top of page

നിറയുന്ന ഓർമ്മച്ചെപ്പ്

അദ്ധ്യായം 2

നിറയുന്ന ഓർമ്മച്ചെപ്പ്

ഹൈദരാബാദിലെ ഹൃദയസ്പർശിയായ ഓർമ്മകൾ

ഓർമ്മകളുടെ സുഗന്ധം ഒരു നേർത്ത പുഷ്പം പോലെ മനസ്സിൽ താലോലിച്ചുകൊണ്ട്, അവൾ അച്ഛൻ്റെ കർമ്മഭൂമിയായ ഹൈദരാബാദിലേക്ക് യാത്രയായി. വെക്കേഷൻ്റെ ആലസ്യത്തിൽ നിന്ന് ഉണർന്ന് സ്കൂളുകളിൽ പുതിയ പ്രവേശനത്തിൻ്റെ തിരക്കുകൾ ആരംഭിച്ചു . അച്ഛനോടൊപ്പം അവൾ കാൻഡിഡസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ (സി.ഐ.എസ്) വിശാലമായ കോമ്പൗണ്ടിലേക്ക് കാലെടുത്തു വെച്ചു. 3600 ഏക്കർ വിസ്തൃതിയുള്ള സെക്കൻഡറി കാമ്പസിനുള്ളിൽ, അഞ്ച് ഏക്കറിൽ തലയുയർത്തി നിൽക്കുന്ന ആ വിദ്യാലയം ഒരു സ്വപ്നലോകം പോലെ അവളെ ആകർഷിച്ചു.

അവിടെ വൈവിധ്യമാർന്ന കായിക സൗകര്യങ്ങൾ ഉണ്ട്. അത്യാധുനിക ജിംനേഷ്യം, രണ്ട് വിശാലമായ ഔട്ട്‌ഡോർ ബാസ്കറ്റ്ബോൾ കോർട്ടുകൾ, മറ്റ് കായിക വിനോദങ്ങൾക്കായി പച്ചപ്പ് നിറഞ്ഞ നാല് പുൽമൈതാനങ്ങൾ, ഒളിമ്പിക്സ് നിലവാരത്തിലുള്ള നീന്തൽക്കുളങ്ങൾ... കൂടാതെ സ്കീയിംഗ്, സംഗീതം, നൃത്തം എന്നിങ്ങനെ അവളുടെ അഭിരുചികൾക്ക് ചിറകുകൾ നൽകുന്ന എല്ലാം അവിടെയുണ്ട് .

അടുത്ത ആഴ്ച മുതലായിരുന്നു ക്ലാസ്സുകൾ ആരംഭിക്കുന്നത്. ആദ്യ ദിനം അവൾ അച്ഛനോടൊപ്പം കാറിൽ സ്കൂളിലേക്ക് യാത്രയായി. പിറ്റേന്ന് മുതൽ എയർ കണ്ടീഷൻ ചെയ്ത സ്കൂൾ ബസ്സായിരുന്നു അവളുടെ യാത്രാ വാഹനം.

അവളുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിന്ന കൂട്ടുകാരി മലയാളിയായ കാതറിനാണ് . കാതറിൻ്റെ പാട്ടുകൾക്ക് ഒരു മാന്ത്രിക സ്പർശമുണ്ടായിരുന്നു. ഈണത്തിലും താളത്തിലും അവൾ മനോഹരമായി കവിതകൾ ചൊല്ലുമ്പോൾ, അവൾ ലോകം മറന്ന് ആസ്വാദനത്തിൻ്റെ ആഴങ്ങളിൽ ലയിച്ചു.
സ്കൂളിലെ യുവജനോത്സവത്തിൽ പൗർണ്ണമിയുടെയും കാതറിൻ്റെയും പേരുകൾ അധ്യാപകർ ചേർത്തു. കാതറിൻ്റെ ഹിന്ദി ഗാനം ഹാളിൽ കരഘോഷങ്ങൾ ഉയർത്തി. പിന്നീട് പൗർണ്ണമിയുടെ ഊഴമെത്തി. ആകാംഷയോടെ എല്ലാവരും നിശ്ശബ്ദരായി അവളെ നോക്കി. അവൾ ചങ്ങമ്പുഴയുടെ 'രമണൻ' എന്ന കവിത ഹൃദയസ്പർശിയായി ചൊല്ലി. കവിതയിലെ ഓരോ വരികൾക്കുമൊപ്പം അവളുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. രമണൻ്റെ മരണത്തെക്കുറിച്ചുള്ള വരികളെത്തിയപ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അടർന്നു വീഴാൻ തുടങ്ങി. രമണൻ്റെ വിരഹം അവളെ അത്രയധികം വേദനിപ്പിച്ചു. പ്രശംസകളുടെയും ആരാധകരുടെയും തിരയിൽ അവൾ ശ്വാസം മുട്ടി. വിശിഷ്ടാതിഥികൾ അവളെ അഭിനന്ദിക്കുകയും, പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.

