
എം.ഒ. രഘുനാഥ്
ദുബായ് ജെംസ് എഡ്യൂക്കേഷനിലെ ഹെഡ് ലൈബ്രേറിയനായ രഘുനാഥ്, മലയാളം മിഷൻ വിദഗ്ധ സമിതി അംഗവും യു.എ.ഇ.യിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ്. പ്രവാസാനുഭവങ്ങളും സാമൂഹിക വിഷയങ്ങളും പ്രമേയമാക്കി അദ്ദേഹം രചിക്കുന്ന കവിതകളും ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്.

രണ്ടാത്മാക്കൾ
ഭൂമിയിലെ
വിരസമായ ജീവിതത്തിനു ശേഷം
രണ്ടാത്മാക്കൾ കണ്ടുമുട്ടി.
ജീവിതത്തിലെ ഏകാന്തതകളിൽ
അവർ സംതൃപ്തരായിരുന്നില്ല.
അവളുടെ ആത്മാവ്
അവനോട് ചോദിച്ചു;
"ഓ പ്രിയനേ,
നിങ്ങൾ ഇപ്പോൾ
ആഗ്രഹിക്കുന്നതെന്താണ്?"
അവൻ മൃദുവായി
മന്ത്രിച്ചു;
"നിൻ്റെ ശ്വാസ ഗതികളിൽ
ഊളിയിട്ടു മതിയാവാതെ,
നിൻ്റെ നെടുവീർപ്പുകളിൽ
ഒപ്പം ചേരാതെ,
ഇന്നലെകളിൽ നഷ്ടപ്പെടുത്തിയ
ഓരോ ദിനവും
ഇന്നെന്നെ വീർപ്പുമുട്ടിക്കുന്നു".
അപ്പോൾ,
അവൾ മൊഴിഞ്ഞു;
"നിൻ്റെ സാമീപ്യം
ഇപ്പോഴും എന്നെ സ്പന്ദിപ്പിക്കുന്നു.
നിൻ്റെ ശബ്ദത്തിൻ്റെ മൃദുലത
എൻ്റെ അടിച്ചമർത്തപ്പെട്ട
സങ്കടങ്ങളെ ശമിപ്പിക്കുന്നു..,
നമ്മുടെ
നിശബ്ദ രഹസ്യങ്ങളെ
ഞാൻ, ഇപ്പോഴും
കാത്തു സൂക്ഷിക്കുന്നു."
നിശബ്ദമായ
നിലാവുള്ള ഒരു രാത്രിയിൽ,
ഉറ്റുനോക്കുന്ന
നക്ഷത്രങ്ങളുടെ പുതപ്പിനടിയിൽ
രണ്ടാത്മാക്കളും ചേർന്നിരുന്നു.
അനന്തമായ
ആകാശത്തെ സ്പർശിച്ചുകൊണ്ട്
അവർ, പരസ്പരം
ഭീതിയുടെ മൂടുപടം നീക്കി
ആർദ്രതയോടെ
കരുതലോടെ
പ്രകൃതിയുടെ കാന്തികതയിലൂടെ...
പ്രണയത്തിൻ്റെ
അനനശ്വരതയിൽ ലയിച്ചു.
കടലിലേക്കൊഴുകുന്ന നദികളെപ്പോലെ...
അലയൊടുങ്ങാത്ത തിരമാലകൾ പോലെ...

