top of page
a  light blue background .jpg

Sree Kumar Ezhuthani

ദീർഘകാലം ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകൻ. ജോലിയിൽ നിന്നും സ്വയം വിരമിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മലയാളത്തിൽ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചെറുകഥകളെ കുറിച്ചും എഴുത്താണി എന്ന FB ഗ്രൂപ്പിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചെറുകഥ എഴുതാൻ പഠിപ്പിക്കുന്ന എഴുത്താണിക്കളരിയുടെ പത്ത് ബാച്ചുകളിലായി നൂറോളം ആളുകൾ പരിശീലനം നേടി. ലിറ്റററി വൈബ്സ് എന്ന ഇംഗ്ലീഷ് ഓൺലൈൻ വാരികയിൽ തന്നെ നൂറിലധികം കഥകൾ എഴുതി. ഇപ്പോൾ ChatGPT ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ക്രിയേറ്റീവ് ആപ്പിൻ്റെ ലാംഗ്വേജ് ഫെസിലിറ്റേറ്റർ ആയി ജോലി ചെയ്യുന്നു. ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. ഫിഫ്ത് എലമെന്റ് ഫിലിം, പെബിൾ ഡ്രോപ്പ് ഇൻറീരിയർ ഡിസൈൻ സ്റ്റുഡിയോ എന്നിവയുടെ പാർട്ടണർ ആണ്.
Contact : 9995866840

Malayalam Story

കഥ : അഞ്ചാമത്തെ നാക്കില


പൂത്തുമ്പിയുടെ ചിറകിലേറി ചിങ്ങക്കാറ്റിനൊപ്പം ഓണം വന്നെത്തി. പുതുതായി വിരിഞ്ഞ പൂക്കളുടെ ഗന്ധം, ആഹ്ളാദകരമായ പൊട്ടിച്ചിരിയുടെ ശബ്ദം, ചെണ്ടയുടെയും ചേങ്ങിലയുടെയും കൊമ്പുവിളിയുടെയും ആർപ്പുവിളിയുടെയും ആരവങ്ങൾ എന്നിവ എങ്ങും നിറഞ്ഞു. പൂക്കൾ നിറഞ്ഞ മരക്കൊമ്പുകളിൽ തൂക്കിയ ഊഞ്ഞാലുകളിൽ പ്രായഭേദമില്ലാതെ പലരും ചില്ലാട്ടം പറന്നു. പുഴയിൽ വള്ളംകളിയുടെ പരിശീലനം നടക്കുന്നു.


ഓണത്തോടൊപ്പം ദൂരെദേശങ്ങളിൽ കഴിയുന്നവർ മാവേലി വരുന്നത് പോലെ തങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാനെത്തി
   .
ആ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത്, ഒരു പ്രാദേശിക ക്ലബ്ബ് ഒരു വലിയ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നു. പലപല മത്സരങ്ങളും ഡാൻസും പാട്ടുമൊക്കെയുണ്ട്. അതിന് പുറമേ മഹാബലിയുടെ വേഷം ധരിച്ച ഒരാൾ എല്ലാ വീടുകളും സന്ദർശിക്കുമെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീട്ടിൽ നിന്ന് മാത്രം ഓണസദ്യയിൽ പങ്കുചേരുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ മാവേലി തെരഞ്ഞെടുക്കുന്ന ആ  കുടുംബത്തിലെ എല്ലാവർക്കും ക്ലബ്ബിൻ്റെ വകയായി ഓണപ്പുടവ ലഭിക്കും.

ഈ പരിപാടിക്ക് സമ്മാനം നേടാൻ തയ്യാറെടുക്കുന്ന നിരവധി വീടുകളിൽ ഗ്രാമത്തിൻ്റെ അറ്റത്തുള്ള ഒരു ചെറിയ, ജീർണിച്ച കുടിലുമുണ്ടായിരുന്നു.

