

മിനി ആൻ്റണി
മിനി ആൻ്റണി
അത്തോളി തങ്കമ്മ ദമ്പതികളുടെ മകളായി 1976 ഓഗസ്റ്റ് 17 ന് തൃശ്ശൂർ ജില്ലയിലെ ആലേങ്കാട് എന്ന സ്ഥലത് ജനിച്ചു. ശ്രീ ശങ്കര യു .പി സ്‌കൂൾ ആലേങ്കാട്, സെൻറ് മേരീസ് CGHS ഒല്ലൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദം.
പത്തോളം കഥകൾ മലയാള വാരികകളിൽ പ്രസിദ്ധീകരിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കഥകളുടെ ഇംഗ്ളീഷ് തർജ്ജമ ഓഥേഴ്സ് പ്രസ് തുടങ്ങിയ പ്രസിദ്ധീകരണ ശാലകളുടെ ആന്തോളജികളിലും ലിറ്റററി വൈബ്സ് എന്ന ഓൺലൈൻ മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ടു.
പ്രസിദ്ധീകരിച്ച പുസ്തകം - മാറ്റി വരയ്ക്കേണ്ട ഭൂപടങ്ങൾ

പാരമ്പര്യം.
ഒരു പഴേ കഥയാ... പഴേതെന്ന് പറഞ്ഞാ എൻ്റെ മുത്തപ്പാപ്പൻ്റെ കാലത്തെ... എനിക്ക് അഞ്ചാറ് വയസൊള്ളപ്പഴാ മുത്തപ്പാപ്പൻ മരിച്ചെ... അപ്പോ ഒരു എൺപത് കൊല്ലത്തെ പഴക്കം ഉണ്ടാവും. ആ മുത്തപ്പാപ്പൻ്റെ കഥ തന്നെയാണ്...
ഒരിക്കെ ഇടിഞ്ഞ് പൊളിഞ്ഞ് കെടക്കണ പഴേ തറവാട്ടില് ഒരു മിന്നൽ പരിശോധന നടത്തീപ്പഴാ തുരുമ്പെടുത്തു കെടന്ന ഒരിരുമ്പുപെട്ടീന്ന് അത് കിട്ടീത്.
കൊറേ പുസ്തകങ്ങള്... ഞാനൊക്കെ ഈയടുത്ത കാലത്താ അത്തരം പുസ്തകം കാണണത്. അയൽകൂട്ടത്തില് മിനിറ്റ്സെഴുതുന്നത് അങ്ങനെത്തെ ഒരു ബുക്കിലാ...കട്ടിയൊള്ള വീതി കൊറഞ്ഞ നീളൻ പുസ്തകം. ലൈറ്റ് മഞ്ഞ നിറത്തിലൊള്ള ഏടുകളായിട്ട്.
എനിക്ക് അൽഭുതായി. അത്രേം കാലം മുമ്പ് ഇണ്ടാരുന്നോ ഇങ്ങനത്തെ ബുക്കൊക്കെ എന്നാലോചിച്ചിട്ട്.
പൊടി തട്ടി പുസ്തകം മറിച്ച് നോക്കിയപ്പോഴോ അതിനേക്കാൾ അൽഭുതായി.
ബുക്ക് നെറച്ചും കുരുകുരാന്ന് എഴുതി നെറച്ചേക്കല്ലേ... കഥേം... കവിതേം... ഒക്കെ .
ഞാനാലോചിച്ചു. എന്റമ്മ പഠിച്ചത് നാലാം ക്ലാസ്. അമ്മടെ അമ്മ ..എൻ്റെ അമ്മാമ ... പഠിച്ചത് രണ്ടാം ക്ലാസ്.
ഈ അമ്മാമേടെ അപ്പനാണ് ഈ മുത്തപ്പാപ്പൻ. ആളാണ് ഈ എഴുതി വെച്ചേക്കണത്. മഷിപ്പേനോണ്ട്... ഒരു പാട് പഠിച്ച ആളേപ്പോലെ....
