ഉച്ചവെയിലിൽ അതിൻ്റെ വെള്ള നിറം കണ്ണിൽ തട്ടി.

എനിക്ക് വീണ്ടും വിശപ്പ് തോന്നി.

അപ്പോഴാണ് പള്ളിയുടെ ഗേറ്റിനരികിൽ നിൽക്കുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചത്.

ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല.

അയാൾ എന്നെ നോക്കി ചിരിച്ചു.

പിന്നെ കൈ ഉയർത്തി.

“എടാ...”

ആ ശബ്ദം കേട്ടപ്പോൾ പെട്ടെന്ന് പഴയൊരു കാലം എൻ്റെ മുന്നിൽ വന്നു നിന്നു.

“വിഷ്ണു?”

അവൻ ചിരിച്ചു.

“നിന്നെ ഇവിടെ കാണുമെന്ന് കരുതിയില്ല.”

“ഞാനും.”

വർഷങ്ങൾക്കു ശേഷം കണ്ടതിൻ്റെ സന്തോഷത്തിൽ ഞാൻ മുസലിയാരെയും പള്ളിയെയും വിശപ്പിനെയും കുറച്ചുനേരത്തേക്ക് മറന്നു.

വിഷ്ണുനാഥ് പള്ളിയിലേക്ക് നോക്കി.

“ഇവിടെ ഒരു ഓഫീസ് മുറി അന്വേഷിച്ചാണ് വന്നത്,” അവൻ പറഞ്ഞു.

“നീ എവിടെയായിരുന്നു ഇത്രയും കാലം?”

അവൻ ഉടൻ മറുപടി പറഞ്ഞില്ല.

അവൻ്റെ മുഖത്ത് ഒരു ചെറിയ ചിരി വന്നു.

“പറയാം.”

അവൻ കൈ എൻ്റെ തോളിൽ വെച്ചു.

“ആദ്യം എന്തെങ്കിലും കഴിക്കാം.”

എനിക്ക് അതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല

വിഷ്ണുനാഥിനെക്കുറിച്ച് നേരിട്ട് അറിഞ്ഞിരുന്നതൊന്നുമില്ല. പക്ഷേ അവനെക്കുറിച്ച് പലതും കേട്ടിരുന്നു. പലരിൽ നിന്നും പലതരത്തിൽ.

അതിൽനിന്ന് ചിലതൊക്കെ കൂട്ടിച്ചേർത്ത് അവനെക്കുറിച്ച് ഒരു രൂപം ഞാൻ മനസ്സിൽ ഉണ്ടാക്കിയിരുന്നു.
കൂടെ പഠിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളും തലയിൽ പേറി നടന്നിരുന്ന ആളായിരുന്നു.

കോളേജിലെ ഏത് വിഷയവും ചർച്ചചെയ്ത് ഒടുവിൽ രാഷ്ട്രീയം വരെയെത്തിക്കുമായിരുന്നു. ദൈവത്തെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ അവൻ ചിരിക്കും. ജാതിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ തർക്കിക്കും. ലോകം മാറ്റാൻ കഴിയുമെന്ന ഒരു വിശ്വാസം അവൻ്റെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്നു.

പിന്നെ ഒരു ദിവസം അതെല്ലാം ഉപേക്ഷിച്ച് അവൻ എങ്ങോട്ടോ അപ്രത്യക്ഷനായി.
ഏതോ ആൾദൈവത്തിൻ്റെ വാക്കിൽ മയങ്ങി ദേശാടനത്തിന് പുറപ്പെട്ടതാണെന്നായിരുന്നു കേട്ടത്.

അതിനുശേഷം അവനെക്കുറിച്ച് വളരെ കുറച്ചേ കേട്ടിട്ടുള്ളൂ.

ഒരു ആശ്രമത്തിലെ അന്തേവാസിയായി കഴിയുന്നു എന്ന് ആരോ പറഞ്ഞു.

പിന്നെ അവിടെനിന്നും മുങ്ങി എന്നും മറ്റൊരാൾ പറഞ്ഞു.

ഞങ്ങളുടെ കൂട്ടത്തിലെ ആരുമായും അവന് പിന്നീട് ബന്ധമുണ്ടായിരുന്നില്ല.

പത്ത് വർഷം കഴിഞ്ഞപ്പോൾ പെട്ടെന്ന് എൻ്റെ മുന്നിൽ നിൽക്കുന്ന വിഷ്ണുനാഥ് അതുകൊണ്ടുതന്നെ എനിക്ക് ഒരു പരിചയക്കാരനേക്കാൾ ഒരു പഴയ ഫോട്ടോയിൽനിന്ന് പുറത്തുവന്ന മനുഷ്യനെപ്പോലെയായിരുന്നു.

പള്ളിമുറ്റത്ത് നിന്ന് ഇറങ്ങുമ്പോൾ അവൻ ചോദിച്ചു:

“നീ എവിടെയാണ് സാധാരണ കഴിക്കുന്നത്?”

അവൻ ചോദിച്ചപ്പോൾ എൻ്റെ മനസ്സിൽ ആദ്യം വന്നത് ഒരു വെജിറ്റേറിയൻ ഹോട്ടലായിരുന്നു. ഉച്ചയ്ക്ക് നല്ല ആഹാരം കഴിക്കാമല്ലോ എന്ന എൻ്റെ പ്രതീക്ഷ അതിനകം തകർന്നിരുന്നു.

അവനെക്കുറിച്ച് കേട്ട കാര്യങ്ങൾ വെച്ച് മറ്റെന്താണ് ഞാൻ പ്രതീക്ഷിക്കേണ്ടത്?

അപ്പോഴാണ് വിഷ്ണു ചോദിച്ചത്:

“ഇവിടെ നല്ല ബീഫ് കിട്ടുന്ന എവിടെയുണ്ട്?”

ഞാൻ അവനെ നോക്കി.

ഒരു നിമിഷം എനിക്ക് കേട്ടത് തെറ്റിയതാണെന്ന് തോന്നി.

“എന്ത്?”

“ബീഫ്, പൊറോട്ടയും.”

അവൻ വളരെ സ്വാഭാവികമായി പറഞ്ഞു.

“നല്ല ബീഫ് കിട്ടുന്ന ഹോട്ടൽ.”

ഞാൻ അവനെത്തന്നെ നോക്കി നിന്നു.

ബീഫ് എന്നു തന്നെയാണോ അവൻ പറഞ്ഞത്? അതോ എന്നെ കളിയാക്കാൻ പോർക്ക് എന്നോ മറ്റോ പറഞ്ഞതാണോ?

അവൻ എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.

“എന്താടാ?”

“ഓ, ഒന്നുമില്ല.”

“അറിയാമോ, നല്ല ബീഫ് കിട്ടുന്ന സ്ഥലം?” അവൻ കൊതിമൂത്ത ഒരു കുട്ടിയെപ്പോലെ വീണ്ടും ചോദിക്കുന്നു.

അപ്പോൾ എൻ്റെ സംശയം മാറി. അതിനേക്കാൾ വേഗത്തിൽ സന്തോഷവും വന്നു.

“മേരി മാതാ, അവിടെ നല്ലതാണ്.”

“പോകാം.”

ഞാൻ അവനെയും കൂട്ടി മേരി മാതാ ഹോട്ടലിലേക്ക് നടന്നു.

കണ്ണ് കാണാത്തവർക്കുപോലും ആ ഹോട്ടൽ കണ്ടുപിടിക്കാൻ കഴിയും.

ഒരു കിലോമീറ്റർ ചുറ്റളവിൽ അവിടുത്തെ ബീഫിൻ്റെ മസാലയുടെ മണം പരന്നുകിടക്കും.

ഹോട്ടലിനടുത്തെത്തുന്നതിന് മുമ്പേ ആ മണം മൂക്കിൽ കയറും.

വറുത്ത സവാളയുടെയും മസാലയുടെയും കുരുമുളകിൻ്റെയും എണ്ണയുടെയും മണം.

വിഷ്ണു പെട്ടെന്ന് നടത്തത്തിൻ്റെ വേഗം കുറച്ചു.

അവൻ മൂക്ക് ഉയർത്തി ആ മണം ഉള്ളിലേക്ക് വലിച്ചെടുത്തു.

“ഇതാണ്, അല്ലേ,” അവൻ പറഞ്ഞു.

അവൻ്റെ മുഖത്ത് ഒരു തിളക്കം വന്നു.

പത്ത് വർഷം മുമ്പ് ഞാൻ കണ്ട വിഷ്ണുനാഥിൻ്റെ മുഖത്തുണ്ടായിരുന്ന തിളക്കമല്ല അത്.