പഠനത്തോടൊപ്പം തന്നെ സാഹിത്യ രചനകളും അവളുടെ ജീവിതത്തിൻ്റെ ഭാഗമായി. നോവലുകളും, ചെറുകഥകളും, കവിതകളും അവൾ എഴുതിക്കൂട്ടി. ഒമ്പത് വയസ്സു മാത്രം പ്രായമുള്ളപ്പോൾ അവൾ രചിച്ച "കാട്ടിലെ സീത" എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയപ്പോൾ അത്ഭുതകരമായ അംഗീകാരമാണ് അവളെ തേടിയെത്തിയത്. ടി.വി. ചാനലുകളിലും, ലൈവ് വീഡിയോകളിലും, പത്രങ്ങളിലും അവളുടെ വാർത്തകളും ചിത്രങ്ങളും നിറഞ്ഞു. പ്രശംസകളും ബഹുമതികളും അവളെ തേടിയെത്തി. അവളുടെ വളർച്ചയിലേക്കുള്ള ആദ്യത്തെ സുപ്രധാന ചവിട്ടുപടിയായിരുന്നു അത്.

അമ്മയോടും അച്ഛനോടുമൊപ്പം ഒഴിവു ദിവസങ്ങളിൽ അവൾ നഗരത്തിലെ കാഴ്ചകൾ കാണാൻ പോയി. എന്നാൽ അവളുടെ ഹൃദയം കൂടുതൽ ആകൃഷ്ടമായത് പുസ്തകങ്ങൾ കാണുമ്പോഴാണ്. അവൾ മിക്കപ്പോഴും ബുക്ക് സ്റ്റാളുകളിൽ കയറി വിവിധ ഭാഷകളിലുള്ള പുസ്‌തകങ്ങൾ വാങ്ങി രാത്രി വൈകുവോളം അവയിൽ ലയിച്ചു.

ഇപ്പോൾ അവൾ പത്താം ക്ലാസ്സിലെ വിദ്യാർത്ഥിനിയാണ്. സമൂഹത്തിൽ അവൾ തൻ്റെതായ പേര് ഇതിനോടകം നേടിയെടുത്തു. അങ്ങനെ ആ അധ്യയന വർഷം അവസാനിക്കാറായി. അതിൻ്റെ ഭാഗമായി സ്കൂൾ അധികൃതർ ആ വർഷത്തെ വിനോദയാത്ര ഹൈദരാബാദിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തീരുമാനിച്ചു.

അങ്ങനെ അവർ സ്കൂളിൽ നിന്ന് ഹൈദരാബാദിലെ വിസ്മയ കാഴ്ചകളിലേക്ക് യാത്ര തുടങ്ങി.
അവർ ആദ്യമായി എത്തിയത് ഹൃദയാകൃതിയിലുള്ള ഹുസൈൻ സാഗർ തടാകത്തിലാണ്. തടാകത്തിൻ്റെ നടുവിലുള്ള ജിബ്രാൾട്ടർ പാറയിൽ തലയുയർത്തി നിൽക്കുന്ന ഗൗതമ ബുദ്ധൻ്റെ വലിയ ശിലാപ്രതിമ അവരുടെ കണ്ണുകൾക്ക് വിരുന്നൊരുക്കി.

ആ മനോഹരമായ കാഴ്ച അവരെ ഏറെ ആകർഷിച്ചു. പ്രകാശപൂരിതമായ നഗരത്തെ ഇരട്ട നഗരങ്ങളായി വിഭജിക്കുന്ന ഹുസൈൻ സാഗർ, വരണ്ട മനസ്സുകളിലേക്ക് ഒരു കടൽ പോലെ കുളിര് കോരിയിട്ടു. അത്രയധികം വിശാലമായിരുന്നു ആ തടാകത്തിൻ്റെ വ്യാപ്തി. നഗരത്തിരക്കിൻ്റെ ചൂടിന് പോലും ഈ തടാകത്തിൻ്റെ ശാന്തതയെ തകർക്കാനായില്ല.


