

ഓർമ്മയിലൊരു ദിനം
ശ്യാമളാ ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആ സ്വദേശം . മലയാള മനോരമയടക്കമുള്ള പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിലും , അനവധി ഓൺലൈൻ സാംസ്കാരിക പോർട്ടലുകളിലും എഴുതാറുണ്ട്. ഫേസ്ബുക്കിൽ സജീവം.
ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് യാദവ് വർമ്മയും, പത്നി നീലിമ വർമ്മയും ആ ഉൾനാടൻ ഗ്രാമത്തിൽ എത്തിയത്. യാദവ് വർമ്മ ഒരു സാഹിത്യകാരനും, ഐ ജി റാങ്കിൽ ഇരിക്കുന്ന ഒരു പോലീസ് ഉദ്ദ്യോഗസ്ഥനുമാണ്.
ഏകാന്തമായ ആ സ്ഥലവും ചുറ്റുപാടുകളും വർമ്മയെ ഏറെ ആകർഷിച്ചു. തൻ്റെ തൂലിക ചലിപ്പിക്കാൻ പറ്റിയ ഒരിടമായി അയാൾ ആ സ്ഥലത്തെ മനസ്സിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. മനോഹരമായ വീട്, പഴമയുടെ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. വീട് കണ്ടു തീരുവാൻ തന്നെ കുറെ സമയം എടുത്തു. നാലുകെട്ടിൻ്റെ ശൈലിയിൽ പണ്ടാരോ പണിത വീടെന്ന് പറയുവാൻ പറ്റുകയില്ല, കാഴ്ച് യിൽ ഒരു കൊട്ടാരം പോലെ തോന്നും. വീടിന് ചുറ്റുമുള്ള വൃക്ഷങ്ങൾക്ക് അലങ്കാരമായി പല വർണ്ണങ്ങളിലുള്ള പക്ഷികൾ അതിൽ ചേക്കേറിയിരിക്കുന്നു. സുകു ഭക്ഷണം ക്രമീകരിച്ചിരുന്നത് കൊണ്ട് പാചകം ചെയ്യേണ്ട ആവശ്യമില്ല.
ചായക്കടക്കാരൻ സുകു ആഴ്ച്ചയിലൊന്ന് വീടും ചുറ്റുപാടും വൃത്തിയാക്കി പോകും. യാദവ് വർമ്മ വീടന്വേഷണത്തിനൊടുവിൽ എത്തിച്ചേർന്നത് സുകുവിൻ്റെ ചായക്കടയിൽ ആണ്.
സുകു ആ വീടിനെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും വർമ്മയോട് വിശദീകരിച്ചു. വീടിൻ്റെ ചാവിയും എടുത്ത് വർമ്മയുടെ കയ്യിൽ കൊടുത്തു. കാറിൽ നിന്നും യാദവും നീലിമയും തങ്ങളുടെ ലഗേജ് എടുത്ത് വീട്ടിനുള്ളിലേയ്ക്ക് വെച്ചു. പഴയമാതൃകയിലുള്ള കൊട്ടാരസദൃശമായ വീട്ടിനുള്ളിലൂടെ അവർ ഒന്നുകൂടി ചുറ്റി നടന്നു കണ്ടു. ഞങ്ങൾക്ക് വീട് ഇഷ്ടമായി.
സുകുവപ്പോൾ വീട്ടുടമസ്ഥനെ കുറിച്ച് ഓർത്തു.
വീട്ടിലെ താമസക്കാരായിരുന്ന വൃദ്ധ ദമ്പതികളുടെ മരണശേഷം അവരുടെ ഏക മകൻ ഫ്രാൻസിൽ നിന്നും വല്ലപ്പോഴും വിളിക്കും. മാതാപിതാക്കൾ മരിച്ച ശേഷം അയാൾ നാട്ടിൽ വന്നിട്ടില്ല. ഒരു ഫ്രഞ്ച്കാരിയെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെ തന്നെ താമസമാക്കി. ഫോണിലൂടെയുള്ള സംഭാഷങ്ങൾക്കിടയിൽ എപ്പോഴോ വീട് വാടകയ്ക്ക് കൊടുക്കുവാൻ പറഞ്ഞതാണ്. ഇപ്പോഴാണ് സൗകര്യത്തതിന് ഒരു കക്ഷിയെ ഒത്തുകിട്ടിയത്.
