

ആരവം
ശ്യാമളാ ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആ സ്വദേശം . മലയാള മനോരമയടക്കമുള്ള പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകളിലും , അനവധി ഓൺലൈൻ സാംസ്കാരിക പോർട്ടലുകളിലും എഴുതാറുണ്ട്. ഫേസ്ബുക്കിൽ സജീവം.
ആരവം
കർക്കിടകത്തിലെ കുറ്റാകൂരി ഇരുട്ടും മഴയും, മിന്നലൊടുകൂടി കാർമേഘങ്ങൾ ആകാശത്ത് സ്വൈര്യവിഹാരം നടത്തുന്നു. എങ്ങും കാറ്റുകൊണ്ട് ചലിക്കുന്ന വർഷങ്ങളുടെ മർമ്മ ശബ്ദം. അല്പ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഇടിയുടെ ഘോരമായ ഗർജ്ജനം എങ്ങും മുഴങ്ങി. കരിയിലകളെ പോലെ കാർമേഘങ്ങൾ ആകാശത്തെങ്ങും പറന്നു. ചെവിയടക്കുന്ന ആരവത്തോടെ മഴ തിമർത്തു പെയ്തു.
ആ സമയം സുബിൻ ബംഗ്ലാവിൻ്റെ മുകൾ നിലയിലെ മുറിയിൽ ജനലുകൾ തുറന്നിട്ട് ചിന്തിച്ചിരിക്കയാണ്. ചുറ്റും ഇരുട്ടാണ്. അർദ്ധരാത്രി സമയം.
മുറ്റത്തെ പൂന്തോട്ടത്തിൽ നിന്ന് മുല്ലകൾ വിടർന്നതിൻ്റെ നേർത്ത സുഗന്ധം കാറ്റിൽ മൂക്കിലേക്കടിച്ചു കയറുന്നു.
ഉറക്കം വരുന്നില്ല. നിലാവുണ്ടായിരുന്നെങ്കിൽ മുറ്റത്തേക്കിറങ്ങി
ആകാശത്തുള്ള നക്ഷത്രങ്ങളെയും നോക്കി കുശലം പറഞ്ഞിരിക്കാമായിരുന്നു. മരക്കൂട്ടങ്ങളുടെ ഇടയിലൂടെ കാണുന്ന ആകാശത്തിനു ചാരനിറമായിരുന്നു. ഇടക്കിടെ വീശുന്ന കാറ്റിൻ്റെ ആരവം കൂടി കൂടി വന്നു.
എത്രനേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഉറക്കം വന്ന് കൺപോളകളെ ഉമ്മ വെച്ചപ്പോൾ സുബിൻ എഴുന്നേറ്റ് കട്ടിലിൽ പോയി കിടന്നു. മെല്ലെ മെല്ലെ നിദ്ര അവനെ തഴുകിയുറക്കി.
രാവിലെ പതിവുപോലെ അമ്മ കൊണ്ടുവന്ന ബെഡ് കോഫി ഊതിയൂതി കുടിച്ച് ചുണ്ടിൽ
മൂളിപ്പാട്ടുമായി അവൻ താഴെക്കിറങ്ങി ചെന്നു.
ദിനചര്യകൾ കഴിഞ്ഞു വന്നപ്പോഴേക്കും അമ്മ പ്രാതൽ എടുത്ത് മേശപ്പുറത്തു വച്ചിരുന്നു. തനിക്കിഷ്ടമുള്ള ഇടിയപ്പവും കടലക്കറിയും, പിന്നെ പനിനീർ റോസ്റ്റും.
