

സാം ചെറിയാന്‍
കഥാകൃത്ത്,
സാം ചെറിയാന്‍,ചോവാലില്‍, മാവേലിക്കര, ചെന്നിത്തല സ്വദേശിയാണ്.
ഷാര്‍ജയില്‍ താമസമാക്കിയ ഇദ്ദേഹം, ദുബയ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ഉദ്യോഗസ്ഥനാണ് SANN4 Creations
സാം ചെറിയാൻ്റെ യൂട്യൂബ് ചാനലിൽ വന്ന പാട്ടിൻ്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
https://youtu.be/O6S0DCB02Kw?si=Sy8CRT8KCDGc5N7V
Please Watch and Subscribe.
https://youtube.com/@sann4creations764?si=u6ZbpBotPK7eIURU
ചെറുകഥ
രാത്രിയിലെ കൂട്ടുകാരൻ
ആദ്യകാഴ്ചയിൽ തന്നെ പരസ്പരം പേടിച്ചുപോയിരുന്നു. സ്വപ്‍നത്തിലാണോയെന്ന് സംശയിച്ചു. ഒത്തിരിനേരമായി കാണും ഇവൻ എത്തിയിട്ട് , ഞാൻ ഉറങ്ങുന്നതു കണ്ടുകൊണ്ട് അനങ്ങാതിരിക്കുകയായിരുന്നു.
നീ കള്ളനാണോ?
എനിക്ക് ദേഷ്യം വന്നു, ചാടി എഴുന്നേൽക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തിലും കാതിലും കൈകൾ ഓടിച്ചു, കുട്ടിയുടുപ്പ് വലിച്ചു താഴേയ്ക്ക് ഇടുമ്പോൾ പാദസ്വരവും അവിടെയുണ്ടെയെന്ന് ഉറപ്പുവരുത്തി. അവൻ ചൂണ്ടുവിരൽ കൊണ്ട് ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു. തലയിണ നിവർത്തിവെച്ച് ഞാൻ കട്ടിലിൽ ചാരിയിരുന്നു
ബെഡ് ലാമ്പിൻ്റെ വെട്ടം അവനെ വ്യക്തമായി കാണാൻ സഹായിച്ചു എൻ്റെ അടുത്തേക്ക് അൽപംകൂടി നീങ്ങിയിരുന്നു ഞാൻ സൂക്ഷിച്ചുനോക്കി സുന്ദരനാണ് ഇരുനിറമാണ്.
ഈതരത്തിൽ ഒരു കണ്ടുമുട്ടൽ ആയിട്ട് പോലും എനിക്ക് അവനോട് വെറുപ്പ് തോന്നിയില്ല,
രാത്രിയിൽ ഉണർന്ന് ആലസ്യം ഒന്നുമില്ലാതെ തന്നെ അവനോട് സംസാരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു, അവൻ എൻ്റെ പേര് ചോദിച്ചു, ഒരുക്കിവെച്ചിരുന്ന ആദ്യത്തെ ചോദ്യം, എന്നാൽ ശബ്ദം കേൾക്കാതിരിക്കാൻ കൈക്രിയകൾ കാട്ടിയുള്ള ചോദ്യങ്ങൾ കാണുമ്പോൾ തന്നെ നമ്മുക്ക് മനസിലാകും അവന് സംസാരിക്കാൻ എന്തോ പ്രയാസമുള്ളതായി. എൻ്റെ കണ്ണുകളിലേക്കു നോക്കി പേര് അറിയാനുള്ള ഉത്സാഹം അവന്റെ മുഖത്തു കാണുവാൻ കഴിയുന്നുണ്ട്. ഉടുപ്പുകൾ നേരെയാക്കി ഞാൻ വീണ്ടും നിവർന്നിരുന്നു. ശബ്ദമുണ്ടാക്കാതെ അവൻ ചോദ്യം ആവർത്തിച്ചു, അടുത്ത ചോദ്യം കൂടി കേട്ടിട്ട് ഉത്തരം പറയാമെന്ന് കരുതി ഞാൻ ഒരു നിമിഷം കാത്തിരുന്നു.
