top of page

മനസ്സിനുള്ളിലെ പറുദീസ - അദ്ധ്യായം 1

അദ്ധ്യായം 1

മനസ്സിനുള്ളിലെ പറുദീസ - അദ്ധ്യായം 1

മനസ്സിനുള്ളിലെ പറുദ്ദീസ. അദ്ധ്യായം 1.


മഞ്ഞു പെയ്യുന്ന രാത്രിയിൽ മനസ്സിൻ്റെ കിളിവാതിൽ തുറന്ന് തുമ്പികൾ വിരുന്നെത്തി.

മിന്നാമിനുങ്ങുകളുടെ നേരിയ വെളിച്ചം അവളുടെ കണ്ണുകളിൽ തട്ടി തിളങ്ങി. ചില്ലുകളിലൂടെ മഞ്ഞുകണങ്ങൾ അവളുടെ ദേഹത്തു പതിച്ചു.

പ്രഭാത സൂര്യൻ വൃക്ഷ തലപ്പുകളെ തലോടി കൊണ്ട് മുറിയിലേയ്ക്ക് ഒഴുകി വന്നു.

പൗർണ്ണമി കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. അവളുടെ ചിന്തകൾ ഇന്നലേകളിലേക്ക് ഓടി മറഞ്ഞു.

ആ മനസ്സ് ആഹ്‌ളാദത്താൽ തുടികൊട്ടി. നാളെ തൻ്റെ പ്രിയപ്പെട്ട നാട്ടിലേയ്ക്ക് യാത്ര തിരിക്കയാണ്.

വെക്കേഷൻ സമയത്ത് നാട്ടിൽ വരുമ്പോൾ പൗർണ്ണമിയുടെ മനസ്സിലുള്ളത് അച്ഛൻ്റെ തറവാടും വീടിൻ്റെ പടിഞ്ഞാറു ഭാഗത്ത് കുറച്ചപ്പുറത്തായി കാണുന്ന കുണുങ്ങി ഒഴുകുന്ന പുഴയുമാണ്.

പിന്നെ മായാതെ നിൽക്കുന്ന അച്ഛമ്മയുടെ മുഖവും തൂവെള്ളമുണ്ടും ബ്ലൗസ്സും ധരിച്ച് ചുമലിൽ ഒരു തോർത്തുമിട്ട് പൂവമ്പഴം പോലെയുള്ള ആ സുന്ദര രൂപവുമാണ്.

നെറ്റിയിൽ ചന്ദനക്കുറിയും കാതിൽ തോടയും കഴുത്തിനോട് പറ്റി ചേർന്നു കിടക്കുന്ന വൈരക്കൽ അഡിഗയും ചുവന്ന കല്ലുവെച്ച തിളങ്ങുന്ന മൂക്കുത്തിയും രണ്ടുകയ്യിലും കാപ്പും ധരിച്ച മുത്തശ്ശിയെ കണ്ടാൽ ഒരു ദേവാംഗനയാണോ എന്ന് തോന്നും.

മക്കളും കുടുംബവും വരുന്നു എന്നറിഞ്ഞാൽ വേണ്ട തയ്യാറെടുപ്പുകളോടെയാണ് മുത്തശ്ശി കാത്തിരിക്കുക.

ഞങ്ങൾ പടിക്കൽ എത്തുമ്പോഴേയ്ക്കും മുത്തശ്ശി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തമിടും. ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുന്നുണ്ടാകും. പിന്നെ കയ്യും പിടിച്ച് വീട്ടിലേയ്ക്ക് ഒരു നടത്തമാണ്.

പിന്നെ വിസ്തരിച്ചുള്ള കുശലാന്വേഷണമാണ്. ഇതിന്നിടയിൽ പണിക്കാരി ദേവു പ്ലേറ്റ് നിറയെ വിവിധ പലഹാരങ്ങളും ചായയും മേശപ്പുറത്തു കൊണ്ടുവന്നു നിരത്തിയിട്ടുണ്ടാകും.

നാടൻ പലഹാരങ്ങളുടെ കൊതിയൂറുന്ന മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.

അവളുടെ ക്ഷമ നശിച്ചു. അവൾ എഴുന്നേറ്റ് മേശക്കരികിലേയ്ക്ക് നടന്നു. മെല്ലെ മെല്ലെ ഓരോന്ന് എടുത്തു തിന്നു കൊണ്ടിരുന്നു.

അവൾ കഴിക്കുന്നതും നോക്കി അച്ഛമ്മ അവളുടെ അരികെ തന്നെ ഇരുന്നു. ഇടക്കിടക്ക് അവൾ അച്ഛമ്മയുടെ വായിലേയ്ക്കും ഓരോന്ന് വെച്ച് കൊടുക്കും. വേലക്കാരി ദേവു വാതിലിനോട് ചേർന്നു നിന്ന് കൗതുകത്തോടെ ആ കാഴ്ച കണ്ടു രസിച്ചു.

