

Denny P Thomas
മീശ മാധവനു ശേഷം

ചേക്കിലേക്ക് പുതിയ പാലം വന്നു. മാധവനും രുഗ്മിണിക്കും രണ്ടു മക്കളായി. പുരുഷുവേട്ടൻ തല്ലി കഴുത്തൊടിച്ചെങ്കിലും ഭഗീരധേട്ടൻ ഒരിക്കൽ പോലും എൻ്റെ പങ്ക് വെളിപ്പെടുത്തിയില്ല. ആ സംഭവത്തിന് ശേഷം എന്നെ പുരുഷുവേട്ടൻ ഡെറാഡൂണിലേക്ക് കൂട്ടികൊണ്ടു പോയി.
തോക്ക് തൂത്തു മിനുക്കി വെക്കുന്നതിന് ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ ഒരിക്കൽപോലും ഈ കാലത്തിനിടക്ക് പുരുഷുവേട്ടൻ അതെടുത്തു ജോലിക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല. ചോദിച്ചാൽ ചിരിക്കും. അവിടെ യുദ്ധമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് വെടിവെക്കേണ്ടി വരികയില്ലെന്നും പറയും. എന്തായാലും ഞങ്ങള്ക് കുഞ്ഞുങ്ങളുണ്ടായില്ല.
ഇപ്പോഴത്തെ പിള്ളേരുടെ കൈകളിൽ പെട്ടിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം ഫോണുകളിലെ ഒരായിരം സന്ദേശങ്ങളായി മാറി താറുമാറായേനെ എന്നറിയാം. അതിൽ നിന്നൊക്കെ എന്നെ രക്ഷിച്ചു കൊണ്ടുവന്നതിന് പുരുഷുവേട്ടനോട് എനിക്ക് കടപ്പാടുണ്ടെങ്കിലും ഇടക്കൊക്കെ ചേക്കിലേക്ക് മടങ്ങിപ്പോകാൻ തോന്നും. ആ നാട്ടിലൊന്നുകൂടി അലഞ്ഞു നടക്കാൻ തോന്നും.
നമ്പൂരിശ്ശനും പ്രഭയും ത്രിവിക്രമനുമൊക്കെ ഇപ്പോൾ ഇങ്ങനെയായി എന്നറിയാൻ കൗതുകം. ലോനപ്പനിപ്പോഴും ഏതോ പോസ്റ്റിൻ്റെ മുകളിൽ കറന്റടിച്ച വവ്വാലിനെപോലെ ബോധം കേട്ടിരിക്കുന്നുണ്ടാവും. വെടിവഴിപാടുകളുടെ ശബ്ദം മുഴങ്ങുന്ന ഗ്രാമത്തിൽ ശത്രുക്കളെ സംഹരിക്കാൻ ഇന്നും ഉച്ചത്തിൽ കതിന പൊട്ടുന്നുണ്ടാവുമോ?. വലിയ വെടി , ചെറിയ വെടി...
ഭഗീരധേട്ടന്റെ ചെവിയിലെ രോമം, മുടിപൊഴിഞ്ഞാലും കൊഴിയുകയില്ലെന്നു പറഞ്ഞു ഞാനൊരിക്കൽ അതിൽ പിടിച്ചു വലിച്ചതോർക്കുന്നു. എനിക്കറിയാം അതിന്നും നരച്ചിട്ടുണ്ടാവില്ല.
ചികിത്സയും പട്ടാളക്കാരുടെ ഭാര്യമാരുമൊത്തുള്ള പാർട്ടികളും മഞ്ഞുകാലവുമൊക്കെയായി ജീവിതം കടന്നു പൊയ്ക്കൊണ്ടേയിരുന്നു. പുരുഷുവേട്ടനെ ഒന്നും ബാധിക്കുന്നതായി തോന്നിയില്ല. നമ്പൂരിശ്ശൻറെ മകളുടെ കല്യാണത്തിന് കുട്ടികളെപ്പോലെ നൃത്തം വച്ച് നടക്കുന്ന പുരുഷുവേട്ടനെ നിങ്ങളും കണ്ടതല്ലേ.
