

കനലെറിയുന്ന മനസ്സ്
ശ്യാമളാ ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആ സ്വദേശം . മലയാള മനോരമയടക്കമുള്ള പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിലും , അനവധി ഓൺലൈൻ സാംസ്കാരിക പോർട്ടലുകളിലും എഴുതാറുണ്ട്. ഫേസ്ബുക്കിൽ സജീവം.
കനലെറിയുന്ന മനസ്സ്
നേർത്ത നിലാവ് തുറന്നിട്ട ജാലകത്തിലൂടെ മുറിക്കകത്തേയ്ക്ക് എത്തിനോക്കി. മൂടൽ മഞ്ഞിൻ്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള മലനിരകൾ അവ്യക്തമായ നിഴൽപ്പാടുകൾ പോലെ കാണാം. രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദത അന്തരീക്ഷത്തെ വലയം ചെയ്തിരിക്കയാണ്.
ഇന്ദു കിടക്കയിൽ കണ്ണുചിമ്മിക്കിടന്നു. പാതിരാവായിട്ടും ഒരുപോള കണ്ണടയ്ക്കാൻ കഴിയുന്നില്ല. കണ്ണടച്ചാൽ അമ്മയുടെ സ്നേഹമൂറുന്ന മുഖമാണ് കണ്മുന്നിൽ തെളിയുന്നത്. മായയെന്നാണ് അവളുടെ അമ്മയുടെ പേര്. അച്ഛൻ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. അന്നവൾക്ക് നാലു വയസ്സേ ഉള്ളുവത്രേ. അച്ഛനെ അവൾക്ക് ഓർമ്മയില്ല.
ഓരോന്നു ആലോചിച്ചു കിടക്കുമ്പോഴാണ് വീടിനോട് തൊട്ടടുത്തുള്ള "ലക്ഷ്‌മീ സിനിമാ ടാക്കീസിൽ" നിന്നുമൊരു ഗാനത്തിൻ്റെ അലയൊലികൾ കാതിലേക്ക് ഒഴുകിയെത്തിയത്.
"അബ്തേരാ ശിവാ കോനുമരാ" എന്ന ഹിന്ദി പാട്ടിൻ്റെ വരികൾ, അവൾക്ക് ഇഷ്ടമുള്ള പാട്ടാണ് അത്. ആ പാട്ടിൻ്റെ രണ്ടു വരി അവൾ മെല്ലെ പാടുകയും ചെയ്തു. കൺപോളകളെ ഉറക്കം തഴുകാൻ മടിച്ചു നിൽക്കുന്നു.
ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവൾ തുറന്നിട്ട ജനാലഴികളിലൂടെ ആകാശ നീലിമയിലേയ്ക്ക് നോക്കി കിടന്നു. നക്ഷത്ര സമൂഹങ്ങൾ ആകാശത്ത് തൂ വെള്ള വെളിച്ചം തൂകി പുഞ്ചിരി പൊഴിച്ചു നിൽക്കുന്നു.
രാത്രിയുടെ ഏതോ യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. അവളുടെ മുക്കലും, മൂളലും കേട്ട് ഉറക്കത്തിലായിരുന്ന അമ്മ മായ എഴുന്നേറ്റു.
അവർ ഇന്ദുവിനെ കുലുക്കി വിളിച്ചു.
അയ്യോ! നല്ല പനിയുണ്ടല്ലോ മോൾക്ക്. കുളിരുകൊണ്ട് ദേഹമാകെ വിറക്കുന്നു.
അവർ ഷെൽഫ് തുറന്ന് മരുന്നെടുത്ത് മകൾക്ക് നൽകി. കമ്പിളിയെടുത്ത് അവളെ പുതപ്പിച്ചു. മകൾക്ക് കൂട്ടായി അവളുടെ തൊട്ടടുത്ത് തന്നെ കിടന്നു. അവൾ ഒറ്റയ്ക്ക് കിടന്നാൽ ശരിയാവുകയില്ല. പനിച്ചു വിറക്കുന്ന കുട്ടിയാണ്. അമ്മയുടെ നിസ്തുലമായ സ്നേഹത്തിന് മുൻപിൽ അവൾ അരുതെന്ന് വിലക്കിയതുമില്ല. രാവിലേയ്ക്ക് ഭേദമില്ലെങ്കിൽ ഡോക്ടറുടെ അടുക്കൽ പോകണം. മകളോടായി അവർ പറഞ്ഞു.