അച്ഛനമ്മമാരുടെ ഏക അരുമ സന്താനമാണ് പൗർണ്ണമി. അവൾക്കിപ്പോൾ വയസ്സ് പതിനഞ്ചു കഴിഞ്ഞു. അതീവ സുന്ദരിയാണവൾ. കറുത്തിരുണ്ട് പുറം മറഞ്ഞു കിടക്കുന്ന നീണ്ട ചുരുൾ മുടിയും ചെമ്പകപ്പൂവിൻ്റെ നിറവും പീലികൾ ഇടതൂർന്ന് വിടർന്ന കണ്ണുകൾക്ക് കറുത്ത മുന്തിരിപ്പഴം പോലെ തിളങ്ങുന്ന കൃഷ്ണാമണികൾ. നുണക്കുഴി കവിളിന് തൊട്ടു മുകളിലായി ഇടത്തെ കണ്ണിനു ചുവടെയായി കണ്ണാടി കവിളിൽ ചെറിയൊരു കാക്കാപുള്ളിയും തൊണ്ടിപ്പഴത്തിനൊത്ത ചുണ്ടുകളും അവളെ ഏറെ മനോഹരിയാക്കി.

പഴയ മാതൃകയിലുള്ള നാലുകെട്ടാണ് അച്ഛൻ്റെ വീട്. കമാനം പോലെയുള്ള ഗയിറ്റ് കടന്നു ചെല്ലുമ്പോൾ മണൽ വിരിച്ച വിശാലമായ മുറ്റവും പലയിനം ചെടികൾ പൂത്തു നിൽക്കുന്ന അതിരുകളും അവയ്ക്കു പുറകിലായി തൊടിയിൽ വൻമരങ്ങളും.

അടുക്കളയിൽ പാചകത്തിന്നായി ഏകദേശം അൻപതു വയസ്സു പ്രായമുള്ള ദേവു എന്ന സ്ത്രീയാണ്.

മുറ്റമടിക്കാനും പുറം പണിക്കുമായി നാണി എന്നൊരു സ്ത്രീയുമുണ്ട്.

ഉച്ചഭക്ഷണം കഴിഞ്ഞാൽ എല്ലാവരും നല്ല ഉറക്കത്തിലായിരിയ്ക്കും. അടുക്കളക്കാരി ദേവു വടക്കേ കോലായിൽ തൂണും ചാരി കാൽനീട്ടിയിരുന്ന് പേപ്പർ വായിക്കുകയായിരിക്കും.

ആ സമയം അമ്മയുടെ അരികിൽ കിടക്കുന്ന പൗർണ്ണമി മെല്ലെ എഴുന്നേറ്റ് ദേവുവിൻ്റെ അടുക്കലെത്തും.

അവർ വിധത്തിലും തരത്തിലുമുള്ള ഒരുപാട് കഥകൾ അവൾക്ക് പറഞ്ഞു കൊടുക്കും. കൂട്ടത്തിൽ പുരാണ കഥകളും ഉണ്ടാകും.

മിക്ക കഥകളും അവൾ അവളുടെ ഭാവനയിൽ മികഞ്ഞെടുത്ത് അതിന് നിറങ്ങളും വർണ്ണങ്ങളും നൽകി കൂടുതൽ ആകർഷകമാക്കും.

മൂന്നു മണി കഴിഞ്ഞാൽ ദേവു അമ്മ അടുക്കളയിലേക്ക് കയറും. അപ്പോൾ പൗർണ്ണമി നേരെ തെക്കിനിയിലെ ആട്ടുകട്ടിലിൽ പോയിരുന്ന് പകുതി വായിച്ചു തീർത്ത കോട്ടയം പുഷ്പനാഥിൻ്റെ "യക്ഷിയമ്പലം"എന്ന നോവൽ കയ്യിലെടുത്ത് വായിക്കാൻ തുടങ്ങി. അവസാനഭാഗം കൂടി വായിച്ചു തീർക്കാനുണ്ട്. മുഴുവൻ വായിച്ചു തീർന്നപ്പോഴേയ്ക്കും മണി പന്ത്രണ്ട് കഴിഞ്ഞു.

കിടക്കാനായി വട്ടം കൂട്ടുമ്പോഴാണ് തൊടിയിലെ ഞാവൽ മരക്കൊമ്പിലിരിക്കുന്ന കടവാതിലുകളുടെ ചിറകടി ശബ്ദം. അത് അവളെ ഭയവിഹ്വലയാക്കി.

