

വെള്ളിയോടൻ
മുഴുവൻ പേര് വെള്ളിയോടൻ സൈനുദ്ധീൻ . കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി. കുഞ്ഞബ്ദുള്ള, ബിയ്യാത്തു എന്നിവർ മാതാപിതാക്കളാണ്. വെള്ളിയോട് ഗവ. ഹൈസ്കൂൾ, മടപ്പള്ളി ഗവ.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
തിരുപ്പൂർ സാഹിത്യപുരസ്കാരം (കഥകളുടെ തമിഴ് വിവർത്തത്തനത്തിന്), അബുദാബി ശക്തി ചെറുകഥാ പുരസ്കാരം, ലോകമലയാള കഥാപുരസ്കാരം , യു.എ.ഇ എക്സ്ചേഞ്ച് - ചിരന്തന ചെറുകഥാ പുരസ്കാരം, ഗീതാ ഹിരണ്യൻ സുഹൃവേദി പുരസ്‌കാരം, പ്രവാസി ബുക്ട്രസ്റ്റ് അവാർഡ്, വി.പി.ഫ് - എൻ മൊയ്‌തു മാസ്സർ അവാർഡ്, കരുണ ശ്രീ സാഹിത്യ പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കഥകളും, നോവലുകളും, തമിഴ് , കന്നഡ, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഭാര്യ സൽമ
മൊബൈൽ : 0091- 9495564771, 0097155- 8062584
ഇമെയിൽ : velliyodan@gmail.com
മുത്അ:
വാവയെപോലൊരു മോൾ. അവളുടെ കുസൃതിത്തരങ്ങൾ കണ്ടു നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്ക് ചുവരിൽ ഒറ്റനാണയം കൊണ്ട് എന്തൊക്കെയോ വരച്ചിടുന്നുണ്ട്. വക്കീലാഫീസിൻ്റെ ചുവരുകൾ വരഞ്ഞു വൃത്തികേടാക്കുന്നത് കണ്ട് കുപിതയായ അവളുടെ ഉമ്മ (ഞാൻ അങ്ങനെ കരുതി)കുട്ടിയുടെ കണങ്കാലിനിട്ട് രണ്ട് അടി അടിച്ചു. വേദനിച്ചില്ലെങ്കിലും അവളൊന്ന് കരഞ്ഞു. എൻറുമ്മ പറയാറുള്ളതുപോലെ കള്ളകരച്ചിൽ . എനിക്ക് നല്ല രസം തോന്നി, അവളുടെ ഈ കരച്ചിൽ കാണാൻ. ഒരു തുള്ളി കണ്ണുനീർ വീഴുന്നില്ല. എങ്കിലും വാ തുറന്നുപിടിച്ചാണ് കരയുന്നത്. വാവയെപോലെ തന്നെ മുൻനിരയിലെ രണ്ട് പല്ലുകളില്ല. പുതിയത് വരാൻ പഴയത് കൊഴിഞ്ഞു പോയതാവും. കരച്ചിലിനിടയിൽ അവളെന്നെ ഒന്ന് നോക്കി. ഞാൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നായപ്പോൾ അവൾ അല്പം നാണം കുണുങ്ങിയായി. തല ഒരു ഭാഗത്തേക്ക് ചെരിച്ചു, ഒളികണ്ണിട്ട് എന്നെ നോക്കി. ചുണ്ടുകൾ പരിഭവത്താലേ കോട്ടി, വലതുകാലിൻ്റെ തള്ള വിരൽ കൊണ്ട് നിലത്ത് അലക്ഷ്യമായി വരഞ്ഞുകൊണ്ടിരുന്നു.
"മിസിരികളാണെന്ന് തോന്നുന്നു", സുഹൃത്ത് ഹക്കിമിനോട് പറഞ്ഞു.