ഇത് മറ്റൊന്നായിരുന്നു. ജീവിച്ചിരിക്കുന്നതിൻ്റെ ഒരു ചെറിയ സന്തോഷം പോലെ.

ഞങ്ങൾ അകത്തുകയറി.

ഉച്ചയായതുകൊണ്ട് ഹോട്ടൽ നിറഞ്ഞിരുന്നു. മേശകൾക്കിടയിലൂടെ വെയിറ്റർമാർ ഓടിനടന്നു. പ്ലേറ്റുകളുടെ ശബ്ദം. ഗ്ലാസുകൾ കൂട്ടിയിടിക്കുന്ന ശബ്ദം. പൊറോട്ട അടിക്കുന്ന ശബ്ദം. അടുക്കളയിൽനിന്ന് വരുന്ന എണ്ണയുടെ ചൂടും ഏരിവുമുള്ള മനം.

ഞാൻ മെനു എടുത്തു.

വിഷ്ണു അത് എൻ്റെ കൈയിൽനിന്ന് വാങ്ങി മാറ്റിവച്ചു.

“ഞാൻ ഓർഡർ ചെയ്യാം.”

“എന്ത്?”

“രണ്ട് ബീഫ് ഫ്രൈ.”

ഞാൻ അവനെ സാകൂതം നോക്കി.

“രണ്ട് ബീഫ് കറി. ആദ്യം ആറു പൊറോട്ട. വേണമെങ്കിൽ പിന്നെ നോക്കാം.”

“രണ്ട് ബീഫ് ഫ്രൈ വേണോ?”

“പിന്നേ, വേണം.”

“ഇവിടെ പോർഷൻ വലുതാണ്. ഒന്ന് എടുത്താൽ രണ്ടുപേർക്കും തികയും.”

“അത് വേണ്ട. എനിക്കീ മേത്തന്മാരുമായി തൊട്ടുതിന്നുന്നത് ഇഷ്ട്ടമല്ല.” അവൻ പൊട്ടിച്ചിരിക്കുന്നു.

അവൻ വെയിറ്ററെ വിളിച്ചു.

“രണ്ട് ബീഫ് ഫ്രൈ, രണ്ട് ബീഫ് കറി, ആറ് പൊറോട്ട.”

വെയിറ്റർ തലകുലുക്കി പോയി.

ഞാൻ അവനെ നോക്കി.

“നീ ശരിക്കും ഇത്രയൊക്കെ കഴിക്കുമോ? എന്നിട്ട് ദേഹത്ത് കാണുന്നില്ലല്ലോ ”

അവൻ ചിരിച്ചു.

“പത്ത് വർഷം കഴിക്കാതിരുന്നതിൻ്റെ കണക്ക് തീർക്കണം.”

അടുക്കളയിൽനിന്ന് മസാലയുടെ മണം.

വിഷ്ണു കണ്ണുകൾ അടച്ചു.

മൂക്കിലൂടെ ആ മണം മുഴുവൻ വലിച്ചുകയറ്റി.

അവൻ്റെ മുഖത്ത് വീണ്ടും ആ തിളക്കം.

ഞാൻ ആദ്യമായി അവനെ ശ്രദ്ധിച്ചു നോക്കി.

മുടി കുറച്ച് നീണ്ടിരുന്നു. താടി ഉണ്ട്. ശരീരം മുമ്പത്തേക്കാൾ ക്ഷീണിച്ചിരിന്നു. കണ്ണുകൾ മാത്രം പഴയതുപോലെ.

പക്ഷേ അവയിൽ എന്തോ ഒരു മാറ്റം. പണ്ടില്ലാത്ത ഒരു തിളക്കം.

അവൻ മേശയിൽ വിരലുകൾ കൊണ്ട് പതുക്കെ താളം പിടിച്ചു.

“എത്ര വര്ഷം ഇതൊക്കെ ഒഴിവാക്കി?” ഞാൻ ചോദിച്ചു.

അവൻ എന്നെ നോക്കി.

“എണ്ണിയിട്ടില്ല. എന്തിനാ?”

അവൻ ചിരിച്ചു.

അപ്പോഴേക്കും ബീഫ് ഫ്രൈയുടെ ആദ്യ പ്ലേറ്റ് മേശയിലെത്തി.

വിഷ്ണു അതിലേക്ക് നോക്കി.

“ഞങ്ങൾക്ക് നിത്യമായ അപ്പം മാത്രമല്ല, ബീഫും പൊറോട്ടയും കൂടി തരുന്ന മിശിഹായെ, നിനക്ക് സ്വസ്തി,“

അവൻ കുരിശും വരച്ചു.

പിന്നെ ചിരി നിർത്തി ഒരു കഷണം ബീഫ് എടുത്ത് കുറച്ചുനേരം കണ്ണടച്ച് ചവച്ചു.

പിന്നെ എന്നെ നോക്കി പറഞ്ഞു:

“നിനക്ക് അറിയാമോ , മനുഷ്യൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്താണെന്ന്?”

ഞാൻ ഒന്നും പറഞ്ഞില്ല.

അവൻ മറ്റൊരു കഷണം എടുത്തു.

“അവന് സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനല്ല ഭാഗ്യം.”

ഞാൻ അവനെ നോക്കി.

അവൻ ഇനി പറയാൻ പോകുന്നത് ബീഫിനെക്കുറിച്ചായിരിക്കില്ലെന്ന് അപ്പോൾ എനിക്ക് മനസ്സിലായി.

“വടക്കേ ഇന്ത്യയിൽ ഗോമാതാവ് ധാരാളം മനുഷ്യരുടെ ഭക്ഷണമായിരുന്നു.”

ഞാൻ അവനെ നോക്കി.

“ഇന്ന്?”

അവൻ ചിരിച്ചു.

“ഇന്ന് ഗോമാതാവ് അവിടെ പുഴുക്കളുടെ ഭക്ഷണമാണ്. ഇവിടെ ഇപ്പോൾ നമ്മൾ അതിൻ്റെ ഇടയിൽ കയറുന്നു.

ഇന്ന് നമ്മൾ ഇത് തിന്നും,നാളെ പുഴുക്കൾ നമ്മളെ തിന്നും.”

“പത്തുവർഷം കഴിഞ്ഞപ്പോൾ എനിക്ക് ആശ്രമം മടുത്തു.”

അവൻ പറഞ്ഞത് വളരെ ലളിതമായിട്ടായിരുന്നു. ഒരേ വീട്ടിൽ താമസിച്ച് മടുത്തുവെന്നതുപോലെ.

“അവിടെ നിന്ന് എങ്ങനെ ഇറങ്ങി?”

“അവരുടെ അനുവാദത്തോടെ.”

ഞാൻ അത്ഭുതപ്പെട്ടു.

“അനുവാദത്തോടെ?”

“അതെ. വീണ്ടും ഒരു ദേശാടനത്തിന് പോകണമെന്ന് പറഞ്ഞു. അവർ സമ്മതിച്ചു.”

“പിന്നെ?”

“പിന്നെ ഞാൻ തിരിച്ചുപോയില്ല.”

അവൻ പറഞ്ഞു തീർത്തു. ഞാൻ കുറച്ചുനേരം ഒന്നും ചോദിച്ചില്ല.

“എത്ര കാലമായി ഇപ്പോൾ?”

“രണ്ടുവർഷം.”

“എവിഡൊക്കെ അലഞ്ഞു?”

“ഇന്ത്യ മുഴുവൻ. മുഴുവൻ എന്നുപറയാൻ പറ്റുമോ എന്നറിയില്ല. കുറെ ഭാഗങ്ങൾ.”

“എങ്ങനെ പോയി?”

“പലപ്പോഴും കാൽനടയായി.”

“പണമില്ലായിരുന്നോ?”

“എൻ്റെ കയ്യിൽ പത്ത് പൈസ പോലും ഉണ്ടായിരുന്നില്ല.”

അവൻ അത് പറയുമ്പോൾ അവൻ്റെ മുഖത്ത് യാതൊരു ദുഃഖവും തോന്നിയില്ല.

“പിന്നെ?”

“ചിലപ്പോൾ ആരെങ്കിലും ഭക്ഷണം തന്നു. ചിലപ്പോൾ ആരുടെയെങ്കിലും വീട്ടിൽ കിടന്നു. ചിലപ്പോൾ റെയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു.”

“പിടിച്ചില്ലേ?”

“പിടിച്ചു.”

“എന്നിട്ട്?”

“ഇറക്കി വിട്ടു.”

“അകത്തിട്ടില്ലേ ?”

അവൻ ചിരിച്ചു.