സാറേ ... ഞാൻ ഇറങ്ങുകയാ. സുകു ലേശം ഭവ്യതയോടെ പറഞ്ഞു.
ഓരോന്ന് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. എട്ടുമണി കഴിഞ്ഞു. ആ പഴയ വീടിൻ്റെ ആളനക്കമില്ലാത്ത മുകളിലത്തെ നിലയിൽ ചില്ലു ജാലകങ്ങൾക്ക് അപ്പുറമുള്ള മേശയിൽ വെച്ചിരുന്ന ഉറൂബിൻ്റെ മിണ്ടാപ്പെണ്ണ് എന്ന നോവൽ കയ്യിലെടുത്ത് അയാൾ അതിൻ്റെ താളുകൾ മറിച്ചു കൊണ്ട് ഇരുട്ടിലേക്ക് നോക്കി
പുറത്ത് മിന്നാമിനുങ്ങുകൾ പാറി നടക്കുന്നു. ചീവീടുകളുടെ ചിറകടി ശബ്ദം ഉയർന്നു കേൾക്കാം. നിലാവിൻ്റെ വെളിച്ചത്തിൽ അയാൾ ആ കാഴ്ചകൾ കണ്ടു. കൂറ്റൻ മരങ്ങളും, ആകാശം മുട്ടുമാറ് വളർന്നു നിൽക്കുന്ന കരിമ്പനകളും, വിശാലമായ ആമ്പൽ കുളവും, കാടുപിടിച്ചു കിടക്കുന്ന തെങ്ങിൻ തോട്ടവും, കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന തോട്ടങ്ങളും , ഫലവൃക്ഷങ്ങളും. തോട്ടത്തിൻ്റെ തെക്കേ അറ്റത്തു നിറഞ്ഞൊഴുകുന്ന പുഴയും പടിഞ്ഞാറു ഭാഗത്തു പച്ചപ്പിടിച്ചു കിടക്കുന്ന നെൽപ്പാടങ്ങളും, വടക്കു ഭാഗത്ത് കോട്ടപോൽ ഉയർന്നു നിൽക്കുന്ന മലകളുമൊക്കെയുള്ള ഒരു ലോകം. യാദവ് വർമ്മയുടെ മനസ്സിൽ കുളിർ കോരി. അയാൾ അപ്പോൾ നീലിമയെ പറ്റി ഓർത്തു.
തൊട്ടടുത്ത മുറിയിൽ നീലിമയുണ്ട്. അവൾക്ക് പാട്ടുകളോടാണ് കമ്പം. "നീലിമ പ്രശസ്ത ഗായികയാണ്". അവൾ നന്നായി പാടും. ഈയിടെ ഇറങ്ങിയ ചില സിനിമകളിലെല്ലാം അവളുടെ പാട്ടുകൾ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
രാത്രി ഏകദേശം ഒരു പത്തുമണിയായി. നീലിമ അതിമനോഹരമായ ഒരു പാട്ട് റെകാർഡ് ചെയ്യുകയാണ്.
പാട്ടിൻ്റെ താളത്തിനൊത്തു ചിലങ്കകളുടെ ശബ്ദം അവളുടെ കാതുകളിലേക്ക് തുളച്ചു കയറി. അവൾ വിയർത്തൊലിച്ചു.
യാദവിൻ്റെ ശ്രദ്ധ എഴുത്തിൻ്റെ ലോകത്തേക്ക് വഴിമാറി. അയാൾക്ക് മുന്നിൽ കഥാപാത്രങ്ങൾ നിറഞ്ഞു നിന്നു. ആ കഥാപാത്രങ്ങളെ അയാൾ തൂലികയിലേക്ക് പകർത്തുന്ന തിരക്കിലാണ്. യാദവ് വർമ്മ എഴുത്തിൻ്റെ പ്രയാണത്തിൽ അടുത്ത മുറിയിൽ നടക്കുന്ന സംഭവങ്ങൾ ഒന്നും അറിയുന്നേ ഇല്ല.
