top of page
a  light blue background .jpg

Shanty Abraham

Shanty Abraham.
സൗത്ത് ഓസ്‌ട്രേലിയയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. .

Shanty Abraham


ചിണ്ടനും നഷ്ടപ്പെട്ട പേരയ്ക്കയും

ഭൂതകാലത്തിൻ്റെ പച്ചപ്പുനിറഞ്ഞ ഓർമ്മകളിലേക്ക് മനസ്സ് തിരികെ നടക്കുമ്പോൾ, നഷ്ടബോധത്തിൻ്റെ നോവ് ഇരട്ടിക്കുകയാണ്. തിരക്കുകളുടെ ലോകത്ത് ചേക്കേറിയ ഞങ്ങൾ കുറച്ചു മനുഷ്യർക്കിടയിൽ വാക്കുകളിലൂടെയെങ്കിലും സൗഹൃദം നിലനിർത്താൻ കഴിയുന്നത് ഒരു വലിയ ഭാഗ്യമായി ഞാൻ കരുതിയിരുന്നു. എന്നാൽ, വിധി കാത്തുവെച്ച ചില വാർത്തകൾ അത്രമേൽ പെട്ടെന്നായിരിക്കും നമ്മെ തേടിയെത്തുക.

"മോതിരവയലിൽ ഇന്നലെ വലിയൊരു അപകടം നടന്നു..." ഫോൺ താഴെ വെയ്ക്കുന്നതിന് തൊട്ടുമുൻപാണ് ഷാനു അത് പറഞ്ഞത്. അവളുമായി സംസാരിക്കാറുള്ളത് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായി ചുരുങ്ങിയിട്ട് അധികം കാലമായിരുന്നില്ല.

"ആരാ മരിച്ചത്?" എൻ്റെ ചോദ്യം കേട്ടതും ഫോണിൻ്റെ മറുതലയ്ക്കൽ അവളുടെ ശ്വാസമൊന്ന് ഇടറി, കണ്ണുകൾ ഈറനണിഞ്ഞു. പിന്നെ പതുക്കെ അവൾ സങ്കടത്തോടെ മറുപടി പറഞ്ഞു: "വടക്കേപ്പുറത്തെ ഷിബു..."

"ഷിബുവോ?!" എൻ്റെ കണ്ഠത്തിൽ നിന്നും ഉയർന്ന ആ ശബ്ദം ഇത്തിരി ഉച്ചത്തിലായിപ്പോയി. ബസ്സിൽ എനിക്ക് അരികിലിരുന്നിരുന്ന അമ്മൂമ്മ എന്നെ ഒന്നു തുറിച്ചുനോക്കിയിട്ട്, ഒന്നും സംഭവിക്കാത്തതുപോലെ ശാന്തമായി വീണ്ടും മയങ്ങുവാൻ തുടങ്ങി.

"എന്തു പറ്റിയതാ?" പരിഭ്രമം അടക്കാനാവാതെ ഞാൻ ചോദിച്ചു.

"കാർ ആക്‌സിഡന്റ്. ആ ക്ഷണത്തിൽ തന്നെ അവൻ മരിച്ചു. ആശുപത്രിയിൽ ആരോക്കെയോ ചേർന്ന് എത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു." പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഷാനു ഫോൺ വെച്ചു.

