
കവിത : വ്യഥ
എൻ്റെ പേര് ഗായത്രി വിമൽ.
കോട്ടയം സ്വദേശിനിയാണ് . കഴിഞ്ഞ പതിനേഴു വർഷമായി കുവൈറ്റിൽ പ്രവാസ ജീവിതം നയിക്കുന്നു. ഒരു പ്രമുഖ സ്ഥാപനത്തിൽ അക്കൗണ്ട്സ് ഓഫീസറായി ജോലി ചെയ്യുന്നു
ഭർത്താവ് : വിമൽ ,
മക്കൾ: സിദ്ധാർഥും, ശ്രീഹരിയും
ആദ്യ കവിതാ സമാഹാരം, "നിനവിലെ നൊമ്പരങ്ങൾ" മൈത്രി പുബ്ലിക്കേഷൻസ് 2016 ൽ പുറത്തിറക്കി. പിന്നീട് പല കഥാ കവിതാ സമാഹാരങ്ങളുടെയും ഭാഗമാവാൻ സാധിച്ചു. മലയാള മനോരമയടക്കമുള്ള പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിലും അനവധി ഓൺലൈൻ സാംസ്കാരിക പോർട്ടലുകളിലൂടെയും എൻ്റെ ലേഖനങ്ങൾ, കവിതകൾ, ചെറുകഥകൾ തുടങ്ങി വിവിധ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനസ്സിൻ്റെ നിശബ്ദതകളെ വാക്കുകളിലൂടെ ആവിഷ്‌കരിക്കാനുള്ള എക്കാലത്തെയും ശ്രമമായാണ് ഞാൻ എഴുത്തിനെ കാണുന്നത്. സന്തോഷത്തിൻ്റെ മുഖംമൂടിക്കു പിന്നിൽ നിശ്ശബ്ദമായി തേങ്ങുന്ന ആത്‌മാവിനെ തൊട്ടുണർത്താൻ, അറിയപ്പെടാതെ പോവുന്ന നൊമ്പരങ്ങളുടെ ശബ്ദമാവാൻ ഒരു എളിയ ശ്രമം, അത്ര മാത്രം..

വ്യഥ
തകർന്നു പോയ
തകർക്കപ്പെട്ട മനുഷ്യരെ
കണ്ടിട്ടുണ്ടോ?
അത്രമേൽ മനോഹരമായി
പുഞ്ചിരിക്കുന്നവരിലേക്ക്
നോക്കുക
കണ്ണുകളിലെ വറ്റാത്തപുഴയെ
പാതിരാവിലൊഴുകുന്ന
നിലാവെന്ന് തോന്നിപ്പിക്കുവർ
ഉള്ളിലെ വിങ്ങലിന്റെ
കടലിനെ,
കാലുകളിൽ ചുംബിക്കുന്ന
നേർത്ത തിരമാലകളാക്കുന്നവർ
ഉടലും ഉയിരും ഒരേപോലെ
പൊള്ളുമ്പോഴും
ചുറ്റും നനുത്തമഴ പോലെ
പെയ്യുന്നവർ
സ്നേഹമെന്ന ഉടമ്പടയിൽ
ഒപ്പുവെച്ചതിനാൽമാത്രം
എന്നേക്കുമായ്
തകർന്നു പോയ മനുഷ്യർ
