top of page

സീനോ ജോണ്‍ നെറ്റോ

കൊല്ലം ജില്ലയിലെ തീരദേശ പ്രദേശമായ പോര്‍ട്ട്‌ കൊല്ലത്ത് 1967- ല്‍ ജനനം. പിതാവ് ചരമമടഞ്ഞ ശ്രീ. ജോണ്‍കുട്ടി നെറ്റോ, മാതാവ്‌ ശ്രീമതി.ഫ്രാന്‍സീന നെറ്റോ. പോര്‍ട്ട്‌ കൊല്ലംസൈന്‍റ്. ജോസഫ്‌ അപ്പര്‍ പ്രൈമറി, സെന്‍റ്. അലോഷ്യസ്‌ ഹൈസ്കൂള്‍, ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവടങ്ങളില്‍ വിദ്യാഭാസം. 1989 ജനുവരിയില്‍ യു.എ.യില്‍ എത്തി.
ഇപ്പോള്‍ ഷാര്‍ജയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ്‌ മാനേജര്‍. 2013 – ല്‍ കവിതാമത്സരത്തില്‍ സ്വരുമ ദുബായിയുടെ പുരസ്ക്കാരവും. കഥാമത്സരത്തില്‍ ഷാര്‍ജ പാം പുസ്തകപ്പുരയുടെ “അക്ഷരതൂലിക” അവാര്‍ഡും ലഭിച്ചു. ആനുകാലികങ്ങളില്‍ കഥ, കവിത എഴുതുന്നതിനൊപ്പം ഫേസ്ബുക്ക്‌ ബ്ലോഗ്ഗുകളിലും സജീവം. ഭാര്യ– ലൌലിസീനോ, മക്കള്‍ - ഡോക്റ്റർ സീനിയ സ്റ്റെഫി, ഡെറിക്ക് ഗ്ലാഡ്സ്റ്റന്‍, ലിന്‍ റിക്കി ജൂഡ്.
പ്രസിദ്ധീകൃതമായ കൃതികൾ
വെയിൽ പൂക്കും മരങ്ങൾ - (കവിതകൾ) - കൈരളി ബുക്ക്സ് കണ്ണൂർ (2015)

വിശുദ്ധ വിലാപങ്ങൾ - (കവിതകൾ) - ലോഗോസ് ബുക്ക്സ് (2018)

മരുഭൂമിയിലെ വീടുകൾ - (കഥകൾ) - കൈരളി ബുക്ക്സ് കണ്ണൂർ (2017)

വിലാസം.

സീനോ ജോണ്‍ നെറ്റോ , ഫ്ലവര്‍ ഡി ഫ്രാന്‍സീന, പോര്‍ട്ട്‌ കൊല്ലം - 691006

മൊബൈല്‍ : 00971 50 4851897.

ഇമെയില്‍ : zeejohn67@yahoo.com.

സീനോ ജോണ്‍ നെറ്റോ

ഇനിയും



അക്ഷരമുറ്റത്തൊരിത്തിരിനേരമിരിക്കാനിറ്റുകൊതിയാകുന്നുവെനി-

ക്കിന്നലയുടെ പടികടന്നെത്തുമൊരു ചെറുകാറ്റായി

ഈ ഇടവഴിയിലൂടെയലയാന്‍ കൊതിയാകുന്നുവെനിക്കിനിയും.



പൂക്കളെ തഴുകുവാന്‍ തലോടുവാന്‍ താരാട്ടു പാടുമൊരമ്മതന്‍

നെഞ്ചിലെ സ്നേഹത്തിന്‍ ചൂടിലമരുവാന്‍

ബാല്യമാം കിളുന്നിലയെ നോവിക്കാതെ നീര്‍ത്തുള്ളിയാല്‍ നനയ്ക്കുവാന്‍

കൊതിയാകുന്നുവെനിക്കിനിയും.



ചെമ്മണ്ണുപാതയിലൂടിനിയും ചെരുപ്പില്ലാ പാദമൊന്നമര്‍ത്തുവാന്‍

ചെളിയില്‍ പുളകം വിടര്‍ത്തും ഭൂമിതന്‍ സ്പര്‍ശനമേറ്റു നടക്കാന്‍

കൊതിയാകുന്നുവെനിക്കിനിയും.



കളിവാക്കുകൊണ്ടന്നവള്‍ കോറിയിട്ട കരള്‍നോവിന്‍ കവിതയൊന്നു കേള്‍ക്കാന്‍

കൊതിയോടെ വന്നീ പുഴക്കരയിലെ കണ്ണീരില്‍ വീണുടഞ്ഞുപോയ

ജരാനരയുടെ സങ്കടങ്ങള്‍ വെറുതെ ഓര്‍ത്തിരിക്കുവാന്‍

കൊതിയാകുന്നുവെനിക്കിനിയും.



കയറ്റിറക്കങ്ങള്‍ താണ്ടുമൊരു കാളവണ്ടിയില്‍

ജീവിതഭാരവും കയറ്റിവച്ചിനിയും കവലകള്‍ താണ്ടാന്‍

കരിമഷിയാലെഴുതിയ കണ്‍കളില്‍ കണ്ണീരുവറ്റിയുണങ്ങിയ സ്വപ്നത്തിന്‍

കനലുരുകുന്നതു കണ്ടു പകയ്ക്കാന്‍

കൊഴിഞ്ഞുപോയോരാ ഇന്നലെയുടെ ഗ്രീഷ്മത്തില്‍

ഉരുകുന്നൊരു ഹൃദയവുമായി തകർന്നിങ്ങിരിക്കുന്നു ഞാൻ.

പൊട്ടിയ വളച്ചില്ലുകള്‍ കൊണ്ടു മുറിഞ്ഞുപോയൊരു വെയിലായി

കാലവേഗത്തിൻ ഗതികളില്‍ ഗതികിട്ടാതലയുമൊരു പട്ടമായി

കടല്‍ത്തിരകള്‍ കവർന്നെടുത്തോരീ കടമണ്ണിലെ തരികളില്‍

ഭഗ്നകവിതകളെഴുതുന്നൊരു മൂഢനാം ഭ്രാന്തനായി

തളർന്നിങ്ങിരിക്കുന്നു ഞാൻ.



പകലകന്നുപോയ വഴികളിൽ മാഞ്ഞുപോയ നിന്‍റെ കാല്‍പ്പാടുകള്‍ തിരഞ്ഞ്

പിന്തുടര്‍ന്നുവരാത്തൊരു മൃതികാക്കും സന്ധ്യയായി

തിരിച്ചുപോകട്ടെയിനിയും മങ്ങിക്കത്തുമീ മണ്‍ചെരാതിലെ ചെറുനാളത്തെ

ഒരു ശ്വാസവേഗമായി നീ വന്നിനിയണയ്ക്കുവോളം.!.



സീനോ ജോണ്‍ നെറ്റോ

image_edited_edited_edited.png
bottom of page