പുറത്ത് ശക്തമായ മഴ. വീശിയടിക്കുന്ന കാറ്റിൽ വൃക്ഷങ്ങൾ ആടിയുലയുന്നു. അതിന്നിടയിൽ സ്ട്രീറ്റ് ലൈറ്റ്കൾ എല്ലാം അണഞ്ഞു. അപ്പോഴും അടുത്ത മുറിയിൽ നിന്നും ചിലങ്കയുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്. നീലിമ പേടിച്ചു വിറച്ചു ടോർച്ച് തെളിയിച്ച് യാദവിൻ്റെ അടുക്കലെത്തി.
അവളുടെ പേടിച്ചരണ്ട കണ്ണുകളും ഭയാനകത നിറഞ്ഞ മുഖവും കണ്ട് അയാൾ വേവലാതിപ്പെട്ടു. അവളുടെ താടി പിടിച്ചുയർത്തി ആ മുഖത്തേയ്ക്ക് കണ്ണുകൾ നട്ട് അയാൾ ചോദിച്ചു. എന്തു പറ്റി നീലിമാ. നീയാകെ വിയർത്തു നനഞ്ഞിരിക്കുന്നല്ലോ?.
നീ വല്ലതും കണ്ട് പേടിച്ചോ?.... ആ കവിളിൽ അരുമയോടെ തലോടി കൊണ്ട് അയാൾ ചോദിച്ചു.
അവൾ അകത്തേയ്ക്ക് കൈചൂണ്ടി പറഞ്ഞു അവിടെ.... അവിടെ അവൾക്ക് ശബ്ദം പുറത്തു വരുന്നില്ല. അയാൾ അവളേയും കൂട്ടി എല്ലായിടത്തും തിരഞ്ഞു. പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല. അവളുടെ തോന്നൽ ആയിരിക്കുമെന്ന് അയാൾ പറഞ്ഞു.
അപ്പോൾ അവളും ചിന്തിച്ചു ഇനി തൻ്റെ തോന്നലാകുമോ?... അർദ്ധരാത്രിയായാൽ പല അപശബ്ദങ്ങളും അവർ കേട്ടു. നായ്ക്കളുടെ ഓരിയിടലും അങ്ങിനെ അങ്ങിനെ ഒരു ഭീകരത സൃഷ്ടിക്കുന്ന അന്തരീക്ഷം.
പിറ്റേന്ന് യാദവ് നടക്കാനിറങ്ങിയപ്പോൾ അയൽ വീട്ടിലെ ജാനു അയാളോട് പറഞ്ഞു അതൊരു പ്രേതബാധയുള്ള വീടാണ്. നിങ്ങൾ എങ്ങിനെ അവിടെ താമസിക്കും?...
യാദവ് വർമ്മ... ഓ.... ഈ കാലത്ത് എവിടെയാ പ്രേതവും മണ്ണാങ്കട്ടയും അതെല്ലാം വെറും അന്ധവിശ്വാസം അല്ലേ?....
ജാനു പറഞ്ഞു ആ വീട്ടിലെ ദമ്പതികളുടെ മകളായ നന്ദിനി അവിടെ വെച്ചു കൊല്ലപ്പെട്ടു. അവളുടെ ആത്മാവ് അവിടെ കറങ്ങി നടക്കുന്നുണ്ടത്രേ. നാട്ടിൽ അങ്ങോളം ഇങ്ങോളം പ്രചരിച്ചിരുന്ന കഥകൾ മുഴുവൻ ജാനു അയാളോട് വിസ്തരിച്ചു പറഞ്ഞു. ആ സ്ത്രീ പറഞ്ഞത് കേട്ട് മനസ്സിൽ തെല്ലു ഭയം തോന്നിയെങ്കിലും അയാൾ ധൈര്യം സംഭരിച്ചു. നീലിമ ഇതൊന്നും അറിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു.