മനസ്സ് പെട്ടെന്ന് ശൂന്യമായി. ഷിബു... ഞങ്ങളുടെ ബാല്യകാലത്തെ ആ കൂട്ടുകാരൻ ഇനിയില്ല. ഓർമ്മകൾ ഒരു പച്ചപ്പ് നിറഞ്ഞ ജീവനദി പോലെ മനസ്സിലേക്ക് ഇരച്ചുകയറാൻ തുടങ്ങി. സ്നേഹവും വിശ്വാസവും നിറഞ്ഞ അയൽപക്കങ്ങളുള്ള, പരസ്പരം കുറ്റങ്ങളും കുറവുകളും പങ്കുവെച്ച് നിഷ്കളങ്കമായി ജീവിച്ചിരുന്ന ആ പഴയ മോതിരവയൽ ഗ്രാമം എൻ്റെ കണ്ണുകളിൽ തെളിഞ്ഞു വന്നു. അവിടെ ഭാവിയെപ്പറ്റി സ്വപ്നങ്ങൾ നെയ്യാൻ ഒത്തുകൂടിയിരുന്ന ആ കുട്ടിക്കൂട്ടത്തിൽ ഞാനും ഷാനുവും ഷിബുവുമെല്ലാം ഉണ്ടായിരുന്നു.

"കുടുകുടാ ചിരിക്കുവാൻ കഴിയുന്നവർ എത്രയോ ഭാഗ്യവാന്മാരാണ്."

അങ്ങനെ ചിരിക്കുവാൻ കഴിഞ്ഞ എത്രയോ നിമിഷങ്ങൾ ഞങ്ങളുടെ ബാല്യത്തിലുണ്ടായിരുന്നു! ചന്നാട്ടുകരയിലെ സിസിലി അമ്മച്ചിയുടെ വീടിൻ്റെ ഉമ്മറത്തുള്ള തൊടിയിലായിരുന്നു മിക്കവാറും ഞങ്ങൾ കുട്ടികൾ ഒന്നിച്ചുകൂടാറുള്ളത്. കളിയും ചിരിയുമായി അവധിക്കാലങ്ങൾ ആനന്ദപ്രദമാക്കാൻ ഞങ്ങളെല്ലാവരും അവിടെയെത്തും. തൊടിയിൽ നിൽക്കുന്ന ജാതിയും, ചാമ്പയും, മാവും, പേരയുമൊക്കെ ഞങ്ങൾക്ക് 'കാളീയമർദ്ദനം' നടത്താനുള്ള മരങ്ങളാണ്. ഫലങ്ങൾ പറിച്ച് അതിൻ്റെ മുകളിൽ തന്നെയിരുന്ന് കഴിക്കുന്ന സുഖം ഒന്നു വേറെത്തന്നെയാണ്.

സിസിലി അമ്മച്ചിയുടെ മക്കളായ റാണിയും, മോനിഷയും, ജോസും, പിന്നെ ഞാനും ഷാനുവും ഷിബുവുമടങ്ങുന്ന വലിയൊരു സംഘം എപ്പോഴും ആ പേരമരത്തിന് മുകളിലുണ്ടാകും. എന്നാൽ, ഈ വിനോദങ്ങളൊന്നും ഇഷ്ടപ്പെടാതെ സിസിലി അമ്മച്ചിയുടെ കൂട്ടിൽ കിടക്കുന്ന ഒരാളുണ്ടായിരുന്നു—'ചിണ്ടൻ' എന്ന് ഞങ്ങൾ ഓമനപ്പേരിട്ട് വിളിച്ച നായ.

സ്വാതന്ത്ര്യത്തിൻ്റെ അതിരുകൾ ഭേദിക്കുവാൻ കൊതിക്കുന്നൊരു മനസ്സായിരുന്നു അവൻ്റെത്. അവന് ഒരേയൊരു കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ; പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും ദേഷ്യം വന്നാൽ ആരെയെന്നില്ലാതെ കടിക്കും! അതിനെക്കുറിച്ച് ഓർത്തുപോലുമുള്ള ബുദ്ധി അവനില്ലാത്തതുകൊണ്ടാവും എന്ന് പറഞ്ഞ് ഞാനും ഷിബുവും ഷാനുവുമൊക്കെ അവനെ നോക്കി കളിയാക്കി ചിരിക്കാറുണ്ടായിരുന്നു.