ദാരിദ്ര്യത്തിൽ മുങ്ങിക്കുളിച്ച ഒരു കുടുംബം, അച്ഛനും അമ്മയും രണ്ടു കുട്ടികളും മാത്രം.  ആ വീട്ടിലെ ആള് എന്നല്ലാതെ ആ ഗ്രാമത്തിലെ ആർക്കും  അവരുടെ പേരുപോലും അവരെപ്പോലെ നിസ്സാരമായിരുന്നു.

അവരുടെ ദിവസങ്ങൾ പട്ടിണിയ്ക്കും നിരാശയ്ക്കും എതിരായ നിരന്തര പോരാട്ടമായിരുന്നു. എന്നിട്ടും, അവരുടെ ഹൃദയങ്ങളിൽ ഒരു തീക്ഷ്ണമായ പ്രത്യാശ പൂവണിഞ്ഞു. ആ വീട്ടിലെ “ആളും” അയാളുടെ ഭാര്യയും ഓണം മുന്നിൽക്കണ്ട് പല അധികജോലികളും ചെയ്തു. കാണം വിറ്റും ഓണമുണ്ണണമെന്നോർത്ത്  കഷ്ടപ്പെട്ട് അവരും  ഓണമൊരുക്കാൻ കിണഞ്ഞ് ശ്രമിച്ചു.

തിരുവോണനാളിൽ ഉച്ചകഴിഞ്ഞു. ദൂരെയായി ചെണ്ടയുടെയും ചേങ്ങിലയുടെയും  ശംഖിൻ്റെയും ശബ്ദഘോഷം കേൾക്കാം. രാജകീയ വേഷത്തിൽ തിളങ്ങുന്ന മഹാബലിയുടെ രൂപമിട്ട ഒരു ആജാനുബാഹു ഗ്രാമത്തിലൂടെ തൻ്റെ യാത്ര ആരംഭിച്ചു. അയാൾ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേയ്ക്ക് വേഗത്തിൽ നീങ്ങി. അയാളുടെ മഹനീയ സാന്നിധ്യം കാഴ്ചക്കാരിൽ ആദരവും ആവേശവും ഉണർത്തി.

ആ പാവപ്പെട്ട കുടുംബത്തിന്  രാജകീയവേഷമൊക്കെ അണിഞ്ഞു വരുന്ന മാവേലി തങ്ങളുടെ ഓലക്കുടിൽ  സന്ദർശിക്കുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എങ്കിലും അവർ അഞ്ചാമതായി ഒരു നാക്കില
കൂടി ഇട്ടു. തലേന്ന് രാത്രി ഉത്രാടപ്പൂനിലാവ് കണ്ടപ്പോഴൊക്കെ അവർ സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ള ഓണപ്പുടവ ഓർത്തിരുന്നു.

എല്ലാമൊരുക്കിവെച്ച്  ഇലകളിൽ കറികൾ മാത്രം വിളമ്പി അടച്ച് വെച്ച് ആ വീട്ടിലെ നാലുപേരും മുറ്റത്ത് ഇറങ്ങി നിന്നു. ദൂരെയെവിടെയോ കൊട്ടും മേളവുമൊക്കെ കേൾക്കാം.

അപ്പോഴാണ് ഒരു വൃദ്ധൻ അവരുടെ മുറ്റത്തേയ്ക്ക് കടന്നു വന്നത്. പ്രതീക്ഷയോടെ, പുഞ്ചിരിയോടെ അയാൾ അവരുടെ മുഖത്ത് നോക്കി. അയാളുടെ മുഖത്തെ പുഞ്ചിരിക്ക് പിന്നിലെ ദൈന്യതയോടെയുള്ള ചോദ്യം അവർക്ക് അവഗണിക്കാനായില്ല. എന്ത് ചെയ്യും? ഒരാൾ, അതും വൃദ്ധൻ,  ആഹാരം ചോദിച്ച് വന്നിരിക്കുകയാണ്.


