
കുട്ടിക്കമ്പിളി
സാറാ മാമ്മൻ

കുട്ടിക്കമ്പിളി
മൂന്നാലു ദിവസ്സമായി
അടുത്തെവിടെയോ
നേർത്ത മൂളലുകളും ഞരക്കങ്ങളും
കേൾക്കുന്നുണ്ടായിരുന്നു...
പുറത്തെവിടെയോ എന്നു നിനച്ചു.
ഇന്നലെ,
ഒരു തള്ളപ്പൂച്ച മുൻമുറിയുടെ
ജനാലവഴി ചാടി ഉള്ളിലേക്ക്.
പണ്ടും അവൾ വന്നിട്ടുണ്ട്,
മഴ ചൊരിയുമ്പോൾ
അടുക്കളയിലെ കുപ്പത്തൊട്ടി
കമഴ്‌ത്താൻ, പരതാൻ...
ഓടിച്ചുവിട്ടു,
ജനാല അടച്ചു കുറ്റിയിട്ടു...
എന്നിട്ടും അവള് വിടുന്ന മട്ടില്ല,
വീണ്ടും മാന്തൽ, വീണ്ടും കാറൽ..
അനങ്ങിയില്ല,
കള്ളത്തള്ളക്ക് ഇത്ര വിശപ്പോ!
ഇന്ന്
പൂച്ചക്കുഞ്ഞുങ്ങളുടെ
കരച്ചിൽ വീണ്ടും,
വോളിയം കൂടിക്കൂടി വന്നു...
വീണ്ടും കാതോർത്തു,
തള്ളയെത്തേടി കറയുന്നതാവാം മക്കളും...
വീണ്ടും കാറൂന്നു തള്ള
ജനാലയ്ക്കൽ...
ഏറ്റുപാടുന്നു മക്കൾ,
കാതോർത്തു, വളരെ അടുത്ത്...
എഴുന്നേറ്റു ശബ്ദത്തിൻ്റെ ഉറവ തേടി, നടന്നു...
കാലിക്കുപ്പികളും പെട്ടികളും വച്ചിരിക്കുന്ന മുറിയിൽ അനക്കം.
ഇരിക്കുന്നു, നാലെണ്ണം
ഏറ്റവും പുറകിൽ,
ഏറ്റവും അടിയിൽ,
ഒരു കാർഡ്‌ബോർഡ് പെട്ടിയിൽ...
മൂന്ന് ഇഞ്ചിക്കുട്ടികളും
ഒരു പുലിക്കുട്ടിയും...
എല്ലാവരും മിഴിച്ചുനോക്കുന്നു
എന്നെ!
അപ്പോ, കുറച്ചു ദിവസങ്ങൾ ആയോ കുടിയേറിയിട്ട്?
അടുത്തുചെന്നു തൊട്ടുതലോടി...
നല്ല ചൂട്, കുട്ടിക്കമ്പിളിപോലെ...
കുറച്ചു നിമിഷങ്ങൾ കണ്ണെടുക്കാതെ നോക്കി,
ഇനി നിന്നാൽ മനസ്സലിയും, വേണ്ടാ...
മെല്ലെ പെട്ടിയോടെ എടുത്തു,
കതകു തുറന്നു,
കാത്തു നിൽക്കുന്ന തള്ളക്ക് കാഴ്ചവച്ചു.
****************
കതകടച്ച് ചാരു കസേരയിൽ ഇരുന്നു
ഓർമ്മകളുടെ ചുരുളുകൾ
ഇഴയഴിഞ്ഞു .....
മദ്രാസ് നഗരം
മൂന്നു പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ
കൈപിടിച്ച് വാടകവീട് തേടി ....
മുട്ടുവിൻ തുറക്കപ്പെടും!
വാതിലുകൾ തുറന്നു,
ചോദ്യങ്ങൾ തുടങ്ങി,
"പേരെന്ന?“
"സാറ"
"ഓ! ക്രിസ്ത്യൻ താനാ!"
"വെജിറ്റേറിയനുക്കു താൻ വീടു കൊടുക്കമുടിയും”
ആ കടമ്പയും കടന്നാൽ
അടുത്ത ചോദ്യം,
"ഉങ്കൾ കണവൻ?"
സ്വരം പതറും, മുഖം വിളറും,
കളവു പറഞ്ഞു പഴക്കമില്ലല്ലോ!
തല കുനിയും,
തിരിഞ്ഞൂ നടക്കും,
മക്കളുടെ കയ്യും പിടിച്ച്
മുന്നോട്ടായും...
ആ കുഞ്ഞു കൈകൾക്കും ചൂടുണ്ടായിരുന്നു, കുട്ടിക്കമ്പിളി പോലെ...
ആ ചൂടില്ലാർന്നെങ്കിൽ
ഒരു ജീവിതം
ഒരു മുഴം കയറിൽ ....
**************
പുറത്ത്
തള്ളപ്പൂച്ച
കുറുകുന്നുണ്ടായിരുന്നു,
ഭാഗ്യവതി, മിണ്ടാപ്രാണി,
ചോദ്യോത്തരങ്ങൾ ഇല്ല;
ഇരുണ്ട കോണിലെ വെറുമൊരു കാലിപ്പെട്ടി മതിയല്ലോ അവൾക്ക്.
സാറാ മാമ്മൻ
21/10/2024