ഈറനണിഞ്ഞ കണ്ണുകളിലെ ഇറ്റുവീഴാറായ കണ്ണുനീർ തുള്ളികൾ തൻ്റെ പരുപരുത്ത കൈകളാൽ അവർ തുടച്ചു മാറ്റി.
ജനാലയിലൂടെ പുറത്തേക്ക് നോക്കി ആകാശത്ത് പൊട്ടി വിടർന്ന കാർമേഘ വിസ്മയങ്ങളെ നോക്കി അവർ ഏറെ നേരം നിന്നു. പാവം അച്ഛൻ്റെ ലാളനയും സംരക്ഷണവും ഏറ്റു വളരേണ്ട കുട്ടിയാ. മോളുടെ വിധിയോർത്ത് അവർ ദുഖിച്ചു. ആ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു. കനലെരി യുന്ന മനസ്സ് ദിശതെറ്റി പുറകോട്ട് സഞ്ചരിച്ചു. മകളെ കുറിച്ച് ഓർത്തുകൊണ്ട് അവർ കിടക്കയിൽ കിടന്നു.
അന്ന് തനിക്ക് കേവലം പതിനെട്ടു വയസ്സു മാത്രം പ്രായം. വീട്ടിൽ പട്ടിണിയും പരിവട്ടവും. ഒരു ദിവസം ഒരു നേരത്തെ ആഹാരമെന്നത് ശീലമായി മാറിയിരുന്ന കാലം. രോഗിയായ അമ്മയെ പരിചരിക്കേണ്ടിയ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തതുകൊണ്ടുള്ള ജീവിതം. അമ്മയുടെ മരുന്ന് , വീട്ടുചിലവുകൾ ഒക്കെ വഹിക്കുവാൻ കഴിയുന്നതിനും അപ്പുറമായപ്പോഴാണ് വറീത് മുതലാളിയുടെ തോട്ടത്തിൽ പണിയ്ക്ക് പോയത്.
പണിക്ക് പോയി തുടങ്ങിയപ്പോൾ വീട്ടിലെ ദാരിദ്രത്തിന് നേരിയ പരിഹാരം ഉണ്ടായി. അവിടെവെച്ചാണ് മാനേജർ കരുണനെ കണ്ടുമുട്ടുന്നത്. പ്രായാധിക്യം ഉണ്ടെങ്കിലും , അവിവാഹിതനായിരുന്ന കരുണനെന്ന മാനേജർക്ക് തന്നിൽ താല്പര്യം തോന്നുകയും, ആ ബന്ധം ഒരു വിവാഹത്തിൽ കലാശിക്കുകയും ചെയ്‌തു. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന തനിക്ക് ആ വിവാഹം ഒരു ആശ്വാസവുമായി.
പുതുമോടിയുടെ കാലം പെട്ടെന്നു തന്നെ കഴിഞ്ഞു. മകൾ ജനിച്ച ശേഷം ആ സ്നേഹത്തിന് വീണ്ടും മങ്ങലേറ്റു. ഒരു മകൻ വേണമെന്ന് ആഗ്രഹിച്ചിരുന്ന അയാൾക്ക് മകളുടെ ജനനത്തെ ഉൾക്കൊള്ളുവാൻ അത്ര താത്പര്യം ഉണ്ടായില്ല. അദ്ദേഹത്തിൻ്റെ അമ്മയും, പെങ്ങന്മാരും എന്തിനും ഏതിനും തന്നെ കുറ്റപ്പെടുത്തി. മകൻ്റെ ഭീഷണിക്കു വഴങ്ങിയാണ് ഈ വിവാഹം നടത്തിയതെന്ന് മുള്ളും, മുനയും വെച്ച് ചിലപ്പോഴൊക്കെ പറയുവാനും തുടങ്ങി.