“താൻ ആരാണെന്ന് തനിക്കുതന്നെ അറിയാത്ത ഒരാളെ മറ്റൊരാൾ എന്തിനാണ് പിടിച്ചുവയ്ക്കുന്നത്?”

ഞാൻ ചിരിച്ചു. പക്ഷേ അവൻ്റെ മുഖത്ത് ചിരിയില്ലായിരുന്നു.

“ആശ്രമത്തിൽ എന്തായിരുന്നു ശരിക്കും ?”

അവൻ കൈ കഴുകാൻ പോയില്ല. ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ പറഞ്ഞു തുടങ്ങി.

ആദ്യം ചെറിയ കാര്യങ്ങൾ. പിന്നെ വലിയ കാര്യങ്ങൾ.

ഞാൻ ഓരോന്നായി ചോദിച്ചുകൊണ്ടിരുന്നു.

വിഷ്ണു ഓരോ ചോദ്യത്തിനും മറുപടി പറഞ്ഞു.

പത്ത് വർഷം അവിടെ താമസിച്ച ഒരാളുടെ ക്ഷമയോടെ.

അവൻ പറയുന്നതിൽ പലതും എനിക്ക് പുതിയ അറിവായിരുന്നു.

ആശ്രമത്തിനകത്തെ ജീവിതം അങ്ങനെയാണെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇപ്പോൾ ചിലതൊക്കെ തെളിഞ്ഞു.

പുറത്തുനിന്ന് നോക്കുമ്പോൾ ശാന്തമായലോകം.

അകത്ത് ചെന്നാൽ ഓരോ കാര്യത്തിനും നിയമം.

നിയമങ്ങൾക്ക് പിന്നിൽ കാരണം.

കാരണങ്ങൾക്ക് പിന്നിൽ വിശ്വാസം.

വിശ്വാസത്തിന് പിന്നിൽ ഒരേ ഒരാൾ.

ഒടുവിൽ അവൻ പറഞ്ഞു:

“അവിടെ എന്ത് വിശ്വസിക്കണമെന്ന് അവർ തന്നെയാണ് തീരുമാനിക്കുന്നത്.”

ഞാൻ തല ഉയർത്തി അവനെ നോക്കി. അത് കേട്ടപ്പോൾ

എനിക്ക് ഒരു ചെറിയ അസ്വസ്ഥത തോന്നി.

അവൻ പറയുന്ന ചില വാക്കുകൾ എൻ്റെ ഉള്ളിൽ മറ്റൊരു ശബ്ദത്തിൽ മുഴങ്ങുന്നതുപോലെ.
വിശ്വസിക്കണം, ചോദിക്കരുത്.

അനുസരിക്കണം, സംശയിക്കരുത്.

ഞാൻ ആ ചിന്ത ഉടൻ തന്നെ മാറ്റിവച്ചു. അത് ആശ്രമത്തെക്കുറിച്ചുള്ള കാര്യമാണ്. എൻ്റെ കാര്യങ്ങളുമായി അതിന് എന്ത് ബന്ധം?

ഞാൻ അതിൽ കൂടുതൽ ചിന്തിച്ചില്ല. അതിനുപകരം ഞാൻ വീണ്ടും ചോദിച്ചു:

“പിന്നെ ഗുരുവിനെക്കുറിച്ച്?”

“നിനക്ക് ഇതൊക്കെ അറിയാൻ നല്ല താൽപര്യമുണ്ടെന്ന് തോന്നുന്നു.”

“അങ്ങനെയൊന്നുമില്ല.”

“ഉണ്ട്.”

അവൻ എന്നെ നോക്കി.

“നീ ചോദിക്കുന്ന ഓരോ ചോദ്യത്തിലും അത് കാണാം.”

ഞാൻ ചിരിച്ചു.

“നീ പറയ്.”

അവൻ കുറച്ചുനേരം മിണ്ടാതെ ഇരുന്നു.

പിന്നെ ആശ്രമത്തെക്കുറിച്ച് വീണ്ടും പറയാൻ തുടങ്ങി.

ഞാൻ കേട്ടുകൊണ്ടിരുന്നു.

ചില വാക്കുകൾ എൻ്റെ ഉള്ളിൽ മറ്റെവിടെയോ പോയി തട്ടുന്നുണ്ടായിരുന്നു.

അത് കേൾക്കാതിരിക്കുന്നതുപോലെ ഞാൻ വീണ്ടും ചോദിച്ചു:

“അവിടെ ശരിക്കും എന്താണ് സംഭവിച്ചത്?”

“ഒറ്റവാക്കിൽ പറഞ്ഞാൽ ഭയം.”

അവൻ പെട്ടെന്ന് പറഞ്ഞു.

ഞാൻ കൈയിൽ ഉണ്ടായിരുന്ന പൊറോട്ടയുടെ കഷണം താഴെ വെച്ചു.

“ആരെ? എന്തിനെ? ആരെയാണ് ഭയപ്പെട്ടത്?”

“ഇതാണ് നമ്മൾ വരുത്തുന്ന ഒരു തെറ്റ്. ഭയം എന്നത് പ്രത്യേകിച്ച് ഒന്നിനോടുള്ള പ്രതികരണമല്ല.”

അവൻ കസേരയിൽ ഒന്ന് പിന്നിലേക്ക് ചാരി. അവൻ തുടർന്നു

“നമ്മൾ ഭയപ്പെടുന്ന കാര്യങ്ങളെ ജീവിതത്തിൽ നിന്ന് ഓരോന്നായി ഒഴിവാക്കാൻ ശ്രമിക്കുന്നു. ഒടുവിൽ ജീവിതം തന്നെ പാഴാക്കുന്നു.”

“അപ്പോൾ?”

“ഭയത്തെ ഒഴിവാക്കണം.”

“അത് എങ്ങനെയാണ് ഒഴിവാക്കുന്നത്?”

“ശ്രമിച്ചാൽ പറ്റും.”

“ഭയം എന്നത് പരിണാമദശയിൽ ഭാഷയിലൂടെ മനുഷ്യന് കൈവന്ന ഒരു അതിജീവന നൈപുണ്യം അല്ലേ?”

അവൻ എന്നെ നോക്കി.

“നീ ഇപ്പോഴും പഴയതുപോലെ തന്നെയാണല്ലോ.”

അവൻ ബീഫ് കറിയിൽ നിന്ന് ഒരു കഷണം എടുത്തു.

“നീ ബീഫ് കഴിക്കുമ്പോഴും അതിൻ്റെ പരിണാമചരിത്രം ആലോചിക്കുമോ?”

ഞാൻ ചിരിച്ചു.

“വിഷയം മാറ്റണ്ട,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“വിഷയം മാറ്റിയതല്ല. ഭക്ഷണം തണുത്തുപോകുന്നു.”

അവൻ വിരലുകൾ നക്കിക്കൊണ്ട് തുടർന്നു.

“ഭയം സ്വാഭാവികമായിരിക്കാം. പക്ഷേ സ്വാഭാവികമായതെല്ലാം നമ്മൾ തലയിൽ കൊണ്ടുനടക്കുന്നത് നല്ലതല്ലല്ലോ.”

“അത് സമ്മതിച്ചു.”

“കോപം സ്വാഭാവികമാണ്. അസൂയ സ്വാഭാവികമാണ്. പ്രതികാരം സ്വാഭാവികമാണ്. അധികാരത്തിനുള്ള ആഗ്രഹവും സ്വാഭാവികമാണ്.”

“അപ്പോൾ?”

“അവയിൽ വേണ്ടാത്തതിനെ ഉപേക്ഷിക്കുന്നതിനല്ലേ സംസ്കാരം എന്നു പറയുന്നത്?”

ഞാൻ കുറച്ചുനേരം അവനെ നോക്കി. ഒരു കുസൃതിച്ചോദ്യം ചോദിച്ചു

“അപ്പോൾ സംസ്കാരം എന്നത് ഭയത്തെ ഇല്ലാതാക്കുന്നതാണോ?”

അവൻ പക്ഷെ ഗൗരവം വിട്ടില്ല

“അല്ല. ഭയത്തോട് നമ്മൾ എന്ത് ചെയ്യുന്നു എന്നതാണ്.”

അവൻ പൊറോട്ടയുടെ ഒരു കഷണം കീറി.

“ഒരു മനുഷ്യന് ഭയം തോന്നുന്നു. ആ ഭയത്തിൻ്റെ കാരണം എന്താണെന്ന് അവൻ അന്വേഷിക്കാതെ, ഭയം കൊണ്ട് കേട്ടതെല്ലാം സത്യമായി വിശ്വസിക്കുന്നു. പിന്നെ ആ ഭയത്തിൽനിന്ന് രക്ഷപ്പെടാൻ നിയമങ്ങൾ ഉണ്ടാക്കുന്നു.”

