
അനർഘ നിമിഷങ്ങൾ
അദ്ധ്യായം 3

അദ്ധ്യായം 3
അനർഘ നിമിഷങ്ങൾ
വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു. പൗർണ്ണമിയുടെ ഓർമ്മകളിൽ വിഷു ഒരു മങ്ങിയ ചിത്രം പോലെ അവശേഷിച്ചു. നാടും വീടും വിട്ടതിനു ശേഷം, നിറയെ സന്തോഷമുള്ള വിഷുപ്പുലരികൾ അവരുടെ ജീവിതത്തിൽ നിന്ന് അകന്നുപോയി.
കണികാണുന്നതും, കൈനീട്ടം വാങ്ങുന്നതും, വിഷുക്കഞ്ഞിയുടെ മധുരം നുണയുന്നതും, ചക്കപ്പുഴുക്കിൻ്റെ ഗന്ധവും, പൂവടയുടെ രുചിയുമെല്ലാം അവളുടെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിച്ചു.
ഈ വർഷം, ആ നൊമ്പരത്തിന് ഒരു മാറ്റം വരുത്താൻ അവൾ തീരുമാനിച്ചു. വേരുകളിലേക്ക് മടങ്ങിച്ചെല്ലാൻ, നഷ്ടപ്പെട്ട ആ സന്തോഷം വീണ്ടെടുക്കാൻ... ഈ വിഷു, അവളുടെ ഗൃഹാതുരത്വം തുളുമ്പുന്ന നാട്ടിലായിരിക്കട്ടെ. ആ തീരുമാനം പൗർണ്ണമിയുടെ ഹൃദയത്തിൽ ഒരു കുളിർതെന്നലായി വീശി.
കുട്ടിക്കാലത്തെ ആ വിഷുക്കാലത്തിൻ്റെ ഓർമ്മകൾ അവളുടെ മനസ്സിലൂടെ ഒരു പുഴപോലെ ഒഴുകി.
അസ്തമയ സൂര്യൻ ചുവപ്പു രാശി പൊഴിക്കുമ്പോൾ വേനൽ മഴ പെയ്ത് ഇളം പുല്ലുകൾ മുറ്റത്തും തൊടിയിലും പറമ്പിലുമെല്ലാം പ്രഭ വിതറി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടാകും. പ്രകൃതി കാഴ്ചകളുടെ വിസ്മയ ഭംഗിയും പുലരി കാറ്റിൻ ചൂളം വിളിയും ആസ്വദിച്ച് രണ്ടാം നിലയിലെ ജനലിന്നരികെ ഇരുന്ന് തന്റെ കഥാലോകത്തേക്കുള്ള വാതായനങ്ങൾ തുറക്കാം എന്ന് അവൾ മനസ്സിൽ ചിന്തിച്ചു.
വിഷുവിന് മുന്നോടിയായി വലിയച്ഛനും കുടുംബവും എത്തിയിട്ടുണ്ട്. വീട് പഴയ സന്തോഷത്തിൽ നിറഞ്ഞു.
മുത്തശ്ശിയാണ് ഇത്തവണത്തെ വിഷുക്കണി ഒരുക്കുന്നത്. തേച്ചു മിനുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച്, പുതുക്കിയ കസവു മുണ്ടും, തിളങ്ങുന്ന വെള്ളിക്കാശും, സ്വർണ്ണാഭരണവും അതിൽ വെച്ചു. കൊന്നപ്പൂക്കളുടെ മഞ്ഞപ്പൊട്ട് വിതറി, മിനുസമുള്ള വാൽക്കണ്ണാടിയും, പുഞ്ചിരിക്കുന്ന കണിവെള്ളരിയും, പഴുത്ത അടയ്ക്കയും, മടക്കിയ വെറ്റിലയും അതിനരികിൽ നിരത്തി.
