top of page

ശ്രീലകം വിജയവർമ്മ

എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ ജനനം.

ഔദ്യോഗിക ജീവിതം ദില്ലി, ബോംബെ, തമിഴ്നാട്, എറണാകുളം എന്നിവിടങ്ങളിൽ. ജേണലിസം ഡിപ്ളോമ. വിവിധ സാഹിത്യ സംഘടനകളിൽ സജീവം. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഴുത്തുപുര സാഹിത്യസമിതിയുടെ പ്രസിഡൻ്റ്. "സ്വപ്നത്തിനൊരു യാത്രാമൊഴി" എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്രീലകം വിജയവർമ്മ

സ്നേഹവർഷം* ..


അച്ഛനുറങ്ങുന്ന ആറടിമണ്ണിനടുത്തു ഞാ-

നൊരുനേരമോർത്തു നിന്നൂ..

അച്ഛനും ഞാനുമൊരിയ്ക്കലുമകലാത്ത,

മണ്ണിൻ്റെഗന്ധം നുകർന്നുനിന്നൂ..


ആറടിമണ്ണിലൊതുങ്ങാത്തൊരോർമ്മകൾ,

ആഴത്തിലെന്നിൽ വളർന്നിരുന്നൂ..

ആരുമറിയാതെയന്നു ഞാനൊത്തിരി,

കാര്യങ്ങളച്ഛനോടോതിനിന്നൂ..


ഉമ്മറക്കോലായിൽ ചാരുകസേരയിൽ,

അച്ഛനിരിക്കുന്നതോർത്തുനിന്നൂ..

അന്നേരമച്ഛൻ്റെ മടിയിലിരുന്നേറെ -

ക്കഥകളറിഞ്ഞതുമോർത്തുനിന്നൂ..


കൈവിരൽ മെല്ലെപ്പിടിച്ചാദ്യമക്ഷര-

മാലകളെഴുതിച്ചതോർത്തുനിന്നൂ..

ആദ്യമായച്ഛൻ്റെ കൈത്തുമ്പിലൊപ്പമായ്,

പിച്ചവയ്പ്പിച്ചതുമോർത്തുനിന്നൂ..


അച്ഛനെയോർക്കുമ്പോളെൻ്റെ മനസ്സിലായ്,

ഓടിയെത്തുന്നൊരാപ്പുണ്യകാലം..

ആടിത്തളർന്നെൻ്റെ മുറ്റത്തുനിൽക്കിലും,

അന്യമായ്ത്തീരാത്ത ബാല്യകാലം..


എന്നിലെയാനന്ദമെല്ലാമറിഞ്ഞു ഞാ-

നെന്നോടുചേർന്നുകളിച്ചകാലം..

എല്ലാമറിഞ്ഞെൻ്റെയുള്ളം കുളിർക്കുവാൻ,

എന്നാളുമെൻതണലായകാലം..


എങ്ങോ മറഞ്ഞുപോയെങ്കിലു

മോർമ്മയിൽ,

എന്നടുത്തുണ്ടെന്നൊ

രാത്മഹർഷം..

എങ്ങുപോയാലുമാ

ജീവിതസ്പന്ദനം,

എന്നിൽത്തുടിക്കുന്നു സ്നേഹവർഷം..



= *ശ്രീലകം വിജയവർമ്മ* =

image_edited_edited_edited.png
bottom of page