തിരികെ വീട്ടിൽ എത്തിയെങ്കിലും അയാളുടെ മനസ്സ് മുഴുവൻ ജാനുവിൽ നിന്നും പകർന്നു കിട്ടിയ വിവരങ്ങൾ നിറഞ്ഞു നിന്നു. ഈ വീട്ടിൽ ഒരുപാട് മുറികളുണ്ട്. ശുദ്ധമായ കാറ്റും വെളിച്ചവും വേണ്ടതിലേറെ ലഭിക്കുന്ന മനസ്സിൽ കുളിർമ്മ കോരുന്ന അന്തരീക്ഷമാണെന്ന് കരുതിയത് തങ്ങളുടെ വിഢിത്തം. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അന്നത്തെ പ്രഭാതവും കടന്നു പോയി.
അസ്തമയ സൂര്യൻ്റെ പൊൻ വെളിച്ചം കുണുങ്ങിയൊഴുകുന്ന പുഴയിൽ നൃത്തം ചെയ്യുന്നു. മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതു പോലെയുള്ള നക്ഷത്രങ്ങളിലേയ്ക്ക് അയാൾ കണ്ണുകൾ പായിച്ചു.
ഇലഞ്ഞി വൃക്ഷത്തിൻ്റെ ചില്ലകളിലിരുന്ന് രാപ്പാടികൾ ചിലച്ചു. ഉറക്കം വരാതെ ആയാൾ ജാനാലയിലൂടെ പുറത്തേക്ക് കണ്ണുകൾ പായിച്ചു. കഴിഞ്ഞ കാല ഓർമ്മകൾ അയാളുടെ മനസ്സിനെ തലോടി. കട്ടിലിൽ ഒന്നും അറിയാതെ കിടന്നുറങ്ങുന്ന നീലിമ. വർഷങ്ങൾക്ക് പിന്നിലേക്ക് ഒരു നീണ്ട യാത്ര. നീലിമയുടെ മനം കവരുന്ന മധുരമായ ആലാപനം അയാളുടെ മനസ്സിൽ സ്ഥാനം പിടിച്ചപ്പോൾ അതൊരു അനുരാഗമായി മാറി. പിന്നീട് അതൊരു വിവാഹത്തിൽ കലാശിച്ചു.
രാത്രിയിൽ എപ്പോഴോ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു. പ്രത്യേകിച്ച് അനിഷ്ടങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ ആ രാത്രി കടന്നു പോയി.
പിറ്റേന്ന് തിരക്കുകളുടെ ദിനമായിരുന്നു. കുറെയേറെ കൂട്ടുകാരും , ബന്ധുക്കളും വന്നു. ഉച്ചയൂണും കഴിഞ്ഞാണ് അവരെല്ലാം മടങ്ങിയത്. രാത്രി നീലിമ തൻ്റെ വയലിൻ എടുത്ത് അതിൽ വിരലുകൾ ചലിപ്പിച്ചുകൊണ്ട് അതിമനോഹരമായി പാടി. "ഒരു നേരമെങ്കിലും കാണാതിരിക്കാൻ വയ്യെൻ്റെ ഗുരുവായൂരപ്പാ" എന്ന ഭക്തിഗാനം മധുരമായി പാടിയപ്പോൾ നിലവറയിൽ നിന്നും ഒരു പൊട്ടിക്കരച്ചിലും വിതുമ്പലും കേട്ടു. അവൾ മെല്ലെ ആ കരച്ചിൽ ഭാഗം കേട്ടിടം ലക്ഷ്യമാക്കി ഭീതിയോടെ നടന്നു.