കണ്മഷിയുടെ കറുപ്പും, സിന്ദൂരത്തിൻ്റെ ചുവപ്പും ആ ഓട്ടുരുളിക്ക് വർണ്ണപ്പൊലിമ നൽകി. കിഴക്കോട്ടു തിരിയിട്ട് കത്തുന്ന നിലവിളക്കിൻ്റെ പ്രകാശത്തിൽ നാളികേരപാതിയും, ശ്രീകൃഷ്ണ ഭഗവാൻ്റെ വിഗ്രഹവും, അഷ്ടമംഗല്യവും ശോഭയോടെ ഇരുന്നു. ഇതിനു പുറമെ കുറിക്കൂട്ടും, ഒരു ഗ്രന്ഥവും, നിറയെ ഫലവർഗ്ഗങ്ങളും, പഴുത്ത ചക്കയും മാങ്ങയുമെല്ലാം ഒരുക്കി വെച്ചു.
പുകയുന്ന ചന്ദനത്തിരിയുടെ സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പുതിയ കാസവുമുണ്ടും അതിനടുത്ത് സ്ഥാനം പിടിച്ചു. എല്ലാം ഒരുക്കിയ ശേഷം മുത്തശ്ശി എല്ലാവരെയും ഉറങ്ങാൻ പറഞ്ഞു.
പുലർച്ചെ മുത്തശ്ശി പതിയെ എഴുന്നേറ്റു. കണ്ണുകൾ അടച്ച് കണി കണ്ടു. ശേഷം ഓരോരുത്തരെയായി വിളിച്ചുണർത്തി, പിന്നിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയി ആ മനോഹരമായ കണി കാണിച്ചു. എല്ലാവരും കണി കണ്ടു കഴിഞ്ഞപ്പോൾ, കിഴക്കേ വാതിൽ തുറന്ന് ആ പ്രകാശം നിറഞ്ഞ കണി സൂര്യഭഗവാനും, പ്രകൃതിക്കും, മരങ്ങൾക്കും, വീട്ടിലെ പശുക്കിടാങ്ങൾക്കും കാണിച്ചു.
അതിനുശേഷം മുത്തശ്ശിയാണ് ആദ്യം വിഷുക്കൈനീട്ടം നൽകിയത്. തിളങ്ങുന്ന ഓരോ സ്വർണ്ണ നാണയവും, വെള്ളി നാണയവും അവരുടെ കൈകളിൽ വെച്ചു കൊടുത്തു. ശേഷം വലിയച്ഛനും, മറ്റുള്ളവരും കൈനീട്ടം നൽകി. ആ നിമിഷങ്ങൾ അവരുടെ ഹൃദയങ്ങളിൽ ആനന്ദം നിറച്ചു. മുറ്റത്ത് പടക്കം പൊട്ടുന്നതിൻ്റെയും, വിഷുചക്രം കറങ്ങുന്നതിന്റെയും, കമ്പിത്തിരിയും പൂത്തിരിയും ആകാശത്തിൽ വർണ്ണങ്ങൾ വിതറുന്നതിൻ്റെയും ബഹളം.
പിന്നീട് വിഷു ആഘോഷത്തിൻ്റെ പ്രധാന ഭാഗമായി ഭക്ഷണം ഒരുങ്ങി. ആദ്യം പനസം വെട്ടി (ചക്ക), അടുപ്പിൽ വിഷുക്കട്ടയുടെ മണം ഉയർന്നു. നാളികേരപ്പാലിൽ പുന്നെല്ലിൻ്റെ അരി വറ്റിച്ച്, ജീരകം ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഇതിന് ഉപ്പോ, മധുരമോ ചേർക്കാറില്ല. മധുരത്തിനായി ശർക്കര പാനിയോ, മത്തനും പയറും ചേർത്തുള്ള കറിയോ കൂട്ടി കഴിച്ചു.
പഴയ തറവാടായതുകൊണ്ട് ആചാരങ്ങളെല്ലാം അതേപടി നിലനിൽക്കുന്നു.
വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി, അതിൽ വാഴയില വെച്ച്, തേങ്ങ ചിരകിയ കഞ്ഞി പഴുത്ത പ്ലാവില കൊണ്ട് കുടിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. ഇതിൻ്റെ കൂടെ ചക്കപ്പുഴുക്കും, മൊരിഞ്ഞ ചക്ക വറുത്തതും, പപ്പടം കാച്ചിയതും രുചികരമായ വിഭവങ്ങളായി.