“നിയമങ്ങൾ മോശമാണോ?”

“അല്ല. പക്ഷേ ഒരു ഘട്ടത്തിൽ നിയമം തന്നെ ഭയത്തിന്റെ ഉടമയാകുന്നു.”

ഞാൻ ഉടനെ തടഞ്ഞു.

“ഒരു സമൂഹത്തിന് നിയമം വേണമല്ലോ.”

“വേണം.”

“മതത്തിനും വേണം.”

“വേണമോ? അതാണ് ചോദിക്കേണ്ട ചോദ്യം ”

“തീർച്ചയായും.”

അവൻ ചിരിച്ചു.

“എനിക്ക് അറിയാമായിരുന്നു.”

“എന്ത്?”

“നീ മതത്തെ രക്ഷിക്കാൻ ചാടി വീഴുമെന്ന്.”

“ഞാൻ മതത്തെ രക്ഷിക്കാൻ വന്നതൊന്നുമല്ല.”

“പിന്നെ?”

“ഞാൻ പറയുന്നത് യുക്തിയാണ്.”

“നിൻ്റെ യുക്തിക്ക് നല്ല ഒരു തോലാണ് ഇത്.”

“എന്ത്?”

“മതബോധം.”

ഞാൻ ചിരിച്ചു.

“നീ ആശ്രമത്തിൽ പോയി വന്നതുകൊണ്ട് എല്ലാം മനസ്സിലായി എന്നൊന്നും കരുതണ്ട.”

“ഞാൻ അങ്ങനെ കരുതുന്നില്ല. തിരിച്ചാണ് കരുതുന്നത്. എല്ലാം അറിയാമായിരുന്നത്തിന്റെ ടെൻഷൻ. ഇപ്പോൾ ആശ്വാസം, ഒന്നും അറിയില്ല എന്ന ആശ്വാസം.”

അവൻ കുറച്ചുനേരം മിണ്ടാതിരുന്നു.

“മതം എന്തിനാണ്?”

ഞാൻ ഉടൻ മറുപടി പറഞ്ഞു. ഈ ചോദ്യമൊക്കെ എത്ര തവണ കേട്ട് ഉത്തരം പറഞ്ഞതാണ്

“മനുഷ്യന് ഒരു ധാർമിക ജീവിതം നൽകാൻ.”

“ധാർമികത മതമില്ലാതെ സാധിക്കില്ലേ?”

“സാധ്യമാകാം. പക്ഷേ മതം അതിന് ഒരു അടിത്തറ നൽകുന്നു.”

“ആ അടിത്തറ ആരാണ് ഉണ്ടാക്കിയത്?”

“മനുഷ്യർ.”

“ആഹാ, പിന്നെ?”

“എന്ത് പിന്നെ?”

“മനുഷ്യർ ഉണ്ടാക്കിയ അടിത്തറയെ മനുഷ്യർ തന്നെ ചോദ്യം ചെയ്യരുതെന്നു പറയുന്നത് എന്തിനാണ്?”

ഞാൻ ഒന്നും പറഞ്ഞില്ല.

അവൻ തുടർന്നു.

“ഞാൻ ആശ്രമത്തിൽ ഉണ്ടായിരുന്നപ്പോൾ അതാണ് പഠിച്ചത്. ആദ്യം അവർ എന്നെ ഭയപ്പെടുത്തുകയായിരുന്നില്ല. അവർ എന്നെ സുരക്ഷിതനാക്കി.”

“അതെന്തിന്?”

“നിനക്ക് പുറത്തുള്ള ലോകം അപകടകരമാണെന്ന് ആദ്യം ബോധ്യപ്പെടുത്തുക. പിന്നെ നിന്നെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലം തങ്ങളുടേതാണെന്ന് പറയുക.”

അവൻ എൻ്റെ മുഖത്തേക്ക് നോക്കി.

“അപ്പോൾ നീ സ്വയം അവിടെ തുടരാൻ തുടങ്ങും.”

“അതിന് മതവുമായി എന്ത് ബന്ധം?”

ഞാൻ അങ്ങിനെ ചോദിച്ചെങ്കിലും ആ ചോദ്യം ചോദിച്ച നിമിഷം തന്നെ അതിൻ്റെ ആവശ്യമില്ലായ്മ എനിക്ക് തോന്നി.

“ബന്ധമുണ്ടാകാം. ഇല്ലാതിരിക്കാം.”

അവൻ വളരെ ശാന്തമായി പറഞ്ഞു.

“പക്ഷേ ഒരു കാര്യം ഉറപ്പാണ്. മനുഷ്യൻ ഭയപ്പെടുന്നിടത്താണ് അധികാരം വളരുന്നത്.”

ഞാൻ വീണ്ടും തടഞ്ഞു.

“അധികാരം എല്ലായിടത്തുമുണ്ട്. വീട്ടിലും. ഓഫീസിലും. രാഷ്ട്രീയത്തിലും.”

“മതത്തിലും.”

“അതിലും.”

“അപ്പോൾ നീ സമ്മതിച്ചു.”

“എന്ത്?”

“ഞാൻ നേരത്തെ പറഞ്ഞത് .”

അവൻ നേരത്തെ പറഞ്ഞത് എന്താണെന്ന് ഞാൻ മറന്നു പോയിരുന്നു.

“ഞാൻ അതൊന്നും സമ്മതിച്ചിട്ടില്ല.”

അവൻ പൊട്ടിച്ചിരിച്ചു.

“നീ ഒട്ടും മാറിയിട്ടില്ല.”

“നീയും.”

“ഞാൻ മാറി.”

“എങ്ങോട്ട് ”

അവൻ തന്റെ മുന്നിലെ ബീഫ് ഫ്രൈയിലേക്ക് നോക്കി.

“ദേ!”

“ബീഫ് കഴിച്ചതുകൊണ്ടാണോ?”

“അല്ല.”

അവൻ ഒരു കഷണം എടുത്തു.

“ഞാൻ എന്ത് കഴിക്കണമെന്ന് മറ്റൊരാൾ തീരുമാനിക്കാത്തതുകൊണ്ട്.”

ഞാൻ ചിരിച്ചു.

പക്ഷേ അവൻ ചിരിച്ചില്ല.

അവൻ പറഞ്ഞതിൻ്റെ അർത്ഥം എനിക്ക് പൂർണ്ണമായി മനസ്സിലായിരുന്നില്ല.

അല്ലെങ്കിൽ മനസ്സിലായിട്ടും ഞാൻ അതിലേക്ക് നോക്കാൻ തയ്യാറായിരുന്നില്ല. അതിനുപകരം ഞാൻ വീണ്ടും ഒരു തടസ്സവാദം കണ്ടെത്തി.

“മനുഷ്യൻ എല്ലാം സ്വതന്ത്രമായി തീരുമാനിച്ചാൽ സമൂഹം എങ്ങനെ നടക്കും?”

വിഷ്ണു ഉടൻ മറുപടി പറഞ്ഞില്ല.

അവൻ വെള്ളം കുടിച്ചു. ഗ്ലാസ് മേശയിൽ വെച്ചു.

“സ്വാതന്ത്ര്യം എന്നത് എല്ലാവരും ഇഷ്ടമുള്ളത് ചെയ്യുന്നതല്ല. അത് അരാജകത്വം. നിലനിൽക്കില്ല. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകും. ”

“പിന്നെ?”

“അന്യരെ ഭയന്നിട്ടല്ല, സ്വന്തം ഭയം കൊണ്ട് തീരുമാഞങ്ങൾ എടുക്കാതിരിക്കുന്നതാണ് സ്വാതന്ത്ര്യത്തിൻ്റെ നല്ല ഭാഗം..”

അവൻ തുടർന്നു.

“നീ മതത്തെ പ്രതിരോധിക്കാൻ പറയുന്ന ഓരോ വാദത്തിൻ്റെയും പിന്നിൽ ഒരു നല്ല ഉദ്ദേശമുണ്ട്. അതുകൊണ്ടാണ് അവ ശക്തമായി തോന്നുന്നത്. പക്ഷെ …”

“പക്ഷേ?”

“പക്ഷേ, നല്ല ഉദ്ദേശമുള്ള ഒരു വാദം സത്യമായിരിക്കണമെന്നില്ല.”

അവൻ വീണ്ടും ചിരിച്ചു.

അവൻ വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഞാനും മിണ്ടാതെ ഭക്ഷണം കഴിച്ചു.

അവൻ പറഞ്ഞതിൽ എത്രമാത്രം ശരിയുണ്ടെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു.