"അല്ല, അവർ ഇറാനികളാണ്." അവൻ ഉറപ്പിച്ചു പറഞ്ഞു. അവരുടെ സംസാരത്തിൽ നിന്നാണ് അവൻ അങ്ങനെ ഊഹിച്ചതെന്ന് ഞാൻ മനസ്സിലാക്കി. അവളെപ്പോലെ തന്നെ ഉമ്മയും സുന്ദരിയാണ്. നീല ജീൻസും , നിറയെ പല വർണ്ണങ്ങൾ കൂടിച്ചേർന്ന കമ്മീസും കൂടാതെ കറുത്ത ഹിജാബ് കൊണ്ട് തലമുടി മുഴുവൻ മറയ്ക്കുകയും ചെയ്തിരിക്കുന്നു. കൂടെ ആ സ്ത്രീയുടെ ഉമ്മയെന്ന് തോന്നിക്കുന്ന വൃദ്ധയായ ഒരു സ്ത്രീയും. മൂന്ന് തലമുറകളിലെ മൂന്ന് പെണ്മനസ്സുകൾ. ഈ മൂന്ന് പേരും കൂടെ എന്തിനാണ് വക്കീലോഫീസിൽ വന്നതെന്ന് എനിക്കറിയാൻ കഴിഞ്ഞില്ല. എന്തെങ്കിലും കേസ് കാണും. ഞാൻ ഊഹിച്ചു. ചിലപ്പോൾ ത്വലാഖോ മറ്റോ ആയിരിക്കാനാണ് സാധ്യത.
ഞാൻ ആ കുട്ടിയെ മാടി വിളിച്ചു. അവൾ വന്നില്ല. അവൾ ഉമ്മയോട് കൂടുതൽ ഒട്ടിച്ചേർന്നു നിന്നു. ഞാൻ പേനയും മൊബൈൽ ഫോണും കാണിച്ചു, അവളെ ആകര്ഷിക്കുവാ. ഒരു ഫലവുമില്ല. എനിക്കവളെ ഒന്ന് മുത്തണമെന്ന് തോന്നി. വാവായെപ്പോലൊരു കുട്ടി. അവളെ ഉമ്മയുടെ കാലിനടിയിൽ നിന്ന് ബലമായി പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു. അതുവരെ എൻ്റെ ചേഷ്ടകളൊന്നും ശ്രദ്ധിക്കാതെ, വക്കീലുമായി ചർച്ച ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്ന ഹക്കീം എന്നോട് പറഞ്ഞു.
" ഓവറാക്കല്ലേ, ഒന്നുകിൽ മേൽ പറ്റും , അല്ലെങ്കിൽ ആ സ്ത്രീകൾ നിന്നെ ചീത്ത പറയും. ഇറാനികളാണ്."
അഹ്മതി നജാദിയുടെ വീര്യമാണ് എനിക്കിപ്പോൾ ഓർമ്മ വന്നത്. ഒപ്പം ആയത്തൊള്ള ഖുമൈനിയുടെ സങ്കുചിതത്വവും. അതിനാൽ സൂക്ഷിച്ച് വേണം, മനസ്സ് അങ്ങനെയും പറഞ്ഞു. അതിന് ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ. വക്കീലാപ്പീസായതിനാലാകാം, മനസ്സിനകത്ത് തന്നെ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പ്രതീക്ഷിച്ച പോലെ ഉമ്മയിൽ നിന്നോ, ഉമ്മൂമ്മയിൽ നിന്നോ എതിർപ്പുകൾ ഒന്നും ഉണ്ടായില്ല. പകരം ഉമ്മം ചിരിച്ചുകൊണ്ട് അവൾക്ക് സമ്മതം നൽകി. നാണിച്ച് അല്പം വൈമനസ്യത്തോടെയാണ് അവൾ എന്നോട് ചേർന്ന് നിന്നത് .
'വാട്ട് ഈസ് യുവർ നെയിം?' ഇംഗ്ലീഷിലാണ് ഞാൻ ചോദിച്ചത്. അങ്ങനെ ചോദിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം, ഇവിടെ ജീവിക്കുന്ന എല്ലാ കുട്ടികളും, മലയാളികളെ പോലെ, മാതൃഭാഷയേക്കാൾ മുമ്പേ, ഇംഗ്ലീഷ് പഠിച്ചു തുടങ്ങും എന്ന എൻ്റെ ധാരണയാണ്. അത് ശരിയല്ലെന്ന് എപ്പോൾ ബോധ്യമായി, കാരണം അവൾക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് തോന്നുന്നു. മറുപടിയൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, എൻ്റെ മുഖത്തേക്ക് മിഴിച്ചു നോക്കുകയും ചെയ്തു. ചിതറി കിടന്ന അവളുടെ തലമുടി വിരലുകൾ കൊണ്ട് ഞാൻ ഒതുക്കി കൂട്ടി. അവളുടെ കൈകൾ തമ്മിൽ താളത്തിൽ മുട്ടിച്ച് അവളുടെ മുഖത്ത് നോക്കി ഞാനൊരു പാട്ട് പാടി.