വൈകുന്നേരമായപ്പോൾ ബോട്ട് യാത്രയ്ക്കായി കാത്തുനിൽക്കുന്ന നൂറുകണക്കിന് ആളുകളുടെ കൂട്ടത്തിലേക്ക് അവരും ചേർന്നു. അങ്ങനെ ഹുസൈൻ സാഗർ തടാകത്തിലൂടെയുള്ള അവരുടെ ആവേശകരമായ ബോട്ട് യാത്ര ആരംഭിച്ചു. ആ യാത്ര ശരിക്കും ഹൃദയം നിറയ്ക്കുന്നതായിരുന്നു. ചിലർ ഭയത്തോടെ ഒതുങ്ങിക്കൂടി, എന്നാൽ പൗർണ്ണമിക്കത് ഒരു പുതിയ അനുഭവമായി.

ബോട്ട് യാത്രയ്ക്ക് ശേഷം അവർ നേരെ പോയത് ലുംബിനി പാർക്കിലേക്കാണ്. വിശ്രമത്തിനും വിനോദത്തിനും ഏറ്റവും അനുയോജ്യമായ ഒരിടം. ഈ പാർക്കിൻ്റെ പ്രധാന ആകർഷണം പ്രവേശന കവാടത്തിലെ ഭീമാകാരമായ ഘടികാരമാണ്. വിവിധ വർണ്ണങ്ങളിലുള്ള പൂച്ചെടികൾ ഉപയോഗിച്ചാണ് ഇത് മനോഹരമായി രൂപകൽപ്പന ചെയ്തിരുന്നത്. കുട്ടികളുടെ ഭാഗത്ത് സന്തോഷത്തിൻ്റെ അലയൊലികൾ കേട്ടു. അവർ പതഞ്ഞുപൊങ്ങുന്ന വാട്ടർ പൂളിൽ ആർത്തുല്ലസിച്ചു. സീസൺൽ പൂച്ചെടികളും, വൈവിധ്യമാർന്ന കള്ളിച്ചെടികളും, പാറക്കെട്ടുകളും കൂടാതെ കുട്ടികൾക്ക് കളിച്ചു രസിക്കാനായി നിരവധി കാര്യങ്ങൾ അവിടെയുണ്ട്.

പൗർണ്ണമിയെ ഏറെ ആകർഷിച്ചത് സംഗീത ജലധാരയും, മനോഹരമായ ജല കാസ്കേഡുകളുമാണ്. കൂടാതെ ഹൈദരാബാദിൻ്റെ ചരിത്രം ദൃശ്യവൽക്കരിക്കുന്ന ഒരു ജല സ്ക്രീൻ ആകാശത്തേക്ക് ഉയർന്നു വരുന്ന വെള്ളത്തിൽ തെളിഞ്ഞു കാണുന്നത് അവളുടെ മനസ്സിൽ ഒരു അത്ഭുതമായി തങ്ങിനിന്നു.


പിന്നീട് അവർ താരാമതി ഗണമന്ദിറും, പ്രേമതി നൃത്യമന്ദിറും സന്ദർശിച്ചു. ഐതിഹാസിക സഹോദരിമാരായ താരാമതിയും പ്രേമതിയും താമസിച്ചിരുന്ന ഈ സ്ഥലം ഇപ്പോൾ ശാസ്ത്രീയ സംഗീതത്തിനും നാടോടി കലാരൂപങ്ങൾക്കുമായി ഉപയോഗിക്കുന്നു. അങ്ങനെ ഹൈദരാബാദിലെ പ്രധാന കാഴ്ചകളെല്ലാം അവർ കണ്ടു.

ലുംബിനി പാർക്കിലെ ലേസർ ഷോ വളരെ പ്രശസ്തമാണ്. രണ്ടായിരത്തിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറി നിറയെ ആളുകളുണ്ട് . ഷോ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ എല്ലാവരും സീറ്റ് പിടിച്ചു. അവരും ഒരു സീറ്റിൽ ഇരുന്നു. ലുംബിനി പാർക്ക് ശരിക്കും വിശ്രമിക്കാൻ പറ്റിയ ഒരിടമാണ്. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും, ആടുന്ന ഈന്തപ്പനകളും, അതിമനോഹരമായ പൂക്കളും കൊണ്ട് ഈ സ്ഥലം വളരെ ആകർഷകമാണ്. ബോളിവുഡ് ഗാനങ്ങൾക്കനുസരിച്ച് കൂട്ടമായി നൃത്തം ചെയ്യുന്ന ആളുകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