അറിയണമെന്നുണ്ടായിരുന്നുമില്ല.

“ഈയിടെ നടത്തിയ രണ്ടുവർഷം നീണ്ട ദേശാടനത്തിൽ കണ്ടുമുട്ടിയ ചിലർ എന്നോട് എത്രയും വേഗം ആശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ പറഞ്ഞു,” വിഷ്ണു പറഞ്ഞു.

“മറ്റു ചിലർ?”

“മറ്റു ചിലർ തിരിച്ചും പറഞ്ഞു.”

ഞാൻ ചിരിച്ചു.

“എന്തിനും രണ്ട് വശമുണ്ടല്ലോ. ആളുകൾ അങ്ങനെയാണ്.”

“അതല്ല ഞാൻ ശ്രദ്ധിച്ചത്. എന്നോട് തീവ്രമതവിശ്വാസമൊക്കെ ഉപേക്ഷിക്കാൻ പറഞ്ഞ ആളുകളാണ് എനിക്ക് കൗതുകമായത്.”

“എന്തുകൊണ്ട്?”

“അവരിൽ മിക്കവരും സ്വതന്ത്രമായി ജീവിക്കുന്നവരായിരുന്നു.

“അവർ സന്തോഷത്തോടെ ജീവിക്കുന്നതായി തോന്നി.”

“അപ്പോൾ?”

“എല്ലാ മനുഷ്യനും സന്തോഷത്തോടെ ജീവിക്കാനല്ലേ ആഗ്രഹിക്കുന്നത്?”

“അതെ.”

ഞാൻ കുറച്ചുനേരം ആലോചിച്ചു.

“അതുകൊണ്ടല്ലേ എല്ലാ മതങ്ങളിലും സ്വർഗത്തെക്കുറിച്ച് പറയുന്നത്?”

വിഷ്ണു എന്നെ നോക്കി.

“എന്താണ് നീ ഉദ്ദേശിക്കുന്നത്?”

“മനുഷ്യൻ ഭൂമിയിൽ സന്തോഷം കണ്ടെത്തണം. ഭൂമിയിൽ തന്നെ സ്വർഗം നിർമ്മിക്കാൻ ശ്രമിക്കണം. മതങ്ങൾ സ്വർഗത്തെക്കുറിച്ച് പറയുന്നത് അതിൻ്റെ ഒരു സൂചനയായിരിക്കാം.”

വിഷ്ണു തലകുലുക്കി.

“എനിക്കങ്ങനെ തോന്നുന്നില്ല.”

“പിന്നെ?”

“സ്വർഗത്തെക്കുറിച്ച് പറയുന്നത് മനുഷ്യജീവിതം ഒരു പരാജയമാണെന്ന് വരുത്തിത്തീർക്കാനാണ്.”
ഞാൻ അവനെ നോക്കി.

“എന്ത്?”

“മനുഷ്യന് ഇവിടെ കിട്ടാത്തതെല്ലാം അവിടെ കിട്ടും എന്ന് പറഞ്ഞാൽ മതി. മനുഷ്യന് ഇവിടെ കിട്ടുന്ന ജീവിതം കുറച്ച് വിലകുറഞ്ഞതായിത്തോന്നും.”

അവൻ കുറച്ചുനേരം മിണ്ടാതിരുന്നു.

“സ്വർഗം കാണിച്ചുകൊടുക്കും. പിന്നെ മനുഷ്യന് കൊതി തോന്നും.”

“കൊതി?”

“അതെ. ഒരിക്കലും തീരാത്ത കൊതി.”

“അത് എന്തിനാണ്?”

“അവൻ മുന്നിലുള്ള ജീവിതം കാണാതിരിക്കാൻ.”

അവൻ ചിരിച്ചില്ല.

“അവൻ ഭൂമിയിലെ സ്വർഗവും കാണില്ല. ഭൂമിയിലെ നരകവും കാണില്ല. മതം ഒരുക്കുന്ന ഒരു മായാലോകത്തിൽ മയങ്ങി ജീവിക്കും. എല്ലാത്തിനും പരിഹാരം ദൈവമാണ്. പ്രാർത്ഥനയാണ്. സഹിക്കണം. കാത്തിരിക്കണം. പിന്നെ ഒരുദിവസം എല്ലാം ശരിയാകും.”

അവൻ അവസാന വാക്കുകൾ വളരെ പതുക്കെ പറഞ്ഞു.

“അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മനുഷ്യൻ്റെ ജീവിതം കഴിഞ്ഞുപോകും.”

എനിക്ക് പെട്ടെന്ന് അസ്വസ്ഥത തോന്നി.

ഇത് വെറും വാദമല്ല. ദൈവനിന്ദ പോലെ തോന്നി.

ഇതൊക്കെ കേട്ടിരുന്നാൽ എൻ്റെ ബീവി പറയുന്നതുപോലെ എൻ്റെ തലയിലും കൂടി ഇതിൻ്റെ പാപം വരുമോ?

അവൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തന്നെ എന്നെ നോക്കി എന്തെങ്കിലും പറഞ്ഞേനെ.
അപ്പോഴാണ് എനിക്ക് ഒരു ടോൾസ്റ്റോയ് കഥയിലെ ഒരു വാചകം ഓർമ്മ വന്നത്: നിങ്ങൾ ആരുടെ കൂടെയാണോ ഇരിക്കുന്നത്, ആ നിമിഷം നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആൾ അയാളാണ്.
അത് ശരിയാണോ എന്നറിയില്ല. പക്ഷേ വിഷ്ണുവിനൊപ്പം ഇരിക്കുമ്പോൾ എൻ്റെ കൗമാരം മടങ്ങിവരുന്നതുപോലെ തോന്നി.

ഞങ്ങളൊക്കെ പൂമ്പാറ്റകളെപ്പോലെ യാതൊരു ചിന്തയുമില്ലാതെ പറന്നുനടന്നിരുന്ന കാലം.
ആ ഓർമ്മകളിൽ ഒരെണ്ണം ഇപ്പോൾ പറന്നു പൊങ്ങി

“എടാ,” ഞാൻ പറഞ്ഞു.

“എന്താ?”

“നിനക്ക് നമ്മുടെ എലിസബത്തിനെ ഓർമ്മയുണ്ടോ?”

അവൻ്റെ കൈയിലെ ഭക്ഷണം വായിലേക്കുള്ള വഴിയിൽ നിശ്ചലമായി.

ഞാൻ ചിരിച്ചു.

“നീ അന്ന് ധൈര്യപൂർവ്വം അവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാൽ മതിയായിരുന്നു.”

അവൻ ഒന്നും പറഞ്ഞില്ല.

“നിൻ്റെ പ്രേമാഭ്യർത്ഥനകൾക്ക് അവൾ എന്താ അന്ന് മറുപടി പറഞ്ഞത്?”

“അത് പഴയ കഥയല്ലേ.”

“പഴയതാണെങ്കിലും ഒന്നുകൂടി പറ, കേൾക്കാൻ രസമുണ്ട്.”

“നിനക്ക് ഇപ്പോഴും അതൊക്കെ ഓർമ്മയുണ്ടോ?”

“എങ്ങനെ മറക്കും?”

ഞാൻ ചിരിച്ചു.

“അവൾ എങ്ങോട്ട് പോയെന്ന് അറിയാമോ?”

വിഷ്ണു തലകുലുക്കി.

“അറിയില്ലായിരുന്നു.”

“ ഇപ്പോൾ?”

“എൻ്റെ ജീവിതം പുതുക്കി എടുത്തപ്പോൾ അവളെക്കുറിച്ച് ഓർമ്മ വന്നു. പല രീതിയിൽ അന്വേഷിച്ചു. ഒടുവിൽ കണ്ടെത്തി.”

ഞാൻ അവനെ നോക്കി.

“എടാ കള്ളാ.”

അവൻ ചിരിച്ചു.

“നീ ഒരു കള്ള ബഡുവ തന്നെ.”

“എന്തേ?”

“പത്തുവർഷം കഴിഞ്ഞിട്ട് പ്രണയിനിയെ അന്വേഷിച്ചു കണ്ടെത്തുന്നു.”

“നമ്മൾ അറിയാൻ ആഗ്രഹിക്കുന്നത് നമ്മുടെ വഴിക്ക് വരും എന്നാണ് എൻ്റെ അനുഭവം.”

“വലിയ തത്ത്വചിന്ത!”

“ഒരു കള്ളപ്പേരിൽ ‘എൻ്റെ ദാമ്പത്യം’ എന്നൊരു വ്‌ളോഗ് അവൾ തുടങ്ങിയിരുന്നു.”

“വ്‌ളോഗോ?”