'നമ്മം നമ്മം നാറാച്ചീ ........... ' പാട്ട് കേട്ട് അവൾ കുണുങ്ങി ചിരിച്ചു. അർത്ഥം മനസിലായിട്ടല്ല. മലയാളം അവൾക്ക് അന്യമാണല്ലോ. എൻ്റെ മുഖത്തെ ചേഷ്ടകൾ കണ്ടിട്ടാവാം അവൾ ചിരിച്ചത്.
'മാദാ ഇസ്മക് ?'1 ചിരിക്കിടയിൽ ഞാൻ വീണ്ടും ചോദിച്ചു. 'നാദിയ ബിൻത് അഹമ്മദ്' അവളുടെ ഉമ്മയാണ് മറുപടി പറഞ്ഞത്.
"എന്താ ഇവിടെ?" ഞാൻ അവളുടെ ഉമ്മയോട് ചോദിച്ചത് മോശമായിപ്പോയോ എന്ന് എനിക്ക് പിന്നീട് തോന്നി. കാരണം അവർ മറുപടി ഒന്നും പറഞ്ഞില്ല. വെറുതെ വക്കീൽഫീസിൻ്റെ ചുവരുകളിൽ, നാദിയ വരച്ചിട്ട വരകളിലേക്ക് നോക്കിയിരുന്നു. വെളിപ്പെടുത്താൻ പറ്റാത്ത ഏതോ കേസിൻ്റെ ഉള്ളറകളിൽ കിടന്ന് കൂടുതൽ സങ്കീർണ്ണമായി കൊണ്ടിരിക്കുകയാവാം.
പക്ഷേ വൃദ്ധ പറഞ്ഞു. ഇവൾ മുത്അ: കുട്ടിയാണ്. എനിക്ക് കാര്യം മനസ്സിലായില്ല. മുത്അ.! അറബി സംഭാഷണങ്ങൾക്കിടയിൽ ഇതുവരെ കേൾക്കാത്ത വാക്ക്. ഒന്നും മനസ്സിലായില്ലെന്ന ഭാവത്തിൽ ഞാൻ വൃദ്ധയുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അവരെന്തോ പറയാൻ തുനിയും മുൻപേ, ഗുമസ്തൻ വക്കീലിൻ്റെ മുറിയിലേക്ക് കൂട്ടിപ്പോയി. പെട്ടന്ന് എൻ്റെ കൈകളിൽ നിന്ന് നിന്നും നാദിയയെ പറിച്ചു മാറ്റിയത് കൊണ്ടും, മുത്അയുടെ അർഥം അറിയാത്തത് കൊണ്ടും ഞാൻ ഏറെ വിഷണ്ണനായി. ഹക്കീമിനോട് ചോദിച്ചു. എന്താണീ മുത്അ:?. അവനുമറിയില്ലെന്ന് അവൻ്റെ മുഖഭാവത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു. ഏറെ സമയം കഴിഞ്ഞില്ല. ആ മൂന്ന് പെൺമനസ്സുകളും ഇറങ്ങി വന്നു. ഹക്കീം അകത്തേക്കും. ഞാൻ നാദിയയെ ഏതോ ഒരു അവകാശബോധത്തോടെ വാരിയെടുത്തു മുത്തം നൽകി. അവൾ കൈകൾ കൊണ്ട് എൻ്റെ കഴുത്തിൽ കൊണ്ട് എൻ്റെ കഴുത്തിൽ ഇക്കിളിപ്പെടുത്തി. ഞാനവളേയും. അവൾ ഇക്കിളിയായി ചിരിച്ചു. രണ്ടു കൈകൾ കൊണ്ടും എൻ്റെ കഴുത്തിൽ കോർത്തിണക്കി രണ്ട് കൈകളിലും മുത്തം തന്നു. അതിനിടെ അവൾ എൻ്റെ ചുണ്ടുകൾ ചേർത്ത് പിടിച്ച് ഒരു ചുണ്ടെലിയുടെ കൂർത്ത മുഖത്തിൻ്റെ ആകൃതിയിലാക്കിയിരിക്കുന്നു. അത് കണ്ട് അവൾ തന്നെ ചിരിക്കുകയും ചെയ്യുന്നു.
