top of page

പ്രഷ്യ ബി എം ....

തിരുവനന്തപുരം ജില്ലയിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്തു ജനിച്ചു.. തിരുവനന്തപുരം സെൻട്രൽ പോളി ടെക്നിക്കിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.. സോഷ്യൽ വർക്കർ. സൂപ്പർവൈസർ ആയി പ്രൈവറ്റ് കമ്പനിയിൽ ജോലി..
എട്ടാം ക്ലാസ്സ്‌ മുതൽ എഴുത്ത്.. കവിതയ്ക്ക് കുടുംബശ്രീയിൽ നിന്നും 100വാർഡ്..ഒന്നാം സമ്മാനം കിട്ടിയിരുന്നു. നിറവ് സാഹിത്യസമിതിയുടെ സംസ്ഥാനതലപുരസ്‌കാരം നിരവധി സർട്ടിഫിക്കറ്റ്സ്..മാസിക പുസ്തകങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്..

പ്രഷ്യ  ബി എം ....

പകർത്തിയെഴുതപ്പെട്ട ചിലയെഴുത്തുകൾ പോലെ ചിലതെല്ലാം തുല്യമാണ്..

കടലിനുള്ളിലും മനസിനുള്ളിലും
ഒരേ ആർത്തിരമ്പലാണ്..

കനലിൽ പാദമുറപ്പിച്ചു
വെയിലിൽ നിൽപ്പാണ്..

മഴ പെയ്യുമ്പോഴേല്ലാം
പെരുമഴ പെയ്ത്തും..

പകലുറങ്ങുമ്പോഴെല്ലാം
ഇരുണ്ട ഭാവിയുടെ ഇരുകണ്ണുകൾ
ചൂഴ്ന്നെടുക്കാൻ തോന്നും..

ഉരുണ്ട് പോയ ജീവിതചക്രത്തിനെ
പിന്നോട്ട് പിടിച്ചു നിർത്തി ഒന്ന് കൂടി കറക്കി വിടാൻ തോന്നും..

ആകർഷണബലം കൂടിയ
സങ്കടങ്ങളിലേക്ക് കൂപ്പു കുത്തുമ്പോൾ,

അതിനു ചുറ്റും
ഉപഗ്രഹമായി കറങ്ങി സ്വന്തം
ഭ്രമണപഥത്തിൽ പരിക്രമണം ചെയ്യും..

ഒന്ന് മാറിയാൽ മതിയെന്ന് ഓർക്കാതെ ചുറ്റും കറങ്ങിക്കൊണ്ട് ചിന്തകളെ വിഴുങ്ങും...

വിചാരക്രമങ്ങൾ തെറ്റാതെ
അപ്പോഴും ചോരുന്ന മേൽക്കൂരയ്ക്ക് കീഴിൽ
സുഖമായുറങ്ങാൻ തോന്നും..

മിന്നലിന്റെ വെട്ടമടിക്കുമ്പോൾ
ഇടിമുഴക്കം കേൾക്കുമ്പോൾ
കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു
മിന്നലോട് കോപപ്പെടും..

ചേർത്ത് പിടിക്കലുകളിൽ
തണുപ്പ് തോന്നി ചിലപ്പോൾ
മഞ്ഞുമലയാകും

ഉരുകിയൊഴുകി തെളിനീരാകും..
പൊടുന്നനെ മഞ്ഞു മല
അഗ്നിപർവതമാവുന്നത് മുന്നിൽ
കാണും..

കണ്ണുനീർ ലാവ പോലെ
സമാന്തരങ്ങളെ പലപ്പോഴും
ഉരുക്കിയേക്കും...

അന്നേരം കിടപ്പാടമില്ലാത്തവന്റെ
ഉച്ചയൂണിന് പായസം
വിളമ്പാൻ തോന്നും..

ഉച്ചയുറക്കത്തിനു തെരുവിൽ
കൂട്ടിരിക്കാൻ തോന്നും..

അനാഥർക്കു അമ്മയാവാൻ തോന്നും..

ഒന്നുമൊന്നും നടന്നില്ലെങ്കിലും
ഇങ്ങനെ ഓർത്തോർത്തു വെറുതെയിരിയ്ക്കാൻ...

image_edited_edited_edited.png
bottom of page