അവ തലകീഴായി തട്ടിൻ പുറത്തും വളയത്തിലുമെല്ലാം തൂങ്ങി നിൽക്കുന്നതും കാണുമ്പോൾ അവൾക്ക് പേടിയാണ്.

അവൾ തലവഴി പുതപ്പെടുത്ത് മൂടി മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കിടന്നു. കിടന്നിട്ട് ഉറക്കം വരുന്നില്ല. പേടിപ്പെടുത്തുന്ന ഭയാനകമായ നിമിഷങ്ങൾ.

ഏറെ നേരത്തിന്നൊടുവിൽ ഉറക്കം കൺപോളകളെ മാടിവിളിച്ചു. രാത്രിയുടെ ഏതോ യാമത്തിൽ നിദ്ര അവളെ തഴുകിയുറക്കി.

പൗർണ്ണമി നല്ലൊരു എഴുത്തുകാരി കൂടിയാണ്. ഈ ഇളം പ്രായത്തിൽ തന്നെ അവൾ ഒരുപാട് കവിതകളും നോവലുകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുപാട് അവർഡുകളും പുരസ്‌ക്കാരങ്ങളും അവൾ നേടിയിട്ടുണ്ട്.

അങ്ങിനെ ഏകാന്ത നിമിഷങ്ങളിൽ ഭാവനാ സമൃദ്ധമായ എഴുത്തും പുസ്തകങ്ങളുമായി തൻ്റെ മായാലോകത്തു അവൾ ചുറ്റി സഞ്ചരിക്കും.

പകലിൻ്റെ പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ രാവിൻ്റെ മടിത്തട്ടിലേയ്ക്ക് ഇളം വെയിൽ മാഞ്ഞു. മനസ്സ് ഗുഹാതുരത്വമുള്ള ഓർമ്മകളിലൂടെ സഞ്ചരിച്ചപ്പോൾ ശൈവ ബാല്യകാല ഓർമ്മകൾ അവളിൽ പൊങ്ങിവന്നു.

പൗർണ്ണമിയുടെ ബാല്യം അവളുടെ അമ്മ വീടായ കുറ്റാലത്താണ്. തെങ്കാശി പട്ടണത്തിനും, ചെങ്കോട്ടയ്ക്കും ഇടക്കാണ് ഈ പ്രദേശം.

മലനിരകളിൽ നിന്നുത്ഭവിയ്ക്കുന്ന ഒൻപതു മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഒട്ടനവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

അച്ഛനും അമ്മയും പ്രണയ വിവാഹമായിരുന്നു. അച്ഛനും അമ്മയും ഒരേ ഓഫീസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അങ്ങിനെയാണ് അവർ പരിചയപ്പെട്ടത്.

വലിയ സംഘർഷങ്ങൾക്കൊടുവിലാണ് ഈ വിവാഹം നടന്നതത്രേ.

വിവാഹ ശേഷം പൗർണ്ണമിയുടെ അമ്മ വിജി ജോലി രാജിവെച്ചു. അച്ഛൻ ഗോവിന്ദ മേനോന് അമ്മ ജോലിക്ക് പോകുന്നതിൽ താല്പര്യം ഇല്ലായിരുന്നു.

പൗർണ്ണമി ജനിച്ചശേഷം ഗോവിന്ദ മേനോന് ഹൈദരാബാദിലേയ്ക്ക് ട്രാൻഫർ ആകുകയും, കൊച്ചു കുഞ്ഞായതിനാൽ എന്നേയും അമ്മയേയും നാട്ടിൽ നിർത്തുകയും ചെയ്തു.

അമ്മയുടെ ചേച്ചി രുക്കു വലിയമ്മ ടീച്ചറാണ്. അവർക്ക് കുട്ടികൾ ഇല്ല. മിതമായ സംസാരവും ഗൗരവക്കാരിയുമായ അവർ വലിയ കർക്കശ ക്കാരിയുമാണ്.

പൗർണ്ണമി ആദ്യമായി സ്കൂളിൽ ചേർന്ന ദിവസം വലിയമ്മയോടൊപ്പമാണ് പോയത്. പൗർണ്ണമിയെ ക്ലാസ്സ്‌ ടീച്ചറെ ഏല്പിച്ചശേഷം അവർ അവരുടെ ക്ലാസ്സിലേക്ക് പോയി.

തന്നെ ഒറ്റക്കാക്കി പോയതിൽ പൗർണ്ണമിക്ക് വിഷമവും സങ്കടവും വലിയമ്മയോട് ദേഷ്യവും തോന്നി.

ആരുമായും പരിചയമില്ലാതിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വീട്ടിൽ പോകണമെന്നും അമ്മയെ കാണണം എന്നും പറഞ്ഞവൾ വാശിപിടിച്ചു.

