top of page
Pooja online  2-11_edited.png

Shanty Abraham

പേര് : Shanty Abraham.
സൗത്ത് ഓസ്‌ട്രേലിയായിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. .

Shanty Abraham

വിരുന്നെത്തുന്ന ഓർമ്മകൾ.

വിരുന്നെത്തുന്ന ഓർമ്മകളെ വരവേൽക്കുവാൻ മടിക്കേണ്ട അല്ലേ ?. ജീവിതത്തിൽ തിന്മയുടെ വശം മാത്രമല്ല, നന്മ നിറഞ്ഞൊരു മറുപുറം കൂടിയുണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ നടത്തിയാണ് ആ ഓർമ്മകൾ നമ്മെ കെട്ടിപുണരുന്നത്. അവിടെ നിന്നും പച്ചപ്പ് നിറഞ്ഞൊരു ജീവനദി ഒഴുകുകയായി.

ഹരിത ശോഭ നിറഞ്ഞ പ്രദേശമായിരുന്നു മോതിരവയൽ. അവിടെയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. സ്നേഹവും , വിശ്വാസവും ഒക്കെ ഉണ്ടായിരുന്ന അയൽവക്കങ്ങൾ . കുറ്റവും, കുറവുകളും പരസ്പരം പങ്കു വയ്ക്കുകയും അതിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് മനോഹരമായ ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ ഒരു സമൂഹം

അതായിരുന്നു നിഷ്കളങ്കമായ ലോകം.. അവിടെ ഭാവിയെ പറ്റിയുള്ള സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.

ഇനി എൻ്റെ ബാല്യകാലം …..

"കുടുകുടാ ചിരിക്കുവാൻ കഴിയുന്നവർ എത്രയോ ഭാഗ്യവാന്മാരാണ്" .

അങ്ങനെ ചിരിക്കുവാൻ കഴിയുന്ന കുറെ നിമിഷങ്ങൾ എൻ്റെ ബാല്യകാലത്തും ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നായിരുന്നു പേരമരത്തിൽ നിന്നും ഇറങ്ങി ഓടിയ ആ ഓട്ടം . അങ്ങനെയൊരു ഓട്ടം വല്ല അന്താരാഷ്ട മത്സരത്തിനും ഓടിയിരുന്നെങ്കിൽ പി.ടി . ഉഷ പോലും രണ്ടാം സ്ഥാനത്ത് ആയി പോയേനേ ..

പയ്യോളി എസ്പ്രസ്സിന് പകരം ഒഴുവൻപാറ എക്സ്പ്രസ്സ് എന്ന് എനിക്ക് പേരും വീണേനേ ....

നമുക്ക് അർഹിക്കുന്നതേ നമ്മൾക്ക് കിട്ടുകയുള്ളു എന്നാണ് ഞാൻ പറഞ്ഞു വന്നത്. സ്വപ്‌നം കണ്ട് നടക്കുന്നതൊന്നും പ്രയോഗികമായി നമ്മുടെ ജീവിതത്തിൽ അനുഭവഭേദ്യമായി തീരുകയില്ല.. അതാണ് ജീവിതം.

ചന്നാട്ടുകരയിലെ സിസിലി അമ്മച്ചിയുടെ വീടിൻ്റെ ഉമ്മറത്തുള്ള തൊടിയിൽ മിക്കവാറും ഞങ്ങൾ കുട്ടികൾ ഒന്നിച്ചു കൂടാറുണ്ടായിരുന്നു. കളിയും , ചിരിയുമൊക്കെയായി അവധിക്കാലങ്ങൾ ആനന്ദപ്രഥമായിരുന്നു . അവിടെ തൊടിയിൽ നിൽക്കുന്ന ജാതിയും, ചാമ്പയും, മാവും , പേരയുമൊക്കെ ഞങ്ങൾ കുട്ടികൾക്ക് കാളീയമർദ്ദനം നടത്തുവാനുള്ള മരങ്ങൾ ആയിരുന്നു. ഫലങ്ങൾ പറിച്ചു അതിൻ്റെ മുകളിൽ തന്നെ ഇരുന്നു കഴിക്കുന്നതിൻ്റെ ആനന്ദമൊന്ന് വേറേ തന്നെ ആയിരുന്നു. അത് ഞങ്ങൾ കുട്ടികൾ നല്ലതുപോലെ ആസ്വദിക്കുകയും ചെയ്തിരുന്നു.