ഭക്ഷണം കൊണ്ടുവെച്ച അമ്മ തന്നോട് ഒരക്ഷരം പോലും മിണ്ടാതെ തിരിഞ്ഞു നടന്നു. ആൾ പിണക്കമാണെന്ന് മനസ്സിലായി. ചുവന്നു തുടുത്ത മുഖവും പാറിപ്പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ടപ്പോൾ മനസ്സിൽ വേദനയും കുറ്റബോധവും തോന്നി. കോളേജിൽ നിന്നും വീട്ടിലെത്തേണ്ട താൻ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ആദ്യമായി മദ്യപിച്ചു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആ പ്രവർത്തി അമ്മയെ വല്ലാതെ വേദനിപ്പിച്ചു. അതിൻ്റെ പരിഭവവും ദേഷ്യവുമാണ് ഈ കാണുന്നത്. മേശപ്പുറത്ത് ഭക്ഷണവും വെച്ചു തിരിഞ്ഞു നടക്കുന്ന അമ്മയുടെ ശ്രദ്ധയാകർഷിക്കാൻ അവനൊരു ഹിന്ദി ഗാനത്തിൻ്റെ ഈരടികൾ മൂളി.
കേൾക്കാത്ത ഭാവം നടിച്ച് അടുക്കളയിലേയ്ക്ക് കാലെടുത്തുവെച്ച അമ്മയുടെ പുറകെ ചെന്ന് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു. ആ മുഖം പിടിച്ചു തിരിച്ചു് ആ കണ്ണുകളിലേയ്ക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടവൻ പറഞ്ഞു. സോറി അമ്മേ...... എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ പറ്റിയ ഒരു അബദ്ധമാണ്. ഇനി ഒരിക്കലും ചെയ്യില്ല. അവൻ ആ കാൽക്കൽ വീണു മാപ്പിരന്നു.
ആ മാതൃ ഹൃദയം തേങ്ങി. കണ്ണുകൾ പൊട്ടിയൊഴുകി. വാക്കുകൾ പുറത്തേക്ക് വരാൻ പണിപ്പെടുന്നു. അതുകണ്ട സുബിൻ്റെ ഹൃദയം നുറുങ്ങി. അവനിൽ കുറ്റബോധം നുരഞ്ഞു പൊങ്ങി. താൻ തൻ്റെ അമ്മയെ എത്രമാത്രം വേദനിപ്പിച്ചു. തനിക്കു വേണ്ടി മാത്രം ജീവിക്കുന്ന ആ അമ്മയെ.
അവനോർത്തു അന്നു താൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ആർമിയിൽ ആയിരുന്ന തൻ്റെ അച്ഛൻ ശത്രു പക്ഷത്തിൻ്റെ പീരങ്കിൽ നിന്നും ഉതിർന്ന വെടിയുണ്ട ഏറ്റ് നെഞ്ചു പിളർന്നു മരിച്ചത്. തന്നേയും അമ്മയേയും ജീവനു തുല്യം സ്നേഹിച്ച ആ മനുഷ്യൻ തങ്ങളെ ഒറ്റക്കാക്കി രാജ്യത്തിന് വേണ്ടി ആ ജീവൻ ബലിയർപ്പിച്ചു. സായുധ സേനയുടെ വിമാനത്തിൽ സൈനികരുടെ അകമ്പടിയോടെ അച്ഛൻ്റെ മൃതദേഹം കൊണ്ടുവരുന്നു എന്ന അറിഞ്ഞ നിമിഷം അമ്മ ബോധം കെട്ടുവീണു. പിന്നെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു നാലു ദിവസം കഴിഞ്ഞാണ് അമ്മക്ക് ബോധം തിരിച്ചു കിട്ടിയത്. അന്നു തനിക്ക് എട്ടുംപൊട്ടും തിരിയാത്ത പ്രായമായിരുന്നു. ഇന്ന് അതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.
പിന്നീട് സ്കൂൾ ടീച്ചറായ അമ്മ അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് തന്നെ വളർത്തിയതും ഒരു മെഡിസിൻ വിദ്യാർത്ഥിയാക്കിയതും. അതെല്ലാം മറന്നാണ് ചെയ്യാൻ പാടില്ലാത്ത ആ തെറ്റ് താൻ ചെയ്തത്. ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ല. അവൻ മനസ്സിൽ ശപഥം ചെയ്തു.