ടീച്ചർ എന്തെല്ലാമോ ബോർഡിൽ എഴുതി കൊണ്ടിരിക്കുകയാണ്, അവൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവൾ ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു.

തിരിഞ്ഞു നോക്കിയ ടീച്ചർ മെല്ലെ പൗർണ്ണമിയുടെ അടുക്കലേയ്ക്ക് വന്നു. അവളെ ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. അതൊന്നും അവളിൽ യാതൊരു മാറ്റവും വരുത്തിയില്ല. അവൾ കരച്ചിൽ തുടർന്നുകൊണ്ടേ ഇരുന്നു. ടീച്ചർ മെല്ലെ അവിടെ നിന്നും മാറി പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ വന്ന് അവളെ അലിവോടെ തലോടി കൊണ്ടിരുന്നു. കണ്ണീരോടെ അവൾ തല ഉയർത്തി നോക്കി. സ്നേഹമൂറുന്ന ആ മുഖം അവൾ കണ്ടു. സുജ ടീച്ചർ. കൈ നിറയെ ചോക്ലേറ്റുമായി അവൾക്ക് നേരെ നീട്ടുന്ന ആ കൈകൾ കണ്ട്‌ അവളുടെ കണ്ണുകൾ വിടർന്നു.

അവൾ കരച്ചിൽ നിർത്തി പുഞ്ചിരിയോടെ ടീച്ചറിൽ നിന്നും ചോക്ലേറ്റ് വാങ്ങി. അങ്ങിനെ അവളുടെ ഹൃദയത്തിൽ സുജ ടീച്ചർ സ്ഥാനം പിടിച്ചു.

കാലങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇതൊക്കെ മനസ്സിൽ മായാതെ കിടക്കുന്ന ഓർമ്മകളാണ്. പലതും മറന്നു പോയെങ്കിലും ചിലത് ഹൃദയത്തിൽ ഒട്ടിപ്പിടിച്ചപോലെ മായാതെ കിടക്കും.

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ടീച്ചർ ക്ലാസ്സിൽ വരുന്നേ ഇല്ല. ടീച്ചറുടെ അഭാവം പൗർണ്ണമിയെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഒന്നിനും ഒരു ഉന്മേഷവും ഇല്ലാതായി. അവളുടെ രാത്രികൾ നിദ്രാവിഹീനങ്ങളായി.

ഒരു ദിവസം വലിയമ്മ അമ്മയോട് പറയുന്നതു കേട്ടു. സുജ ടീച്ചർക്ക് ആക്‌സിഡന്റ് പറ്റിയെന്നും പരുക്ക് ഗുരുതരമാണെന്നും, ഇനി സ്കൂളിൽ വരാൻ പറ്റില്ലെന്നുമൊക്കെ.

ഇതു കേട്ട പൗർണ്ണമി പൊട്ടിക്കരഞ്ഞു. അവൾക്ക് ടീച്ചറെ ഇപ്പോൾ കാണണമെന്നവൾ വാശി പിടിച്ചു. അമ്മയും വലിയമ്മയും ഒരു വിധം അവളെ ആശ്വസിപ്പിച്ചു നിർത്തി.

കേവലം ദിവസങ്ങൾ മാത്രം നീണ്ടുനിന്ന സ്നേഹബന്ധം കാറ്റിൽ ഒഴുകിയെത്തുന്ന മുല്ല പൂവിൻ്റെ സുഗന്ധം പോലെ അവളിലേയ്ക്ക് അടിച്ചു കയറി. അവൾ പോലും അറിയാതെ മനസ്സിൻ്റെ കോണിൽ ടീച്ചറോടുള്ള സ്നേഹം ഒട്ടിപ്പിടിച്ചിരിക്കുന്നു.

മനസ്സിൻ്റെ ചെപ്പു തുറന്നാൽ സുഗന്ധം പരത്തുന്ന ഒരു മനോഹര പുഷ്പം പോലെയാണ് സുജ ടീച്ചർ എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഏകാന്തതയുടെ മൂടുപടമണിഞ്ഞ നിമിഷങ്ങളിൽ സുജ ടീച്ചറുടെ ആ ഓർമ്മകൾ ഒന്ന് താലോലിച്ചാൽ
സാന്ത്വനത്തിൻ്റെ കുളിർമ്മ അവൾക്ക് അനുഭവപ്പെടാറുണ്ട്.

വർഷാവസാന പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചു. അവൾ ആ സ്കൂളിനോട് യാത്രപറഞ്ഞിറങ്ങി.

തുടരും ( അദ്ധ്യായം 2)

bottom of page