അന്ന് പേരമരത്തിൽ കയറുന്നതിന് മുൻപ്, ഞാനും ഷിബുവും കൂടി ചിണ്ടൻ്റെ കൂടിന് മുന്നിൽ ചെന്നു. കൂട്ടിലേക്ക് കല്ലെടുത്ത് എറിഞ്ഞും, ഇക്കിളി കൂട്ടുന്നതുപോലെ ശബ്ദമുണ്ടാക്കിയും അവനെ പ്രകോപിപ്പിക്കാൻ തുടങ്ങി. ഷിബു കയ്യിൽ കിട്ടിയൊരു കമ്പെടുത്ത് അവനെ തല്ലുന്നതായി ഭാവിക്കുകയും അകാരണമായി പേടിപ്പിക്കുകയും ചെയ്തു.

"എന്താ പിള്ളാരേ ഈ കാട്ടുന്നത്?!" വീടിനുള്ളിൽ നിന്നും സിസിലി അമ്മച്ചിയുടെ ഗൗരവത്തിലുള്ള സ്വരം കേട്ടതും, ഭയന്ന് വിറച്ച് ഞങ്ങൾ ഒരൊറ്റ ഓട്ടത്തിന് പേരമരച്ചുവട്ടിലേക്ക് ഒളിച്ചു.

കുറച്ചു സമയം കഴിഞ്ഞിട്ടും അമ്മച്ചി പുറത്തേക്ക് വരാത്തതുകൊണ്ട് ഞങ്ങൾ പതുക്കെ പേരമരത്തിലേക്ക് വലിഞ്ഞുകയറി. വവ്വാലുകൾ കടിക്കാത്ത, നന്നായി വിളഞ്ഞുനിൽക്കുന്ന മുഴുത്തൊരു പേരയ്ക്ക കണ്ടെത്താനുള്ള മത്സരം ഞങ്ങൾക്കിടയിൽ മുറുകി. അതേസമയം താഴെ, ചിണ്ടൻ നായ ആ വഴി കടന്നുപോയൊരു കോഴിയെ നോക്കി ഉച്ചത്തിൽ കുരയ്ക്കുന്നുണ്ട്. കൂടു തുറന്നുവിട്ടാൽ കോഴിയെ ഓടിക്കുമെന്നു കരുതിയാവാം, സിസിലി അമ്മച്ചി വന്ന് ചിണ്ടനെ കൂട്ടിൽ നിന്നും അഴിച്ചുവിട്ടു.

സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണുള്ളത്? ചിണ്ടനും സന്തോഷത്തോടെ പുറത്തേക്കിറങ്ങി.

ഇതേസമയം മരത്തിന് മുകളിൽ എൻ്റെ അന്വേഷണം ഫലം കണ്ടു. ഏറ്റവും മുഴുത്തൊരു പേരയ്ക്ക കിട്ടിയത് എനിക്കാണ്! . അത് കണ്ടതും ബാക്കിയുള്ളവർ കടന്നൽക്കൂട് ഇളകിയതുപോലെ ഞാൻ ഇരുന്ന ചില്ലയിലേക്ക് വലിഞ്ഞുകയറാൻ തുടങ്ങി. ആക്രാന്തം മൂത്ത ഞാൻ, ആ പേരയ്ക്ക മറ്റാർക്കും കൊടുക്കാതിരിക്കാൻ മരത്തിൽ നിന്നും താഴേക്ക് ഒരൊറ്റ ചാട്ടം ചാടി! ഹനുമാൻ ലങ്കയിലേക്ക് ചാടിയതുപോലെയൊരു കുതിപ്പ്.