എല്ലാം സഹിച്ച് അവിടെ കഴിയുവാൻ വിധിക്കപ്പെട്ട ജീവിതം. മകളുടെ നിഷ്കളങ്കമായ പുഞ്ചിരി കാണുമ്പോൾ ദുഃഖങ്ങൾ വഴിമാറി സഞ്ചരിക്കും. തോട്ടത്തിൽ കൂലി കുറവ്. എങ്കിലും വീണ്ടും പണിയ്ക്ക് പോയി തുടങ്ങി. കിട്ടുന്നത് കൊണ്ട് അമ്മയുടെ ചികിത്സ നടത്തണം. വീട്ടു ചിലവുകൾ നടത്തണം. ജീവിത ചിലവുകൾ കൂടിക്കൂടി വന്നു. മകളുടെ ബുദ്ധിമുട്ടുകൾ അമ്മയ്ക്കും കണ്ണുനീർ സമ്മാനിച്ചു. മകളെ ഒരിക്കലും ജോലിക്ക് വിടാൻ ആ അമ്മ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ജീവിക്കേണ്ട.?.
മകൾ ജോലി കഴിഞ്ഞ് തിരികെ വരുന്നതുവരെ തൻ്റെ അമ്മയുടെ കണ്ണുകളിൽ ഭീതിയുടെ നിഴലയാട്ടം നിലനിന്നു. തൻ്റെ കഷ്ടപ്പാട് കണ്ടാണ് ഈ വിവാഹത്തിന് അമ്മ സമ്മതിച്ചത്. കനലെരി യുന്ന ആ മനസ്സിൽ വിവിധ ചിന്തകൾ പൊട്ടി വിടർന്നു.
ഭർത്താവിൻ്റെ മദ്യപാനം വല്ലാത്ത ഒരു പ്രഹേളികയായി തുടർന്നു. എല്ലാവരും തന്നെ പുകഴ്ത്തി സംസാരിക്കുന്നത് കേട്ട ആയാളുടെ മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ മുള പൊട്ടി. കുടുംബ വഴക്കുകൾക്ക് സൗന്ദര്യമൊരു ഘടകമായി മാറി.
അയാൾ തൻ്റെ ഭാര്യയെ സംശയിക്കാനും കുറ്റപ്പെടുത്താനും തുടങ്ങി. തർക്കങ്ങൾക്ക് പുതിയ മുഖങ്ങൾ രൂപപ്പെട്ടു. മകളോടൊപ്പം നിശബ്ദമായി കഴിയുവാൻ അവൾ വിധിക്കപ്പെട്ടു. മുന്നിൽ അടഞ്ഞ വഴികൾ മാത്രം കണ്ടു ശീലിച്ച അവൾക്ക് മുന്നിൽ പ്രത്യാശയുടെ വാതിലുകൾ ഒന്നും തുറന്നില്ല.
കാലം കടന്നു പോയി. മകൾക്ക് രണ്ടു വയസ്സായി.
അവളുടെ അച്ഛൻ തോട്ടത്തിൽ പണിക്കു വന്നിരുന്ന ജനമ്മ എന്നൊരു സ്ത്രീയുമായി ലോഹ്യത്തിലായി. ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറിയപ്പോൾ ആ ബന്ധത്തിന് പുതിയൊരു അർത്ഥതലം രൂപപ്പെട്ടു. പ്രണയാദ്രമായ ദിനങ്ങൾ അവരുടെ ജീവിതത്തിൽ അരങ്ങേറി. ഒരു ദിവസം ആരോടും പറയാതെ ഭർത്താവ് ജാനമ്മയുമൊത്ത് നാടുവിട്ടു.
മകൻ വീട്ടുകാരുടെ സൽപ്പേര് കളഞ്ഞു എന്ന ആരോപണം ഉന്നയിച്ച് മായയെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും പുറത്താക്കി. കരുണൻ ഓടിച്ചോടിയതിൻ്റെ പഴി കൂടി തൻ്റെ മേൽ ആരോപിച്ചു കൊണ്ട് അയാളുടെ അമ്മയും സഹോദരിയും ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ചു.