എന്റമ്മക്കും അമ്മാമക്കും ഒക്കെ അത്ര വിവരം ഒള്ളതായി എനിക്ക് തോന്നീട്ടില്ല.
എൻ്റെ ചെറിയ ഓർമ്മേല് ഞാനീ മുത്തപ്പാപ്പനെ കണ്ടത് ആള് വയ്യാണ്ട് കെടക്കുമ്പോഴാ... മരിക്കാൻ കെടക്കണ സമയത്ത് ഒരു കാര്യോം ഇല്ലെങ്കിലും കാണാൻ പോണ ഒരാചാരം ഇന്നും ഇണ്ടല്ലോ നമ്മടെടേല്.
അതുപോലൊരു സന്ദർശനം. കൊറേ നടക്കാനൊക്കെണ്ട്. എന്നാലും പുതിയ കാഴ്ചകളായോണ്ട് ഞാൻ രസിച്ചങ്ങനെ നടന്നു. കൊറേ പാടോം പറമ്പും ഒക്കെ കഴിഞ്ഞ് വീതയൊള്ള ഒരു വഴില്ക്ക് കടന്നപ്പോ അമ്മ പറഞ്ഞു.
ഇവടന്നങ്ങ്ട് കാണണതൊക്കെ മുത്തപ്പാപ്പൻ്റെ പറമ്പാന്ന്. വഴീടെ രണ്ട് വശത്തും സ്വർണ്ണം പോലത്തെ ഇല്ലിമുള്ളോണ്ടുള്ള വേലി. പറമ്പില് നെറയെ കശുമാവ്... കശുമാവ് പൂത്ത് തൊടങ്ങണ കാലായിരുന്നു അത്. ഇടക്കിടെ മുളംങ്കൂട്ടങ്ങളും.... മഞ്ഞ നെറൊള്ള മുളങ്കൂട്ടം ഞാനാദ്യായി കാണണത് അവിടെയാണ്.
പിന്നേം കൊറേ നേരം നടന്നിട്ടാണ് മുത്തപ്പാപ്പൻ്റെ വീട്ടിലെത്തണത്. അഞ്ചാറ് തൂണുകളൊള്ള നീളൻ വരാന്തയുള്ള ഓടിട്ട ഒരിരുനില വീട്. നിലം ഒക്കെ ചാണം മെഴുകീതാണ്. എറയത്തൂന്ന് കടക്കണ വലിയ അകത്ത് ഒരു കട്ടിലിൽ കിടക്കണത് മുത്തപ്പാപ്പനാന്ന് മനസിലായി.
ഈ അമ്മ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇവടെ വരെ വന്നേന്ന് എനിക്ക് മനസിലായില്ല. മുത്തപ്പാപ്പനെ നോക്കി മിണ്ടാതെ നിക്കാണെ. പിന്നെ ചമ്മല് മാറ്റാനായിരിക്കും എന്നെ ഉന്തിത്തള്ളി മുന്നിലേക്ക് നിർത്തി.
മുത്തപ്പാപ്പൻ്റെ താടീലൊള്ള കറുത്ത വലിയ അരിമ്പാറേലാണ് എൻ്റെ നോട്ടം ചെന്ന് വീണത്. ഇപ്പഴും ആളെടെ മൊഖം എനിക്ക് ഓർക്കാൻ പറ്റണില്ലെങ്കിലും ആ അരിമ്പാറ നല്ല ഓർമ്മേണ്ട്.
മുത്തപ്പാപ്പൻ എൻ്റെ കയ്യ് പിടിച്ച് കുലുക്കി. തൊട്ടടുത്ത് ഒരു ചെറിയ വസ്തി പാത്രത്തില് കഷായം ഇളക്കി കൊണ്ടിരുന്ന വെളുത്ത സ്ത്രീ എന്നെ നോക്കി ചിരിച്ചു.