അതിനുശേഷം അവർ പോയത് ചാർമിനാറിലേക്കാണ്. ഹൈദരാബാദിൽ പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിൻ്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണത്രേ ഈ ചാർമിനാർ. ഈ സ്മാരകം ലോക ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. നാല് മിനാരങ്ങളുള്ള ഈ പള്ളി നിരവധി ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണ്.
അവിടെ നിന്ന് അവർ ലാഡ് ബസാർ എന്ന മാർക്കറ്റിലേക്ക് പോയി. ആഭരണങ്ങൾക്കും വളകൾക്കും ഈ സ്ഥലം വളരെ പ്രശസ്തമാണ്. അവിടെ നിന്ന് അവൾ അവൾക്കും വല്യച്ഛൻ്റെ കുട്ടികൾക്കുമായി വിവിധ തരത്തിലുള്ള ആഭരണങ്ങളും വളകളും വാങ്ങി. പിന്നീട് അവർ പത്തർഗട്ടിബോളി വാർഡിൽ പോയി കുറേ മുത്തുകളും വാങ്ങി. മുത്തുകൾക്ക് പേരുകേട്ട ഒരിടമാണത്. നാല് തൂണുകൾക്കിടയിലൂടെ മുകളിലേക്ക് കയറിയാൽ നാല് ഭാഗത്തുമുള്ള കാഴ്ചകൾ കാണാം. കാലുകുത്താൻ പോലും സ്ഥലമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ജനങ്ങളെ അവർ അത്ഭുതത്തോടെ നോക്കി നിന്നു.

രസകരവും തണുപ്പുള്ളതുമായ ഒരു പ്രത്യേക ലോകമാണ് സ്നോ വേൾഡ്. മഞ്ഞു മൂടിയ ഒരു പർവ്വതത്തിലെ തണുപ്പുള്ള കാലാവസ്ഥ ഇല്ലാതെ തന്നെ ഒരു ശൈത്യകാല സാഹസിക ദിനം ഇവിടെ ആസ്വദിക്കാം. പുഞ്ചിരിക്കാനും, ചിരിക്കാനും, യാഥാർത്ഥ്യബോധത്തോടെ മഞ്ഞിൽ തെന്നി വീഴാനും ഈ സ്ഥലം നമ്മെ പ്രേരിപ്പിക്കും. ഹുസൈൻ സാഗർ തടാകത്തിനും ഇന്ദിരാ പാർക്കിനും അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മഞ്ഞുരുകുന്നത് തടയാൻ പ്രത്യേകം തയ്യാറാക്കിയ പാളികളുള്ള തറയിൽ 200 ടൺ കൃത്രിമ മഞ്ഞ് വിതറി ക്രമീകരിച്ചിരുന്നു. കൂടാതെ ദിവസവും മഞ്ഞിൻ്റെ ഉപരിതലം വൃത്തിയാക്കുകയും, അകത്തുനിന്നു ഉത്പാദിപ്പിക്കുന്ന രണ്ടോ മൂന്നോ ടൺ മഞ്ഞ് കൂടി ഇതിലേക്ക് ചേർക്കുകയും ചെയ്യുന്നു.

ഓസ്‌ട്രേലിയയിൽ നിന്നുള്ള പേറ്റന്റ് നേടിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. നാല് തവണ ഫിൽട്ടർ ചെയ്ത വെള്ളത്തിൽ നിന്നാണ് ഇവിടെ മഞ്ഞുണ്ടാക്കുന്നത്.
പിന്നീട് അവർ പോയത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്ര മ്യൂസിയമായ സലാർജംഗ് മ്യൂസിയത്തിലേക്കാണ്. വിലമതിക്കാനാവാത്തതും അമൂല്യവുമായ വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇറ്റാലിയൻ ശില്പി ജി. ബി. ബെൽസോണിയുടെ മാർബിളിൽ തീർത്ത 'വെയിൽഡ് റെബേക്ക'യുടെ മനോഹരമായ ശില്പം ഏവരുടെയും മനം കവരുന്നതാണ്. ബൈബിളിലെ കഥാപാത്രമായ റെബേക്കയുടെ മഴ നനയുന്ന ശില്പം ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധാകേന്ദ്രമാണ്. ഫ്രാൻസിൽ നിർമ്മിച്ച ഇരട്ട മുഖമുള്ള ഫിലിസിന്റെ രൂപം സലാർജംഗ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്. ഒരുവശത്ത് നന്മയെ പ്രതിനിധീകരിക്കുന്ന സ്ത്രീയുടെ രൂപവും മറുവശത്ത് ക്രൂരതയുടെ പുരുഷരൂപവുമാണ് ഒരേ മാർബിൾ ശിലയിൽ കൊത്തിയെടുത്തിരിക്കുന്നത്.

