

ശ്രീകുമാർ എഴുത്താണി
ദീർഘകാലം ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി ഇന്ത്യയിലെ പ്രശസ്ത സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകൻ. ജോലിയിൽ നിന്നും സ്വയം വിരമിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മലയാളത്തിൽ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചെറുകഥകളെ കുറിച്ചും എഴുത്താണി എന്ന FB ഗ്രൂപ്പിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ചെറുകഥ എഴുതാൻ പഠിപ്പിക്കുന്ന എഴുത്താണിക്കളരിയുടെ പത്ത് ബാച്ചുകളിലായി നൂറോളം ആളുകൾ പരിശീലനം നേടി. ലിറ്റററി വൈബ്സ് എന്ന ഇംഗ്ലീഷ് ഓൺലൈൻ വാരികയിൽ തന്നെ നൂറിലധികം കഥകൾ എഴുതി. ഇപ്പോൾ ChatGPT ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ക്രിയേറ്റീവ് ആപ്പിന്റെ ലാംഗ്വേജ് ഫെസിലിറ്റേറ്റർ ആയി ജോലി ചെയ്യുന്നു. ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്. ഫിഫ്ത് എലമെന്റ് ഫിലിം, പെബിൾ ഡ്രോപ്പ് ഇൻറീരിയർ ഡിസൈൻ സ്റ്റുഡിയോ എന്നിവയുടെ പാർട്ടണർ ആണ്.
Contact :
9995866840
*ഒരു പക്ഷേ*
(ശ്രീകുമാർ എഴുത്താണി)
ഭുവനേശ്വറിലെ പാതകളിൽ, വഴിയോരക്കച്ചവടക്കാരുടെ മുന്നിലെ തിക്കും തിരക്കും സഹിച്ച് ആരിഫും മീരയും നടന്നു. പലരും അവരുടെ ദേഹങ്ങളിൽ തട്ടുകയും മുട്ടുകയും ചെയ്യുമ്പോഴും പരസ്പരം സ്പർശിക്കാതെ സൂക്ഷിച്ചാണ് അവരുടെ നടപ്പ്.
വെറുതെ രണ്ടു മുറികൾക്ക് വാടക കൊടുക്കേണ്ട ഒന്നിച്ച് ഒരു മുറിയിൽ താമസിക്കാമെന്ന് മീര പല തവണ പറഞ്ഞതാണ്. ആരിഫിന് അതിൽ താത്പര്യമില്ല. അയാൾക്ക് മീരയെ വലിയ ഇഷ്ടമാണ്. ഒരു ദിവസം പോലും അവളെ കാണാതിരിക്കാൻ കഴിയില്ല.
പക്ഷേ അയാൾ പലതിനെയും ഭയപ്പെട്ടു. മതത്തിനു പുറത്ത് നിന്ന് ഒരു വധുവിനെ കണ്ടെത്തുന്നതിന്റെ അപകടം അയാൾക്ക് നിശ്ചയമുണ്ട്. മാറിയ ഇന്ത്യയിൽ അതൊക്കെ ജീവനു തന്നെ അപകടമായേക്കാം
മീരയ്ക്കും ഇതൊന്നും അറിയാതെയല്ല. അതാണ് അവൾ തന്റെ മതവുമായി ബന്ധപ്പെട്ട എല്ലാ വിശ്വാസങ്ങളെയും വെറുക്കുന്നത്. പുനർജന്മത്തിൽ ആരിഫിന് പോലും വിശ്വാസമുണ്ട്. പക്ഷേ മീരയ്ക്ക് അത് വെറുമൊരു കെട്ടുകഥയാണ്.
ആരിഫ് പുനർജ്ജന്മത്തെക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ട്. ധാരാളം തെളിവുകളും അവന്റെ പക്കൽ ഉണ്ട്. പക്ഷേ അതൊന്നും ഇതുവരെ മീരയുടെ മനസ്സ് മാറ്റാൻ പര്യാപ്തമായിട്ടില്ല.
"ഇത്രയും ശാസ്ത്രബോധമുള്ള നിങ്ങൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ കുടുങ്ങിപ്പോകുന്നത് കഷ്ടമാണ്, "മീര പലപ്പോഴും ഇങ്ങനെ പറഞ്ഞ് ആരിഫിനെ വെല്ലുവിളിക്കാറുണ്ട്.
"സത്യത്തിൽ എന്റെ ശാസ്ത്രബോധമാണ് ഞാൻ ഇതിൽ വിശ്വസിക്കാൻ കാരണം. തെളിവല്ലേ ശാസ്ത്രത്തിന് വേണ്ടത്. അത് വേണ്ടുവോളമുണ്ടല്ലോ. എങ്കിലും മീരയ്ക്ക് സംശയമാണ്. ശാസ്ത്രബോധമില്ലാത്തതാണ് കാരണം" ഈ ഉത്തരം ആരിഫും പലവട്ടം ആവർത്തിച്ചിട്ടുണ്ട്.
"അങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് തന്നെയാണ് എന്റെയും ഉള്ളിൽ. ഞാൻ ഒരു മുസ്ലിമോ ആരിഫ് ഒരു ഹിന്ദുവോ ആയി ജനിച്ചാൽ പോരെ? ഇനി അതിനും ഉണ്ടാകുമോ എന്തെങ്കിലും തടസ്സം?"
ഇത് പറഞ്ഞിട്ട് മീര ആരിഫിനെ ഒന്ന് പാക നോക്കി
"മനം പോലെ മംഗല്യം," മീര മനസ്സിൽ പറഞ്ഞു
"ആ ഭാഗ്യം അടുത്ത ജന്മത്തിലും ഉണ്ടാകാനിടയില്ല."
"മനം പോലെ മംഗല്യം" ആരിഫ് പറഞ്ഞു
"എന്താ എന്റെ മനസ്സിന് കുഴപ്പം?" താൻ മനസ്സിൽ പറഞ്ഞത് ആരിഫ് എങ്ങനെ കേട്ടു എന്നതിൽ മീരയ്ക്ക് അത്ഭുതം തോന്നിയില്ല. അവർ തമ്മിൽ ഇത് സാധാരണമാണ്. ചോദിക്കുന്നതിന് മുൻപേ മറ്റെയാൾ ഉത്തരം പറയുന്നത് സ്ഥിരമാണ്.
"ഓ ഒന്നുമില്ല. നോക്കിക്കോ ഇങ്ങനെ വിശ്വാസവും കൊണ്ട് നടന്നാൽ അടുത്ത ജന്മത്തിൽ നീ മുസ്ലിമും ഞാൻ ഹിന്ദുവും ആയി ജനിക്കും," ആരിഫ് പറഞ്ഞു.
"എന്നാൽ ഒരു കാര്യം ചെയ്യ്, എന്നെയും നിൻറെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരൂ. ഒരേ വിശ്വാസമായാൽ പിന്നെ വീണ്ടും ഒരേ മതത്തിൽ ജനിക്കാമല്ലോ. ഒരു തടസ്സവും ഇല്ലാതെ മീരയും മുരളിയുമായോ ആമിനയും ആരിഫുമായോ കഴിയാം"
"ഈ ആർത്തികൊണ്ട് നമ്മൾ ആരിഫും മുരളിയുമായോ മീരയും ആമിനയുമായോ ആകും ജനിക്കുക."
*******************
പിന്നെയും വർഷങ്ങൾ കടന്നുപോയി. മെല്ലെ മെല്ലെ മീര ആരിഫിന്റെ വാദങ്ങളിലും കഴമ്പുണ്ടെന്ന് ചിന്തിക്കാൻ തുടങ്ങി. ഏറെ കാലം എടുത്തെങ്കിലും ഒടുവിൽ ഒരു ദിവസം മീര തൻറെ വിശാസത്തിലുണ്ടായ മാറ്റം ആരിഫിനോട് തുറന്ന് പറഞ്ഞു.
ഒരു വെറും വിശാസത്തിലുള്ള മാത്രമായിരുന്നെങ്കിലും മീര അത് ഒരു ഉത്സവമാക്കി മാറ്റി. ആരിഫിനെ തൻറെ മുറിയിലേയ്ക്ക് ക്ഷണിച്ചു. ഒരു ആദ്യരാത്രിക്ക് എന്നപോലെ മുറി അലങ്കരിച്ചു. ആരിഫിന് ഇഷ്ടപ്പെട്ട ആഹാരമെല്ലാം ഒരുക്കിയും വെച്ചു.
"ഇതെന്താ ആദ്യരാത്രി പോലെ? ഗംഭീരമായല്ലോ ബെഡ്‌റൂമൊക്കെ?"
"ഓ ആദ്യരാത്രിയും അവസാനരാത്രിയുമൊന്നുമില്ല. ജീവിതം പോലെ രാത്രിയും അവസാനിക്കുന്നതും തുടങ്ങുന്നുമൊന്നുമില്ല. പകൽ എന്നത് ഏറെ നീണ്ട ഒരു ഇടവേള മാത്രം."
"ഓ,കവിതയും ഒരുക്കിയോ, A book of verse beneath the bough...ബാക്കി ഓർക്കുന്നില്ല."
ചിരിച്ചുകൊണ്ട് ആരിഫ് അവളെ അടുപ്പിച്ചു. സത്യത്തിൽ നമ്മൾ കാലദേശങ്ങൾ കടന്നു നീളുന്ന വളരെ വളരെ നീണ്ട ഒരു പ്രണയകഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്."