ഓണനാളിൽ  ഭിക്ഷാംദേഹിയായാലും ഒരാൾക്ക്  സദ്യയല്ലാതെ മറ്റെന്തു കൊടുക്കാൻ? പക്ഷെ എങ്ങിനെ അയാൾക്ക് കൂടി സദ്യ കൊടുക്കും? മാവേലി പോലും സദ്യയുണ്ണുമ്പോൾ വീണ്ടും ചോറ് ചോദിച്ചാൽ അവർ കുഴങ്ങിയതു തന്നെ.

ആ വീട്ടുകാരനും വീട്ടുകാരിയും അല്പം മാറി നിന്ന് തമ്മിൽത്തമ്മിൽ അടക്കം പറഞ്ഞു.

“മാവേലിയുടെ വേഷമിട്ടാലും നമ്മുടെ കുടിലിലൊന്നും ആരും വരുമെന്ന് തോന്നുന്നില്ല. ആ സദ്യ ഇദ്ദേഹത്തിന് കൊടുക്കാം.” ഭർത്താവ് പറഞ്ഞു.

“എനിക്കും അത് തന്നെയാണ് തോന്നുന്നത്. ആഹാരം ചോദിച്ച് വന്നതല്ലേ.

ദൈവത്തിന് നിരക്കാത്ത പോലെ നമ്മൾ പെരുമാറാൻ പാടില്ല,”  ഭാര്യയും പറഞ്ഞു.

വീട്ടിൽ ക്ഷണിക്കാതെ കയറി വന്ന ഭിക്ഷാംദേഹിയെ നോക്കാൻ   അവർ തിരിഞ്ഞപ്പോഴേയ്ക്കും അവരുടെ കുട്ടികൾ അദ്ദേഹത്തെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകാൻ തുടങ്ങിയിരുന്നു.

ആ വൃദ്ധനെ അവർ  മാവേലിയ്ക്കായി ഒഴിച്ചിട്ട സ്ഥലത്ത് ഇരുത്തി. എല്ലാവരും  ഒരുമിച്ചിരുന്നു സന്തോഷത്തോടെ ആഹാരം കഴിച്ചു. വയറ്  നിറഞ്ഞില്ലെങ്കിലും  മനസ്സ് നിറഞ്ഞ കുട്ടികൾ വീണ്ടും ചോറ് ചോദിച്ചില്ല.

സദ്യ കഴിഞ്ഞ് എല്ലാവരും എഴുന്നേൽക്കാൻ തുടങ്ങിയെങ്കിലും  അപ്പോഴും വൃദ്ധൻ ആഹാരം കഴിക്കുകയായിരുന്നു. അയാൾ കഴിച്ചു തീരാനായി അവർ കാത്തു.

പെട്ടെന്ന് പുറത്ത് ചെണ്ടമേളം കേട്ടു. കുട്ടികൾ ഇലയെടുക്കാതെ പുറത്തേയ്ക്ക് ഓടി. അവരുടെ മാതാപിതാക്കളും ഇറങ്ങിച്ചെന്നു. ആ വൃദ്ധൻ മാത്രം  മുഖത്ത് ഒരു പുഞ്ചിരിയോടെ അപ്പോഴും  അവിടെത്തന്നെയിരുന്നു.

അവരുടെ മുറ്റത്തിന് മുൻപിലുള്ള ഇടവഴിയിലൂടെ മഹാബലിയുടെ വേഷമിട്ട ഒരാളും വാദ്യമേളങ്ങളും കടന്നു വരികയാണ്. അൽപ്പം ദൂരെയുള്ള ഒരു മാളികവീടാണ് മഹാബലിയുടെ വേഷമിട്ട ആളുടെ ലക്ഷ്യമെന്ന് അയാളുടെ നടത്തത്തിന്റെ വേഗത കണ്ടാലറിയാം.

