

രതീഷ് ബാലു
മലപ്പുറം ജില്ലയിലെ വണ്ടൂരാണ് സ്വദേശം. കഴിഞ്ഞ പതിനാറ് വർഷമായി എറണാകുളം ജില്ലയിലെ എടപ്പള്ളിയിൽ താമസിക്കുന്നു. വീട്ടുകാരും, കൂട്ടുകാരും വിളിയ്ക്കുന്ന പേര് ബാലു. ആ വിളിപ്പേര് എനിക്ക് ഇഷ്ടമായതിനാൽ രതീഷ് എന്ന പേരിനൊപ്പം ബാലുവെന്നുകൂടി കൂട്ടിച്ചേർത്തു "രതീഷ് ബാലു" എന്നാക്കി.
വായനയും എഴുത്തും ഏറെ ഇഷ്ടം.
തൊഴിൽ : ബിസിനസ്
ഭാര്യ സീമ , മക്കൾ അർജുൻ, കൃഷ്ണ

ക്രൂരൻ
********
അയാൾ പതൂക്കെ പതുക്കെ , മന്ദം മന്ദം നടന്നു വന്നൂ.
രാത്രിയിലെ ഉറക്കകുറവ് കൊണ്ടായിരിയ്ക്കാം അയാളുടെ കാലൂകൾ ശരിയ്ക്കും നിലത്ത് ഉറയ്ക്കാത്ത പോലെ തോന്നിച്ചു.
അയാൾ ,ആ ക്രൂരൻ അതിനെ ഇന്നലെ രാത്രിയിലും ഉപദ്രവിച്ചിരുന്നു...
അത് കൊണ്ട് തന്നെ ക്ഷീണിച്ച് അവശതയോടെ ആയിരുന്നു ആ പാവത്തിൻറ്റെ കിടപ്പ്.
എന്നിട്ടും ആ ക്രൂരൻ അതിനെ വിടാനുള്ള ഭാവമുണ്ടായിരുന്നില്ല.
ആ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അയാൾ അതിനെ കുറേ ദിവസം മുൻപ് മഴയും കാറ്റുമുള്ള ഒരു രാത്രിയിൽ ആരും കാണാതെ തൻറ്റെ വണ്ടിയ്ക്കകത്തിട്ട് കൊണ്ടു വരികയായിരുന്നു..
അയാൾ തൻറ്റെ കാട്ടാള കണ്ണുകൾ കൊണ്ട് ആ പാവത്തിനെ അടി മുതൽ മുടി വരെ ഒരു തരം ആർത്തിയോടെ ഉഴിഞ്ഞ് നോക്കി..
കണ്ണിന് കാഴ്ചയോ മിണ്ടാനുള്ള കഴിവോ ഇല്ലാത്ത അതിനെ തൻറ്റെ ശക്തമായ കരം കൊണ്ട് പൊക്കിയെടുത്തു..
അയാളെ എതിർക്കാനുള്ള ശക്തി ആ പനിനീർ പോലുള്ള ശരീരത്തിന് ഇല്ലായിരുന്നു..
അയാൾ പതുക്കെ അതിൻറ്റെ അടി മുതൽ തല വരെ ആർത്തിയോടെ ഉഴിയാൻ ആരംഭിച്ചു.
അതിന് വഴങ്ങുക അല്ലാതെ വേറെ നിവൃത്തി ഒന്നുമില്ലാതെ അത് അയാളുടെ കൈകളിൽ കിടന്ന് ഉലഞ്ഞു കൊണ്ടിരുന്നു...
അതിനെ രക്ഷിയ്ക്കാൻ ആരുമുണ്ടായിരുന്നില്ല.
അയാളുടെ ശക്തി കൂടി കൂടി വന്നു.
ഒരു ദയയുമില്ലാതെ അയാൾ തൻറ്റെ മുഴുവൻ ശക്തിയുമുപയോഗിച്ച് അതിൻറ്റെ ശരീരം അമർത്തി തിരുമ്മുന്നുണ്ടായിരുന്നു...
അവസാനം അയാളുടെ ചുണ്ടും പല്ലുകളും അതിൻറ്റെ കഴുത്തിൽ അമർത്തിക്കടിച്ച് അയാൾ നിർവൃതി കൊണ്ടു.
എന്നിട്ടും മതിയാകാത്ത ദുഷ്ടൻ , ആ സൈക്കോ, മൂർച്ചയുള്ള കത്തിയെടുത്ത് നിരാലംബയായ അതിൻറ്റെ കഴുത്തിൽ ആഞ്ഞു വരച്ചു...
അയാളുടെ കണ്ണുകൾ ചുകന്ന് തുടുത്തിരുന്നു.
എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അയാൾ അതിനെ കൂടുതൽ കരുത്തോടെ വീണ്ടും വീണ്ടും ഞെക്കിക്കൊണ്ടിരുന്നു...
അയാളുടെ ദേഷ്യവും ആവേശവും കൂടി കൂടി വന്നൂ..
ഒടുവിൽ അയാൾ അതിനെ ആ പാവം കോൾഗേറ്റിനെ ഒരു മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു...
ഒരു ടൂത്ത് പേസ്റ്റ് വാങ്ങിയാൽ നാല് മാസം പോലും നിൽക്കുന്നില്ല എന്ന് ദേഷ്യപ്പെട്ട അയാൾ പല്ല് തേപ്പ് കണ്ട് പിടിച്ചവരെയൊക്കെ ശപിച്ച് കൊണ്ട് മുറ്റത്തെ മാവിൻറ്റെ അടുത്തേയ്ക്ക് നടന്ന് അതിൻറ്റെ തളിരില പറിയ്ക്കാൻ തുടങ്ങി...
അപ്പോളും അയാൾ ഒരു മലയാളിയെ പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു....
............................
..രതീഷ് ബാലു..