“അതെ.”

“നീ അതെങ്ങനെ കണ്ടെത്തി?”

“അത് വൈറലാണ്. ഐഡന്റിറ്റി എത്ര മറച്ചുവെച്ചിട്ടും ഞാൻ കണ്ടെത്തി.”

ഞാൻ അവനെ കുറച്ചുനേരം നോക്കി.

“ഇതൊരു ഹിന്ദി സിനിമാ കഥ പോലെയുണ്ടല്ലോ.”

“അല്ലടാ. അതുക്കും മേലെയാണ്.”

“എന്താ അതുക്കും മേലെ?”

അവൻ മറുപടി പറയുന്നതിന് മുമ്പ് വെയിറ്റർ ഞങ്ങളുടെ മേശയിൽ നിന്ന് ഒഴിഞ്ഞ പ്ലേറ്റുകൾ എടുത്തു.
വിഷ്ണു കസേരയിൽ പിന്നോട്ട് ചാരി. അവൻ്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു.

“അവളെ കണ്ടപ്പോൾ ആദ്യം ഞാൻ തിരിച്ചറിഞ്ഞില്ല.”

“പിന്നെ?”

അവൻ മറുപടി പറഞ്ഞില്ല. അപ്പോൾ അവൻ്റെ മുഖത്ത് ഞാൻ കണ്ടത് കൗതുകമല്ലായിരുന്നു. കരുണയുമല്ല. ഒരു പഴയ മുറിവ് തുറക്കുന്നതുപോലെയുള്ള എന്തോ.

“അവൾക്ക് സംഭവിച്ചത് ഞാൻ പറഞ്ഞാൽ...” അവൻ തുടങ്ങി.

പിന്നെ നിർത്തി.

“എന്ത്?”

“നീ അവളെക്കുറിച്ച് ഇത് പോലെ സംസാരിക്കില്ല. അവളുടെ ഭർത്താവിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?”

ഞാൻ ഇല്ലെന്ന് തലയാട്ടി.

“അവൻ മദ്യത്തിന് അടിമയായിരുന്നു. പക്ഷേ അതിനേക്കാൾ വലിയ പ്രശ്നം മറ്റൊന്നായിരുന്നു. ”

“എന്ത്?”

“അവൻ വളരെ വലിയ മതവിശ്വാസിയായിരുന്നു.”

അവൻ ഗ്ലാസ് മേശയിൽ വെച്ചു.

പിന്നെ എലിസബത്തിൻ്റെ ജീവിതം പറയാൻ തുടങ്ങി.

“മതവിശ്വാസവും മദ്യാസക്തിയും ഒന്നിച്ചു പോകുമോ”

ഞാൻ പറഞ്ഞു.

വിഷ്ണു എന്നെ നോക്കി.

“ഒന്നിച്ചു പോകാൻ എന്തിരിക്കുന്നു?”

“എന്ത്?”

“അവ തമ്മിൽ എന്താണ് വ്യത്യാസം?”

അവൻ ചിരിച്ചില്ല.

“രണ്ടും ലഹരിയാണ്.”

ആ വാക്ക് കേട്ടപ്പോൾ എൻ്റെ ഉള്ളിൽ എന്തൊക്കെയോ പൊട്ടി അടരുന്നതുപോലെ തോന്നി. ഒരു അടഞ്ഞ മുറിയിൽ എവിടെയോ ചെറിയൊരു വിള്ളൽ വീണതുപോലെ.

ഞാൻ പെട്ടെന്ന് എന്നെത്തന്നെ കുലുക്കി ഉണർത്തി.

സൗഹൃദമൊക്കെ ശരിയാണ്. പക്ഷേ ഇതിൽ പെട്ടുപോകരുത്.

ഇപ്പോൾ തന്നെ ജീവിതത്തിൽ നൂറുനൂറ് പ്രശ്നങ്ങളുണ്ട്.

വിഷ്ണു വീണ്ടും എലിസബത്തിൻ്റെ കഥയിലേക്ക് മടങ്ങി. ഭാഗ്യം.

“രണ്ടുവർഷം മുൻപ് അവളുടെ ഭർത്താവ് മരിച്ചു. അവളെ കണ്ടുമുട്ടുന്നതിന് മുൻപ് തന്നെ അതൊക്കെ ഞാൻ അന്വേഷിച്ച് അറിഞ്ഞിരുന്നു. എൻ്റെ ജീവിതവും അവളുടെ ജീവിതവും തമ്മിൽ എന്തൊരു സാമ്യമാണെന്ന് അറിയാമോ?”

ഞാൻ അവനെ നോക്കി.

“എങ്ങിനെ?”

“എന്നിൽനിന്ന് രക്ഷപ്പെട്ടെങ്കിലും എന്നെപ്പോലെ ഒരാളെയാണ് അവൾക്ക് വിധിച്ചിരുന്നത്.”

“എന്നുവച്ചാൽ?”

“ഒരു പെന്തക്കോസ്തുകാരൻ്റെ സുവിശേഷപ്രസംഗം കേട്ട് അവൾ പെന്തക്കോസ്തിൽ ചേർന്നു. പിന്നെ അയാളെ വിവാഹം കഴിച്ചു.”


“അത് ശരി.”

എനിക്ക് പെട്ടെന്ന് എന്തോ ഓർമ്മ വന്നു.

“അതാണ് അവളുടെ പെട്ടെന്നുള്ള സാമ്പത്തിക അഭിവൃദ്ധിയുടെ കാരണമെന്ന് കേട്ടിട്ടുണ്ട്. മൂന്നു നില വീടാണെന്നൊക്കെ.”

“അതെ. അതൊക്കെ അവൾ തന്നെ പറഞ്ഞു.”

വിഷ്ണു കുറച്ചുനേരം മിണ്ടാതിരുന്നു.

“അയാളുടെ ലാളിത്യം വെറും പുറംപൂച്ചാണെന്ന് മനസ്സിലായപ്പോൾ ആദ്യം അവളുടെ മനസ്സ് ഇടിഞ്ഞു.”

“പിന്നെ?”

“പിന്നെ അവളും അയാളെപ്പോലെയാകാൻ ശ്രമിച്ചു.”

ഞാൻ ചിരിച്ചു.

“അത് അങ്ങനെയാണ്.”

“എന്ത്?”

“ദാമ്പത്യത്തിൻ്റെ ഏറ്റവും വലിയ കെണിയും അതുതന്നെ.”

ഞാൻ പൊറോട്ടയുടെ ഒരു കഷണം കീറി.

“ഇഷ്ടപ്പെടാത്ത പല കാര്യങ്ങളോടും അങ്ങേയറ്റം യോജിക്കേണ്ടിവരും.”

അത് പറയുമ്പോൾ എൻ്റെ സ്വന്തം ജീവിതവും മനസ്സിൽ ഉണ്ടായിരുന്നു.

വിഷ്ണു അത് ശ്രദ്ധിച്ചില്ല. അവൻ തുടർന്നു.

“വിദേശത്തുനിന്ന് ലഭിച്ച ഫണ്ടുകൾ അയാളുടെ അക്കൗണ്ടിൽ നിറഞ്ഞപ്പോൾ തനിസ്വഭാവം പുറത്തുവന്നു.”

“എന്തായിരുന്നു?”

“രഹസ്യമായി അതിരില്ലാത്ത മദ്യപാനം.”

“ഹും.”

“പിന്നെ തുടരെത്തുടരെയുള്ള രഹസ്യയാത്രകൾ. അതൊക്കെ അവളിൽ സംശയം ഉണ്ടാക്കി.”

“ഹോ, അതും ഉണ്ടോയോ?”

ഞാൻ അറിയാതെ ശബ്ദം താഴ്ത്തി ചുറ്റും നോക്കി പറഞ്ഞു നോക്കി പറഞ്ഞു.

വീണ്ടും ടോൾസ്റ്റോയിയെ ഓർത്തു.

കർഷകൻ്റെ വിളവ് വർധിപ്പിച്ച് അധികം വന്ന ധാന്യം വാറ്റി മദ്യമുണ്ടാക്കി അയാളെ കുടിപ്പിച്ച ചെകുത്താൻ്റെ കഥ.

“അവൾ അത്തരം ആരോപണങ്ങൾ ഉയർത്തുന്നതിന് മുമ്പേ അയാൾ അവൾക്കെതിരെ അതേ ആരോപണങ്ങൾ ഉയർത്തി,” വിഷ്ണു പറഞ്ഞു.

“അവളെ സംശയിച്ചോ?”

“തീർത്തും ഒരു സംശയരോഗിയെപ്പോലെ പെരുമാറി.”

“എന്നിട്ട്?”