പക്ഷേ, മണ്ണിൽ കാൽ തൊട്ട് നിവർന്നു നോക്കിയതും എൻ്റെ ചോര മരവിച്ചുപോയി! മുന്നിൽ ചിണ്ടൻ നായ അവൻ്റെ സകല പ്രൗഢിയോടെയും നിൽക്കുന്നു. നാളുകളായി മനസ്സിൽ ഒളിപ്പിച്ചുവെച്ച പ്രതികാര ചിന്തകൾ അവനിൽ ഉണർന്നിട്ടുണ്ടാകണം. അവൻ എന്നെ നോക്കി ഉഗ്രമായി കുരച്ചു. നായ കടിച്ചാൽ അനുഭവിക്കേണ്ടി വരുന്ന യാതനകളെക്കുറിച്ച് ഷിബു പറഞ്ഞുതന്ന കഥകൾ ഓർമ്മ വന്ന എനിക്ക്, പിന്നീട് ജീവനും കൊണ്ട് ഓടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

ഞാൻ ഓട്ടം തുടങ്ങി. ഒപ്പം ചിണ്ടനും! അന്നത്തെ ആ ഓട്ടം വല്ല അന്താരാഷ്ട്ര മത്സരത്തിലുമായിരുന്നെങ്കിൽ സാക്ഷാൽ പി.ടി. ഉഷ പോലും രണ്ടാം സ്ഥാനത്തായിപ്പോയേനെ! 'പയ്യോളി എക്സ്പ്രസ്സിന്' പകരം 'ഒഴുവൻപാറ എക്സ്പ്രസ്സ്' എന്ന് എനിക്ക് പേരും വീണേനെ!

പിന്തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ഓടിക്കയറി, കതക് വലിച്ചടച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. ഭയമടങ്ങി ഒഴിഞ്ഞ കൈകളിലേക്ക് നോക്കിയപ്പോഴാണ് വലിയൊരു സങ്കടം തോന്നിയത്—ഓട്ടത്തിനിടയിൽ എന്റെ ആ കഷ്ടപ്പാടിന്റെ ഫലമായ പേരയ്ക്ക എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു!

ചിണ്ടൻ പോയോ എന്നറിയാൻ ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി. അപ്പോൾ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഞാൻ കളഞ്ഞുപോയ ആ വലിയ പേരയ്ക്കയും നോക്കിക്കരണ്ട്, അത് വായയിൽ കടിച്ച പിടിച്ച് അഹങ്കാരത്തോടെ നടന്നുപോകുന്ന ചിണ്ടൻ! മരത്തിന് മുകളിലിരുന്ന് ഈ കാഴ്ച കണ്ട് ഷിബുവും ഷാനുവും ജോസുമെല്ലാം ഉറക്കെ അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു.

അന്ന് ആ ചിരികൾക്കിടയിൽ ചിണ്ടൻ എന്നെ മഹത്തായൊരു പാഠമാണ് പഠിപ്പിച്ചത്: നമ്മൾ അർഹിക്കാത്തത് പിടിച്ചെടുക്കാൻ നോക്കിയാൽ, അത് ഒരിക്കലും നമ്മുടെ കൈകളിൽ ശാശ്വതമായിരിക്കില്ല.

ബസ്സിൻ്റെ ജനൽക്കാഴ്ചകളിലേക്ക് വീണ്ടും നോക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അന്ന് അർഹതയില്ലാത്ത പേരയ്ക്ക കൈവിട്ടുപോയതുപോലെ, ഇന്ന് മരണത്തിൻ്റെ വഴിയിലൂടെ ഞങ്ങളുടെ പ്രിയപ്പെട്ട ഷിബുവും കൈവിട്ടുപോയി. സ്വപ്നം കണ്ട് നടക്കുന്നതൊന്നും പ്രായോഗിക ജീവിതത്തിൽ എപ്പോഴും അനുഭവിച്ചറിയാൻ കഴിയില്ലെന്ന വലിയൊരു സത്യം കൂടി ബാക്കിവെച്ചുകൊണ്ട്, മോതിരവയലിൻ്റെ ആ പഴയ ഓർമ്മകൾ എന്നെ വീണ്ടും തനിച്ചാക്കി.



ഷാന്റി എബ്രഹാം

bottom of page