ആ ശബ്‌ദം കേട്ടത് നിലവറയിൽ നിന്നാണ്. മുൻപ് ആ വീട് വിശദമായി നടന്നു കണ്ടപ്പോൾ നീലിമ കണ്ടിരുന്നതാണ് ആ നിലവറ. അതിൻ്റെ വാതിലുകൾ തുറന്നാണ് കിടക്കുന്നത്. നടക്കുന്നതിനിടയിൽ ഭീതിയോടെ അവർ ഓർത്തു. നിലവറയ്ക്ക് മുന്നിൽ എത്തിയ അവൾക്ക് ആ കാഴ്ച് അവിസ്മരണീയമായി തോന്നി. അതിമനോഹരിയായ ഒരു തരുണീമണി. കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം. അവൾ പരിസരം പോലും മറന്നു അല്പ നിമിഷം നിന്നു. നിങ്ങൾ ആരാണ്?... എങ്ങിനെ ഇവിടെ വന്നു?... അവൾ വിറയലോടെ ചോദിച്ചു.
തൂവെള്ള വസ്ത്രം ധരിച്ച ആ മനോഹരി നീലിമയുടെ അടുക്കലേയ്ക്ക് വന്നു.
നീലിമ ആലില പോലെ വിറക്കാൻ തുടങ്ങി. യാദവിനെ വിളിക്കാൻ അവളുടെ ശബ്ദം ഉയരുന്നില്ല. ഇത് പ്രേതമാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ഒരേ ഒരു നിമിഷം അവൾ ബോധം മറിഞ്ഞു അവിടെ വീണു.
അപമൃത്യുവിന്നിരയായ അഭിരാമിയുടെ പ്രേതമാണ് ഞാൻ. അവൾ നീലിമയുടെ അടുക്കൽ ചെന്ന് പറഞ്ഞു. നീലിമാ നിങ്ങളെ ഞാൻ ഒരിക്കലും ഉപദ്രവിക്കില്ല. എന്നെ വിശ്വസിക്കു. നമുക്കിവിടെ സുഹൃത്തുക്കളായി കഴിയാം. എഴുന്നേൽക്കൂ.
അപ്പോഴേക്കും നീലിമയെ അന്വേഷിച്ചു യാദവ് ആ വഴിവരുന്നു.ന്നു.
ബോധം കെട്ടു കിടക്കുന്ന നീലിമയേ യും അവളുടെ അടുക്കൽ നിൽക്കുന്ന യുവതിയേയും കണ്ട് ആ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു.
അഭിരാമി തൊഴുതുകൊണ്ട് യാദവിനോട് തനിക്കുണ്ടായ അനുഭവങ്ങളുടെ ചുരുൾ അഴിച്ചു. മുകളിലെ ഷെൽഫിൽ തൻ്റെ ഡയറി ഉണ്ടെന്നും എല്ലാം അതിൽ വിശദമായി എഴുതിയിട്ടുണ്ടെന്നും
കുറ്റവാളിക്ക് കഠിന ശിക്ഷ കൊടുക്കണമെന്നും താഴ്മയോടെ അപേക്ഷിച്ചു.
കണ്ണുകൾ തുറന്ന നീലിമ കണ്ടത് യാദവും ആ യുവതിയും തമ്മിൽ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്. അതവളിൽ ഏറെ അത്ഭുതം ഉണ്ടാക്കി.
യാദവും നീലിമയും പുറത്തിറങ്ങുമ്പോൾ പലരും അവരെ ഉപദേശിച്ചു. അവിടെ അഭിരാമിയുടെ പ്രേതം ഉണ്ടെന്നും നിങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലുമെന്നും എല്ലാം പറഞ്ഞു. പക്ഷെ അവർ അതൊന്നും ചെവി കൊണ്ടില്ല. അവർ അത്രമാത്രം അവരോട് അടുത്തിരുന്നു.
അന്ന് ഓരോന്ന് ആലോചിച്ചു ആയാൾക്ക് ഉറക്കം വന്നില്ല. അവളുടെ വിവരങ്ങൾ മുഴുവൻ അറിയണമെങ്കിൽ ആ ഡയറി പരിശോധിക്കണം. ആ രഹസ്യം അറിയാൻ അയാളുടെ മനസ്സ് തുടികൊട്ടി. ഏഴര വെളുപ്പിനുണർന്നു ദിനചര്യകൾ എല്ലാം കഴിഞ്ഞശേഷം യാദവും നീലിമയും മുകളിൽ പോയി ഷെൽഫിൽ നിന്നും ഡയറി എടുത്തു.
