

ജ്യോതി രാജേഷ്
സ്വപ്‌നങ്ങൾ വിളിപ്പാടകലെ

സൂര്യൻ്റെ കിരണങ്ങൾ ജനൽപ്പാളികൾക്കിടയിലൂടെ മുറിയിലേക്ക് തുളച്ചുകയറി വീട് പ്രകാശം കൊണ്ട് നിറഞ്ഞു. പ്രഭാതങ്ങൾ എന്നും അമൃതയ്ക്ക് അത്രയേറെ വിലപ്പെട്ടതാണ്. അലാറാം മുഴങ്ങിയാലും കുറെ നേരം കൂടി അവൾ കട്ടിലിൽ തന്നെ കിടക്കും. അന്ന് ചെയ്‌തു തീർക്കേണ്ടിയ കാര്യങ്ങളുടെ ചെറിയൊരു ലിസ്റ്റ് അവൾ മനസ്സിൽ നെയ്തുകൂട്ടി വയ്ക്കും. പ്രാരാബ്ധങ്ങളുടെ നടുക്ക് ജീവിതം തള്ളി നീക്കുന്ന സാധാരണ വീട്ടമ്മയെന്ന സ്ഥാനത്തു നിന്ന് ഒരു മാറ്റം തനിക്ക് അനിവാര്യമാണ്.
പക്ഷേ എങ്ങനെ ?. ചിന്തിക്കും തോറും അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
പ്രതിദിനം ഏറി വരുന്ന ചിലവുകൾ, വളർന്നു വരുന്ന പെൺമക്കൾ. ഭർത്താവ് മോഹനൻ പണിക്ക് പോയി കിട്ടുന്ന തുച്ഛമായ തുകയ്ക്ക് അത്രയേറെ പ്രാധാന്യമുണ്ട്.
അലറാം വീണ്ടും മുഴങ്ങിയപ്പോൾ അവൾ കട്ടിലിൽ നിന്നും എഴുനേറ്റു. അലക്ഷ്യമായി കിടന്ന വസ്ത്രം നേരെയാക്കി. ഓടിട്ട ചെറിയ വീടിൻ്റെ ഉമ്മറത്ത് പതിവായി വന്നിരിക്കാറുള്ള രണ്ടു കറുമ്പൻ കാക്കകൾ , അവളെ കാണുവാൻ വൈകിയതിനാൽ ഉച്ചത്തിൽ ശബ്‍ദം പുറപ്പെടുവിച്ചു.
എടീ ചാരുവേ , എഴുന്നേറ്റില്ല?.
അമ്മയുടെ വിളി കേട്ടതും ചാരു കിടക്കപായിൽ നിന്നും പിറുപിറുത്തുകൊണ്ട് എഴുനേറ്റു. അവൾ എഴുനേറ്റില്ലെങ്കിലും അമ്മയ്ക്ക് ഒരു പ്രശ്നവുമില്ല അല്ലേ? . ചാരുവിൻ്റെ ആ ചോദ്യത്തിന് വല്ലാത്തൊരു മുഴക്കമുണ്ട്.
അവളുടെ ഇളയ അനിയത്തി ചിത്രയെ ഉണർത്താത്തതിലുള്ള പരിഭവം ആ ചോദ്യത്തിന് ആക്കം കൂട്ടി.
അവൾ ചെറുതല്ലേ? . നീ പത്താം തരം ഈ പ്രാവശ്യം നല്ല മാർക്കോടെ പാസ്സായില്ലെങ്കിൽ പിന്നെ എന്ത് സംഭവിക്കുമെന്ന് ഞാൻ പ്രത്യേകം പറയണമോ? അമൃത മകളോട് അരിശപ്പെട്ടു.
ഈ അമ്മയുടെ ഒരു കാര്യം. കേട്ടുമടുത്ത വാക്കുകൾ ഉള്ളിൽ തറഞ്ഞപ്പോൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചാരു കുളുമുറിയിലേക്ക് കയറി.
വെള്ളം കുറച്ചേ ചിലവാക്കാവൂ. അങ്ങ് താഴെ നങ്ങേമിയുടെ വീട്ടിൽ നിന്നും വെള്ളം കോരിക്കൊണ്ടു വരുവാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് കേട്ടോ. മകളെ ശുണ്ഠി പിടിപ്പിക്കുവാനാണ് അമൃത അങ്ങനെ പറഞ്ഞത്.
ഓ ശരി,
പുട്ടും, കടലയും കഴിച്ചിട്ടാണ് മോഹനൻ പണിക്ക് പോകുവാൻ ഇറങ്ങിയത്. അമൃത കയ്യിൽ കൊടുത്ത ലിസ്റ്റ് വായിച്ചു നോക്കിയിട്ട് മോഹനൻ നെടുവീർപ്പിട്ടു.
ഇന്നത്തെ പണിക്കൂലിയ്ക്കും ഒരു തീരുമാനം ആയി.
പെണ്ണ് കെട്ടുമ്പോൾ നിങ്ങൾ ആലോചിച്ചിരുന്നില്ല ഇങ്ങനെയൊക്കെ ചിലവുകൾ വരുമെന്ന്.
അതെങ്ങനെയാ. മനസ്സിലപ്പോൾ അങ്ങനെയുള്ള ചിന്തകൾ ഒന്നും ഇല്ലായിരുന്നല്ലോ?.. എന്നെ കൊണ്ടൊന്നും പറയിക്കാതെ പണിക്ക് പോകാൻ നോക്കിക്കേ.