നിങ്ങൾ നല്ല കൂട്ടായല്ലോ' നിറഞ്ഞ സന്തോഷത്തോടയാണ് ഉമ്മ അങ്ങനെ പറഞ്ഞത്..
ങ്ങും .. അവളെൻ്റെ, വാവയെപോലെയാണ് . '
നിങ്ങൾക്കെത്ര കുട്ടികളാണ്?.'
'എനിക്ക് കുട്ടികളില്ല ''
'പിന്നെ വാവ ''
എൻ്റെ സുഹൃത്തിൻ്റെ മകളാണ്.. എനിക്കേറെ പ്രിയമാണവളെ'
പിന്നെ , എന്താണീ മുത്അ: കുട്ടി?. അർത്ഥമറിയാൻ ഞാൻ അവളോട് തന്നെ ചോദിച്ചു. അപ്പോഴേക്കും വക്കീൽ മുറിയുടെ ഗ്ലാസ് ഡോർ തുറന്ന് വൃദ്ധ, പേർഷ്യൻ ഭാഷയിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പുറത്തേക്കിറങ്ങിയിരുന്നു. പിന്നാലെ കുഞ്ഞിനേയുമെടുത്ത് അവളും. ഒരു ഉൾപ്രേരണയാലെന്നെ പോലെ കൂടെ ഞാനും പുറത്തേക്കിറങ്ങി. ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായും ഇവൾ ഞങ്ങളുടെ കുട്ടിയായും വെറുതെ സങ്കൽപ്പിച്ചു. ബട്ടൺ അമർത്തിയപ്പോൾ യാന്ത്രികമായി വന്ന നിന്ന ലിഫ്റ്റിനകത്തേക്ക് ഞങ്ങൾ കയറി. പക്ഷേ എൻ്റെ ചോദ്യത്തിന് ഇതുവരെയും ഉത്തരം പറഞ്ഞില്ല. ഒരു ഓർമ്മപ്പെടുത്തലെന്നോണം ഞാൻ ആ സ്ത്രീയോട് ചോദിച്ചു.
മുത്അ:?.
ഉത്തരത്തിന് പകരം അവൾ മറുഒരു ചോദ്യമാണ് എന്നോട് ചോദിച്ചത്.
" നിങ്ങൾ ഏത് മതക്കാരനാണ്?
മുസ്‍ലീം നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഒന്നാണോ മുത്അ? എങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു മുസ്ലീമിന് മുത്അ: അറിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ ഒരു പാരമ്പര്യ മുസ്ലീമാണ്. തലമുറകൾക്കപ്പുറം കേരളത്തിലെ ഹിന്ദുക്കളിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ട ശരാശരി മലയാളി മുസ്‌ലിം. എൻ്റെ മുൻതലമുറക്കാർ ബ്രഹ്മണരായിരുന്നു എന്ന് പറഞ്ഞു എൻ്റെ ഉപ്പ അഭിമാനം കൊള്ളുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ നല്ല തറവാടിത്തമുള്ളവരായിരുന്നു എന്നും ഉപ്പ പറയാറുണ്ടായിരുന്നു. മതം മാറിയിട്ടും പരമ്പരകൾ കഴിഞ്ഞിട്ടും മാഞ്ഞു പോകാത്ത ജാതീയതയുടെ രക്തം.
'നിങ്ങൾക്ക് നിക്കാഹ് അറിയുമോ?.'പെട്ടന്നായിരുന്നു അവൾ അങ്ങനെ ചോദിച്ചത്.