അതെ ലാഘവത്വമാണ്. നാട്ടിലൊരുത്തനെയും വിശ്വസിക്കില്ലെന്ന് പറഞ്ഞെങ്കിലും ഒരിക്കൽ പോലും ആ പാവം മനുഷ്യൻ എന്നെ സംശയിച്ചില്ല. പട്ടാളക്കാരുടെ കുടുംബങ്ങളൊക്കെ താമസിക്കുന്ന കോട്ടേഴ്‌സിൽ നിന്ന് താഴെ മലനിരകളും തടാകങ്ങളും കാണുമ്പോഴൊക്കെ എനിക്ക് ചേക്കിലെ ദിവസങ്ങളോർമ്മവരും. ആട്ടക്കാരും കച്ചവടക്കാരും വന്നിറങ്ങുന്ന ആൽ മരത്തിനരികിലെ കടവ്.
കൽമായിതാത്ത മാത്രമാണ് ചേക്കിലെനിക്ക് ആകെയുള്ളൊരു ബന്ധം. കാഴ്ച്ച കുറഞ്ഞു തുടങ്ങിയെങ്കിലും ഇപ്പോഴും അവരെനിക്ക് കത്തെഴുത്തും. അവരും കൂടി മരിച്ചാൽ ആ നാടുമായുള്ള എന്റെ അവസാന സമ്പർക്കവും അവസാനിക്കുമായിരിക്കും. ശാന്തേച്ചി കഴിഞ്ഞ വർഷം മരിച്ചു. കൊച്ചുമക്കളെ നോക്കിയിരിക്കെ പഴയ ഏകാന്തത ഭഗീരധേട്ടൻ മറക്കുമായിരിക്കും. അതോ അതിന് പിന്നെയും കനമേറിയിട്ടുണ്ടാവുമോ? ചിന്തിക്കരുതെന്നോർത്താലും മണ്ണണ്ണെമണക്കുമ്പോഴൊക്കെ എനിക്കദ്ദേഹത്തെ ഓർമ്മവരും.
ഭഗീരഥൻ പിള്ളയെപ്പറ്റി നിങ്ങൾക്കെന്തറിയാം. അയാളൊരു അറുത്ത കൈക്കു ഉപ്പു തേക്കാത്ത പലിശക്കാരനാണ് എന്നതല്ലാതെ ? വിരസമായിരുന്ന എന്റെ രാത്രികൾ, ചിലപ്പോൾ പകലുകളും. ഒരു ചാക്ക് സഞ്ചിയും ക്യാനും കൊണ്ട് വന്ന് തീയും മധുരവും പിടിപ്പിച്ച മനുഷ്യനാണയാൾ.
മണ്ണെണ്ണയും പഞ്ചസാരയും മാത്രമല്ല അയാളുടെ ഹൃദയവും കൂടി എനിക്ക് തന്നിട്ടാണയാൾ ഓരോവട്ടവും പടിയിറങ്ങിപ്പോയത്.
കട്ടില് കണ്ടാൽ ഉറങ്ങിപ്പോകുന്ന ശാന്തേച്ചിയും അമ്പലത്തിൽ കത്തിനാപൊട്ടിയാൽ പോലും ബോംബിനെപ്പറ്റി ചിന്തിക്കുന്ന പുരുഷുവേട്ടന്റെയും ഇടയിൽ കിടന്ന് മനസിലെ ഒരായിരം നിറമുള്ള മോഹങ്ങൾ അടക്കി വെക്കേണ്ടിവന്ന എന്നെയും ഭഗീരട്ടനേയും പറ്റി ഈ ലോകത്തിനൊന്നും അറിഞ്ഞു കൂടാ.
അദ്ദേഹമെന്നെ നോക്കിയപ്പോഴൊക്കെ എൻ്റെയുള്ളിലും പ്രണയിക്കപ്പെടാൻ കൊതിക്കുന്നൊരു സ്ത്രീ മരിച്ചിട്ടില്ലെന്ന് ഞാൻ അറിയുന്നത്. തുണി വിരിക്കുമ്പോൾ വേലിക്കല് വന്നൊരു നിൽപ്പുണ്ട്. കാറ്റിൽ മണ്ണെണ്ണയുടെ മണം വരുമ്പോഴേ എനിക്കറിയാം കള്ളൻ വേലിക്കരികിൽ നിൽപ്പുണ്ടെന്ന്. ചേക്കിലെ കാറ്റും അയാളെ ചുറ്റി വരുന്ന കാറ്റും എനിക്ക് കൃത്യമായി മനസിലാവും.