എൻ്റെ മറുപടി താമസിച്ചത് കൊണ്ട് ആവാം അവൻ ചുണ്ടുകൾ അനക്കി 'ചിന്നു'' എന്ന് എൻ്റെ പേര് പറഞ്ഞ് എന്നെ ഞെട്ടിച്ചു, നിനക്ക് എങ്ങനെ എൻ്റെ പേര് അറിയാം, എന്നെ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ?എനിക്ക് വീണ്ടും കുറുമ്പ് തോന്നി,പതുക്കെ പറയൂ! എന്ന് ആംഗ്യം കാട്ടി അവൻ ചിരിക്കാൻ ശ്രമിച്ചു, നീ നല്ല കുട്ടിയാണ് നിൻ്റെ പേരും. ആ കോംപ്ലിമെൻറ്സ് എനിക്ക് ഇഷ്ട്ടമായി.
ഞങ്ങളുടെ ചോദ്യങ്ങൾ മൗനങ്ങൾ ആയി ഇപ്പോൾ എന്തിനു ഇവിടെ വന്നുയെന്ന് ചോദിക്കണമെന്ന് പലതവണ കരുതി, കുറഞ്ഞപക്ഷം അവൻ്റെ പേര് എങ്കിലും. തുടർന്നുള്ള നിമിഷങ്ങളിൽ ഇഷ്ടപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന ഭാവങ്ങൾ ആയിരുന്നു ഞങ്ങൾക്ക് ഇരുവർക്കും. രാത്രിയിൽ എത്തിയതിൽ എനിക്ക് വെറുപ്പ് ഉണ്ടായിട്ടില്ലായെന്ന് അവന് മനസ്സിലായി. ആദ്യ കാഴ്ച പാതിരാത്രിയിൽ ആയി പോയത് വിധിയെന്ന് കരുതിയാൽ മതി. ഊരിപ്പോയ മുടിയിലെ റബ്ബർ ബാന്റ് എടുത്തു എൻ്റെ നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു ഞാൻ നാളെ വരാം ഉറങ്ങിക്കൊള്ളൂ ശുഭരാത്രി കാട്ടി, വേഗത്തിൽ താഴെയിറങ്ങി തുറന്നു കിടന്ന വാതിലുകളിൽ കൂടി പുറത്തേക്ക് പോയി. താഴെ ഇറങ്ങുമ്പോൾ അവൻ്റെ കാലുകൾ എൻ്റെ കാലിൽ മുട്ടിയായിരുന്നു, അറിയാതയോ, മനപ്പൂർവ്വമോ എന്തോ ?
മറ്റ് ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ ഒരു കൂസലുമില്ലാതെ, പാതിരാത്രിയിൽ എൻ്റെ കട്ടിലിൽ കടന്നു വന്ന എന്നെ ഉണർത്തി സംസാരിച്ചു മടങ്ങുമ്പോൾ, അവൻ എനിക്ക് ഒരു കൂട്ടുകാരൻ മാത്രമായിരുന്നില്ല, ഹീറോ ആയി മാറുകയായിരുന്നു. കിട്ടിയ നല്ല അവസരം ഉപേക്ഷിച്ചു എത്ര പെട്ടന്ന് അവൻ പോകുമെന്ന് ഞാൻ കരുതിയില്ല.
ചോദിക്കണമെന്ന് കരുതിയ ചോദ്യങ്ങൾക്ക് ഒപ്പം മറ്റ് ചില ചോദ്യങ്ങൾ കൂടി സമ്മാനിച്ചിട്ട് അവൻ മടങ്ങിയത്. തുടർന്ന് അങ്ങനെ കിടക്കാൻ എനിക്ക് കഴിയുമായിരുന്നില്ല, ഞാൻ എഴുന്നേറ്റ് ശബ്ദം ഉണ്ടാക്കാതെ ലൈറ്റ് ഇട്ട്, കതക് തുറന്ന് മുറിയിലും കണ്ണ് എത്തുന്ന എല്ലാ സ്ഥലത്തും അവനെ നോക്കി. ഇത്ര വേഗത്തിൽ എങ്ങനെ അവൻ ഈ വീട് വിട്ട് പുറത്ത പോയിരിക്കും.
പലരോടുമുള്ള നമ്മുടെ ചോദ്യങ്ങൾക്ക് നാം തന്നെ ഉത്തരം കണ്ടെത്തും, അല്പം സമയം എടുക്കുമെന്ന് മാത്രം. അധികം സംസാരിക്കാതെ, ശബ്ദം ഉണ്ടാക്കാതെ ഒത്തിരി ചോദ്യോത്തരങ്ങൾ ഞങ്ങൾക്ക് കൈമാറാൻ കഴിഞ്ഞു.