മക്കളെ രണ്ടു പേരെയും സ്‌കൂളിൽ വിട്ടു കഴിഞ്ഞപ്പോൾ അമൃതയ്ക്ക് ആശ്വാസം തോന്നി. ഇനി ഏകാന്തതയുടെ നിമിഷങ്ങൾ.
അയൽപക്കത്തെ താമസക്കാരി സിലിലി തൊഴിലുറപ്പിന് പോകുവാൻ ഇറങ്ങുന്നത് കണ്ടുകൊണ്ടാണ് അമൃത വീടിനുള്ളിലേക്ക് തിരിച്ചു കയറിയത്. ഒരു നിമിഷം , കയ്യിലിരുന്ന കടലാസ്സ് കഷണത്തിലേക്ക് അവളുടെ ശ്രദ്ധപാളി. അതിൽ എഴുതിയിരിക്കുന്നത് അവൾ ശ്രദ്ധയോടെ വായിച്ചു.
" അലസ്സമായ മനസ്സ് ചെകുത്താൻ്റെ പണിപ്പുരയാണ്."
കുട്ടികളെ സ്കൂളിൽ വിട്ടയച്ച ശേഷം വീട്ടിൽ ഒറ്റയ്ക്ക്, ദിവസം മുഴുവൻ തൻ്റെ ഇഷ്ടത്തിനു സമയം ചിലവഴിക്കാം. എന്നാൽ എന്തിനു വേണ്ടി? അല്പം എന്തെങ്കിലുമൊക്കെ സമ്പാദിക്കണം, സ്വന്തമായി സമ്പാദിച്ചാൽ , ചിലവഴിക്കാൻ. ആരോടും കണക്ക്ബോധിപ്പിക്കേണ്ടിയ കാര്യമില്ലല്ലോ.
ആദ്യം ട്യൂഷൻ എടുക്കാം എന്ന് തോന്നി. പക്ഷെ കുട്ടികളെ പഠിപ്പിക്കാൻ ക്ഷമയില്ല. പിന്നെ ചെറിയൊരു ബ്യൂട്ടി പാർലർ തുടങ്ങാം എന്ന് വിചാരിച്ചു. പക്ഷെ ഇൻവെസ്റ്റ്മെന്റ് കൂടുതലാണ്. ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി. പഠിച്ച പണി തന്നെ വരുമാനമാർഗ്ഗം ആക്കുക.
"തുന്നൽ പണി"
വീട്ടിലുള്ള പഴയ സാരികൾ, മുണ്ടുകൾ ഒക്കെ എടുത്ത് അവയിൽ നിന്നും മനോഹരമായ ഡ്രസ്സുകൾ തയ്ച്ചു തുടങ്ങുക. ഡിസൈൻ ചെയ്യുന്നതും തയ്യുന്നതും ഒക്കെ അവൾക്ക് ഇഷ്ടമാണ്. ഫേസ്ബുക്ക് പേജ് തുടങ്ങി.
"അമൃതയുടെ തുന്നൽക്കട "
പുതിയ ഡിസൈനുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആദ്യ സംരഭമായതിനാൽ പ്രതികരണം കുറവായിരുന്നു. വിൽപന വളരെ കുറവായിരുന്നു. പക്ഷെ അമൃത തളരാതെ പരിശ്രമിച്ചു. പുതിയ ഡിസൈനുകൾ ഉണ്ടാക്കി. കൂടുതൽ പേരെ അറിയിച്ചു കൊണ്ട് പുതിയ വസ്ത്രങ്ങൾ തുന്നി.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഓർഡറുകൾ വരാൻ തുടങ്ങി. കുട്ടികൾ സ്കൂളിൽ പോയ ശേഷം തിരക്കായി. മോഹനൻ പുതിയ തുണിത്തരങ്ങൾ വാങ്ങുവാൻ അവളെ സഹായിച്ചു. അവളുടെ നേട്ടങ്ങൾ കണ്ടുകൊണ്ട്
അയൽക്കാർ അഭിനന്ദിച്ചു.
സ്വന്തമായിട്ടൊരു സംരംഭം തുടങ്ങിയതിൽ അമൃതയ്ക്ക് അഭിമാനം തോന്നി. സ്വന്തമായി സമ്പാദിക്കുന്നതിൻ്റെ സന്തോഷം അവൾ ആസ്വദിച്ചു. മോഹനൻ അവളെ പൂർണമായി സപ്പോർട്ട് ചെയ്തു. കുട്ടികളും അമ്മയുടെ പ്രവർത്തികൾ കണ്ട് സന്തോഷിച്ചു.
ജ്യോതി രാജേഷ്
നോട്ട്:
(ഏറ്റവും പ്രധാനമായി അമൃത തിരിച്ചറിഞ്ഞത് സ്വയം വിശ്വാസത്തിൻ്റെ പ്രാധാന്യമാണ്. ആദ്യം പേടിയും സംശയവും ഉണ്ടായിരുന്നു. പക്ഷേ തൻ്റെ കഴിവുകളിൽ വിശ്വസിച്ചു മുന്നോട്ടു പോയപ്പോൾ വിജയം കൈവരിച്ചു. ഈ അനുഭവം അവളെ കൂടുതൽ ആത്മവിശ്വാസിയാക്കി.