top of page

സനിൽ കാക്കാമൂല

സ്ഥലം: തിരുവനന്തപുരം ജില്ലയിലെ കാക്കാമൂല.
കവിതസമാഹാരം :'ഭൂപടങ്ങളിൽ ഇല്ലാത്തവർ '(രണ്ട് പതിപ്പുകൾ )
ആനുകാലികങ്ങളിൽ (വല്ലപ്പോഴും ) കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്.
കവിയരങ്ങുകളിൽ, കവിതകൾ ചൊല്ലാറുണ്ട്.
കാർഷിക സർവ്വകലാശാലയിലെ ജീവനക്കാരനാണ്.

സനിൽ കാക്കാമൂല


നുണകൾ - കവിത

വിഡ്ഢികൾ പറഞ്ഞ
നുണകളാണ് ചരിത്രം...
യുദ്ധത്തിൻ്റെ ചക്രവർത്തിമാർ
നുണകൾകൊണ്ട്
കാരണത്തെ സൃഷ്ടിക്കുന്നു.....

ഞാനറിഞ്ഞ ഏറ്റവും വലിയ നുണ
നീ പറഞ്ഞ സ്നേഹമാണ്......

നീയൊരു നുണയാണ്
ഞാനൊരു നുണയാണ്
നമ്മളെന്നത്
ഒരു പെരും നുണയാണ്......

പ്രണയമെന്നത്
മറ്റൊരു നുണയാണ്....
എന്നെ ജയിക്കാൻ
നിനക്കൊരു നുണവേണം
നിന്നെ ജയിക്കാൻ
എനിയ്ക്കൊരു നുണവേണം...
നുണകൾ പറഞ്ഞുപറഞ്ഞ്
നീയും ഞാനും
യാഥാർഥ്യമാകാൻ വെമ്പുന്നു....

ഭൂമിയൊരു
നുണയാണെന്നാകാശം
ആകാശം മറ്റൊരു
നുണയാണെന്ന് ചക്രവാളം
ചക്രവാളം വെറുമൊരു
തോന്നലാണെന്ന് കടൽ....

എൻ്റെയും നിൻ്റെയും
ഭാവനയാണ് പ്രപഞ്ചം...
പ്രകൃതി കണ്ട കിനാവുകളാണ്
ഉദയവും അസ്തമനവും.......
നുണകളെയും തോന്നലുകളെയും
ആലിംഗനം ചെയ്ത്
നാം സത്യം,സത്യമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു......

നിൻ്റെ ഹൃദയത്തിൽ
ഒരു കടലിരമ്പുന്നുണ്ടെന്ന്
നിൻ്റെ കണ്ണുകൾ
എന്നോട് നുണപറഞ്ഞു...

നിൻ്റെ പുഞ്ചിരിയിലാണ്
വസന്തങ്ങൾ വിടരുന്നതെന്ന്
എൻ്റെ കണ്ണുകൾ
എന്നോട് നുണപറഞ്ഞു....

നീ പാടിയ പാട്ടുകളാണ്
ഏറ്റവും മധുരതരമെന്ന്
എൻ്റെ കാതുകൾ
എന്നോട് നുണപറഞ്ഞു....

ചുരമിറങ്ങുമ്പോൾ
കൈകളിലൊരു താരാട്ടുണ്ടെന്ന്
കാറ്റ് കള്ളം പറയുന്നു...

ഒഴുകുമ്പോളോരു
കാൽച്ചിലമ്പിൻ ഇമ്പമുണ്ടെന്ന്
പുഴ കള്ളം പറയുന്നു.......

നുണകൾ പറഞ്ഞുപറഞ്ഞാണ്
കുരുക്ഷേത്രം പിറന്നത്......
ത്യാഗം നുണയാണ്....
സഹനം നുണയാണ്.....
സ്നേഹം നുണയാണ്
അഹിംസ നുണയാണ്

അവരുടെ സുഖത്തിനുവേണ്ടി
അവർ കണ്ടെത്തിയ ഇഷ്ടങ്ങൾ
നമുക്കുവേണ്ടിയാണെന്ന
നുണകളെ
അവർ വിളിച്ചുപറഞ്ഞു.....

നുണകളെ സത്യമെന്ന്
നാം വാഴ്ത്തുമ്പോൾ
ഹിംസകൾ പെറ്റുവീഴും
യുദ്ധം ജയിച്ചുകൊണ്ടിരിക്കും...

ഞാൻ,
നിനക്ക് പകർന്നു നൽകിയ
ചുംബനത്തിൻ്റെ അടയാളം
മാത്രമാണ് സത്യം..

പുരാണങ്ങളും
വേദപുസ്തകങ്ങളും
പഴകി ദ്രവിച്ച പുരാവസ്തുക്കളാണ്...

ജീർണ്ണപുസ്തകങ്ങളെ
സത്യം സത്യമെന്ന
കവചമണിയിക്കുമ്പോൾ
നുണകളുടെ ചക്രവർത്തിമാർ
ജനിക്കും ജയിക്കും ഭരിക്കും..
നുണകൾ സത്യമാണെന്നവർ
പഠിപ്പിച്ചുകൊണ്ടിരിക്കും......
------------------------
സനിൽ കാക്കാമൂല
9446557802

image_edited_edited_edited.png
bottom of page