നീലിമ വിദൂരതയിലേയ്ക്ക് കണ്ണും നട്ട് അഗാധമായ ചിന്തയിൽ മുഴുകി. അഭിരാമിയ്ക്ക് പറയാണുള്ളത് എല്ലാം ആ ഡയറിയുടെ താളുകളിളിലൂടെ വെളിവായി. ഏതോ കിനാവിൻ്റെ കുങ്കുമഛായ അവളുടെ കരിമീൻ മിഴികളിൽ അടിഞ്ഞു കിടക്കുന്നത് പോലെ അവർക്ക് തോന്നി. അകലങ്ങളിൽ മറഞ്ഞു മൂടപ്പെടുമായിരുന്ന ദുഃഖത്തിൻ്റെ തരംഗങ്ങൾ തങ്ങൾക്ക് വെളിപ്പെടുത്തടുവാൻ അഭിരാമിയുടെ ശ്രമങ്ങളാണ് ഇവയെല്ലാം.
അവളുടെ വിവാഹം അമേരിക്കയിലുള്ള മുറച്ചെറുക്കനുമായി നിശ്ചയിച്ചിരിക്കുന്ന വിവരവും അവളുടെ ഒരു ബന്ധുവായ വിമൽ അവളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു നിരന്തരം ശല്യപ്പെടുത്തിയിരുന്നതും അത് നടക്കില്ലെന്നു മനസ്സിലായ അവളെ ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു.
അഭിരാമിയെ വിവാഹം കഴിച്ചാൽ അവളുടെ കണക്കില്ലാത്ത സമ്പത്ത് തൻ്റെ കയ്യിൽ വന്നു ചേരുമെന്നും അതിലൂടെ തനിക്കൊരു സാമ്രാജ്യം കെട്ടി പടുക്കാമെന്ന് അയാൾ മോഹിച്ചു. കണക്കു കൂട്ടലുകളെല്ലാം പാഴായപ്പോൾ, വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത് അവൻ അവളെ റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തലയിണ മുഖത്തമർത്തി അവളെ കൊന്ന് നിലവറയിൽ കുഴിച്ചിട്ടു.
തെളിവുകൾ ഒന്നും കിട്ടാതിരുന്ന ഈ കേസിൻ്റെ പോലീസ് ആന്വേക്ഷണം തൽക്കാലം മരവിപ്പിച്ചിരിക്കുന്നു. യാദവ് വർമ്മ ആ കേസുകൾക്ക് അന്വേക്ഷിക്കുവാൻ ഉത്തരവ് ഇടുന്നു.
അന്യേഷണത്തിൻ്റെ ഭാഗമായിട്ടാണ് യാദവ് , കുറെ പോലീസുകാരുമായി വിമലിൻ്റെ വീട്ടിൽ പോയത്. വയസ്സായ അമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
പോലീസ് അവരെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. അവർക്ക് ഒന്നും അറിയില്ല. വിവരമറിഞ്ഞ അവർ പൊട്ടിക്കരഞ്ഞു. അവൻ വീട്ടിൽ ഇല്ലെന്നും എവിടെയോ ജോലിക്ക് പോയിരിക്കയാണെന്നും പറഞ്ഞു. വർമ്മ അവിടെ നിന്നും അവൻ്റെ ഫോട്ടോ സംഘടിപ്പിച്ചു. അവർ അവനുവേണ്ടി ഉർജ്ജിതമായ അന്വേഷണം നടത്തി.
അവൻ്റെ ഫോട്ടോ സഹിതം, പത്ര റിപ്പോർട്ടും, ന്യൂസ് ചാനലും എല്ലാം വന്നു.
വീടിനു ചുറ്റും പോലീസ് കാവൽ ഏർപ്പെടുത്തി. അവനെ നിരീക്ഷിക്കാനായി പ്രത്യേക ഒരു വിഭാഗം തന്നെ രൂപം കൊണ്ടു . സംഭവം നടന്ന് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നു. പ്രശ്നങ്ങൾ ഒന്നുമില്ല എന്നു വിചിരിച്ചാണ് വിമൽ വീട്ടിലേയ്ക്ക് വന്നത്.