സുബിൻ അമ്മയോട് യാത്ര പറഞ്ഞു ബാഗും എടുത്ത് കോളേജിലേയ്ക്ക് പുറപ്പെട്ടു. പൊൻപുലരിയിൽ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു. സൂര്യൻ ഒന്ന് പുറത്തേക്ക് തലകാണിച്ചു വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു. അവൻ്റെ ചുവടുകൾക്ക് വേഗത കൂടി. തണുത്ത കാറ്റേറ്റപ്പോൾ മനസ്സിനും ശരീരത്തിനും കുളിർമ്മ തോന്നി.
കോളേജ് എത്തിയ ശേഷവും കരഞ്ഞു കലങ്ങിയ അമ്മയുടെ കണ്ണുകളാണ് മനസ്സു നിറയെ. ഒന്നിനും ഒരു ഉഷാറുമില്ല.
മനസ്സിന് അല്പം സമാധാനവും സന്തോഷവും കിട്ടാനായി കോളേജിൽ രണ്ടു ദിവസം ലീവിനെഴുതി കൊടുത്ത് കൂട്ടുകാരൻ സുരജിനേയും കൂട്ടി പോണ്ടിച്ചേരിക്ക് പുറപ്പെട്ടു. മനസ്സിലെ സ്വപ്നതുല്യമായ യാത്രയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പോണ്ടിച്ചേരിയിലുണ്ട്. സൂര്യപ്രകാശം കൊണ്ട് ചുംബിക്കുന്ന ബീച്ചുകൾ.
ബംഗാൾ ഉൾക്കടലിൻ്റെ മൃദുവായ തിരമാലകളിലൂടെ കാൽനടയായി കരയിലേക്കിറങ്ങി ചെന്ന് കൊരമാണ്ടൽ തീരത്തിൻ്റെ പ്രാകൃതമായ തീരത്ത് അലസമായി നടക്കാൻ കഴിയുന്ന ഒരു ആശ്വാസകരമായ അനുഭവം ഞങ്ങൾക്കവിടെ പ്രദാനം ചെയ്തു. കടലിൻ്റെ നീലകലർന്ന നിറങ്ങൾ, തീരത്തെ നീണ്ടുകിടക്കുന്ന സ്വർണ്ണ മണൽപ്പരപ്പുകൾ, കുതിച്ചോടുന്ന ഫിഷിങ്ങ് ബോട്ടുകൾ എന്നിവ മനസ്സിന് കുളിർമ്മ പകർന്നു.
കടൽത്തീരത്ത് സൂര്യാസ്തമയം കണ്ട് ഞങ്ങൾ ഇരുന്നു. നീല കലർന്ന വെള്ളത്തിൻ്റെ ആകാശത്തെ സ്പർശ്ശിക്കുന്ന ചക്രവാളത്തിൻ്റെ ഗംഭീരമായ ആകർഷണം ഞങ്ങളെ വിസ്മയത്തിലാഴ്ത്തി.
ഓറോവിൽ ബീച്ചിലെ സ്വർണ്ണ മണൽ നിറഞ്ഞ തീരങ്ങളും സ്പടികതുല്യമായ നീല ജലാശയവും, ബീച്ചിൻ്റെ മനോഹാരിതയും, ഏറെ ആകർഷിച്ചു. കടലിൻ്റെ മനോഹരമായ കാഴ്ചയും അസ്തമയത്തിൽ ചക്രവാളവും ആകാശത്തിൻ്റെ മനോഹരമായ കാഴ്ചയും ഞങ്ങൾ കൺകുളിർക്കേ കണ്ടു. ഇടക്കിടെ വലിയ പാറകളിൽ ഇടിച്ചു കയറി ഉയരത്തിൽ തെറിച്ചു വീഴുന്ന കടൽ കാണാൻ എന്തൊരു ഭംഗിയാണ്.
