top of page

ഹൃദയഭേദകമായ കാഴ്ചകൾക്ക് സാക്ഷിയായ നിമിഷങ്ങൾ.

മനസ്സിനുള്ളിലെ പറുദ്ദീസ - അദ്ധ്യായം 8.

ഹൃദയഭേദകമായ കാഴ്ചകൾക്ക് സാക്ഷിയായ നിമിഷങ്ങൾ.

ഹൃദയഭേദകമായ കാഴ്ചകൾക്ക് സാക്ഷിയായ നിമിഷങ്ങൾ.

ഫോണെടുത്ത ആകാശിൻ്റെ കൈകൾ ഒരു നിമിഷം വിറച്ചു. മരവിപ്പിക്കുന്നൊരു യാഥാർത്ഥ്യം, അയാളെ ഞെട്ടിത്തരിപ്പിച്ചു. ചെന്നൈ-മംഗലാപുരം എക്സ്പ്രസ്, ഒരു ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച്, എട്ട് ബോഗികൾ പെരുന്തേനരുവി കായലിലേക്ക് മറിഞ്ഞിരിക്കുന്നു! ഉത്സവ സീസണായതുകൊണ്ട്തന്നെ എ.സി. കമ്പാർട്ട്‌മെന്റുകളിലടക്കം നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാവാം. ഐ.ജി.യുടെ നിർദ്ദേശത്തിന് വല്ലാത്തൊരു കാഠിന്യം അനുഭവപ്പെട്ടു. – "ഉടൻ എത്തണം, ആകാശ്! രക്ഷാപ്രവർത്തനത്തിന് നിങ്ങളെ ആവശ്യമുണ്ട്."

ആകാശിൻ്റെ മനസ്സിലൂടെ ഒരു കൊടുങ്കാറ്റ് കടന്നുപോയി. ഈ വാർത്ത പൗർണ്ണമിയെ അറിയിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അവളുടെ മുഖത്ത് നിഴലിക്കുന്ന ദുഃഖം കാണാനുള്ള ശക്തി അയാൾക്കില്ല. കഴിയുന്നത്രയും അശുഭകരമായ വാർത്തകളിൽ നിന്ന് അവളെ മാറ്റിനിർത്താൻ അയാൾ എന്നും ശ്രദ്ധിച്ചു. ഈ നിമിഷം, ആ വ്യഗ്രത ഒരു മരവിപ്പായി അയാളിൽ പടർന്നു. അവളുടെ സമ്മതം പോലും ചോദിക്കാതെ, ഒരു യാത്ര പറച്ചിലിന് കാത്തുനിൽക്കാതെ, ആകാശ് തൻ്റെ വാഹനത്തിലേക്ക് പാഞ്ഞു കയറി.

രക്ഷാപ്രവർത്തനത്തിന് ഒരുങ്ങി വാഹനം കുതിച്ചുപാഞ്ഞപ്പോൾ ആകാശിൻ്റെ മനസ്സ് മുഴുവൻ വരാനിരിക്കുന്ന രക്ഷാപ്രവർത്തനത്തിലായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അപകടസ്ഥലത്ത് എത്തിയാൽ ഉടൻ തന്നെ ഏത് രീതിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കണം, ആരെയൊക്കെ വിവരമറിയിക്കണം, എങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കണം എന്നതിനെക്കുറിച്ചെല്ലാം അയാൾ മനസ്സിൽ കണക്കുകൂട്ടി. ഒരു ഐ.പി.എസ്. ഓഫീസർ എന്ന നിലയിൽ, ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അയാൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. എങ്കിലും, ഈ ദുരന്തത്തിൻ്റെ വ്യാപ്തി അയാളെ വല്ലാതെ ഉലച്ചു. എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാം? എത്ര കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഈ നിമിഷം ആ കായലിൽ മുങ്ങിത്താഴ്ന്നിട്ടുണ്ടാവുക?