അപ്പോഴാണ് ഒരു പോലീസ് ജീപ്പ് വളവു തിരിഞ്ഞ് മുന്നോട്ട് കുതിക്കുന്നത് കണ്ടത്. അവൻ ഒരു മരത്തിൻ്റെ മറവിൽ ഒളിഞ്ഞിരുന്നു. എല്ലാം അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുന്നത്. ഓടിക്കൊണ്ടിരുന്ന ജീപ്പിൻ്റെ ടയർ പഞ്ചറായി. ഒരു നേർരേഖ പോലെ കിടക്കുന്ന റോഡ്. റോഡിന്നിരുവശത്തും വന്മരങ്ങൾ വളർന്നു നിൽക്കുന്നു.
റോഡിൽ കൂടി വാഹനങ്ങൾ ഒന്നും കാണുന്നില്ല. ഏതെങ്കിലും വാഹനം വന്നാൽ കൈകാട്ടി നിർത്താം എന്ന് വിചാരിക്കുമ്പോഴാണ് ശക്തമായ ഇടി വെട്ടിയത്. വീശിയടിക്കുന്ന കാറ്റിൽ മരങ്ങളെല്ലാം ആടിയുലഞ്ഞു. ആകാശം പിളർക്കുന്ന പോലെ മഴ പെയ്തു. അതി ശക്തമായ കാറ്റും. ജീപ്പിലുള്ളവർ മുഴുവൻ നനഞ്ഞു. മഴവെള്ളം റോഡിൽ കൂടി കുതിച്ചൊഴുകി. വെള്ളത്തിൽ വെളുത്ത കുമിളകൾ ഒലിച്ചിറങ്ങി.
അവർ പുറത്തേക്ക് നോക്കി അങ്ങിനെ ഇരിക്കുമ്പോൾ തലവഴി മൂടി പുതച്ചുകൊണ്ട് ഒരു രൂപം അങ്ങകലെ കുറ്റിക്കാട്ടിൽ ഇരുളിൽ കൂടി നടന്നു നീങ്ങുന്നു.
കോൺസ്റ്റബിൾ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് എല്ലാ കണ്ണുകളും പാഞ്ഞു. യാദവ് പറഞ്ഞു അത് അവനാകാനാണ് സാധ്യത. പിന്നെ താമസിച്ചില്ല. ജീപ്പിൽ നിന്നും ഇറങ്ങി പല വഴിയിലൂടെ അവനെ പിന്തുടർന്നു. അപ്പോഴേക്കും മഴ തോർന്നിരുന്നു.
ഒന്നുരണ്ടാൾ അവൻ്റെ വീട്ടിലേയ്ക്ക് നടന്നു. അവിടെ പോലീസ് വല വിരിച്ച വിവരം അവൻ അറിഞ്ഞിരുന്നില്ല. വീട്ടിനുള്ളിലേയ്ക്ക് കയറിയ അവനെ പിടികൂടി കയ്യാമം വെച്ച് അവർ ജീപ്പിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
സ്റ്റേഷനിൽ എത്തിയ അവനെ അവർ അവനെ ചോദ്യം ചെയ്‌തു . നിവ്യത്തിയില്ലാതെ അവൻ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു. പിന്നെ എല്ലാം നിയമപ്രകാരം നടന്നു. ചെയ്‌ത കുറ്റം ഏറ്റുപറഞ്ഞ അവന് അർഹമായ ശിക്ഷ കോടതി വിധിക്കുമെന്ന് ജനം കരുതി.
പിന്നെയും , പല കേസുകൾ കോടതിയ്ക്ക് മുൻപിൽ വിചാരണയ്ക്ക് വന്നു. ജനങ്ങൾ ആകാംക്ഷയോടെ ഒരു വിധിക്കായി കാത്തിരുന്നു.
ശ്യാമള ഹരിദാസ്