സിസിലി അമ്മച്ചിയുടെ വീടും ഞങ്ങളുടെ വീടും തമ്മിൽ ഏകദേശം ഇരുനൂറ്റി അൻപത് മീറ്റർ ദൂരം ഉണ്ടാവും. സിസിലി അമ്മച്ചിയ്ക്ക് മക്കളായി പത്ത് പേരാണ് ഉണ്ടായിരുന്നത്. ഏഴ് ആണും, മൂന്ന് പെണ്ണും . അതിൽ റാണിയും, മോനിഷയും, ജോസും മിക്കവാറും ഞങ്ങളുടെ കൂടെ പേര മരത്തിൽ കാണും. ബാക്കി ഉള്ളവർ എന്തെങ്കിലുമൊക്കെ വികൃതികൾ കാട്ടിയും, എന്തെങ്കിലുമൊക്കെ കളികളിൽ ഏർപ്പെട്ട് സമയത്തെ കൊല്ലുമായിരുന്നുന്നു.

ഈ വിനോദങ്ങൾ ഒന്നും ഇഷ്ടപ്പെടാതെ ഒരാൾ സിസിലി അമ്മച്ചിയുടെ കൂട്ടിൽ കിടക്കുന്നുണ്ടായിരുന്നു. അത് മറ്റാറും ആയിരുന്നില്ല. ചിണ്ടൻ എന്ന് ഞങ്ങൾ ഓമനപ്പേരിൽ വിളിച്ചുകൊണ്ടിരുന്നു ചിണ്ടൻ നായ് .

സ്വാതന്ത്രത്തിൻ്റെ അതിരുകൾ ഭേദിക്കുവാൻ കൊതിക്കുന്നൊരു മനസ്സായിരിക്കുന്നു അവനുണ്ടായിരുന്നത്. അവന് ഒരേ ഒരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. പരിചയം ഉണ്ടെങ്കിലും , ഇല്ലെങ്കിലും ദേഷ്യം തോന്നിയാൽ ആരെയെന്നു നോക്കാതെ ഉടനടി കടിച്ചിരിക്കും. അതിൻ്റെ പ്രത്യാഘാതങ്ങളെ കുറിച്ചൊന്നും ചിന്തിക്കുവാനുള്ള മൂള ഇല്ലാത്തതിനാലാവും അവൻ അങ്ങനെ കാട്ടി കൂട്ടുന്നത് എന്ന് പലപ്പോഴും ഞങ്ങൾ പറഞ്ഞു ചിരിക്കാറും ഉണ്ടായിരുന്നു.

ചിണ്ടൻ നായ്ക്ക് പക്ഷേ ആ കൂട്ടിൽ കിടക്കുന്നത് ലവലേശം ഇഷ്ടം അല്ലായിരുന്നു. സ്വാന്തന്ത്രം വേണമെന്ന ചിന്തയോടെ എപ്പോഴും മൂളിയും, ഞരങ്ങിയും അങ്ങനെ കിടക്കും. പേര മരത്തിൽ കയറുന്നത്തിന് മുൻപ്, അന്നും അവൻ്റെ കൂടിനു മുൻപിൽ നിന്ന് കൂട്ടിലേക്ക് കല്ല് എടുത്ത് എറിയുകയും, ഇക്കിളി കൂട്ടിയതുപോലെയുള്ള ചിരിചിരിച്ച് അവനെ പ്രകോപിപ്പിക്കുവാൻ നോക്കുകയും ഒക്കെ ചെയ്തു. പ്രകോപനത്തിന് തോത് കൂട്ടുവാനായി കയ്യിൽ കിട്ടിയൊരു കമ്പ് എടുത്ത് തല്ലുന്നതായി ഭാവിക്കുകയും, അവനെ അകാരണമായി പേടിപ്പെടുത്തുകയും ഒക്കെ ചെയ്തു.

"എന്താ പിള്ളാരേ ഈ കാട്ടുന്നത്".. വീടിനുള്ളിൽ നിന്നും സിസിലി അമ്മച്ചിയുടെ ഗൗരവത്തിലുള്ള സ്വരം കേട്ടതും ഞങ്ങൾ എല്ലാം പേര മരചുവട്ടിലേക്ക് ഓടി മറഞ്ഞു.

കുറെ സമയം അവിടെ നിന്നുവെങ്കിലും സിസിലി അമ്മച്ചി ഇറങ്ങി വരുന്ന ലക്ഷണമൊന്നും കണ്ടില്ല. ഞങ്ങൾ കുട്ടികൾ പേര മരത്തിലേക്ക് വലിഞ്ഞു കയറി. വവ്വാൽ ചപ്പാതെ കിടക്കുന്ന മുഴുത്ത പേരയ്ക്കാ കണ്ടെത്തുകയും , അവ സ്വന്തമാക്കുവാനുമുള്ള മത്സരം ഞങ്ങൾക്കിടയിൽ രൂക്ഷമായിരുന്നു.

