top of page
a  light blue background .jpg

കഥ : വൈവിധ്യം

Sree Kumar Ezhuththaani

Sreekumar Ezhuththaani

കഥ : വൈവിധ്യം



*********
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഹിന്ദി സാറിനെ വെറുത്തത് കാരണം ഹിന്ദിയും വെറുത്തു പോയതാണ്. അത് എപ്പോഴും അങ്ങനെയാണല്ലോ.

പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രണ്ടും മൂന്നും വർഷം ജീവിച്ചെങ്കിലും സ്കൂൾ ക്യാമ്പസുകൾക്കുള്ളിൽ ഇംഗ്ലീഷ് മാത്രമായതുകൊണ്ട് അതല്ലാതെ വേറെ ഒരു ഭാഷയും കേൾക്കേണ്ടി വന്നിട്ടില്ല വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ പോലും ക്വീൻസ് ഇംഗ്ലീഷ് ആണ് പറഞ്ഞിരുന്നത്.

ഈയിടെ റോഡരികിലുള്ള ഒരു പുതിയ വീട്ടിൽ താമസമാക്കിയപ്പോൾ ആ വീട്ടിനു മുന്നിൽ കരിക്ക് വിൽക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. മലയാളികൾ അല്ലാത്ത ഇന്ത്യക്കാരെല്ലാം നമുക്ക് ബംഗാളികൾ ആണല്ലോ. അതുകൊണ്ട് ഞാനും മനസ്സിൽ ബംഗാളി എന്ന് കുറിച്ചിട്ടു.

അയാൾ പതുക്കെ എൻ്റെ എടിഎം ആയി. ജി പേ വഴി കാശ് അയച്ചുകൊടുത്താൻ കറൻസികളായി എപ്പോൾ വേണമെങ്കിലും തരും. ഒരു മടിയുമില്ല.

ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നത് കൊണ്ട് എപ്പോൾ ചായ ഇട്ടാലും അത് അധികമാവും. പോരെങ്കിൽ ഒറ്റയ്ക്കിരുന്നു ഒന്നും കുടിക്കുന്നതിൽ ഒരു രസവും ഇല്ലല്ലോ. അതുകൊണ്ട് എന്നും വൈകിട്ട് ചായ ഇടുമ്പോൾ ആ ബംഗാളിക്കും അതിനടുത്തിരുന്നു മീൻ വിൽക്കുന്ന ഒരു ചേച്ചിക്കും (ചേച്ചി എന്ന് വിളിച്ചാലും പ്രായം കൊണ്ട് അനിയത്തിയാണ്. ) ഞാൻ ഓരോ കപ്പ് ചായ കൊണ്ട് കൊടുക്കും. രണ്ടുപേരോടും കുശലം ചോദിക്കും. ഒരിക്കൽ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് പിന്നെയും ചോദിക്കുന്നത്. ഉത്തരങ്ങൾ അതേ നിമിഷം മറന്നു പോകുകയും ചെയ്യും.

ചേച്ചിയുടെ സംസാരം ഒരു ഡയലക്റ്റാണ്. അതിൽ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സ്വരം കൂടി കേൾക്കാം.

ബംഗാളി വളരെ മെല്ലെ ഹിന്ദിയിൽ എന്നോട് ഓരോന്ന് പറയും. ഞാനത് ശ്രദ്ധിച്ചു കേട്ട് മനസ്സിൽ ആവർത്തിക്കും. അവൻ സ്പീഡ് കുറച്ച് സംസാരിക്കുന്നത് എനിക്ക് മനസ്സിലായിക്കൊള്ളട്ടെ എന്ന് കരുതിയായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. അങ്ങനെയല്ല എന്ന് അറിയാൻ കുറച്ച് സമയമെടുത്തു.

എവിടെനിന്നോ വന്ന ബംഗാളിക്ക് ചായ കൊണ്ടു കൊടുക്കുന്നതിൽ എനിക്ക് ഒരു സ്വകാര്യ ഉദ്ദേശം ഉണ്ടായിരുന്നു. അവനോട് സംസാരിച്ച് എനിക്ക് കുറച്ച് ഹിന്ദി പഠിക്കാമല്ലോ. ദസ് മിനിട്ട് പർ നിച്ചേ ആവോ ഔർ ചായ് പിയോ എന്നൊക്കെ ഓരോ പൊട്ടത്തരങ്ങൾ പറയാൻ ഞാനും പഠിച്ചു. ഇതൊന്നും അറിയാത്ത പാവം ചിലപ്പോൾ ഇംഗ്ലീഷിൽ "കമിങ് ടെൻ മിനിറ്റ്സ് ആഫ്റ്റർ" എന്നൊക്കെ പറയുമ്പോൾ ഞാൻ ഫീസ് കൊടുക്കാതെ ഹിന്ദി പഠിക്കുന്നതിൽ അവന് ചൊറിച്ചിൽ ഉണ്ടോ എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്.