"ബാക്കി ഇവിടെയുണ്ട്, നോക്കൂ, A jug of wine, loaves and loaves of bread. പാടാൻ ഞാനില്ല എന്ന് മാത്രം. തന്നേ പാടിയാൽ മതി," മീര നാണത്തോടെ പറഞ്ഞു
പാടാൻ അറിയില്ലെങ്കിലും ആരിഫ് തന്റെ ഘനഗംഭീരമായ ശബ്ദത്തിൽ തന്റെ പ്രിയഗാനം പാടി. ചില വരികൾ മീരയും ഏറ്റുപാടി
"...ഹാ... ബാദൽ ബിജിലി ചന്ദൻ പാനീ ജൈസാ അപ്നാ പ്യാർ ലേനാ ഹോഗാ ജനം ഹമേ കഭീ കഭീ ബാർ..."
*********************************************************
വർഷങ്ങൾക്കുശേഷം, പൊടിപിടിച്ച ഒരു ക്ലാസ് മുറിയിൽ, ഒരു പ്രൊഫസ്സർ തന്നോളം പ്രായമുള്ള ഒരു ഗവേഷണ വിദ്യാർത്ഥിക്ക് ഒരു കഥ പറഞ്ഞുകൊടുത്തു. അതേ കാമ്പസ്സിൽ തന്നെ പണ്ടെങ്ങോ നടന്ന ഒരു സംഭവം.
"ബട്ട് വൈ?" വിദ്യാർത്ഥി ചോദിക്കുന്നു.
"എനിക്കെങ്ങനെ അറിയാം. പോലീസിനുപോലും മീരയുടെ മോട്ടിവേഷൻ തെളിയിക്കാൻ പറ്റിയില്ല. അവരും കൂടെ ചത്തുകളഞ്ഞില്ലേ"
"എങ്കിലും എന്തെങ്കിലും കാരണം ആരെങ്കിലും ഊഹിച്ചിട്ടുണ്ടാവില്ലേ?"
"ഉണ്ടാവും ... എനിക്കൊരു തിയറിയുണ്ട്. ആരിഫിനെയും കൊന്ന് അവരും ആത്മഹത്യ ചെയ്തില്ലേ. അന്ന് വരെയുള്ള വിവരങ്ങൾ അവർ വിശദമായി ഒരു ഡയറിയിൽ എഴുതിവെച്ചിരുന്നു. എനിക്ക് അതൊരിക്കൽ ഫോറെൻസിക്ക് സ്റ്റഡീസിന്റെ ഭാഗമായി ഒന്ന് കാണാൻ കിട്ടി."
"എന്താണ് സാർ, സാറിൻറെ തിയറി?"
പ്രൊഫസ്സർ അവൻറെ സ്ത്രൈണമായ ചുണ്ടുകളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു, "എടോ മുരളീ, എനിക്ക് ഈ പുനർജന്മത്തിലൊന്നും തീരെ വിശ്വാസമില്ല. ഇല്ലാത്ത പുനർജന്മ കഥ വിശ്വസിച്ച് പ്രിയപ്പെട്ടവരെ കൊല്ലാനും വയ്യ .... അത് പോട്ടെ, ലഞ്ച് എടുക്ക്. ബ്രേക്‌ഫാസ്റ് നീ കരിച്ച് പുകച്ച് ഇല്ലാതാക്കി. ഇനി ഇതെന്താവുമോ എന്തോ"
"ഒന്നും നാവിന് പിടിക്കില്ലല്ലോ."
"ആർക്ക്?"
മറുപടിയായി സാറിന് എന്നേ മുരളി പറഞ്ഞുള്ളു.
വീട്ടിലായിരുന്നെങ്കിൽ അയാളുടെ പേര് പറയാമായിരുന്നു. യൂണിവേഴ്സിറ്റിയിൽ തന്റെ പ്രൊഫസ്സർ മാത്രമല്ലേ, സാർ എന്നോ പ്രൊഫസ്സർ എന്നോ മാത്രമേ വിളിക്കാവൂ എന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്.
അവൻ പെട്ടെന്ന് കഴുത്തിൽ തടവി നോക്കി. അദൃശ്യമായൊരു കയറ് കഴുത്തിൽ കുരുങ്ങിയപോലെ തോന്നി.
അതുകണ്ട് അവൻറെ മനസ്സ് വായിച്ച പോലെ പ്രൊഫസ്സർ പുഞ്ചിരിച്ചു. എന്നിട്ട് ഉള്ളിൽ പറഞ്ഞു, 'വേറെയും വഴികളുണ്ടല്ലോ'
അത് തന്റെയും ഉള്ളിൽ മുഴങ്ങിയിട്ടെന്നപോലെ മുരളി പറഞ്ഞു, "ഒരു വഴിയുണ്ട്, ഇനി മുതൽ കുക്ക് ചെയ്യേണ്ട, സ്വിഗ്ഗി തന്നെ ശരണം."
പരസ്പരം മനസ്സ് വായിക്കുന്നതിൽ അവർക്ക് വല്ലാത്ത കഴിവാണ്.