എൻ്റെമ്മേടെക്കാൾ സുന്ദരി. പ്രായോം അത്രന്നെ ണ്ടാവുള്ളൂ.
ഞാനമ്മേടെ മൊഖത്തക്ക് നോക്കീപ്പോ കടന്നല് കുത്തിയ പോലെ വീർത്തിരിക്കുണു.
അമ്മ അകത്ത് നിന്ന് ചെറിയ കട്ടിളയുള്ള വാതിലിലൂടെ തലകുനിച്ച് അടുക്കളയിലേക്കുള്ള ഇടനാഴിയിലേക്ക് കടന്ന് എന്തോ തനിയെ കുശുകുശുത്തു.
പിന്നാലെ ചെന്ന എൻ്റെ കയ്യും പിടിച്ച് അടുക്കള പൊറത്തൂടെ ആരോടൊക്കേയോ സംസാരിച്ച് തിരിച്ച് പോന്നു.
ഞാനപ്പോ ആനേക്കാളും വലിപ്പം ഉള്ള ഒരു പത്തായം നോക്കി നിക്കായിരുന്നു. ഇന്നിപ്പോ എപ്പ തീവണ്ടി കണ്ടാലും എനിക്കാ പത്തായം ഓർമ്മ വരും.
അന്ന് എനിക്കൊന്നും മനസിലായില്ലെങ്കിലും പിന്നീട് അവടന്നും
ഇവടന്നും ഒക്കെ കഥ കൊറേ പിടികിട്ടി. അപ്പഴേക്കും ഞാൻ കൊറച്ചൂടെ വളർന്നിരുന്നു.
മുത്തപ്പാപ്പൻ ആ കശുമാങ്ങക്കാലം കഴിയുംമുമ്പെ മരിച്ച് പോയി.
അന്ന് ഞാൻ മുത്തപ്പാപ്പൻ്റെടുത്ത് കണ്ട സുന്ദരി ആള്ടെ രണ്ടാം ഭാര്യ
ആയിരുന്നുന്നാ എല്ലാരും പറയണെ.
മുത്തപ്പാപ്പൻ്റെ ഭാര്യ മുത്തമ്മാമ്മ... എനിക്ക് അവരെ കണ്ട ചെറിയ
ഓർമ്മേള്ളൂ. ഒരു വെള്ളമുണ്ടും വെളുത്ത റൗക്കയും കെട്ടീട്ട്. റൗക്കാന്ന് പറഞ്ഞാല് കയ്യില്ലാത്ത ഒരു കുപ്പായം. മുൻ വശത്ത് അടിഭാഗത്ത് രണ്ട് തുമ്പും കൂട്ടി കെട്ടിവെക്കും. എന്റെ അമ്മാമ്മ ചട്ടേം മുണ്ടും ആണ് ഉടുക്കാറ്.
മുത്തമ്മാമ കോറേ കാലായി മുത്തപ്പാപ്പനോട് വഴക്കിട്ട് ഇവടെയാത്രെ താമസിച്ചിരുന്നെ.
മുത്തപ്പാപ്പന് നൂറ് പറക്ക് നെലോം അമ്പതേക്കറോളം പറമ്പും ഉണ്ടായിരുന്നു. എന്റെ അമ്മാമ്മയടക്കം ആറ് പെങ്കുട്ട്യോളാണ് അവർക്കുണ്ടായിരുന്നത്.
മുത്തപ്പാപ്പന് ഇക്കാണണ സ്വത്തൊക്കെ ഭാഗം വെച്ച് പോവാണ്ടിരിക്കാൻ ഒരു ആൺകുട്ടി ഉണ്ടാവാത്തതിൽ സങ്കടം ഉണ്ടായിരുന്നത്രെ.
അതിനാണ് ആള് വയസാം കാലത്ത് ഒരു സുന്ദരിപ്പെണ്ണിനെ കൂടെ പൊറുപ്പിച്ചത് എന്നാണ് കഥ.