കൂറ്റൻ തിരമാലകൾ ഞങ്ങളുടെ അടുത്തേയ്ക്ക് ചീറിക്കൊണ്ട് വന്നു. അവ ഞങ്ങളുടെ കാൽക്കൽ വന്ന് ഒരു അലർച്ചയോടെ പൊട്ടിച്ചിതറി. ഭീകരനായൊരു രാക്ഷസൻ നീന്തിവന്ന് കരയ്ക്ക് കയറി നിന്ന് പൊട്ടിച്ചിരിക്കുന്നത് പോലെയാണ് ഞങ്ങൾക്ക് തോന്നിയത്.
പിന്നെ ഞങ്ങൾ ബോട്ടിംഗ് നടത്തി. തിരമാലകൾ ഞങ്ങളുടെ ബോട്ടിനെ പത്തും പതിനഞ്ചും അടി ഉയരത്തിലേക്ക് കൊണ്ടുപോകുന്നു. പൊടുന്നനെ താഴെക്കിടുന്നു. ഞങ്ങളെ ഉള്ളിൽ ഭയം പീലി വിടർത്തിയാടി. കടലിൽ ചാഞ്ചാടി കൊണ്ടുള്ള ആ ബോട്ട് യാത്ര മരണത്തെ മുഖാമുഖം കാണുന്ന പോലെയുള്ള തോന്നൽ ഞങ്ങളിൽ ഉളവാക്കി.
ഏറെ നേരത്തെ ബോട്ട് യാത്രയ്ക്ക് ശേഷം ഞങ്ങൾ തീരത്തഞ്ഞു. പെട്ടെന്നാണ് കണ്ണുകൾ
കെട്ടിയിട്ട ബോട്ട് കൂമ്പാരത്തിന്നടുത്തേയ്ക്ക് പറഞ്ഞത്. മെഡിസിന് പഠിക്കുന്ന തൻ്റെ ജൂനിയർ ആയ ആശിഷ്. അവന്നരുകിലായി ഒരു പെൺകുട്ടി. അതേ കോളേജിലെ തന്നെ അവൻ്റെ സഹപാഠിയായ അർച്ചന. അവർ മിക്ക ദിവസവും അവിടെ ഒന്നിക്കുക പതിവാണ്. അവരുടെ വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചിരിക്കയാണ്. അവരുടെ അരികിലൂടെ ആറേഴു വയസ്സുള്ള ഒരു കൊച്ചു സുന്ദരി മണൽപ്പരപ്പിലൂ ടെ ഓടി കളിക്കുന്നു. ആശിഷിൻ്റെ കൂട്ടുകാരനായ സൂരജായിരുന്നത്.
അവരുടെ എതിർ വശത്തായി ഇരിക്കുന്ന യുവാവ് ആ കുട്ടിയെ അരുമയോടെ നോക്കി കൊണ്ടിരിക്കുന്നു. അയാളുടെ ആ നോട്ടത്തിൽ നിന്നും ആ കുട്ടി അയാളുടെ മോളാണെന്ന് മനസ്സിലായി. ഞങ്ങൾ അയാളുടെ അരികിലേയ്ക്ക് നടന്നു നീങ്ങി. കണ്ണുകളിൽ ഓളം കെട്ടി നിൽക്കുന്ന ദുഖങ്ങളിൽ നിന്നും അയാൾ വളരെയേറെ മനോവേദന അനുഭവിക്കുന്ന ആളാണെന്നു തോന്നും.
അയാളുടെ അരികിലായി ഞങ്ങളും ഇരുന്നു. പരസ്പരം പരിചയപ്പെട്ടു. കോളേജ് ജീവിതത്തിൽ അയാൾ കോളേജ് യൂണിയൻ ഭാരവാഹിയായിരുന്നുവത്രെ. അന്ന് യൂണിയൻ നേതാവ് എന്ന മധുര മനോഹരമായ സങ്കൽപം മാത്രമായിരുന്നു അയാളുടെ ഉള്ളിൽ.
