
ധന്യ രാജഗോപാൽ
പേര് ധന്യ രാജഗോപാൽ.
ജനിച്ചതും വളർന്നതും എറണാകുളം ജില്ലയിലെ മുനമ്പം.
ഭർത്താവ് രാജഗോപാൽ. മകൾ മാനസ.
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ആണ് താമസം.
ഫോറിൻ കുട എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 വയസ്സു മുതൽ കഥകൾ എഴുതിത്തുടങ്ങി. ആദ്യ കഥ "മയിൽപീലി" 2001ൽ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. "ഈ മാർച്ചും ഇങ്ങനെ പോയി" എന്ന കഥ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.
സ്കൂൾ തലത്തിൽ നടന്ന ഭാഷോത്സവത്തിൽ, കഥാരചനയിൽ ജില്ലാത്തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളോത്സവത്തിൽ കവിതാരചന മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ ക്യാമ്പിലും, അങ്കണത്തിൻ്റെ ചെറുകഥ ക്യാമ്പിലും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ചെറുകഥ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. 2003 ൽ "പിറവി" എന്ന കഥ ആകാശവാണിയിൽ സംപ്രേക്ഷണം ചെയ്തു.
"സഹയാത്രിക" എന്ന ബ്ലോഗ് എഴുതുന്നുണ്ട് . "പ്രതിലിപിയിൽ" എഴുതാറുണ്ട്.
പ്രസിദ്ധീകരിച്ച മറ്റു രണ്ടു പുസ്തകങ്ങളിൽ കവിതയുടെ ഭാഗമാകാൻ കഴിഞ്ഞു.

ഞാൻ വേരുകൾ തിരയുമ്പോൾ
നീ ചില്ലകളിൽ പൂക്കണം
ഞാൻ എൻ്റെ നക്ഷത്രകുഞ്ഞുങ്ങളെ
പെറ്റിടുമ്പോൾ നീയെൻ്റെ
ആകാശമാവണം
എൻ്റെ കണ്ണുകൾ നിറയുമ്പോൾ
നീയെൻ്റെ പട്ടുതൂവാലയാകണം
എൻ്റെ യാത്രകളിലെ
ഉണർന്നിരിക്കുന്ന സ്വപ്നമാവണം
എൻ്റെ സ്വപ്നങ്ങളിലെ ചിറകാകണം
എൻ്റെ വിഷാദങ്ങളിൽ നെറുകയിലെ
ചുടു ചുംബനമാവണം
അങ്ങനെ നീയെൻ്റെ പ്രണയം
തിരിച്ചു തരണം
എന്നിട്ടും ബാക്കിയുണ്ടെങ്കിൽ
ഒടുവിൽ എൻ്റെ മുഖത്തിടുന്ന വെള്ളത്തുണിക്ക് മേൽ
നീയില്ലാതെ പറ്റില്ലെന്നൊരു
തേങ്ങലിൻ്റെ ഒപ്പിടണം..