സ്‌നേഹിക്കുന്നവർ തമ്മിലും, പ്രണയിക്കുന്നവർ തമ്മിലും സംസാരിക്കുമ്പോൾ എത്ര അകലെ ആയാലും അടുത്ത ആയിരിക്കുമ്പോഴും ശബ്ദം വളരെ കുറച്ചു മതിയാകും, എന്നാൽ വെറുപ്പിൻ്റെ ഒരു ചെറിയ അംശം ഉള്ളിൽ ഉള്ളപ്പോൾ, വാക്കുകൾ വേഗത്തിലും, ഉച്ചത്തിലും ആകുന്നു.
നാളെയും അവൻ വരണമെന്ന് ഞാൻ ആഗ്രഹിച്ചു, കുറച്ച അധികം സമയം കഴിഞ്ഞാണ് എനിക്ക് ഉറങ്ങാൻ കഴിഞ്ഞത്.
സൂര്യൻ്റെ വരവോ, അലാംമിൻ്റെ ( Alarm )നിലവിളിയോ ഞാൻ കേട്ടില്ല, എഴുന്നേൽക്കാൻ താമസിച്ചതിലെ അമ്മയുടെ പരിഭവം എന്നെ കുലുക്കി വിളിച്ചുണർത്തിയതിൽ നിന്ന് മനസിലായി. സ്കൂൾ അവധിയാണ് എന്നാലും സമയത്തിന് എഴുന്നേൽക്കണം, രാത്രിയിലെ കൂട്ടുകാരൻ്റെ ഓർമ്മ എനിക്ക് പ്രഭാതത്തിലെ എല്ലാ ഉത്സാഹവും നഷ്ടമായി, പതിവ് രീതികൾ തെറ്റി, അമ്മയുടെ ശകാരം തുടർച്ചായി കേൾക്കേണ്ടിവന്നു.
എങ്കിലും പ്രഭാതത്തിലെ തിരക്കിലും, ശബ്ദകോലാഹലത്തിലും, ചൂടിൻ്റെ കാഠിന്യത്തിലും ഒക്കെ ഞാൻ അവനെ തിരഞ്ഞു, അവൻ്റെ ചിന്തകൾ എന്നിൽ പൊട്ടിച്ചിരികളും, സന്തോഷവും സമ്മാനിച്ചു. വീടിൻ്റെ പുറത്ത് പല തവണ ഞാൻ അവനെ നോക്കി നടന്നു. അവനെ മറ്റ് ആരും കാണരുതേ എന്ന് പ്രാർഥിച്ചു, ലഞ്ച് കഴിഞ്ഞപ്പോൾ മുതൽ പെട്ടന്ന് സന്ധ്യ ആകാൻ ആഗ്രഹിച്ചു, ഉച്ചത്തിൽ പാട്ടു പാടി, അറിയാത്ത ഡാൻസിൻ്റെ ചില സ്റ്റെപ്പുകൾ ചെയ്തു നോക്കി, എല്ലാ മുറിക്കളിലെയും കണ്ണാടിയുടെ മുൻപിൽ കൂടി പല തവണ കടന്നു പോയി. പതിവിലും ഉത്സാഹമായിരുന്നു എല്ലാറ്റിനും.
ഇന്ന് രാത്രിയിൽ അവനോട് ഒത്തിരി സംസാരിക്കണം അധികം ജാഡ ഒന്നും കാണിക്കണ്ട, പേര് അറിയണം, എനിക്ക് ഇഷ്ട്ടപെട്ട പേര് അല്ലെങ്കിൽ ഞാൻ തന്നെ അവന് ഒരു നല്ല പേരിടും.
വീട്ടിൽ അച്ഛനും അമ്മയും ശബ്ദം ഉയർത്തി സംസാരിക്കുണ്ട് . ഇരുവരും അവരുടെ മുറിയിൽ തന്നെയാണ് , വെറുപ്പിന്റെ വിഷയങ്ങളാകും .... കാര്യഗൗരവമുള്ള വിഷയങ്ങൾ പറയുമ്പോഴും അധികശബ്ദത്തിൻ്റെ ആവശ്യമുണ്ടോ ?