ആ പരുക്കൻ രാഷ്ട്രീയ ത്തെ അതിജീവിക്കുന്ന ഒരു കാല്പനീകമാനവ ജീവിതത്തിൻ്റെ ഭാവവിലോലതകൾ എന്നും അയാൾ ഉള്ളിൽ സൂക്ഷിച്ചിരുന്നു. അയാൾ പ്രശസ്തനായ ഒരു സിനിമ ആർട്ടിസ്റ്റും, ഗായകനുമായിരുന്നു.
സംഗീതം ശാസ്ത്രമായി പഠിച്ച നീന എന്ന യുവതിയുമായി അവിചാരിതമായി കണ്ടുമുട്ടുകയും അവർ പരസ്പരം പരിചയപ്പെടുകയും ചെയ്തു. അവർ രണ്ടു പേരുടേയും മനോവികാരങ്ങൾ ഒരു പോലെയായിരുന്നു.
നിത്യേനയുള്ള അവരുടെ കണ്ടുമുട്ടൽ അവരെ അനുരാഗത്തിലയ്ക്കും പിന്നീടത് വിവാഹത്തിലേയ്ക്കും നയിച്ചു.
ഒരു വൈകുന്നേരം സൂരജ് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അവൾ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുട്ടത്തു വർക്കിയുടെ "ഇണപ്രവുകൾ " എന്ന നോവലായിരുന്നു അത്. അയാൾ അത്ഭുതപ്പെട്ടു. എൻ്റെ സഹധർമ്മിണി ഒരു സാഹിത്യ പ്രേമിയോ?....
അയാൾക്ക് അതൊരു പുതിയ അറിവായിരുന്നു. ആ അറിവ് അയാളെ ആനന്ദ പുളകിതനാക്കി.
പിന്നീട് നീനയുമൊത്തുള്ള ജീവിതത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചു.
ദിവസങ്ങൾ മാസങ്ങൾക്കു വഴിമാറി കൊടുത്തു. ഇതിന്നിടയിൽ നീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവളുടെ കളിയിലും ചിരിയിലും അവർ നിവൃതി കൊണ്ടു.
വർഷങ്ങൾ അതിവേഗം കടന്നു പോയി കൊണ്ടിരുന്നു. അതോടൊപ്പം മോളും വളർന്നു വന്നു. ഉറക്കം
വരാത്ത രാത്രികളിൽ മോളേയും കൂട്ടി അവർ നീലനിലാവിൽ മുറ്റത്തെ ചെമ്പക ചുവട്ടിൽ പോയിരുന്ന്
ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങളേയും ഇമ ചിമ്മാതെ നിൽക്കുന്ന ആകാശവിതാനത്തിന്റെ ചുവട്ടിൽ മിന്നാമിനുങ്ങുകളും ചീവിടുകളും പശ്ചാത്തലമൊരുക്കി നിൽക്കുന്ന ആ രാവിൽ പരസ്പരം കവിതകൾ ചൊല്ലിയും പാട്ടുപാടിയും സന്തോഷം പങ്കിടുമായിരുന്നു.
അങ്ങിനെ ആ ആലാപനത്തിൻ്റെ ഭാവ സൗന്ദര്യ മാധുരിയിൽ ലയിച്ച് അവർ കിടക്കാനായി പോകും. മനസ്സിൽ ഒരായിരം സ്വപ്നങ്ങൾക്ക് നിറമേകി അവർ നിദ്രയുടെ മടിത്തട്ടിലേയ്ക്ക് ഊർന്നുവീഴും.
അല്ലലില്ലാതെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അവരറിയുന്നത്. നീന ബ്ലഡ് ക്യാൻസർ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന ഭീകര സത്യം. അവർ ആകെ തകർന്നുപോയ നിമിഷം. ഒരു പാട് ടെസ്റ്റുകളും മരുന്നുകളും മാറി മാറി ചെയ്തതിന്നൊടുവിൽ ഒരിക്കലും ജീവിതത്തിലേക്ക് ഇനി തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.