പിന്നെ അതറിയാതിരിക്കുമോ?. ഞാൻ വളരെ അനായാസമായി മറുപടി പറഞ്ഞു.
' എങ്കിൽ നിഹാക്കിൻ്റെ മറ്റൊരു രൂപമാണ് മുത്അ:' അവൾ വീണ്ടും എന്നെ ആശയകുഴപ്പത്തിലായി. നിഹാക്കിന് അങ്ങനെ മറ്റൊരു രൂപമുണ്ടോ?. വാക്കുകളെ മുകളിലും താഴെയുമായി മാറ്റി വെച്ച് ഗണിച്ചു നോക്കി. ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല.
അടുത്തുള്ള കഫ്റ്റീരിയായിൽ മെഷീനകത്ത് കറങ്ങിവരുന്ന കോഴികളെ നിസംഗതയോടെ നോക്കി നിന്നതല്ലാതെ എനിക്കൊന്നും മനസ്സിലായില്ല. ഇതിനിടയിൽ കാറിൽ കയറി അവർ മറയുന്നത് നേർത്ത കൺപടലങ്ങൾക്കിടയിലൂടെ ഞ്ഞാൻ കണ്ടു .
തിരികെ വക്കീലോഫീസിലെത്താൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. അപ്പോഴും ഹകീം വക്കീലിൻ്റെ ക്യാബിനിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. ഓഫീസ് ബോയ് കാസർകോട്ടുകാരൻ റഫീക്ക് ഇച്ചയ്ക്ക് ഞാൻ 50 ദിർഹം വാഗ്‌ദാനം ചെയ്തു. ഫയലിൽ നിന്നും അവരുടെ ഫോൺ നമ്പർ എടുത്തു തരാൻ.
ഫോൺ ചെയ്യുമ്പോൾ നല്ല ഭയമായിരുന്നു. സ്ത്രീയാണ്. വല്ല ഗുലുമാലും വന്ന് പെട്ടാൽ പെട്ടത് തന്നെ. ഉരുകിത്തീരാൻ ബാക്കി നിന്ന ആത്മ ധൈര്യത്തിൻ്റെ ഒരംശം എന്നിലിപ്പോഴും അവശേഷിക്കുന്നുണ്ടായിരുന്നു. അതിനാലാകാം ഞാൻ അവളെ ഫോൺ ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം അബൂശഗാറ പാർക്കിൽ വരാമെന്ന് അവൾ സമ്മതിച്ചു.
കൊനാരസ്താൻ ഗ്രാമത്തിലെ ഷിയാ മസ്ജിദിൽ നിന്നും ദീർഘമേറിയ മഗ്‌രിബ് ബാങ്ക് വിളി കേട്ടതിന് ശേഷമാണ് ഹസ്സൻ അലി ആട്ടിൻ കൂട്ടത്തെ തൻ്റെ ആലയിലേക്ക് തെളിച്ചത്. ആട്ടിൻപറ്റം ദാഹമകറ്റികൊണ്ടിരിക്കുന്ന നീർച്ചാലിൽ നിന്നു തന്നെ ഹസ്സൻ അലിയും, നാല് പാത്രം വെള്ളം ശേഖരിച്ചത്, ഇന്ന് രാത്രിയേക്കും നാളത്തേതിനുമാണ്. കൊനാരസ്താൻ മണൽ അലക്കിയ തുണിയുടെയും ആട്ടിൻ ഗന്ധവും മാത്രമാണ് പരിചയിച്ചത്. ഗ്രാമത്തിലെ യുവാക്കളുടെ പ്രണയഗന്ധം തേടിയാവാം, ഈ മണൽ നാടോടിയായ കാറ്റിനോടൊപ്പം ചേർന്ന് വിദൂര നഗരങ്ങളിലേക്ക് ചേക്കേറിയത്. അജമി2യായ ഭാര്യ ഫാത്തിമ,
ടെന്റിൽ തുണികളെല്ലാം ഇസ്തിരിയിടുന്നത് നാളെ തിരിച്ചേൽപ്പിച്ച് റൊട്ടി വാങ്ങാനാണ്. എവിടെ നിന്നോ ഒരു വണ്ടിൻ്റെ മൂളലുമായി വന്ന കാറ്റിൽ ടെൻട് ചെറുതായൊന്ന് നൃത്തം ചെയ്തു. അനിയത്തി ഇമാന് ആവന്തിയിലെ3 കഥകൾ പറഞ്ഞുകൊണ്ടിരുന്ന റഹിയ, പെട്ടന്ന് അവളെയും കൂട്ടി പുറത്തേക്ക് ഓടി. കാറ്റ് പരിക്കേൽപ്പിക്കാതെ ഓടി മറഞ്ഞതിന് ശേഷമാണ് അവർ ടെൻടിനകത്തേക്ക് തിരികെ വന്നത്. കാറ്റിൽ നൃത്തം ചെയ്യാത്ത ഒരു വീട്, നൂലറ്റു പോയ മോഹപ്പട്ടമായി ആകാശത്തേക്ക് കാറ്റിനോടൊപ്പം പറന്നു.