ഞാൻ ഓടിച്ചെന്ന് നോക്കി, രണ്ടുപേർക്കും സ്‌നേഹത്തിന്റെ മുഖഭാവമായിരുന്നില്ല, ഞാൻ അടുക്കളയിൽ ചെന്ന് ആന്റിയോട് ചോദിച്ചു എല്ലാവരും എന്തിനാണ് ഇത്രയും അടുത്ത് ഉള്ളപ്പോൾ ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത്? മോൾ അങ്ങോട്ട് ശ്രദ്ധിക്കേണ്ട, അവർ വലിയ വലിയ കാര്യങ്ങളാണ് പറയുന്നത്.
സായാഹ്നത്തിന് പല നിറങ്ങളായി, സൂര്യന് ബോഗൻവില്ലയുടെ നിറമായിരുന്നു. പൂക്കൾക്ക് സുര്യനെ ഇഷ്ട്ടമായതുകൊണ്ട് അവരും സൂര്യന് മാച്ച് ചെയുന്ന നിറങ്ങളിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. തോട്ടത്തിൽ വെള്ളത്തിന്റ പൈപ്പ് തുറന്ന് വിട്ടിരിക്കുന്നു, മുറിക്കുള്ളിൽ നിന്ന് നോക്കുമ്പോൾ, നല്ല വെയിലുള്ള പകലിൽ ചെറിയ മഴ പെയ്യുന്നത് പോലെ തോന്നുന്നു. കുറച്ച കൊച്ചു കിളികൾ മഴ നനഞ്ഞു കളിക്കുന്നു, അവയും ചില സമയങ്ങളിൽ ഉച്ചത്തിൽ കലപില കൂടുന്നു, അതും സ്‌നേഹക്കുറവിൻ്റെ ഭാഷയായിരിക്കുമോ? അതോ ആഘോഷമായിരിക്കുമോ?
കാളിങ് ബെല്ലിൻ്റെ ശബ്ദം കേട്ടു, മുൻവശത്തു ആരൊ വന്നിരിക്കുന്നു, അച്ഛൻ്റെയും അമ്മയുടെയും ശബ്ദത്തിന് അയവ് വന്നിരിക്കുന്നു. മുനിസിപ്പാലിറ്റിയിലെ ആരോഗ്യാവിഭാഗത്തിൽ നിന്നുള്ള രണ്ടു ചേച്ചിമാരാണ് . നമ്മുടെ സ്‌നേഹമുള്ള മുൻ മന്ത്രി സുഷമാസ്വാരാജ്നെ പോലെ ഓവർകോട്ട് ധരിച്ചരിക്കുന്നു. അവർ അമ്മയോട് എന്തോ സംസാരിച്ചു ഒരു പൊതി കൊടുത്തിട്ട് പോയി.
കതകുകൾ അടച്ച അടുക്കളയിലേക്ക് പോകുന്ന അമ്മയോട് ചോദിച്ചു, എന്താണമ്മേ അത് ? അച്ഛനുമായുള്ള വാദപ്രതിവാദത്തിൻ്റെ ഹാങ്ങോവറിലായിരുന്ന അമ്മ മറുചോദ്യം കൊണ്ട് എന്നെ തളർത്തി, നിനക്ക് ഹോംവർക്ക് ഒന്നുമില്ലെ ? കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ചോദ്യം! ആന്റിയിൽ നിന്ന് കാര്യങ്ങൾ പിന്നീട് അറിയാം എന്നുറച്ച ഞാൻ മുറിയിലേക്ക് പോയി.
രാത്രിക്ക് മുൻപുള്ള ആരാധനയും, ആഹാരമേശയിലെ അഭിനയവും, അടിക്കിപെറുക്കലും കഴിഞ്ഞ് എല്ലാവരും അവരവരുടെ മാളത്തിലേക്ക് പോയി. അമ്മക്ക് കിട്ടിയ പൊതിയെക്കുറിച്ചു ചോദിക്കാൻ അവസരം കിട്ടിയില്ല.
മുറിയിൽ എത്തി എനിക്ക് ഇവിടെയുള്ള സൗകര്യങ്ങൾ കുറവാണ് എന്നൊരു തോന്നൽ. അരണ്ടവെളിച്ചം ആശയക്കുഴപ്പം സൃഷ്ട്ടിച്ചു. കഥ പുസ്തകവുമായി കട്ടിലിൽ കയറിയ എനിക്ക് , കഥക്കൾ ഒന്നും ഇഷ്ട്ടമായില്ല. വായന അവസാനിപ്പിച്ചു ഞാൻ ക്ലോക്കിലേക്ക് നോക്കി, അതിന്റെ സൂചികൾ ഒരു താളത്തിൽ ശബ്‌ദിക്കുന്നു, അധികം ഉച്ചത്തിൽ അല്ലാത്ത ആ താളം പിടിക്കൽ എനിക്ക് ഉറക്കത്തിന് അനുഗ്രഹമായി, അവൻ വരും ഇന്നെലെത്തെ പോലെ എന്നെ പേടിപ്പിച്ഛ് ഉണർത്തും. രാത്രിയിൽ പല തവണ ഞാൻ ഉണർന്നു.