അവൻ്റെ നെഞ്ചു പിടഞ്ഞു. ജീവനു തുല്യം സ്നേഹിച്ച തൻ്റെ പ്രാണപ്രേയസി മരണത്തെ മുഖാമുഖം കണ്ടു കിടക്കയാണെന്ന നടുങ്ങുന്ന സത്യം അവനെ തളർത്തി. ആ മിഴികൾ പൊട്ടിയൊഴുകി. ആശുപത്രി വരാന്തയിൽ ചാരുബഞ്ചിൽ അവൻ മോളെയുമെടുത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചു അവൾക്കായി കാവലിരുന്നു.
ഐ സി യു വിൽ ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ശ്വാസം കഴിക്കുന്ന അവളെ അവന് കാണുവാൻ ശക്തിയില്ലായിരുന്നു. ആഴ്ചകൾക്ക് ശേഷം അവനേയും മോളേയും ഒറ്റക്കാക്കി അവൾ വേറെ ഏതോ ലോകത്തേയ്ക്ക് പോയി. മോളേയും മടിയിലിരുത്തി ഉറക്കം തൂങ്ങിയിരിക്കുന്ന അവനെ ഡോക്ടർ വന്ന് തട്ടി വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്. നീന മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന വിവരം ഡോക്ടർ പറഞ്ഞപ്പോൾ അയാൾക്ക് നിയന്ത്രിക്കാനായില്ല. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടി കരയുന്ന അയാളോട് അവസാനമായി അവളെ ചെന്നു കണ്ടു കൊള്ളാൻ ഡോക്ടർ പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ട അയാൾ വിങ്ങുന്ന ഹൃദയവുമായി മോളേയും കൊണ്ട് അവളുടെ അടുക്കലേയ്ക്ക് ഓടി.
ആ ദേഹത്ത് മുഖം ചേർത്ത് അയാൾ പൊട്ടിക്കരഞ്ഞു. ഒന്നും മനസ്സിലാകാത്ത മോളും വാവിട്ടു കരഞ്ഞു. ആർക്കും കണ്ടുനിൽക്കുവാൻ ആകാത്ത രംഗം. ആരെല്ലാമോ ചേർന്ന് അയാളെയും മോളേയും താമസസ്ഥലത്ത് എത്തിച്ചു. പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ അയാൾക്ക് തോന്നി.
നീന മരിച്ചിട്ട് വർഷം രണ്ടു കഴിഞ്ഞു. മോൾ ഇന്ന് ഒന്നാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു. ദിവസവും വൈകുന്നേരം അയാൾ മോളേയും കൂട്ടി ഇവിടെ വന്നിരിക്കും.
അയാളുടെ കദന കഥ കേട്ട സുബിൻ്റെ മനസ്സിൽ ഒരു തിരമാല അടിച്ചു കയറി. ദുഖത്തിൻ്റെ ഭാരവും മനസ്സിലേറ്റി അയാൾ റൂമിലേക്ക് കൂട്ടുകാരനോടൊപ്പം പോയി. പിറ്റേന്ന് രാവിലെ അവർ കോളേജിലേയ്ക്ക് തിരിച്ചു പോകും.
ആ വർഷം അവസാനിച്ചു. സുബിൻ ഫസ്റ്റ് റാങ്ക് വാങ്ങി പാസായി. അധികം താമസിയാതെ അവന് ഗവണ്മെന്റ് സർവ്വീസിൽ തന്നെ ഡോക്ടർ ആയി പോസ്റ്റിങ്ങ് കിട്ടി. അവൻ്റെ അമ്മയുടെ ആഗ്രഹം പൂർത്തീ കരിച്ച സന്തോഷം ആ നാലു ഹൃദയങ്ങളിൽ നിറഞ്ഞു നിന്നു. ജീവിതത്തിൻ്റെ പുതിയൊരു പാതയിലേയ്ക്ക് അവൻ ചുവടു വെച്ചു.
ശ്യാമള ഹരിദാസ്.