മായയുടെ ജീവിതം വീണ്ടും ഇരുളടഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ കടന്നുപോയ ദിനങ്ങൾ. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. അവസാനം ഒരു ചായക്കടയിൽ അരിയാട്ടാനും അടുക്കള പണിക്കുമായി പോയി തുടങ്ങി. ദുഖത്തിൻ്റെ തിരകളിൽ മുങ്ങിയും, പൊങ്ങിയും ജീവിതം ഒഴുകുന്നത് കണ്ട് കരഞ്ഞ അമ്മയുടെ മുഖം മനസ്സിൽ നിന്നും മായുന്നതേയില്ല.
മായ കയ്യിലിരുന്ന തൂവാല കൊണ്ട് മുഖം തുടച്ചു. പിന്നെയും ദുരിതങ്ങൾ തന്നെ വേട്ടയായി. സന്ധ്യക്ക് മലഞ്ചെരുവുകളിൽ നിന്നും സൂര്യൻ മെല്ലെ മേഘക്കീറുകളിലൂടെ തലപിൻവലിച്ച് അപ്രത്യക്ഷമാകുവാൻ തുടങ്ങുമ്പോഴാണ് മിക്കവാറും ജോലി കഴിയുന്നത്. കിളികൾ പതിവില്ലാതെ മരങ്ങളിൽ കൽപിലാ ശബ്‌ദം കൂട്ടി. നേരം വൈകിയതിൻ്റെ അങ്കലാപ്പിൽ വീട്ടിലേക്ക് തെല്ല് പേടിയോടെയാണ് നടന്നത്.
വലിയൊരു ദുരന്തം നടന്ന ലക്ഷണമൊന്നും അവിടെ ഉണ്ടായിരുന്നില്ല. മകൾ ഒന്നുമറിയാതെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്നു. അമ്മ കുളുമുറിയിൽ വീണു ബോധമില്ലാതെ കിടക്കുന്നു. അടുത്ത വീട്ടിലെ പയ്യനേയും കൂട്ടി അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു. തലയിൽ ആറു സ്റ്റിച്ച് വേണമെന്ന് ഡോക്ടർ പറഞ്ഞു. ഒപ്പം ബ്ലഡ് ഉം വേണ്ടിവരുമെന്ന് പറഞ്ഞു.
കയ്യിലാണെങ്കിൽ ഒരു രൂപപോലുമില്ല. അവസാനം അവൾ നിധിപോലെ കഴുത്തിൽ സൂക്ഷിച്ച താലിമാല വിറ്റ് അമ്മയുടെ ചികിത്സ നടത്തി. മോളെയും ആശുപത്രിയിൽ ഒപ്പം കൂട്ടിയിരുന്നു.
അവരുടെ എല്ലാ നീക്കങ്ങളും ശ്രദ്ധിച്ചു കൊണ്ടിരുന്ന ഡോക്ടർ സിസിലിക്ക് അവരോട് അനുകമ്പ തോന്നുകയും തന്നോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും, വിരോധമില്ലെങ്കിൽ കുട്ടികളില്ലാത്ത ഞങ്ങൾക്ക് ഇന്ദുവിനെ മകളായി തരാനും താൻ അവരുടെ സഹോദരിയായി അവിടെ കഴിയാനും അവർ പറഞ്ഞു.
ഇന്ദുവിൻ്റെ നല്ല ഭാവിയെ കരുതി താൻ അത് സമ്മതിച്ചു. താൻ ഇടക്ക് അവിടെ വരാമെന്നും അമ്മയുടെ കാലശേഷമേ തനിക്ക് അവിടെ തുടരാൻ പറ്റു എന്നും അവൾ പറഞ്ഞു.