“അവളെ ശാരീരികമായി ഉപദ്രവിച്ചു.”

“കുടിയന്മാരുടെ സ്ഥിരം സ്വഭാവം.”

“അതെ.”

വിഷ്ണു കുറച്ചുനേരം മിണ്ടാതിരുന്നു.

“കുടിയന്മാർക്ക് കിട്ടുന്ന ശിക്ഷയും അയാൾക്ക് കിട്ടി.”

“എന്ത്?”

“കരൾ അടിച്ചുപോയി.”

ഞാൻ ഒന്നും പറഞ്ഞില്ല.

“അതുപിന്നെ അവൾ പ്രാർത്ഥന. വ്രതം. ഉപവാസം. അതൊക്കെയായി കഴിഞ്ഞു.”
അവൻ എന്നെ നോക്കി.

“ദൈവം കൊടുത്ത പീഡനങ്ങളുടെ ഇരട്ടി അവൾ സ്വയം അവൾക്ക് കൊടുത്തു.”

ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നു.

സത്യമാണ്.

വിധി നൽകുന്നതിൻ്റെ ഇരട്ടി ദുരന്തം മനുഷ്യൻ സ്വയം ഉണ്ടാക്കാറുണ്ട്.

അന്വേഷിക്കുന്നത് സന്തോഷത്തെയാണെങ്കിലും, മാലയിട്ട് സ്വീകരിക്കുന്നത് പലപ്പോഴും ദുഃഖത്തെയാണ്.

“അയാളുടെ മരണത്തോടെ അവൾക്ക് ഒരു പുതിയ ജീവിതം വേണമെന്ന് തോന്നി,” വിഷ്ണു പറഞ്ഞു.

“എങ്ങനെ?”

“ആരും പറയുന്നത് വകവയ്ക്കാതെ വീടും പറമ്പും എല്ലാം ഒറ്റ ദിവസം കൊണ്ട് വിറ്റു.”

“എന്നിട്ട്?”

“എങ്ങോട്ടോ മുങ്ങി.”

ഞാൻ അവനെ നോക്കി.

“ആ പാവം എലിസബത്തിനെക്കുറിച്ചാണോ നീ പറയുന്നത്?”

“അതേടാ.”

അവൻ ചിരിച്ചു.

“നമ്മൾ ചാവാതിരുന്നാൽ ജീവിതം നമ്മളെ വളർത്തിക്കൊണ്ടേയിരിക്കും.”

അവൻ കുറച്ചുനേരം നിശ്ശബ്ദനായി.

“അവളും വളർന്നു. ജീവിതദുരന്തങ്ങൾ അവൾക്ക് ശക്തി നൽകി.”

“അത്ര പെട്ടെന്ന് ഇത്ര മാറ്റമോ?”

“പെട്ടെന്നല്ല.”

അവൻ പറഞ്ഞു.

“അയാൾ മരിച്ചശേഷം തന്നെ രണ്ടുവർഷമെടുത്തു.”

“പഴയ കൂട്ടുകാരെ അവൾ തേടിപ്പിടിച്ചു. അങ്ങനെയാണ് ഞാനും അവളെക്കുറിച്ച് അറിയാൻ ഇടയായത്.”

“നീ ചെന്ന് കണ്ടപ്പോൾ അവൾ എന്തുപറഞ്ഞു?”

“മനസ്സ് അധികം എൻ്റെ മുന്നിൽ തുറന്നില്ല.”

“പഴയ പ്രണയമൊക്കെ ഓർമ്മയുണ്ടായിരുന്നില്ലേ?”

“എനിക്കുണ്ടായിരുന്നു.”

“അവൾക്ക്?”

“അറിയില്ല.”

ഞാൻ ചിരിച്ചു.

“പണ്ട് നിന്നെ തള്ളിപ്പറഞ്ഞതിന് ഒരു സോറി എങ്കിലും പ്രതീക്ഷിച്ചിരുന്നില്ലേ?”

“പ്രതീക്ഷിച്ചിരുന്നു.”

“കിട്ടിയോ?”

“ഇല്ല. പക്ഷേ…”

വിഷ്ണു എന്നെ നോക്കി.

“അടുത്ത ഫെബ്രുവരിയിൽ ഡൽഹിയിൽ എന്തോ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോകണം. കൂടെ ചെല്ലാമോ എന്ന് ചോദിച്ചു.”

“അള്ളാ!”

എൻ്റെ വായിൽനിന്ന് അറിയാതെ അ വിളി പുറത്തുവന്നു.

വിഷ്ണു ചിരിച്ചു.

“ആ ഒരു ചോദ്യത്തിൽ എല്ലാം ഉണ്ടായിരുന്നു. വേറെ ആരും കൂടെ ചെല്ലാൻ ഇല്ലാഞ്ഞിട്ടൊന്നുമല്ലല്ലോ?”
ഞാൻ കുറച്ചുനേരം അവനെ നോക്കി. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു:

“അതെ അതെ. അപ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഫെബ്രുവരി വരെ കാത്തിരിക്കണം അല്ലേ?”

വിഷ്ണു പൊട്ടിച്ചിരിച്ചു.

“അത്രയും കാത്തിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.”

“പിന്നെ?”

“കഴിഞ്ഞ ആഴ്ച ഞാൻ അവളെയും കൂട്ടി മൂന്നാറും കൊടൈക്കനാലും ഒക്കെ കറങ്ങി.”

“അടിപൊളി!”

“ഇനി ഇപ്പോൾ കഷ്ടപ്പെട്ട് ഡൽഹിയിൽ പോകേണ്ട ആവശ്യമൊന്നുമില്ല.”

അവൻ ഉറക്കെ ചിരിച്ചു. ഞാനും ചിരിച്ചു.

“കൈ കൊടളിയാ. കൈ കൊട്.”

ഞാൻ കൈ നീട്ടി.

“നമ്മുടെ കൂട്ടത്തിൽ ഒരുത്തനെങ്കിലും രക്ഷപ്പെട്ടല്ലോ.”

വിഷ്ണു എൻ്റെ കൈ പിടിച്ചു.

“അതൊക്കെ കാത്തിരുന്നു കാണാം.”

“നീയും വിവാഹം കഴിച്ചല്ലോ?”

“അതെ.”

“എന്നിട്ടും ഇത്തരം തെറ്റിദ്ധാരണകൾ മാറിയില്ല അല്ലേ?”

അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.

എൻ്റെ കരളിൽ ഒരു തീക്കൊള്ളി കൊണ്ട് കുത്തിയതുപോലെ ഞാൻ പിടഞ്ഞു.

പുറമേ ഒന്നും കാണിച്ചില്ല.

“എടാ,” ഞാൻ വിഷയം മാറ്റി, “നീ ഒരു ദിവസം ഇവിടെ എൻ്റെ കൂടെ കൂടുന്നോ?”

“ഇല്ലടാ. ഞാൻ ഇപ്പോൾത്തന്നെ മടങ്ങുകയാണ്.”

“എന്താ ഇത്ര ധൃതി?”

“ഒരു സോഷ്യൽ സർവീസ് സ്കീമിൻ്റെ മീറ്റിംഗ് ഉണ്ട്. ചെന്നില്ലെങ്കിൽ അവർ ചീത്ത വിളിക്കും.”
അവൻ ചിരിച്ചു.

“അതിൽ വരാത്തവരെ സാധാരണ ഞാൻ തന്നെയാണ് ചീത്ത വിളിക്കാറുള്ളത്.”

അവൻ വീണ്ടും ചിരിച്ചു.

ആ ചിരിയിൽ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല.

രണ്ടരയ്ക്കാണ് അവൻ്റെ ബസ്.

ഇനിയും ഒരു മണിക്കൂറുണ്ട്. കുറച്ചുനേരം ഞങ്ങൾ മിണ്ടാതെ ഇരുന്നു.

പിന്നെ ഞാൻ ചോദിച്ചു:

“നീ കഴിക്കുമെങ്കിൽ നമുക്ക് പോയി ഒരു സ്മാൾ വീശാം.”

ഞാൻ അവനെ നോക്കി. “പഠിക്കുമ്പോൾ നിനക്ക് വലിയ ഇഷ്ടമായിരുന്നല്ലോ.”

“ഞാൻ അത് പൂർണ്ണമായും നിർത്തി.”

“എപ്പോഴാണ്?”

“ആശ്രമത്തിൽനിന്ന് ഇറങ്ങിയപ്പോൾ. ഇനി എനിക്ക് വേറെ ലഹരികളൊന്നും വേണ്ട. ഈ സ്വാതന്ത്ര്യം തന്നെ ലഹരി.”

“നീ വാ.”