തങ്ങളുടെ വീട്ടിൽ കയറരുതേ എന്നായിരുന്നു ആ ദരിദ്ര കുടുംബത്തിന്റെ പ്രാർത്ഥന. സമ്മാനമായി ഓണപ്പുടവ കിട്ടിയില്ലെങ്കിലും പോട്ടെ, മഹാബലിക്ക് പോലും ഒരു ഇല മാറ്റിവെയ്ക്കാൻ  കഴിയാത്തതിൻ്റെ നാണക്കേട് ഒഴിവാകുമല്ലോ.

അവരുടെ പ്രാർത്ഥന ദൈവം കേട്ടത് പോലെ മഹാബലിയുടെ വേഷമിട്ട ആ ആജാനുബാഹു അവരുടെ വീട്ടിലേയ്ക്ക് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവരെയും കടന്നു പോയി.

ആ വീട്ടിൽ കയറി അല്പം എന്തെങ്കിലും കഴിച്ച് ഒരു സദ്യയുടെ അവസരം പാഴാക്കണ്ട എന്ന് അയാൾ കരുതിയിട്ടുണ്ടാകും. അയാൾ മാത്രമല്ല അയാളെ അനുഗമിച്ചവരും ആ വീട്ടിലേയ്ക്ക് നോക്കുകയോ ആ കുടുംബത്തെ കാണുകയോ ചെയ്തില്ല.

വേഷം കെട്ടിയതാണെങ്കിലും തങ്ങളെ കടന്നു പോകുന്ന തങ്ങളുടെ ദേവതുല്യനായ രാജാവിൻ്റെ രൂപത്തെ ആ കുടുംബം കൈകൂപ്പി വണങ്ങി. ആ രൂപം കുറച്ച് ദൂരെയുള്ള ആ മാളികയുടെ മുറ്റത്തേയ്ക്ക് നിറഞ്ഞ ചിരിയോടെ കയറുന്നത് വരെ അവർ മുറ്റത്ത് തന്നെ നിന്നു. പെട്ടെന്നാണ് അവർ വൃദ്ധനെക്കുറിച്ചോർത്തത്. അദ്ദേഹം കഴിക്കുകയായിരുന്നല്ലോ. ഇനിയും പായസമോ മറ്റോ വേണമെങ്കിലോ? അവർ വെപ്രാളത്തിൽ അകത്തേയ്ക്ക് ഓടിച്ചെന്നു.

അയാൾ  അവിടെയെങ്ങും ഉണ്ടായിരുന്നില്ല. അയാൾക്ക് വിളമ്പിയ ചോറും കറികളും ആരും തൊടാതെ ആ ഇലയിൽ തന്നെയുണ്ടായിരുന്നു.

പക്ഷെ അതിലും കൂടുതൽ അവർ അത്ഭുതപ്പെട്ടത് മറ്റൊന്ന് കണ്ടിട്ടാണ്. അയാൾ സദ്യയുണ്ണാൻ ഇരുന്നിടത്ത് അവർക്കെല്ലാം വേണ്ട ഓണപ്പുടവ ഭംഗിയായി മടക്കി വെച്ചിരിക്കുന്നു. ആരും തൊടാതെ ഇലയിൽ  ഇരുന്ന ചോറും കറികളും  ചൂണ്ടി ആ ഭാര്യ ഭർത്താവിനോട് പറഞ്ഞു.

“ഇതാ  ഇത്  നിവേദ്യമാണ്.”

“അതെ,  കുട്ടികൾക്കും നമുക്കുമുള്ള പ്രസാദം”

വിശേഷമറിയാൻ അകത്തേയ്ക്ക് കയറി വന്ന ഓണക്കാറ്റ് തട്ടിയ ആ അഞ്ചാമത്തെ നാക്കിലയുടെ തുമ്പ് അപ്പോഴും  കൈകൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു

ശ്രീകുമാർ എഴുത്താണി

bottom of page