ആ പെണ്ണ് ചാരായം കൊടുത്ത് സ്വത്ത് കൈക്കലാക്കാൻ വേണ്ടി മുത്തപ്പാപ്പനെ വളച്ചെടുത്തതാണെന്നാണ് അമ്മ അടക്കം ഉള്ളോര് പറയണത്.
പിന്നെ ചെലോര് പറയണു .... ആ പെണ്ണ് മുത്തപ്പാപ്പന് ആരിലോ ഉണ്ടായ മോളാണെന്ന്.
ആരെന്ത് പറഞ്ഞാലും മുത്തപ്പാപ്പനാള് പൊളിയാണെന്നാ അന്നും ഇന്നും എനിക്ക് തോന്നീട്ടൊള്ളത്.
അല്ലെങ്കി അന്നത്തെ കാലത്ത് കെട്ടിച്ച് കൊടുത്ത മക്കളേം മരുമക്കളേം നിർത്തേണ്ടോടത്ത് നിർത്തി , കൂടെ ഒരു പെണ്ണൊരുത്തിയെ താമസിപ്പിച്ചത് .... അത് ഭാര്യ ആയിട്ടാണേലും മകൾ ആയിട്ടാണേലും വല്ലാത്തൊരു ചങ്കൂറ്റല്ലേ....
"ഞാനിങ്ങനെയാണ് വേണ്ടോര് സഹിച്ചാ മതി "എന്ന് പറയാനുള്ള തന്റേടം കാണിച്ചല്ലോ.
ഞാനാ മുത്തപ്പാപ്പൻ്റെ കൊച്ചുമോള് തന്നെ!
ഈ ബുക്കോള് കൂടി കണ്ടപ്പോ എനിക്കത് തീർച്ചയായി.
ആള് എഴുതിയ മലയാളം വായിക്കാൻ ഞാനിനീം പഠിക്കാൻ പോണ്ട വരും. അങ്ങനത്തെ ലിപിയാ. പിന്നെ അഞ്ചാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരെ സംസ്കൃതം പഠിച്ചോണ്ട് ഇപ്പൊ ഒരു ഉപകാരം ഉണ്ടായി.. ആളെഴുതി വച്ച
ചില ശ്ലോകങ്ങളൊക്കെ അർത്ഥം മനസിലായില്ലെങ്കിലും വായിക്കാൻ പറ്റി.
ഇതൊക്കെ അച്ചാച്ചനെ (അമ്മടെ ആങ്ങള ) കൊണ്ട് കാണിച്ചപ്പോ ആള് പറയാ...
പണ്ട് മുത്തപ്പാപ്പൻ്റെ വീട്ടില് ഏതോ കവികളൊക്കെ താമസിക്കാറ്ണ്ടെന്ന്...പിന്നെ കമ്മ്യൂണിസ്റ്റ്കാരും ഒളിച്ച് താമസിക്കാറ്ണ്ടത്രേ....
ചെലപ്പോ പുളുവായിരിക്കും. എന്നാലും എനിക്കപ്പോ ഒരു നഷ്ടബോധം ഒക്കെ തോന്നി.
ഇവര് നല്ലോണം ആയിരുന്നെങ്കി മാധവിക്കുട്ടി നാലപ്പാട്ടെ പാരമ്പര്യം പറയണ മാതിരി അത്രക്കങ്ങട്ട് ഇല്ലെങ്കിലും എനിക്കും പറയാരുന്നു ഏതാണ്ടൊക്കെ....
കശുമാവ് പൂത്ത കാലം ... എന്നൊക്കെ ഒരു കഥയും എഴുതായിരുന്നു. എല്ലാം നശിപ്പിച്ച്.....
മുത്തപ്പാപ്പൻ്റെ ബാക്കി കഥ കേക്കണ്ടെ.