ഞാൻ എഴുന്നേറ്റു.

“എനിക്ക് ഒരു കടയിൽ പോകണം.”

കുറച്ചുനേരം കൂടി വിഷ്ണുവിൻ്റെ കൂടെ ചെലവഴിക്കണമെന്ന് എനിക്ക് തോന്നി.

അവനെ കണ്ടിട്ട് എത്ര കാലമായതാണ്.അവൻ പോയിക്കഴിഞ്ഞാൽ വീണ്ടും എപ്പോഴാണ് കാണുക എന്നറിയില്ല.

ലൈലയ്ക്ക് രണ്ടു പർദ്ദ വാങ്ങണം എന്നത് രാവിലെ മുതൽ മനസ്സിലുണ്ടായിരുന്നു. അവൾ ആ മോഡലിൻ്റെ ഫോട്ടോ വാട്സാപ്പിൽ അയച്ചുതന്നിരുന്നു.

ഉള്ള സമയത്തിന് തുണിക്കടയിൽ പോകാം. അവന് ഒരു ഷർട്ടും വാങ്ങാം

പഴയ സുഹൃത്തിനെ കണ്ടിട്ട് ഒന്നും കൊടുക്കാതെ വിടുന്നത് ശരിയല്ലല്ലോ.

അടുത്തുള്ള കടയിൽ തന്നെ ആദ്യം കയറി.

ലൈല വാട്സാപ്പിൽ അയച്ച ഫോട്ടോ ഞാൻ സെയിൽസ്മാനെ കാണിച്ചു.

അയാൾ പലതും എടുത്തുവെച്ചു. ഒന്നും ശരിയായില്ല.

ഞാൻ ഓരോന്നിൻ്റെയും ഫോട്ടോ എടുത്ത് ലൈലയ്ക്ക് അയച്ചു.

ഒന്നും അവൾക്ക് ഇഷ്ടപ്പെട്ടില്ല.

“നിറം ശരിയല്ല.”

“മോഡൽ വേറെയാണ്.”

“കഴുത്ത് കുറച്ച് കൂടി അടഞ്ഞതായിരിക്കണം.”

അവസാനം അവൾ ഒരു പുതിയ ഫോട്ടോ അയച്ചുകിട്ടി .

“ഇതുപോലെ.”

ഞാൻ ആ ഫോട്ടോ സെയിൽസ്മാനെ കാണിച്ചു.

അയാൾ കുറച്ചുനേരം നോക്കി.

“ഇത് ഇവിടെ ഇല്ല.”

ഞങ്ങൾ അടുത്ത കടയിലേക്ക് പോയി.

അവിടെയും അതേ കഥ.

മൂന്നാമത്തെ കടയിൽ എത്തിയപ്പോൾ വിഷ്ണു ചിരിക്കാൻ തുടങ്ങി.

“നിൻ്റെ ഭാര്യ കടയിൽ വരാറില്ലേ?”

“ഇല്ല.”

“പിന്നെ?”

“ഞാനാണ് വാങ്ങുന്നത്.”

“അവൾക്ക് ഇഷ്ടപ്പെടാത്തത് വാങ്ങിയാൽ?”

“അതാണ് പ്രശ്നം.”

“നിനക്ക് ഇഷ്ടപ്പെട്ടത് അവൾക്ക് വാങ്ങിക്കൂടേ?”

ഞാൻ അവനെ നോക്കി.

“എനിക്ക് ഇഷ്ടപ്പെടുന്നത് അവൾക്കായി വാങ്ങാൻ പറ്റുമോ?”

“എന്തുകൊണ്ട് പറ്റില്ല?”

“അവൾ ഉപയോഗിക്കേണ്ടതല്ലേ.”

അവൻ ഒന്നും പറഞ്ഞില്ല. പക്ഷേ ചിരിച്ചു.

അവൻ നന്നായി എൻ്റെ പെടാപ്പാട് ആസ്വദിക്കുന്നുണ്ടായിരുന്നു.

ഞാൻ ഓരോ കടയിലും കയറുകയും ഇറങ്ങുകയും ചെയ്തു.

ഫോട്ടോ കാണിക്കുകയും തിരിച്ച് വാട്സാപ്പിൽ അയയ്ക്കുകയും ചെയ്തു.
വീണ്ടും മറുപടി വരികയും ചെയ്തു.

അവൾക്ക് ഇഷ്ടമല്ല.

അവൾ സ്വയം പോയി വാങ്ങിക്കില്ല. പക്ഷേ എന്നെ ഇങ്ങനെ ഇട്ട് ഓടിക്കുകയും ചെയ്യും.

ഇനി എത്ര കടയിൽ കൂടി പോകാനാണ്?”

“കിട്ടുന്നതുവരെ.”

“നിനക്ക് ഈ ജോലി ഇഷ്ടമാണോ?”

“ഏത്?”

“ഭാര്യക്ക് വേണ്ടി ഓടിനടക്കുന്നത്.”

ഞാൻ ചിരിച്ചു.

“അത് ഇഷ്ടമാണോ എന്ന് ചിന്തിച്ചിട്ടില്ല.”

“ചിന്തിച്ചുനോക്ക്.”

“ഇപ്പോൾ ചിന്തിക്കാൻ സമയമില്ല.”

അവൻ വീണ്ടും ചിരിച്ചു.

സമയം പൊയ്ക്കൊണ്ടിരുന്നു. അവൻ്റെ ബസിൻ്റെ സമയവും അടുത്തു.

ഒടുവിൽ ഞാൻ പർദ്ദയുടെ കാര്യം വിട്ടു. അവന് ഒരു ഷർട്ട് മാത്രം വാങ്ങിക്കൊടുത്തു.

“ഇത് നിനക്കുള്ളത്.”

“എന്തിനാ?”

“വാങ്ങിച്ചതല്ലേ.”

“എനിക്ക് ഷർട്ട് ഉണ്ട്.”

“ഇത് വെച്ചോളൂ.”

അവൻ ഷർട്ട് കൈയിൽ വാങ്ങി.

കുറച്ചുനേരം നോക്കി..

പിന്നെ എന്നെ നോക്കി.

“നന്ദി.”

“അതൊന്നും പറയണ്ട.”

അവനെ ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി വിട്ടു .

ബസ് വന്നു. അവൻ കയറി. ജാലകത്തിനരികിൽ നിന്നുകൊണ്ട് കൈവീശി.
ഞാനും കൈവീശി.ബസ് പതുക്കെ നീങ്ങി.

അവൻ്റെ മുഖം ജനലിലൂടെ കുറച്ചുനേരം കൂടി കാണാമായിരുന്നു. പിന്നെ ഓർമ്മയിലെ മുഖങ്ങൾക്കിടയിൽ അത് മറഞ്ഞുപോയി.. ഞാൻ അവിടെ കുറച്ചുനേരം നിന്നു.

പിന്നെ തിരിഞ്ഞു നടന്നു.

കട തുറക്കാൻ സമയമായി.

ഇന്ന് രാത്രി കുറച്ചുനേരം വൈകിയാലും പ്രശ്നമില്ല.

കടയിൽ തനിച്ച് കുറെ നേരം ഇരിക്കാം.

വീട്ടിൽ ചെന്നാൽ ലൈല വീണ്ടും പർദ്ദയുടെ കാര്യം ചോദിക്കും.

ഞായറാഴ്ച അവളെയും കൂട്ടി വരാം. അവൾക്കിഷ്ടമുള്ളത് അവൾ തന്നെ നോക്കി വാങ്ങട്ടെ.
പോകുന്ന വഴിക്ക് അവളുടെ ഉമ്മയെയും കാണാമെന്ന് പറഞ്ഞാൽ അവൾ സമ്മതിച്ചേക്കും.
ഞാൻ റോഡ് മുറിച്ചുകടന്നു.

പള്ളിയുടെ മിനാരം ദൂരത്ത് വീണ്ടും കാണാമായിരുന്നു..

രാവിലെ ഉണ്ടായിരുന്ന വിശപ്പ് ഇപ്പോഴും പൂർണ്ണമായി മാറിയിരുന്നില്ല.. വീട്ടിലെത്തുമ്പോൾ എന്തായിരിക്കും ഭക്ഷണം എന്ന് ചിന്തിച്ചു നോക്കി .അത് കഴിക്കാനാകുമോ എന്നറിയില്ല. കഴിച്ചാൽ ഛർദിക്കുമോ എന്നും അറിയില്ല.

എങ്കിലും എത്ര താമസിച്ചാലും ഒടുവിൽ വീട്ടിലേക്ക് പോകുകയല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.


ശ്രീകുമാർ എഴുത്താണി

bottom of page