വിഷു പുലർച്ചെ 'ചാലിടൽ' എന്നൊരു ചടങ്ങുണ്ട്. നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിൻ്റെ പ്രതീകമാണിത്. കന്നുകാലികളെ കുളിപ്പിച്ച്, കുറിതൊട്ട്, കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷിസ്ഥലത്തേക്ക് കൊണ്ടുപോയി. പുതിയ കാർഷികോപകരണങ്ങൾ കൊണ്ട് അവയെ പൂട്ടി നിലം ഉഴുതുമറിച്ചു. ശേഷം ആ ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിച്ചു. ഈ കാഴ്ചകളെല്ലാം പൗർണ്ണമിയ്ക്ക് മറ്റൊരു അത്ഭുത ലോകത്ത് എത്തിയ പ്രതീതി സമ്മാനിച്ചു.
അപ്പോഴേക്കും ഇളം ചൂടുള്ള വെയിൽ നാളങ്ങൾ മുറ്റത്തിൻ്റെ കിഴക്കു ഭാഗത്തേക്ക് അരിച്ചു നീങ്ങി. പൗർണ്ണമി ഉമ്മറത്തെ ചാരുബഞ്ചിൽ പടിക്കലേക്ക് കണ്ണും നട്ടിരുന്നു - അമ്മ വരുന്നതും കാത്ത്. തൊടിയിൽ പറന്നു കിടക്കുന്ന കരിയിലക്കൂട്ടം ഇളം കാറ്റിൽ ആരെയോ പേടിച്ചെന്നപോലെ ബഹളം കൂട്ടി.
അമ്പലത്തിൽ നിന്നും വരുന്ന അമ്മയുടെ സാമീപ്യം അവൾ അറിഞ്ഞു.
തുളസി പൂവിൻ്റെയും ചന്ദനത്തിൻ്റെയും പരിമളം കാറ്റിൽ അലിഞ്ഞു ചേർന്നു. തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിപ്പൂക്കൾ ഇപ്പോൾ കൊഴിഞ്ഞു വീഴും എന്ന മട്ടിൽ ഞാന്നു കിടന്നു. അവൾ അമ്മയുടെ അടുത്തേക്ക് ഓടി, പുറത്തുപോകാനുള്ള അനുവാദം വാങ്ങി.
അവർ വലിയച്ഛനെയും കൂട്ടി പുഴയുടെ തീരത്തും, പച്ചപ്പ് നിറഞ്ഞ മലയോരത്തും എല്ലാം കറങ്ങി. മലയുടെ താഴ്വാരം അതിമനോഹരമാണ്. താഴ്വാരത്തിൻ്റെ കുറച്ചപ്പുറത്തുകൂടി ആ പുഴ നിറഞ്ഞൊഴുകി. ഓളങ്ങൾ ഒന്നിനുപുറകെ ഒന്നായി തീരത്തേക്ക് ആഞ്ഞടിച്ചു. പൊട്ടിത്തകരുന്ന വേദനയുടെ മന്ദഹാസം പോലെ ഒരു നേർത്ത നിലാവ് നദീജലത്തിൽ അലിഞ്ഞുചേർന്നു.