അങ്ങനെ ഇന്ദു സിസിലിയുടെ മകളായി അവരോടൊപ്പം അവിടെ തുടർന്നു. ഇന്ദുവിൻ്റെ ജീവിത സാഹചര്യങ്ങൾ മാറി. സുഖസൗകര്യങ്ങൾ ഏറിയപ്പോൾ മായയെന്ന അവളുടെ അമ്മയുടെ സാമീപ്യം അവൾ വെറുത്തു തുടങ്ങി. അവൾ സിസിലിയുടേയും ജോണിൻ്റെ യും മകളാണെന്ന് മായയുടെ മുഖത്തുനോക്കി അവൾ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
കാലങ്ങൾ കടന്നു പോയി. ഇതിനിടയിൽ പ്രവചനാതീതമായ പലതും സംഭവിച്ചു. ഇന്ദുവിൻ്റെ വളർത്തമ്മ സിസിലി അവളെ ഒറ്റക്കാക്കി ഈ ലോകത്തോട് യാത്ര പറഞ്ഞു.
പുലർച്ചയായപ്പോഴേക്കും മരണവിവരം എല്ലാവരും അറിഞ്ഞു. കാറുകൾ നിരനിരയായി വീട്ടിലേക്ക് വന്നു. ബന്ധുക്കളുടെയും, സുഹൃത്തുക്കളുടേയും ഫോണിലൂടെയുള്ള അന്വേഷങ്ങൾ മറുവശത്ത്. മോഹലസ്യപ്പെട്ടു കിടന്നരുന്ന ഇന്ദു എഴുന്നേറ്റപ്പോഴേയ്ക്കും ചടങ്ങുകൾ കഴിഞ്ഞിരുന്നു. തിരക്കിൻ്റെ രണ്ടു രാത്രികൾ കഴിഞ്ഞപ്പോഴേക്ക് ആ വീട് ഉറങ്ങിപോയെന്ന് തോന്നി. സിസിലിയുടെ ബന്ധുക്കൾ എല്ലാം അവരവരുടെ തിരക്കിലേക്ക് മടങ്ങി. ജോണിൻ്റെ വരവ് വല്ലപ്പോഴുമായി ചുരുങ്ങി. ഇന്ദുവിൻ്റെ ദിനരാത്രങ്ങൾക്ക് കൂട്ടായി ഏകാന്തതയും, വിരസതയും ചേക്കേറി.
അനാഥത്വം അവളെ കാർന്നു തിന്നു. അമ്മയുടെ സാമീപ്യം ഇഷ്ടമല്ലാതിരുന്നതിനാൽ ആ വഴി അവൾ തേടിയതുമില്ല. ഉറക്കമില്ലാത്ത രാത്രികൾ ഏറെ ദുഷ്‌ക്കരമായി അവൾക്ക് തോന്നി. പകൽ മറ്റു ചിന്തകളിലേക്ക് മനസ്സിനെ പാറ്റി വിട്ട് മാനസിക പിരിമുറുക്കത്തിൽനിന്നും ഓടിയൊളിക്കാം.
സിസിലിയുടേയും ജോണിൻ്റെയും ജീവിതത്തിൽ രഹസ്യങ്ങൾ പലതും ഉണ്ടെന്ന് ഇന്ദുവിന് മനസ്സിലായി തുടങ്ങി. സിസിലിയുടെ മരണശേഷം ജോണിൻ്റെ പെരുമാറ്റത്തിൽ വളരെയേറെ മാറ്റങ്ങൾ കണ്ടു തുടങ്ങി. ആ പെരുമാറ്റം ഇന്ദുവിൻ്റെ പ്രതീക്ഷകൾക്കും അപ്പുറം ഉള്ളതാണ്. അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി. എങ്കിലും ആരോടും അവൾ ഒന്നും പറഞ്ഞില്ല.
ഉറക്കം വരാത്ത രാത്രിയുടെ ഏകാന്ത യാമങ്ങളിൽ അവൾ പുസ്‌തകങ്ങളെ കൂട്ടുകാരാക്കി. ചിലപ്പോൾ വായിച്ചും, ,മറ്റു ചിലപ്പോൾ ചിത്രങ്ങൾ വരച്ചും അവൾ രാത്രികളെ വെല്ലുവിളിച്ചു.