ആ വർഷത്തെ പാവക്കൂത്തു കഴിഞ്ഞു കഥകളി തുടങ്ങാൻ ഇരുന്നൊരു വൈകുന്നേരം. വേഷങ്ങളൊക്കെയായി കടവില് തോണിയില് ആട്ടക്കാര് വന്നിറങ്ങിക്കൊണ്ടിരുന്നു. അവരെയും നോക്കി ആലിന്റെ ചോട്ടിലിരിക്കുകയായിരുന്നു ഞാൻ. കടവില് ചെന്നിരിക്കുന്നത് കുറെ നാളുകളായി എന്റെ ശീലമായിരുന്നു. ഡെറാഡൂണിൽ നിന്ന് അപൂർവ്വമായി വരുന്ന കത്തുകളൊക്കെ ഞാൻ ആൽത്തറയിലിരുന്നാണ് വായിക്കുക. മൂന്നുമണികഴിഞ്ഞാൽ അങ്ങോട്ടേക്ക് അടുക്കാനൊക്കില്ല. ചേക്കിലെ സകലമാന മനുഷ്യരും അവിടെ സൊറപറഞ്ഞിരിപ്പുണ്ടാവും. പട്ടാളക്കാരന്റെ ഭാര്യ മറ്റ് നാട്ടിലെ കഥകളിലൊക്കെ എരിവും പുളിയും കലർത്തി മാത്രം വന്നു പോകുമ്പോൾ ചേക്കില് അങ്ങനെയായിരുന്നില്ല. മനസ്സിൽ നന്മയുള്ള കുറെ മനുഷ്യരുള്ള നാട്.
കൽമായിതാത്ത കൊണ്ടുവന്നതാണ് പുരുഷുവേട്ടനുമായുള്ള ബന്ധവും. എറണാകുളത്തു നിന്നും ഇങ്ങോട്ടേക്ക് വന്നിറങ്ങിയ ദിവസങ്ങൾ ഓർമ്മിച്ചു ഞാൻ കടവിലിരിക്കും. എന്റെ ചില കത്തുകള് വായിച്ചാൽ ഒന്നും മനസിലാവില്ലെന്ന് പുരുഷുവേട്ടൻ കളിപറയും. ഒ വി വിജയൻറെ പുസ്തകങ്ങൾ ഏതെങ്കിലും വായിച്ചു കൊണ്ടിരുന്നൊരു ദിവസമായിരിക്കും ആ കത്ത് ഞാൻ എഴുതിയത്. എനിക്കങ്ങനെയൊരു പ്രശ്നമുണ്ട്. വായിക്കുന്ന പുസ്തകത്തിന്റെ ഭാഷ കുറച്ചു നാളെന്നെ പിൻതുടരും.
കടവിലെ എന്റെ ഇരുപ്പൊക്കെ ഒരു മനുഷ്യൻ ശ്രദ്ധിക്കുന്നുവെന്ന് അറിഞ്ഞത് ആ മാസത്തെ പച്ചരിക്കിടയിൽ പൂഴ്ത്തിവച്ചോരു കത്ത് കണ്ടപ്പോഴാണ്.
പ്രിയപെട്ട സരസു,
നീ അനുഭവിക്കുന്ന ഏകാന്തതയുടെ ആഴം എനിക്കറിയാം. ഏറാൻ മൂളികളുടെ കൂട്ടം ചുറ്റുമുള്ളപ്പോഴും ഞാനും അനുഭവിക്കുന്നത് അതെ ഏകാന്തതയാണ്. വിരോധമില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നമുക്ക് പരസ്പരം കൂട്ടായിരുന്നു കൂടെ. എനിക്ക് സരസുവിനെ ഇഷ്ട്ടമാണ്. വീട്ടില് കറന്റുണ്ടെങ്കിലും നീ കത്തിക്കുന്ന ചിമ്മിനി വിളക്കിന്റെ തീയാവാൻ എന്റെ മണ്ണെണ്ണ പ്രയോജനപ്പെടുമെങ്കിൽ പഞ്ചസാര വണ്ടി വരുന്ന അടുത്ത ബുധനാഴ്ച ഒരു സഞ്ചിയുമായി നീ വരണം. നിനക്ക് വേണ്ടി റേഷനിലും അധികമായി ഒരു കിലോ മധുരം ഞാൻ മാറ്റി വെക്കും.
സ്നേഹപൂർവ്വം
ഭഗീരതേട്ടൻ.