അന്നത്തെ യാത്ര മതിയാക്കി അവർ വീട്ടിലേക്ക് നടന്നു. പിറ്റേന്ന് രാധികയും രഞ്ജിതയും, പൗർണ്ണമിയും കൂടി പ്രകൃതി ഭംഗി ആസ്വദിക്കാൻ പോയി. കാനനം മുഴുക്കെ കനകം പൂശുന്ന കമനീയമായ പ്രഭാതം. മലരുകളിലും തളിരുകളിലും രസമണികൾ പോലെ ഹിമകണികകൾ തൂങ്ങി കിടക്കുന്നു. പല വർണ്ണത്തിലുള്ള ശലഭങ്ങൾ അങ്ങുമിങ്ങും പറന്നു കളിക്കുന്നു. സ്വർഗ്ഗീയ സുഷമയിൽ ആറാടി നിൽക്കുന്ന ആ വന്യാരാമത്തിന്റെ മദ്ധ്യത്തിലൂടെ ഒരു കാട്ടുചോല ഒഴുകുന്നുണ്ട്. പുഷ്പ സമൃദ്ധമായ കാട്ടുച്ചെടികൾ ഇടതിങ്ങി നിൽക്കുന്ന കാട്ടുച്ചോല തീരവും, ഇളം പച്ചപ്പ് പിടിച്ചൊരു പരിസരവും, ഇലകളെല്ലാം കൊഴിഞ്ഞു പൂക്കൾ മാത്രം നിൽക്കുന്നതും, നിറയെ പൂത്തു നിൽക്കുന്ന കാട്ടു ചെമ്പകമരവും ചേർന്നു നിൽക്കുന്ന ഈ പ്രകൃതി എന്തു മനോഹരം! ഈ പ്രദേശം പ്രകൃതി സൗന്ദര്യം അതിൻ്റെ അത്യുന്നതയെ പ്രാപിച്ചിരിക്കുന്നു. ഓരോ പുഷ്പത്തിനും പ്രത്യേക ചൈതന്യമുണ്ട്. ഓരോ പുൽത്തുമ്പിനും ഓരോ പുതുനാമ്പുണ്ട്. വിവിധയിനം പക്ഷികൾ വൃക്ഷ കൊമ്പിലിരുന്ന് കാഹളം മുഴക്കുന്നു.
തൊട്ടടുത്തുള്ള മരക്കൊമ്പിലിരുന്ന കുയിലുകൾ അവരെ ഒളിഞ്ഞുനോക്കി. പൗർണ്ണമിക്ക് ആ അന്തരീക്ഷം വളരെ ഇഷ്ടപ്പെട്ടു - പ്രകൃതി സൗന്ദര്യം മൊട്ടിട്ടു നിൽക്കുന്ന പച്ചക്കുന്നുകൾ, മുളം കാടുകൾ, പലവഴിക്കും പോകുന്ന ഊടുപാത. പൂ നിലാവുള്ള രാത്രികളിൽ പൗർണ്ണമിയുടെ സ്വപ്നങ്ങളിൽ ആ പ്രദേശം നിറഞ്ഞു നിന്നു.
പിറ്റേന്ന് ആ മനോഹര തീരത്തുവന്നിരുന്ന് പൗർണ്ണമി തൻ്റെ പുതിയ നോവലിന് തുടക്കമിട്ടു - 'ആരാമം'. പ്രകൃതിയിലെ ഓരോ കാഴ്ചകളെയും തൻ്റെ ഭാവനകൊണ്ട് മനോഹരമാക്കി അവൾ എഴുതി തുടങ്ങി.
രാധികയുടെ നിർബന്ധപ്രകാരം അവർ കുടുംബ സമേതം ഒരു ടൂർ പ്ലാൻ ചെയ്തു. അച്ഛമ്മ മാത്രം വന്നില്ല. ബാണാസുരമല കാണാനാണ് അവർ പോയത്.
മഞ്ഞിനെയും മഴയെയും പ്രണയിക്കുന്നവർക്ക് ബാണാസുരമല വിസ്മയമാണ്. ആകാശ പന്തലിൽ മഴമേഘങ്ങൾ പെരുമ്പറ കൊട്ടുമ്പോൾ അതിന് താഴെ മഴയുടെ മഹോത്സവമാണ്. ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടൻ മഴയുടെ നൂലിഴകളിൽ ബാണാസുര മലയിലേക്ക് യാത്രപോകാം. തെരുവപ്പുല്ലുകൾ തിരുമുടി കെട്ടിയ മലയുടെ നെറുകയിൽ നിന്നും വിദൂരങ്ങളിലേക്ക് മഴ നനഞ്ഞ് കൈകൾ നീട്ടാം. പച്ചപ്പുനിറഞ്ഞ പുൽമേടുകളിൽ നിന്നും ഇടവഴികളിലൂടെ മലയോരങ്ങളിലൂടെ സഞ്ചരിക്കാം.