എന്നാൽ അവൻ എത്തിയിട്ടില്ലായെന്ന് മനസ്സിലായി. പ്രഭാതത്തിന് വേണ്ടി കാത്തിരുന്നു, താമസിച്ചാണ് ഉണർന്നത് . നഷ്ടസ്വപ്നങ്ങളുടെ ചിന്തകൾ പ്രഭാതകൃതങ്ങൾ ചെയ്യുന്നതിലും വീഴ്ചകൾ വരുത്തി. സ്കൂളിലേക്കുള്ള യാത്രയാണ്, നാളത്തെ നന്മയുടെ നല്ല മരമാകാനോ? അറിവിന്റെ വലിയ മരമാകാനോ? എന്തിനാണയെന്ന് അറിയില്ല! വീട്ടിൽ നിന്ന് ഇറങ്ങുന്നതുവെരയും എന്റെ കണ്ണുകൾ അവനെ തേടിക്കൊണ്ടിരുന്നു.
സ്കൂളിൽ ഏറ്റവും അടുത്ത കൂട്ടുകാരിയോട് മാത്രം കാര്യങ്ങൾ പറഞ്ഞു, ഒത്തിരി സൂക്ഷിക്കണം മാത്രം ഉപദേശിച്ചു.
സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ഞാൻ ഓടി പോയി എല്ലാ മുറികളും നോക്കി, പകലിൽ എപ്പോഴെങ്കിലും അവൻ ഇതിൽ കയറിയിരുപ്പുണ്ടാകുമോ ? യൂണിഫോം വലിച്ചെറിഞ്ഞിട്ട് ഞാൻ അടുക്കളയിലേക്ക് ഓടി, ഇന്നെല അമ്മയ്ക്ക് കിട്ടിയ പൊതി എന്തായിരുന്നു ? എന്നെ ചേർത്ത് നിർത്തി അവർ പറഞ്ഞു ' അത് വിഷമായിരുന്നു' മോൾ കാണാത്തിടത്ത് വെയ്ക്കണമെന്ന് അമ്മ പറഞ്ഞു. എന്തിന് വേണ്ടിയാണ് വിഷം
ഇവിടെ ? എനിക്ക് പേടിയായി അച്ഛനും അമ്മയും ഉച്ചത്തിൽ സംസാരിച്ചത് ....
അത് എലിയെ കൊല്ലാൻ വേണ്ടിയാണ്, മോൾക്ക് അറിയുമോ ഇപ്പോൾ എല്ലായിടത്തും ഡെങ്കിപ്പനിയും, എലിപ്പനിയും,മറ്റ് പനികളുമാണ്. എലിയാണ് ഇവ പരത്തുന്നത്, ഞാൻ ഇന്നെലെ തന്നെ നമ്മുടെ വീടിൻ്റെ പല സ്‌ഥലത്തും അത് വെച്ചു,
ഒരു എലിയെ കിട്ടി, മോൾ വരുന്നതിന് മുൻപ് തോട്ടത്തിലെ പയ്യൻ അതിനെ കുഴിച്ചിട്ടു. ആന്റി എല്ലാം പറഞ്ഞു തീരുന്നതിന് മുൻപ് ഞാൻ ഓടി എൻ്റെ മുറിയിൽ പോയി തലയിണയിൽ മുഖം അമർത്തി, കരച്ചിലിൻ്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ പാടുപെട്ടു. ഞാൻ ക്ലോക്കിലേക്ക് നോക്കി ആ ശബ്ദത്തിന് പഴയ താളം ഇല്ലായിരുന്നു...
കട്ടിലിൽ കിടന്ന റബ്ബർ ബാന്റ് എടുത്ത് ഞാൻ മുടിയിൽ തിരുകി .. ഒരു വിലപ്പെട്ട സമ്മാനം പോലെ.....