ആടുകളെ ആലയിൽ കെട്ടി ശുദ്ധമോ അശുദ്ധമോ ആയ വെള്ളത്തിൽ വുളു4 ചെയ്തത് ഖുർആനിന് മുകളിൽ സൂക്ഷിച്ച വിശുദ്ധ കല്ലുമെടുത്ത് ഹസൻ അലി പള്ളിയിലേക്ക് പുറപ്പെട്ടു. സാധാരണത്തേതു പോലെ റഹിയ സുലൈമാനിയുമായി വാപ്പയ്ക്ക് മുന്നിൽ വന്നില്ല. ഒരു ചോദ്യചിഹ്നം പോലെ അയാൾ ഫാത്തിമയുടെ നേരെ മുഖമുയർത്തി.
' അവൾക്ക് ഇന്ന് വയസ്സറീച്ചിരിക്കുന്നു. വയസ്സ് 14 ആയില്ലേ.' ഭാര്യ അങ്ങനെ പറഞ്ഞപ്പോൾ ഹസൻഅലി എന്തോ നിശ്ചയിച്ചുറച്ചത് പോലെയാണ് പുറത്തേക്കിറങ്ങിയത്. റഹിയക്ക് ഉമ്മയോട് നീരസം തോന്നാതിരുന്നില്ല. ഇതൊക്കെ എന്തിനാ വാപ്പയോട് പങ്കു വെക്കുന്നത്. അതീ പിന്നെ വാപ്പ എന്നും റഹിയയെ സൂക്ഷിച്ച് നോക്കൽ പതിവായി. നാട്ടു വളർത്തിയ തൈ കായ്ക്കുമോ എന്നതുപോലെ. ദിവസങ്ങൾ ചക്രവാളത്തിനപ്പുറത്തേക്ക് പറന്നു പോകാൻ അധികം സമയം വേണ്ടിവന്നില്ല.
അബുദാബിയിൽ നിന്നാണെന്ന് വാപ്പ ഉമ്മയോട് പറയുന്നത് റഹിയ മെല്ലെ കേട്ടു. ആശൂറാ5 നാളിൽ പള്ളിയിൽ പ്രസംഗിക്കാൻ വന്ന മുല്ലയിൽ നിന്നാണത്രേ അയാളെ പരിചയപ്പെട്ടത്. ദിർഹമിനാണത്രേ . അൻപതിനായിരം .
കാലാവധി അറുപത് ദിവസം.
മുത്അ:
റഹിയ സ്വയം ശപിച്ചു കൊണ്ടിരുന്നു. ഷിയാ മുസ്ലിമിൽ ജനിപ്പിച്ച ദൈവത്തോട് തന്നെ അവൾക്ക് പുശ്ചവും ദേഷ്യവും തോന്നി.