അവന് ഭയങ്കര വൃത്തി ബോധമാണ്. അമ്പലത്തിലെ പൂജ പോലെ കപ്പ് കഴുകുന്നത് ഒക്കെ കണ്ടപ്പോൾ ബംഗാളി ബ്രാഹ്മണൻ ആണെന്ന് ഞാൻ കരുതി. പക്ഷേ പേര് ചോദിച്ചപ്പോൾ അബ്ദുൾ എന്നാണ് പേര്.

ഒരിക്കൽ അവൻ ചായ കുടിക്കാൻ താഴെ വന്നു. ഞാൻ അടുക്കളയിലായിരുന്നു. അവൻ അടുക്കളയിൽ കയറി ചുറ്റും ഒന്നു നോക്കി. ഞാൻ അങ്ങേയറ്റം വൃത്തിയാക്കിയിട്ടതാണെങ്കിലും അവന് അത് വൃത്തിയായി തോന്നിയില്ല എന്ന് വ്യക്തം.

പിന്നെയൊരിക്കൽ നാലുമണിയായപ്പോൾ ടോയ്ലറ്റിൽ പോകണം എന്നു പറഞ്ഞ് അവൻ വീട്ടിലേക്ക് വന്നു. എന്നാൽ പിന്നെ ചായ കുടിച്ചിട്ട് പോകൂ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ തന്നെ ചായ ഇടാം എന്ന് പറഞ്ഞു.

അത് ഒരു മെഗാ ചായ ഇടീൽ ആയിരുന്നു. ഇങ്ങനെയും ചായയിടാം എന്ന് ഞാൻ പഠിച്ചു.

ആദ്യം എല്ലാ കപ്പുകളും കഴുകി തിളച്ച വെള്ളം ഒഴിച്ചു ചൂടാക്കി തുടച്ച് മാറ്റിവെച്ചു. പിന്നെ വെള്ളം വെട്ടിത്തിളച്ചപ്പോൾ അതിൽ പെട്ടെന്ന് രണ്ടു മൂന്നു സ്പൂൺ തേയില ഇട്ടിട്ട് ഉടനെ സ്‌റ്റൌവിൽ നിന്നും എടുത്ത് താഴെ വച്ചു.

പാൽ കവറിലെ പാല് അവൻ ചൂടാക്കുന്നില്ല. അങ്ങനെ ചെയ്യാൻ പാടില്ല പോലും. അത് തിളപ്പിച്ച് തണുപ്പിച്ച് കൊണ്ടുവരുന്നതല്ലേ എന്ന് അവൻ എനിക്ക് ക്ലാസ് എടുത്തു.

അപ്പോഴേക്കും മൂന്നുനാല് മിനിറ്റ് കടന്നുപോയി. തേയിലവെള്ളം തണുത്തു പോയിക്കാണുമോ എന്ന് ചോദിച്ചപ്പോൾ 'ഇല്ല അടച്ചു വച്ചിട്ടുണ്ട്' എന്ന് അവൻ മറുപടി പറഞ്ഞു. സംഭാഷണം മുഴുവനും ആംഗ്യഭാഷയിലാണ്. എൻ്റെ ഹിന്ദി ക്ലാസിന് അത് ബ്രേക്ക് ടൈം ആയിരുന്നു.

പാലും തേയില വെള്ളവും ഏകദേശം സമാസമം യോജിപ്പിച്ച് നന്നായി ആറ്റി പതപ്പിച്ച് അവൻ ഒരു കപ്പിൽ ഒഴിച്ച് എനിക്ക് തന്നു. പഞ്ചസാര ചേർത്തില്ല. അങ്ങനെ തന്നെ ഒരു കപ്പ് അവനും എടുത്തു.

വൈകിട്ട് മൂന്ന് കപ്പ് ചായയാണ് എൻ്റെ കണക്ക്. അന്ന് ഒരു കപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

തൃപ്തിപ്പെട്ടു. കാരണം, അത്ര ഗംഭീരം ചായയായിരുന്നു.

