
മനു കാരയാട്.
മനു കാരയാട്.
കോഴിക്കോട് .ജില്ലയിൽ ജനനം. പ്രവാസിയായി ബഹ്റൈനിൽ ജോലി ചെയ്യുന്നു.
വെയിൽപ്പച്ച, ഒപ്പാരി എന്നിവയാണ് പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ.
അവാർഡുകൾ
ഭാഷാശ്രീ പുരസ്കാരം, അഷിത സ്മാരക പുരസ്കാരം (കവിതാ വിഭാഗം ഒന്നാം സ്ഥാനം)
വി കെ പ്രമോദ് സ്മാരക കവിത പുരസ്കാരം (രണ്ടാം സ്ഥാനം) എന്നിവ നേടിയിട്ടുണ്ട്.

കരിനീല
നിന്നിൽ നിന്നും
തിരിഞ്ഞുനടക്കുമ്പോൾ
ഒരു നീണ്ടതീവണ്ടിച്ചൂളം
ഹൃദയഭിത്തിയിൽ
തട്ടിത്തൂവുന്നു.
വെളുപ്പിലും
ഇരുട്ടെന്നുവിതുമ്പിക്കരഞ്ഞ
കുട്ടിയെപ്പോലെ
പിൻനടത്തം
കാഴ്ചവറ്റുന്നു.
ഓണപ്പൂവിൽനിന്നും
തെറുത്തെടുത്ത
ഇതളുകൾ
ചരമദിനത്തിലെ
മന്ദസ്മിതൻ്റെ
കണ്ണാടിച്ചിത്രത്തിൽ
വിതറിത്തൂവുംപോലെ
പിൻനടത്തമിടറുന്നു.
നീ കാഴ്ചയിൽ
പുറംതിരിഞ്ഞുനിൽക്കുമൊരു
നീളൻകുന്ന്.
കശുമാവുകളും
മുളന്തോപ്പുകളും
ഈങ്ങാമരങ്ങളും
പടർപ്പ് വിരിച്ച
പച്ചക്കുന്ന്!
നീയിപ്പോൾ
വിസ്മയംവിരിയിച്ച
കണ്ണുകൾ
ആകാശത്തേക്ക് പായിക്കുന്നു.
ഒരുകരിനീലമേഘത്തുണ്ട്
നിൻ്റെകണ്ണുകളിൽ
പാരച്യൂട്ടിറങ്ങി
കള്ളനെപ്പോലെ
ഒളിച്ചിരിക്കുന്നു.
നീയിപ്പോൾ
ഒരു കരിനീലക്കുന്ന്!
എൻ്റെ കറുപ്പിലേക്ക്
നിൻ്റെ നീലക്കണ്ണുകളെ
ഒരു സമുദ്രമായ്
നീയെന്നാണിനി
തുറന്നുവിടുക..!
മനു കാരയാട്.
