
അനീഷ പി
അനീഷ. പി :-
പാലക്കാട് ജില്ലയിലെ ആനക്കരയിൽ ജനനം. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യുട്ട് ഓഫ് ഫാർമസി കാസർഗോഡ്, ശ്രീദേവി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് മാഗ്ലൂർ, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കവിതാ സമാഹാരങ്ങൾ: അന്വേഷ, (2018)ദൈവം വന്നിട്ട് പോയപ്പോൾ (2021)
കുഞ്ഞിപ്പൂച്ച (2023)
പരിഭാഷകൾ: പറക്കാൻ പഠിക്കാം, ആ തവളയെ ചുംബിക്കുക, വിഷാദമേ വിട
ഓർമ്മക്കുറിപ്പുകൾ: നാല്. ബി
പാം അക്ഷര തൂലിക പുരസ്‌ക്കാരം,( 2018) അസ്മോ പുത്തഞ്ചിറ പുരസ്‌കാരം (2021)എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും എഴുതി വരുന്നു..

നിസ്സഹായം
=========
പടച്ചോനയച്ചവരെല്ലാവരും തന്നെ
തിരിച്ചു പോയി.
ഏറ്റവുമൊടുവിലത്തെയെന്റെ വേദനകൾ
തലച്ചോറും തുരന്നോടി.
കളവുകളുടെ ഇരുണ്ട
ഓർമ്മകളെ ഭയന്നു ഭയന്നാവാം
സ്നേഹം സ്മൃതിനാശം പരതി.
വീണ്ടുമൊരു പ്രവാചകനെ
പ്രതീക്ഷിച്ചു നോക്കി..
കണ്ണും കാതും കൂർപ്പിച്ചുഴറി..
ഈശ്വരനു കാണാൻ പാകത്തിൽ
ഞരമ്പു മുറിഞ്ഞു ചുവപ്പായിട്ടൊഴുകി.
അബല വിലാപങ്ങളിൽ,
ആരും കാണാതെ ആനന്ദ മൂർച്ഛകൾ തേടുന്ന
വിചിത്ര സ്വാതന്ത്ര്യങ്ങളാൽ
ഞാൻ പ്രണയിച്ചവന്റെ ഭൂമി ദിശ മറന്നാടി.
കണ്ടതും കേട്ടതും കരളു പിളർന്നൂറി..
വാക്കിനു നേർക്ക്
ചിലരൊക്കെ വാളുയർത്തിയമറി..
എന്റെ നോവുകൾ,
എന്റെ വേവുകൾ
എന്റെ മാത്രം നേരുകൾ
പ്രാർത്ഥനകളായി .
നിന്റെ നോവുകൾ
നിന്റെ വേവുകൾ..
എന്റെ ചോര മണത്തിടത്തീശ്വരൻ
മുറിവു തുന്നിയിട്ടൂതി..
വീണ്ടും വീണ്ടും വീണ്ടുമെനിയ്ക്ക്
വേദനിയ്ക്കുന്നു..
തുന്നിക്കൂട്ടിയിടത്തൊക്കെ
അമർത്തിക്കീറുന്ന ദുഷ്ടതകൾ
പൊട്ടിച്ചിരിയ്ക്കുന്നു..
ഞാൻ ആരായിരുന്നെന്ന്
ആരാണൊന്ന് ഉച്ചത്തിൽ
പറയുക!
കൈകൾ പ്രവർത്തിച്ചതിന്റെ
ഓഹരികൾ ഓർമ്മിച്ചു നൽകുന്ന
കണക്കുകാരാ..
നീ കടന്നു വരാനേ പോകുന്നില്ലെന്ന
അഹന്തകൾക്കു മേലെ
എപ്പോളാണൊന്ന്
തൂവലു വീശിപ്പോവുക ?
-അനീഷ പി