അതേസമയം ചിണ്ടൻ നായ് അതുവഴി കടന്നുപോയൊരു കോഴിയുമായി കുശലം പറയുകയും, അതിൻ്റെ ബാഹ്യ പ്രകടനം പോലെ ഉച്ചത്തിൽ കുരയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സിസിലി അമ്മച്ചി, ചിണ്ടൻ നായുടെ ആ പ്രകടനത്തെ സംശയത്തോടെ വീക്ഷിക്കുകയും, കുറെ നേരത്തേക്ക് കൂട്ടിൽ നിന്ന് അഴിച്ചുവിടുകയും ചെയ്തു.

സ്വാതന്ത്രം ... അത് ആഗ്രഹിക്കാത്തവർ ആരാണ് ഈ ഉലകിൽ ഉള്ളത്. ചിണ്ടൻ നായും അത് ആഗ്രഹിച്ചിരുന്നു.

ഞങ്ങളുടെ അന്വേഷണം ഫലം കാണാതെ ഇരുന്നില്ല. പേര മരത്തിൽ നിന്നും മുഴുത്ത ഒരു പേരയ്ക്കാ കിട്ടിയത് എനിക്കായിരുന്നു. പേരയ്ക്കാ കണ്ടതും കടന്നൽ കൂട് ഇളകിയതുപോലെ എല്ലാവരും ഞാൻ ഇരുന്ന ചില്ലയിലേക്ക് വലിഞ്ഞു കയറുവാൻ തുടങ്ങിയിരിക്കുന്നു.

ആക്രാന്തം മൂത്ത് പേരയ്ക്കായുമായി ഞാൻ ഭൂമിയിലേക്ക് ഒരു കുതിപ്പ് നടത്തി. ഹനുമാൻ ലങ്കയിലേക്ക് ചാടിയതു പോലെയായിരുന്നത്. ധരണിയെ തൊട്ടു തലോടി എഴുനേറ്റപ്പോഴേക്കും മുന്നിൽ ചിണ്ടൻ നായ് അവൻ്റെ സകല പ്രൗഢിയും കാട്ടി നിൽപ്പുണ്ടായിരുന്നു.

നാളുകളായി മനസ്സിൽ ഒളിപ്പിച്ചു വച്ച പ്രതികാര ചിന്തകൾ അവനിൽ പൊട്ടി മുളച്ചിട്ടുണ്ടാവണം. എന്നെ നോക്കി പതിവുകൾ തെറ്റിച്ചുകൊണ്ട് ഉച്ചത്തിൽ കുരച്ചു. നായ് കടിച്ചാൽ അനുഭവിക്കേണ്ടി വരുന്ന യാതനകൾ കേട്ടിട്ടുള്ള എനിക്ക് പിന്നീട് ഓടുക മാത്രമേ മുന്നിൽ മാർഗ്ഗം ഉണ്ടായിരുന്നുള്ളു.

വീട്ടിൽ ഓടി ചെല്ലുന്നിടം വരെയും മനസ്സിൽ തീ ആയിരുന്നു. വീട്ടിൽ എത്തിയതും , കതക് വലിച്ചടച്ചുമൊക്കെ യാന്ത്രികമായി നടന്നു എന്ന് പറയാം. ഒഴിഞ്ഞ കയ്യിലേക്ക് നോക്കിയപ്പോൾ വിഷമം തോന്നി. ഓട്ടത്തിനിടയിൽ പേരയ്ക്കാ എങ്ങോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇത്തിരി കഴിഞ്ഞു കണ്ടുപിടിക്കാം . മനസ്സ് ആശ്വാസത്തിൻ്റെ പൂമഴ പൊഴിക്കുവാൻ തുടങ്ങി.

ചിണ്ടൻ പോയോ?.. ആകാംക്ഷ എന്നിൽ നുരഞ്ഞുപൊന്തി. ജനലിലൂടെ നോക്കിയ എനിക്ക് സ്വന്തം കണ്ണുകൾ വിശ്വസിപ്പിക്കുവാൻ കഴിഞ്ഞില്ല.

പേരായ്ക്കായും കടിച്ചു പിടിച്ചു വീട്ടിലേക്ക് തിരികെ പോകുന്ന ചിണ്ടൻ നായ് . അഹങ്കാരം കാട്ടിയിൽ ഇങ്ങനെ ഇരിക്കുമെന്നുള്ള മുന്നറിയിപ്പുമായി നടന്നു പോയ അവൻ എന്നെ മഹത്തായ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. അർഹത ഇല്ലാത്തത് ഒരിക്കലും ശാശ്വതമല്ലെന്നുള്ള ഗുണപാഠം.

മരത്തിൻ മുകളിൽ നിന്നും കേട്ടുകൊണ്ടിരുന്ന ഉച്ചത്തിലുള്ള അട്ടഹാസങ്ങളും, പൊട്ടിച്ചിരികളുമെല്ലാം ഇഴുകി ചേർന്ന് എന്നിൽ വലിയൊരു ഗുണപാഠത്തിൻ്റെ വിത്ത് പാകി.

ശുഭം ..


Shanty Abaraham

bottom of page