

'ചില്ലുടഞ്ഞൊരു കണ്ണടയുണ്ടത്രെ '
ഹുസ്‌ന റാഫി

ഗാന്ധി മറന്നുവച്ചത്
ഹുസ്‌ന റാഫി
'ചില്ലുടഞ്ഞൊരു കണ്ണടയുണ്ടത്രെ '
എവിടെയാണത് ആദ്യം കണ്ടത്?
ഭാരതം കുരുക്ഷേത്രമാകുമ്പോഴൊക്കെ
ഒളിഞ്ഞും തെളിഞ്ഞും
പലരുമാ കണ്ണട കണ്ടിട്ടുണ്ട്
"'ഒറ്റക്കാലുള്ള ചില്ലുടഞ്ഞ കണ്ണട "
'ശക്തിസ്ഥലിൽ ' ഇന്ദിര ഉറങ്ങിയ അന്ന്
ചില്ലിൽ രക്തക്കറയുള്ളൊരു കണ്ണട
ആർക്കോ വീണുകിട്ടിയത്രെ
വർഷങ്ങൾക്കിപ്പുറം 'വീർഭൂമിയിലും'
രക്തം കിനിയുന്ന ഒറ്റക്കാലൻ കണ്ണട
ഭാരതമധ്യത്തിലന്ന്
'യൂണിയൻകാർബൈഡ് '
വിഷം തുപ്പിയപ്പോൾ
ചില്ലുടഞ്ഞൊരു കണ്ണട
ശ്വാസം കിട്ടാതെ പിടഞ്ഞിരുന്നു
ഒടിഞ്ഞുവീണ ബാബരി മസ്ജിദിൻറെ
മിനാരങ്ങൾക്കിടയിൽ
ഒറ്റച്ചില്ലുള്ളൊരു കണ്ണട
ഉണ്ടായിരുന്നത്രെ
കാർഗിൽ യുദ്ധത്തിൽ
ഭാരതത്തിൻറെ ധീരജവന്മാർക്കൊപ്പം
ഈ കണ്ണടയും കാവൽ നിന്നിരുന്നു
ഗുജറാത്ത് കത്തിയ കാലത്ത്
പാതിവെന്ത മനുഷ്യമാംസങ്ങൾക്കിടയിൽ
അങ്ങനൊരു കണ്ണട കണ്ടത് പോലീസുകാരാണ്
'നിർഭയ' മരിക്കാതെ മരിച്ച
രക്തമുറഞ്ഞ രാത്രിയിൽ
കഴുകന്മാർ കൊത്തിവലിച്ചതിൽ
ബാക്കിവന്ന മിടിപ്പിന്
പുലരുംവരെ കൂട്ടിരുന്നതും
ചില്ലുടഞ്ഞൊരാ കണ്ണടയാവണം
കർഷകക്കനവുകൾ
വിളവെത്തുംമുമ്പേ
കൊയ്തെടുത്തവരോട്
സമരം ചെയ്യാൻ
മുൻപന്തിയിൽ
ചില്ലിൽ മണ്ണ് പറ്റിപ്പിടിച്ചൊരു
കണ്ണടയുണ്ടായിരുന്നു
ദളിതരുടെ കുടിലിൽ
ജാതികോമരങ്ങൾ
ഭ്രഷ്‌ട് കല്പിച്ചവർക്കിടയിൽ
അധികാരവർഗം
മനപ്പൂർവം മറന്ന ചേരികളിൽ
ചില്ലുടഞ്ഞൊരു കണ്ണട
പലരും കണ്ടിട്ടുണ്ട്
പൗരാവകാശബില്ല്
കോടതിയിറങ്ങുമ്പോൾ
കറുത്ത കോട്ടിട്ട
ആരുടെയൊക്കെയോ
ചെരുപ്പിനടിയിൽ
ഉടഞ്ഞ കണ്ണടയുടെ
ചീളുകൾ തറഞ്ഞിരുന്നു
'ചില്ലുടഞ്ഞ കണ്ണട'
പലതിനും ദൃക്‌സാക്ഷി
ഭാരതം കീറിമുറിക്കുംമുമ്പ്
കണ്ണടയെ കൊല്ലണം.
'എങ്ങനെ കൊല്ലും'
വെടിവെച്ചു കൊന്നിട്ട്
ഉയർത്തെഴുന്നേറ്റതാണ്
തൂക്കിക്കൊല്ലാം
ഞരമ്പറുക്കാൻമാത്രം ബലമുള്ള
കയറില്ല.
മുക്കിക്കൊല്ലാം
എന്നെന്നേയ്ക്കുമായി മൂടിവെക്കാൻ അടിയൊഴുക്കുള്ള
നദികൾ പിറന്നിട്ട് വേണം
കത്തിച്ചുകളയാം
തീയിൽ കുരുത്തതാണ്
ഒരു ഭാഗമെങ്കിലും
ചാരമാക്കാമെന്നത്
വ്യാമോഹംമാത്രം
പിന്നെയിനി എങ്ങനെ
കൊല്ലാനാകില്ല
ചിരഞ്ജീവിയാണ്!