രണ്ടുദിവസം കഴിഞ്ഞ് ഞാൻ ആ ഹ്യൂമൻ എടിഎമ്മിൻ്റെ അടുത്ത് ചെന്നു. അവൻ എന്തോ എഴുതുകയാണ്.

"ക്യാ ലിഖോ?" എന്ന് ഞാൻ

"മേരി മാതാ കോ ചിട്ടി ലിഖാ ഹും" എന്ന് അവൻ

"മുഛേ ദേഖ്ത്തെ ചാഹിയെ" എന്ന മര്യാദ വിട്ട് ഞാൻ

" ഹാം ജി" എന്ന് അവൻ

കത്ത് അവൻ എന്നെ കാണിച്ചു. ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ദൈവമേ ഇവന് ഇംഗ്ലീഷൊക്കെ അറിയാമോ!

വായിച്ചപ്പോൾ അതല്ല കാര്യം. ഇംഗ്ലീഷ് ലിപി ആണെന്നേ ഉള്ളൂ. കത്ത് കടുകട്ടി ഹിന്ദിയിലാണ്. ഒരു വാക്കും മനസ്സിലാകുന്നില്ല. ഇവൻ ഒരു ഹിന്ദി പണ്ഡിതൻ കൂടിയാണോ !

ഞാൻ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് ടെക്സ്റ്റ് ആക്കി മാറ്റിയത് അവനെ കാണിച്ചു

'ഇന്ദസാർ കരോ ' എന്നു പറഞ്ഞിട്ട് ഞാൻ അത് ഗൂഗിളിൽ പരിഭാഷപ്പെടുത്തി നോക്കി

നീണ്ട കത്താണ്. സ്നേഹം നിറഞ്ഞ വാക്കുകൾ. അതിലെ ഒരു വരി എൻ്റെ ഹൃദയത്തിൽ കൊണ്ടു

"സമീപ ഭവനത്തിലുള്ള ഉദ്യോഗസ്ഥനിൽ നിന്നും ഞാൻ ഹിന്ദി പഠിക്കുന്നത് തുടരുന്നു. അദ്ദേഹത്തിൻ്റെ പാദങ്ങൾക്ക് നല്ല സുഖമില്ല. അമ്മ അദ്ദേഹത്തിന് വേണ്ടി കൂടി പ്രാർത്ഥിക്കണം"

ഈശ്വരാ കടുവയെ കിടുവ പിടിച്ചോ. അവൻ എന്നെ അല്ല ഞാൻ അവനെ ആയിരുന്നോ ഹിന്ദി പഠിപ്പിച്ചിരുന്നത്!

പെട്ടെന്നുള്ള വെപ്രാളത്തിൽ ഭാഷയൊന്നും നോക്കിയില്ല. ഞാൻ ചോദിച്ചു

"നിൻ്റെ ലാംഗ്വേജ് ക്യാ ഹേ?"

"ആസാമീസ് ജി"

അങ്ങനെ വരട്ടെ, ഇതാണ് അവൻ്റെ എപ്പിക്ക് ചായ ഇടീലിൻ്റെ കാരണം. ആസാമീസിന് ലിപി ഇല്ല. അതുകൊണ്ടാണ് ഇവൻ ഇംഗ്ലീഷ് ലിപിയിൽ എഴുതുന്നത്

മലയാളിയായ ഞാൻ ബംഗാളി ബ്രാഹ്മണൻ എന്ന് വിളിച്ച് ഹിന്ദി അധ്യാപകനാക്കിയ ഒരു മുസ്ലിം ഇംഗ്ലീഷ് ലിപിയിൽ ആസാമി ഭാഷയിൽ അമ്മയ്ക്ക് കത്തെഴുതുന്നു. അവർക്ക് ഒരു പരിചയവും ഇല്ലാത്ത എൻ്റെ രോഗം മാറാനായി പ്രാർത്ഥിക്കണം എന്നും പറയുന്നു.

റോഡിൽ തിരക്ക് കൂടിവരുന്നു 10 മണിയായിക്കാണും.

അടുത്ത സ്കൂളിൽ അസംബ്ലി തുടങ്ങിക്കഴിഞ്ഞു. കുട്ടികൾ ഉറക്കെ ചൊല്ലുന്ന പ്രതിജ്ഞയൊക്കെ കേൾക്കാം

"എൻ്റെ നാടിൻ്റെ ....



ശ്രീകുമാർ എഴുത്താണി

bottom of page