രാജവംശത്തിൻ്റെ ആയുധങ്ങളും പടക്കോപ്പുകളും ഇവിടെ മനോഹരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് ലഭിച്ച ആളുകളുടെ രൂപങ്ങളും മണി മുഴക്കുന്ന ഒരു വലിയ ഘടികാരവും ഇവിടെയുണ്ട്.
അന്നത്തെ മനോഹരമായ കാഴ്ചകളെ മനസ്സിൽ താലോലിച്ചുകൊണ്ട് അവർ ഭക്ഷണം കഴിക്കാനായി പോയി.

ഹൈദരാബാദി ബിരിയാണിയുടെ കൊതിപ്പിക്കുന്ന മണം അവരുടെ മൂക്കിലേക്ക് തുളഞ്ഞു കയറി. അവർ ഓർഡർ കൊടുത്തു, അധികം വൈകാതെ അത് അവരുടെ മുന്നിലെത്തി. അത്രയും രുചികരമായ ബിരിയാണി അവർ മുൻപൊരിക്കലും കഴിച്ചിട്ടില്ല. ഭക്ഷണം കഴിഞ്ഞതിന് ശേഷം അവർ റൂമിൽ പോയി ഉറങ്ങി.

നാലാം ദിവസമാണ് അവർ ഗിന്നസ് ബുക്കിൽ ഇടം നേടിയ രാമോജി ഫിലിം സിറ്റി കാണാനായി പോയത്. ദൂരെ നിന്നു തന്നെ രാമോജി എന്ന് എഴുതിയ വലിയ പ്രവേശന കവാടം കാണാൻ സാധിക്കും. ആ അത്ഭുതലോകം പതിയെ അവരുടെ മുന്നിൽ തെളിഞ്ഞു വന്നു.അതിനുശേഷമുള്ള യാത്ര അവർക്കായി ഒരുക്കിയ വാഹനത്തിണ്. പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്ത ആ അത്ഭുതലോകം കണ്ടാൽ മതിവരികയില്ല.

അവിടെ കൊട്ടാരങ്ങളും കോട്ടകളും പുനർനിർമ്മിച്ചിരിക്കുന്നു. ദൂരദേശങ്ങളിലെ ലോകങ്ങളെല്ലാം സിനിമയ്ക്ക് വേണ്ടി ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി രാമോജിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നു. എല്ലാ കാഴ്ചകളെക്കുറിച്ചും വിശദമായി പറഞ്ഞു തരാനായി എല്ലായിടത്തും അവരോടൊപ്പം ഒരു ഗൈഡ് ഉണ്ട് . സിനിമയുടെ രഹസ്യമായ ടെക്നിക്കുകൾ പോലും ഇവിടെ പരിചയപ്പെടുത്തുന്നു.

കുട്ടികൾക്കായി വലിയ പാർക്കുകളും ഇവിടെയുണ്ട്.
അതിനുശേഷം അവർ നഗരത്തിലെ പേൾ മാർക്കറ്റിലും പോയി തിരികെ മടങ്ങാൻ തയ്യാറായി. സമയം സായാഹ്നത്തിലേക്ക് നീങ്ങിയിരുന്നു. ചുവന്ന ആകാശത്തിനു താഴെ പകൽ മുഴുവൻ ചുട്ടുപൊള്ളിയ വഴികളിലൂടെ തിരികെ യാത്ര ചെയ്യുമ്പോൾ മനസ്സിലെ സന്തോഷമെല്ലാം മാഞ്ഞുപോയി. നൈസാമിൻ്റെ തടാകം അവരുടെ കാഴ്ചയിൽ നിന്ന് മറഞ്ഞുപോയി. നഗരത്തിലെ രാത്രി വെളിച്ചങ്ങൾ, മിന്നാമിനുങ്ങുകളുടെ വെളിച്ചം പോലെ തിരികെ പോകുന്നവരുടെ വാഹനങ്ങളിൽ മിന്നിത്തെളിഞ്ഞു.

പിറ്റേന്ന് അവർ അവരുടെ വീടുകളിലേക്ക് മടങ്ങി. ഒരിക്കലും മായ്ച്ചാൽ മായാത്ത മനോഹരമായ ഓർമ്മകളുമായി.

തുടരും

bottom of page