വൃക്ഷതലപ്പുകൾക്കിടയിലൂടെ തെളിഞ്ഞുവരുന്ന താഴ്വാരങ്ങളിലേക്ക് കണ്ണുപായിച്ചും കാറ്റിനോട് കഥപറഞ്ഞും നടക്കാം. വയനാടിന്റെ കുളിരിന് കാലങ്ങളായി കാവൽ നിൽക്കുകയാണ് ഈ അസുര പർവ്വതം. ചോലവനങ്ങളും പുൽമേടുകളും ധാരാളമായുള്ള മലയോരങ്ങളിൽ ഒരു മഴക്കാലം പതിയെ തലോടി തുടങ്ങി.
ഇടവിട്ട് വെയിൽ കൂടി ചേരുന്നതോടെ നീലാകാശത്തിൻ്റെ തെളിമയിൽ ബാണാസുരമലയോരത്തിന് ഒന്നുകൂടി നിറചാർത്തായി. മഴക്കാലത്ത് കാട്ടരുവിയുടെ താളമായി. വലിയ പാറക്കെട്ടുകളിൽ നിന്നും ആർത്തലച്ച് താഴ്വാരങ്ങളിലേക്ക് തല തല്ലിപ്പായുന്ന അരുവികളുടെ നിലയ്ക്കാത്ത ആരവമാണ് മഴക്കാലത്ത് ബാണാസുരമലയുടെ വരവേൽപ്പുകൾ. വയനാടിൻ്റെ പടിഞ്ഞാറൻ ചക്രവാളത്തിലാണ് ബാണാസുരമലയുടെ കാവൽ.
നേരെ എതിർവശത്തായുള്ള ചെമ്പ്രമലയിലേക്ക് കാഴ്ചകൾ കൂർപ്പിക്കുന്ന മലനിരകൾ. അവിടേക്കുള്ള യാത്ര സാഹസികമാണ്.
ബാണാസുരൻ്റെ അഹങ്കാരവും കൃഷ്ണൻ്റെ കാരുണ്യവുമെല്ലാം
വയനാടിൻ്റെ കാവൽക്കാരനായ ബാണാസുരമലയ്ക്ക് ദേവാസുര യുദ്ധത്തിൻ്റെ പ്രതിധ്വനികൾ സമ്മാനിച്ചു.
അഹങ്കാരത്തിൻ്റെ മൂർത്തീരൂപമായ ബാണാസുരൻ, സത്യകിയുമായി ഏറ്റുമുട്ടിയ ശേഷം ശ്രീകൃഷ്ണ ഭഗവാനോട് പോരിനിറങ്ങി. എന്നാൽ കൃഷ്ണന്റെ ദിവ്യമായ ശംഖധ്വനി മുഴങ്ങിയപ്പോൾ ബാണാസുരൻ്റെ തേരാളൻ നിമിഷനേരം കൊണ്ട് നിലംപതിച്ചു, അവന്റെ രഥവും തകർന്നു.
ശിവന്റെ സൈന്യം പോലും കൃഷ്ണൻ്റെ തേജസ്സിന് മുന്നിൽ പരാജയപ്പെട്ടു. ക്രോധം ജ്വരരൂപം പൂണ്ട് മൂന്ന് തലകളും മൂന്ന് കാലുകളുമായി കൃഷ്ണനെതിരെ തിരിഞ്ഞു. എന്നാൽ ശാന്തസ്വരൂപനായ കൃഷ്ണൻ തൻ്റെ തണുത്ത ജ്വരത്താൽ അതിനെ നിഷ്പ്രഭമാക്കി.
വിഷ്ണുവിൻ്റെ ജ്വരത്തിൻ്റെ ശക്തിയിൽ നൊമ്പരപ്പെട്ട ശിവൻ്റെ ക്രോധം ഒടുവിൽ കൃഷ്ണന് മുന്നിൽ നമ്രശിരസ്കനായി പിൻവാങ്ങി. തുടർന്ന് കൃഷ്ണൻ 'ജൃംഭുനാസ്ത്രം' പ്രയോഗിച്ച് ശിവനെ താൽക്കാലികമായി നിദ്രയിലാഴ്ത്തി.