പാവം... മരിക്കണേന് മുന്ന് നെലോം പറമ്പും ഒക്കെ മുത്തപ്പാപ്പൻ ആറ് പെങ്കുട്ട്യോൾക്ക് വീതിച്ച് വച്ചിരുന്നു. ആള് താമസിച്ച പറമ്പ് മാത്രം ആ വെളുത്ത സുന്ദരിക്കും.
ഞാൻ അന്നവടെ കണ്ട പത്തായം അത് ദാ അവടെ കെടക്കണു. എൻ്റെ അമ്മാമ്മക്കാ അത് കിട്ടിയത്. അതില് നെറക്കാൻ മാത്രം നെല്ല്
എവടന്ന്ണ്ടാവാനാ....എല്ലാം ഭാഗം വച്ചില്ലേ.
ഇനി ഒരിക്കലും വയറ് നിറയില്ലെന്നറിഞ്ഞിട്ടും ഒരു നല്ല കാലത്തിന്റെ ഓർമ്മയായി ആ പത്തായം ഇത്രേം കാലം അവടെ കെടന്നു. ഇനിപ്പോ അത് തല്ലിപ്പൊളിച്ച് കളയാൻ ഒരു പ്ലാനുണ്ട്.
അച്ചാച്ചൻ സമ്മതിക്കാഞ്ഞിട്ടാ. ആളിപ്പോഴും ഇരുപതാം നൂറ്റാണ്ട് വിട്ട് പോരാൻ മനസില്ലാണ്ട് ഒറ്റപ്പെട്ട് കഴിയാണേ...
ഇക്കണ്ട സ്വത്തൊക്കെ ഭാഗം വെച്ച് കിട്ടീട്ടും മുത്തപ്പാപ്പൻ്റെ ആറ് മക്കളും ഒരു കരക്കെത്തിയില്ല.
ചെലോര് എല്ലാം വിറ്റ് കഞ്ഞി കുടിച്ചു. ചെലോര് കിട്ടിയ ഭൂമി കെട്ടിപ്പിടിച്ച് അരിഷ്ടിച്ച് ജീവിച്ചു.
അപ്പഴുംണ്ടായി ഒരു കണ്ടുപിടുത്തം.
മരിച്ച് വർഷങ്ങള് കഴിഞ്ഞിട്ടും മുത്തപ്പാപ്പന് തന്നെ പഴി .
"ആള് അക്കണ്ട സ്വത്തൊക്കെ ഉണ്ടാക്കീത് ചാത്തനെ സേവിച്ചിട്ടാണെന്ന് "
കിട്ടിയ പുസ്തകത്തിൻ്റെ ഓരോ പേജ് മറക്കുംതോറും ഞാൻ ഒരുപാടാനന്ദിച്ചു.
സങ്കടപ്പെട്ടു... ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും മനുഷ്യൻമാരുടെ സങ്കടോം സന്തോഷം ഒക്കെ ഒന്നെന്നെ. അത്രക്ക് ആഴത്തിലെഴുതിട്ടുണ്ട് അനുഭവങ്ങള്... ആരെയും കാണിക്കാണ്ട്.... ഇതെഴുതി വച്ചത് എനിക്ക് വേണ്ടി ആയിരിക്കും. പുസ്തകം നെഞ്ചോട് ഞാൻ ചേർത്ത് അഭിമാനിച്ചു.
നമ്മളൊക്കെ വല്ലതും എഴുതണത് എവിടേലും ആരേലും ഒക്കെ കാണണം എന്ന് കരുതിയാണല്ലോ...
എന്നിലെ പുരോഗമനവാദിയും യുക്തിവാദിയും കാൽകീഴിലെ മൺതരിയോളം ചെറുതായി. ഒരു കറുത്ത അരിമ്പാറ കൺമുന്നിലൂടെ മിന്നിമറഞ്ഞപ്പോൾ ഞാനറിയാതെ കൈകൾകൊണ്ട് താടിയിൽ തടവി..... അതവിടെത്തന്നെ ഉണ്ടോന്ന്.