മുത്അ:കളിൽ ലയിച്ച് ഈ ജന്മം ബാഷ്പീകരിക്കപ്പെട്ടേക്കാം. ഒരായിരം മുത്അ:കൾ ചേർന്നാലും ആകണമെന്നില്ലെന്നുള്ള യാഥാർത്ഥം, അവളെ ഭയപ്പെടുത്താതിരുന്നില്ല. പ്രതീക്ഷകൾക്ക് പൂർണ്ണ വിരാമമിടുന്ന ജന്മം. ഒരു മണിക്കൂർ മുതൽ അറുപത് വര്ഷം വരെ തുകയുടെ വലിപ്പത്തിനനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കാം . നിഹാക്കിൽ മാത്രം സംഭവ്യമായതും മുത്അ:യിൽ അസംഭ്യവുമായ സ്നേഹത്തിൻ്റെ അഴികൾ അവൾ ഓരോന്നായി അഴിച്ചെടുത്തു.
ഉമ്മയോട് കുറെ കരഞ്ഞു പറഞ്ഞു. മതത്തിൻ്റെ വേലിക്കെട്ടുകൾ തകർക്കാൻ കഴിയില്ലെന്ന നിസഹായതയായിരുന്നു ഉമ്മയുടെ മുഖത്ത്.
സ്ത്രീ പുരുഷൻ്റെ ഹഖ്6 ആണെന്ന്..
പണം നല്കിയവൻ്റെ അവകാശ വസ്തു.
അചേതനമായ ഒരു ദേഹോപകരണം
സ്നേഹം , പ്രണയം എന്നീ വികാരങ്ങൾ സ്ത്രീയുടെ ഹഖ് അല്ലേ?. അവളുടെ മനസ്സിലെ ചോദ്യങ്ങൾക്ക് എന്നും ശബ്ദരൂപം അന്യമാണ്. വൃദ്ധനാണ് . അറുപത്തിയഞ്ചിന് മുകളിലായിരിക്കും.
'പ്രായം നോക്കേണ്ട , എല്ലാം ഉഷാറാണ്.' അയാളുടെ വാക്കുകൾ കേട്ടപ്പോൾ റാഹിയയ്ക്ക് ഓക്കാനം വന്നു.
അറുപതാം നാളിലെ സൂര്യാസ്തമയത്തിന് അബുദാബിയിലേക്ക് പോകുമ്പോൾ അയാളോടൊപ്പം അവളുടെ മാസക്കുളിയും യാത്രയായിരുന്നു.
മുത്അ:ബീജം, പിന്നെ ഭ്രൂണമായും, ശിശുവായും രൂപാന്തരം പ്രാപിച്ചു.
'കേരളത്തിൽ ഇത് നിലവിലിലല്ലേ?. ഞാൻ അത്ഭുതം കൂറിയത് കണ്ട് ആവക ചോദിച്ചു. കേരളത്തിലെന്നല്ല, ലോകത്തൊരിടത്തും ഇത് നിലവിലില്ല. ഞാൻ ഉറപ്പിച്ചു പറഞ്ഞു.
മക്കാ വിജയത്തിന് ശേഷം, പ്രവാചകൻ ഇത് അന്ത്യാനാൾ വരെ നിരോധിച്ചതാണ്. ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ അവളോട് പറഞ്ഞു. മനുഷ്യാവകാശങ്ങളിൽ പെണ്ണവകാശങ്ങളും പെടുമെന്ന് നിങ്ങളുടെ ഭരണകൂടം അറിയുന്നില്ല . ഞാനതു പറയുമ്പോൾ എൻ്റെ മടിയിലേക്ക് ഓടി വന്ന നാദിയയുടെ മുഖത്ത് മുത്അ:യും നിഹാക്കും ഇറാനും ഒന്നും പതിഞ്ഞിരുന്നില്ല.
എൻ്റെ വാവയുടെ മുഖമായിരുന്നു.....
വെള്ളിയോടൻ
1 മാദാ ഇസ്മക് .... നിൻ്റെ പേരെന്താണ്.
2അജമി.. നിരക്ഷരത
3അവന്ത... ഇറാനിയൻ ഐതിഹ്യമാല
4വുളു... നിസ്കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്തുന്ന പ്രക്രിയ
5അശൂറാ .. ഇമാം ഹുസൈൻ വധിക്കപ്പെട്ട ദിനം. മുഹറം മാസം പത്താ൦ തീയ്യതി.
6ഹഖ് .. മുതൽ മുടക്കിയവൻ്റെ അവകാശവസ്തു.