അതേസമയം ബലരാമൻ ബാണാസുരന്റെ സേനാധിപനെ തോൽപ്പിച്ചു. വീണ്ടും കൃഷ്ണനുമായി ഏറ്റുമുട്ടാൻ ബാണൻ തന്റെ തകർന്ന രഥത്തിൽ കയറിയപ്പോൾ, കൃഷ്ണൻ തൻ്റെ സുദർശന ചക്രം ഉയർത്തി. ബാണാസുരൻ്റെ കൈകൾ അറ്റു വീഴാൻ തുടങ്ങിയതും, ശിവൻ ഉണർന്ന് കൃഷ്ണൻ്റെ മഹത്വം വാഴ്ത്തി.
താൻ അഭയം നൽകിയ ബാണാസുരനെ വധിക്കരുതെന്ന് അപേക്ഷിച്ചു.
ബാണാസുരൻ ഭക്തനായ പ്രഹ്ലാദൻ്റെ പൗത്രനും ബാലി പുത്രനുമാണെന്നറിഞ്ഞ കൃഷ്ണൻ അവനെ വധിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അറിയിച്ചു.
തൻ്റെ കുലത്തിലുള്ള ആരെയും വധിക്കില്ലെന്ന് വിഷ്ണു ബാലിക്ക് വാക്ക് നൽകി. എങ്കിലും ബാണാസുരൻ്റെ അഹങ്കാരം ഇല്ലാതാക്കാൻ കൃഷ്ണൻ അവൻ്റെ അധിക കരങ്ങളെ ഛേദിച്ചു, ഒടുവിൽ നാല് കൈകളുമായി അവശേഷിപ്പിച്ചു.
തൻ്റെ തെറ്റ് മനസ്സിലാക്കിയ ബാണാസുരൻ കൃഷ്ണന് മുന്നിൽ കുമ്പിട്ടു. ദ്വാരകയിൽ അനിരുദ്ധന്റെയും ഉഷയുടെയും വിവാഹത്തിനായി ഒരു രഥം ഒരുക്കിക്കൊടുത്തു.
അങ്ങനെ അഹങ്കാരം തല താഴ്ത്തിയപ്പോൾ, കാരുണ്യം വിജയം നേടി.ബാണാസുരൻ്റെ അഹങ്കാരവും കൃഷ്ണൻ്റെ കാരുണ്യവുമെല്ലാം വയനാടിൻ്റെ കാവൽക്കാരനായ ബാണാസുരമലക്ക് ദേവാസുര യുദ്ധത്തിൻ്റെ ഓർമ്മകൾ സമ്മാനിച്ചു.
വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും കാഴ്ചയുടെ വസന്തം തീർത്ത് പച്ചപ്പുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന ബാണാസുര താടാകത്തിൻ്റെ നയന മനോഹാരിതയും, വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും വയനാടിൻ്റെ ഗന്ധവും ഗന്ധവും ആസ്വദിച്ചു കഴിഞ്ഞശേഷം അവർ അവിടെ നിന്നും തനിമയാർന്ന കാപ്പി, തേയില, സുഗന്ധദ്രവ്യങ്ങൾ, തേൻ, എന്നിവ വാങ്ങി മടക്ക യാത്രക്ക് തയ്യാറായി.
റസ്റ്റോറന്റിൽ കയറി ഫുഡ് ഉം കഴിച്ച് അവർ വന്നു കാറിൽ കയറി. കാർ കുതിച്ചു കൊണ്ടിരുന്നു. അസ്തമയ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ വിടചൊല്ലാനായി ഒരുങ്ങി നിന്നു. പൗർണ്ണമിയും കുടുംബവും അന്ന് വൈകുന്നേരം തൃശ്ശൂരിലെ അച്ഛൻ്റെ വീട്ടിലേയ്ക്ക് മടക്കയാത്ര ആരംഭിച്ചു.
കാറിലിരിക്കുമ്പോൾ അവൾ വിൻഡോ ഗ്ലാസ്സിലൂടെ സൂര്യാസ്തമയം നോക്കികൊണ്ടിരുന്നു. ആ യാത്ര അവൾക്ക് ആനന്ദപ്രദമായി തോന്നി.