പകൽ സിസിലെ നട്ടുവളർത്തിയ പൂന്തോട്ടത്തിലെ പുൽത്തകിടിയിൽ പോയിരുന്നു ശലഭങ്ങ
ളോടും തുമ്പികളോടും സംസാരിച്ചിരിക്കും.
അവളുടെ വളർത്തമ്മ സിസിലിയുടെ മരണശേഷം ആ വീട് അവൾക്ക് ഏകാന്തത സമ്മാനിച്ചു. എങ്ങും അശാന്തി നിറഞ്ഞു നിന്നു. പകലുകൾ ഇരുളുകയും രാത്രികൾ കൂടുതൽ രൂക്ഷമാവുകയും ചെയ്തു. സിസിലിയുടെ അസാന്നിധ്യം ആ വീട്ടിൽ തെളിഞ്ഞു നിന്നൊരു ദീപം അണഞ്ഞ പ്രതീതി ഉണ്ടാക്കി.
മറ്റൊരു പ്രഭാതത്തിൽ ജോൺ മറ്റൊരു സ്ത്രീയുമായി ആ വീട്ടിലേക്ക് കടന്നു വരികയും, അവളോട് അവിടെ നിന്നും ഇറങ്ങിപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്ദു അങ്ങനെയൊരു സാഹചര്യം ഒരിക്കലും മുന്നിൽ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ കയ്യിലപ്പോൾ ബാങ്കിൽ ജോലിയ്ക്ക് ചേരുവാനുള്ള ഉത്തരവുണ്ട്. കുറെയേറെ തർക്കങ്ങൾ നടത്തിനോക്കിയെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല. അത്രയും നാൾ സ്വന്തമെന്നു കരുതിയ വീട് വിട്ടു അവിടെ നിന്നും ഇറങ്ങിയപ്പോൾ ഇന്ദുവിൻ്റെ കണ്ണുകൾ നിറഞ്ഞു.
ആ വീട്ടിൽ അവൾക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെട്ടത് അവൾക്ക് വല്ലാത്തൊരു പ്രഹരമായി.ബാങ്കിൽ ജോലിയ്ക്ക് പ്രവേശിക്കുവാനുള്ള ഓർഡർ വന്നെങ്കിലും ഇന്ദുവിന് മാനസികാസ്വസ്ഥത ഉണ്ടായതിനാൽ ആ ജോലിയ്ക്ക് ചേരുവാൻ കഴിഞ്ഞില്ല. ഇന്ദു മനസ്സിൽ പ്രതിഷ്ഠിച്ച മോഹങ്ങളുടെ വിഗ്രഹം ഉടഞ്ഞു പോയി.
പിറ്റേന്നവൾ അവളുടെ സാധനങ്ങൾ എടുത്ത് ആ വീട്ടിൽ നിന്നും ഇറങ്ങി. സൂര്യൻ കിഴക്കുതിച്ചുയർന്നു. ഒരു നേർത്ത കാറ്റ് അവളെ തഴുകി തലോടി കടന്നുപോയി. മേലാകെ തണുപ്പ് അരിച്ചു കയറി. അകലെ താഴ്വരയിൽ നിന്നും കിളികളുടെ കളകളാരവം ഉയർന്നു കേട്ടു. പൂത്തു നിൽക്കുന്ന വൃക്ഷങ്ങൾ
തലയാട്ടി രസിച്ചു. പൊട്ടിച്ചിരിച്ചു നിൽക്കുന്ന ഇലഞ്ഞി പൂക്കൾ. മനോഹാരിത പുളച്ചു നിൽക്കുന്ന പ്രകൃതി. ആ ഭംഗിയൊന്നും ആസ്വദിക്കാതെ അവൾ മെല്ലെ നടന്നു.