ആദ്യം കരുതിയത് സുഗുണൻ കാണിച്ചു കൂട്ടിയ തമാശയാവും എന്നാണ്. കൃഷ്ണവേഷം കെട്ടി കാണി ക്കാണിക്കുന്നതുപോലെയുള്ള അവന്റെ തമാശകൾ ചിലപ്പോൾ അൽപ്പം കൂടിപോകുന്നുണ്ട്.
ചെവിയിൽ പൂടയുള്ള പലിശക്കാരനെ അതുവരെ ഭയത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ. അയാൾക്കിങ്ങനെ അലിവുള്ളൊരു തേങ്ങാപ്പൂള് ഭാഗമുണ്ടെന്ന് ആരറിഞ്ഞു.
എഴുതുമ്പോൾ മാത്രം ഞാൻ കത്തിച്ചു വെക്കുന്നൊരു ചിമ്മിനി വിളക്ക്. അതിന്റെ വെളിച്ചത്തിലെ അക്ഷരങ്ങളെനിക്ക് തരുന്ന സന്തോഷം. വർഷങ്ങൾക്ക് ശേഷം എനിക്ക് കിട്ടിയതാണാ പ്രണയലേഖഖനം. ഞാനത് മണത്തു നോക്കി. റേഷൻ കടയിലെ പലകൂട്ടം അരിയും ഗോതമ്പും വാസനിക്കുമ്പോൾ കിട്ടുന്നൊരു സുഖത്തിന്റെ വകഭേദം. എന്റെ ഉള്ളിലെവിടെയോ നനവ് പടർന്നു. പുല്ലിലേക്ക് നിലം പറ്റി വളർന്നൊരു പയറു ചെടി. ഒരു മുളങ്കാല് കണ്ടപ്പോൾ ചുറ്റിക്കയറിപ്പോയി. ആർത്തു വളർന്നു.
ബുധനാഴ്ച്ച കിട്ടിയ പഞ്ചസാരക്കൊപ്പം ഒരു പാക്കറ്റ് ഗോതമ്പു പൊടിയും കൂടി കണ്ടപ്പോൾ മാത്രമാണ് അത് അയാളാണെന്ന് ഞാൻ ഉറപ്പിച്ചത്.
"എന്താണീ പറയുന്നതെന്ന് ബോധ്യമുണ്ടോ ?"
ഒരു ബോധ്യക്കുറവുമില്ല.
മുള്ളാണിപാപ്പൻ ഒന്നടങ്ങിയപ്പോഴേക്കും മാധവൻ ചേക്കിലെ ആസ്ഥാനകള്ളനായി മാറിക്കഴിഞ്ഞിരുന്നു. കട്ടെടുക്കുന്നതൊന്നും കടവിനപ്പുറം പോയിട്ടില്ലെന്ന് ന്യായം പറഞാലും അവനെകൊണ്ടുള്ള ശല്യം തീർന്നത് രുഗ്മിണിയുമായി കല്യാണം കഴിഞ്ഞതിൽ പിന്നെയാണ്.
മാധവന്റെ രാത്രി സഞ്ചാരം കാരണം മുടങ്ങിപ്പോയ ഞങ്ങളുടെ മനോഹര രാത്രികൾ. മാർക്കറ്റിനരികിൽ ചോല ബട്ടൂര വിൽക്കുന്ന ചെറുക്കന്റെ ഉന്തുവണ്ടിയിൽ മണ്ണെണ്ണ വിളക്ക് തെളിയുമ്പോഴൊക്കെ ഞാൻ ഭഗീരധേട്ടനെ ഓർമ്മിക്കും. എല്ലാവർക്കും കഥയിലെ വില്ലനായിരുന്നൊരുവൻ എന്റെ പ്രണയകഥയിലെ രാജാവായിരുന്നല്ലോ. എന്റെ കഥാനായകനെ പറ്റി നിങ്ങൾക്കെന്തറിയാം. നിങ്ങളവസാനിച്ചു എന്ന് കരുതുന്നിടത്ത് ലോകമറിയാത്തൊരു പ്രണയം കാലങ്ങൾക്ക് ശേഷം പുനർജ്ജനിക്കാൻ തന്റെ ശിശിരനിദ്ര തുടരുന്നു. മാധവിക്കുട്ടിയെ വായിച്ചത് കൊണ്ടാവും എന്റെ എഴുത്തിലൊക്കെ ഇന്ന് പ്രണയം ചുവയ്ക്കുന്നു. എൻ്റെ ഭഗീരധേട്ട....♥️DNY