അങ്ങിനെ അവർ വീട്ടിലെത്തി. അവൾ വിശേഷങ്ങളെല്ലാം മുത്തശ്ശിയുമായി പങ്കുവെച്ചു.
രണ്ടുപേർക്കും ഉറക്കം വരുന്നില്ല. ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിന്നിടയിൽ മുത്തശ്ശി നാണിയുടെ ജീവിത കഥ അവളോട് പറഞ്ഞു.
നാണിക്ക് മൂന്നു പെൺ മക്കളാണ്. ഭർത്താവ് കേശവൻ പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. അയാൾക്ക് വലിയ വരുമാനമൊന്നും ഇല്ല.
വല്ലപ്പോഴും ഒരു പണി കിട്ടും.
ഒരു കൊച്ചു വാടക വീട്ടിലാണ് അവർ താമസിക്കുന്നത്. വയറു നിറച്ചു ആഹാരമില്ലാതെയും ചുരുണ്ടു കൂടി കിടക്കാൻ സ്വന്തമായൊരു ഇടമില്ലാതെയും നാണി വളരെ വിഷമിച്ചു. മൂന്നു മക്കളും പുര നിറഞ്ഞു നിൽക്കയാണ്.
ഇതിന്നിടയിലാണ് ക്യാൻസർ എന്ന മഹാരോഗം കേശവനെ കാർന്നു തിന്നാൻ തുടങ്ങിയത്. അന്നു നാണി പണിക്കു പോയിരുന്നില്ല. കേശവൻ അവളെ പറഞ്ഞയക്കില്ലായിരുന്നു.
ആ ദമ്പതികൾ തമ്മിൽ നല്ല സ്നേഹമായിരുന്നു. ചികിൽസിക്കാൻ പണമില്ലാതായപ്പോൾ നാണി അവൾക്ക് വീട്ടിൽ നിന്നും ഭാഗത്തിൽ കിട്ടിയ സ്ഥലം തുച്ഛവിലക്ക് വിറ്റു. അങ്ങിനെ കേശവൻ്റെ ചികിത്സയും വീട്ടിലെ അത്യാവശ്യങ്ങളും നിറവേറ്റി.
ഇത്രയൊക്കെ പണം മുടക്കിയിട്ടും കേശവന്റെ അസുഖത്തിന് യാതൊരു കുറവും ഇല്ല. ഒരുനാൾ അയാൾ എല്ലാവരേയും ഉപേക്ഷിച്ചു വേറൊരു ലോകത്തേയ്ക്ക് പോയി.
ആ വേർപ്പാട് അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല. പിന്നെ വിധിയോട് പൊരുത്തപ്പെട്ടു. അങ്ങിനെയാണ് മുത്തശ്ശിയുടെ പക്കൽ പണിക്കെത്തിയത്.
അവളുടെ കദനക്കഥ മുത്തശ്ശിയെ ഏറെ വേദനിപ്പിച്ചു. അവർ മൂന്നു പെൺകുട്ടികളെയും തൻ്റെ ബന്ധുക്കളുടെ വീട്ടിൽ പണിക്കായി വിട്ടു.
നാണിക്ക് സ്വന്തം വളപ്പിൽ നിന്നു തന്നെ അഞ്ചു സെന്റ് സ്ഥലം കൊടുത്ത് അതിൽ ഒരു കുഞ്ഞുവീട് നിർമ്മിച്ചു കൊടുത്തു.
കാലം കടന്നു പോയി. നാണിയുടെ മക്കളെല്ലാം വിവാഹിതരായി. നാണിക്ക് വീടുമായി ജീവിക്കാനുള്ള വക മുത്തശ്ശി കൊടുക്കുകയും ചെയ്യും.
കഥ കേട്ട് പൗർണ്ണമി ഉറങ്ങിപ്പോയി. പിറ്റേന്ന് അവർക്ക് ഹൈദരാബാദിലേക്ക് പോകേണ്ടതാണ്.
(തുടരും )