ആകാശം കനത്തു വരുകയാണ്, അവളുടെ ഹൃദയത്തിന് ആ ഭാരം അനുഭവപ്പെട്ടു. അതേ നിമിഷം അവളോർത്തു സമ്പന്നതയുടെ മടിത്തട്ടിൽ ജീവിക്കുമ്പോൾ താൻ തള്ളിപ്പറഞ്ഞ തൻ്റെ അമ്മയെക്കുറിച്ച്. താൻ ആ അമ്മയെ വേദനിപ്പിച്ചതിനു ഇപ്പോൾ ദൈവം തന്നെ ശിഷിച്ചിരിക്കുന്നു. അമ്മയെ ഓർത്ത് അവളുടെ ഹൃദയം തേങ്ങി.
അവളുടെ ആ യാത്ര അവസാനിച്ചത് ഈ വീട്ടിലാണ്. ഓരോന്നാലോചിച്ചു വീട്ടു പടിക്കൽ എത്തിയത് അവൾ അറിഞ്ഞില്ല. ഉമ്മറത്ത് കയറിയ അവൾ ഉറക്കെ വിളിച്ചു അമ്മേ...... വാതിൽക്കൽ മുറുക്കി ചുവപ്പിച്ച ചുണ്ടും വെള്ളിക്കമ്പികൾ പോലെയുള്ള മുടിയും, ചുക്കി ചുളിഞ്ഞ ശരീരത്തോട് കൂടി താൻ അവളെ എതിരേറ്റു. കണ്ണിനു മുകളിൽ കൈ വെച്ച് അവർ ആ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.
ഏറെ നാളുകൾക്ക് ശേഷം ഒരു കൂടിക്കാഴ്ച. തൻ്റെ കണ്ണുകൾക്ക് കാഴ്ച മങ്ങിയതുപോലെ തോന്നി. താൻ മോളേയെന്നു വിളിച്ച് അവളെ കെട്ടിപ്പുണർന്നു. സന്തോഷം കൊണ്ട് തങ്ങളുടെ ആ നാലു കണ്ണുകൾ നിറഞ്ഞൊഴുകി. കുറ്റബോധം അവളുടെ മുഖത്ത് പ്രതിഫലിച്ചു.
അന്നു രാത്രി കിടക്കാൻ തുടങ്ങിയപ്പോൾ സിസിലിയുടെ മരണം സ്വാഭാവികമാണോ എന്നുപോലും അവൾ സംശയിക്കുന്നതായി പറഞ്ഞു. ആശ്വസിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ ഇന്ദുവിൻ്റെ മുഖം കരുവാളിച്ചു. കണ്ണുകളിൽ ഇരുട്ടു പടർന്നു കയറി. നെറ്റിയിലും മുഖത്തും വിയർപ്പു കണങ്ങൾ പൊടിഞ്ഞു. കണ്ണിൽ നിന്നും മിഴിനീർ ധാര ധാരയായി ഒഴുകി.
ദിനങ്ങൾ കൊഴിഞ്ഞു പോയി. ഇന്ദുവിന് കൂടുതൽ പരിചരണം ആവശ്യമായി വന്നു. അവൾ തരണം ചെയ്‌ത ജീവിത പാതകൾ കല്ലും, മുള്ളും നിറഞ്ഞതാണ്. ഓർത്തിരുന്നപ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈയിലിരുന്ന തുണികൊണ്ട് അവർ കണ്ണുകൾ തുടച്ചു. തനിക്ക് ജീവനുള്ളിടത്തോളം കാലം താൻ മകൾക്ക് അഭയം നൽകും. മരണം ഈ ശരീരത്തിൽ വിരുന്നെത്തുന്ന കാലം വരേയും അത് തുടരും. അവളുടെ ജീവനുള്ള സാന്നിധ്യം മാത്രം മതി തനിക്ക് സന്തോഷം കണ്ടെത്തുവാൻ.
"മാതൃവാത്സല്യം മായയിൽ തിങ്ങിനിറഞ്ഞു".
ദൂരെ ഏതോ ദിക്കിൽ നിന്നും ഒരു പൂവൻ കോഴി ഉച്ചത്തിൽ കൂവി. നേരം പുലരുന്നു. കനലുകളിൽ ചവിട്ടി തിരക്കുകളുടെ ലോകത്തേക്ക് അവർ പ്രയാണം ആരംഭിച്ചു.
ശുഭം .