ഓരോ നിമിഷവും ദുരന്തത്തിൻ്റെ ഭീകരത അയാളുടെ ഉള്ളിൽ ഒരു ഭാരം പോലെ നിറച്ചു. എങ്കിലും, ആകാശ് തൻ്റെ ചിന്തകളെ നിയന്ത്രിച്ചു. ഈ നിമിഷം വൈകാരികതയ്ക്കല്ല, കർത്തവ്യത്തിനാണ് പ്രാധാന്യം. തൻ്റെ മുന്നിലുള്ള ദൗത്യം എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.

പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, പാളത്തിൽ നടന്ന അട്ടിമറിയാണ് തീവണ്ടികൾ കൂട്ടിയിടിക്കാൻ കാരണമായതെന്നാണ്. അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച ആരുടെയും ഹൃദയം തകർക്കുന്നതാണ്. വെള്ളത്തിലേക്ക് താഴ്ന്നുപോകുന്ന ബോഗികൾ, ജീവനുവേണ്ടി പിടയുന്ന മനുഷ്യജീവികൾ, ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ ഹൃദയം കലങ്ങുന്ന നിലവിളികൾ - ഈ നിമിഷങ്ങൾ കണ്ടുനിൽക്കാൻ ആർക്കും കഴിഞ്ഞില്ല. എട്ടു ബോഗികൾ പുഴയിലേക്കും മൂന്നെണ്ണം പാളം തെറ്റി അടുത്ത ട്രാക്കിലേക്കും മറിഞ്ഞുവീണിരുന്നു.

രക്ഷാപ്രവർത്തനത്തിനായി നീന്തൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും മറ്റ് ധീരരായ മനുഷ്യരും പുഴയിലേക്ക് എടുത്തുചാടി. നിരവധി പേരുടെ സഹായത്തോടെ, രക്ഷിക്കാൻ കഴിഞ്ഞവരെയെല്ലാം അവർ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരുടെ ബന്ധുക്കൾ അവരെ കെട്ടിപ്പിടിച്ചു, കണ്ണുനീർ ഒരു പുഴപോലെ ഒഴുകി. ആ കാഴ്ച കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു.

നീലരാവിൻ്റെ ശിശിരയാമത്തിൽ, പ്രപഞ്ചാത്മാവിൻ്റെ ശ്വാസോച്ഛ്വാസത്തിൽ നിന്നുയരുന്ന നേർത്ത കുളിർകാറ്റ് പ്രപഞ്ചത്തെ പുളകം കൊള്ളിക്കുമ്പോൾ, വെള്ളിക്കൊലുസിട്ട കന്നിപ്പെണ്ണിനെപ്പോലെ കളകളാരവമുതിർത്ത് ഒഴുകിത്തിമർക്കുന്ന പുഴയുടെ തീരത്ത്, വിതുമ്പുന്ന ചുണ്ടുകളും പൊട്ടിയൊഴുകുന്ന കണ്ണുനീരുമായി ഉറ്റവരും ഉടയവരും കാത്തുനിൽക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ ജീവനോടെ ഒരു നോക്കുകാണാൻ വെമ്പുന്ന അവരുടെ ഹൃദയം വിങ്ങുകയാണ്. ദുരന്തത്തിൻ്റെ കറുത്ത യാമങ്ങളിലും ഒരു നേർത്ത പ്രതീക്ഷയുടെ കിരണം മനസ്സിൽ താലോലിച്ച് അവർ ആ രാത്രിയെ നേരിട്ടു.


രക്ഷാപ്രവർത്തകർ ബോഗിക്കുള്ളിൽ കുടുങ്ങിക്കിടന്ന മൃതശരീരങ്ങൾ പുറത്തുകൊണ്ടുവന്നു.
വെള്ളത്തിൽ വീണ ബോഗികൾക്കുള്ളിൽ നിന്നും രക്ഷക്ക് വേണ്ടി കൈ ഉയർത്തി നിലവിളിക്കുന്ന മനുഷ്യരുടെ ദയനീയ രംഗം കണ്ടു നില്ക്കാനാവാതെ ആകാശ് വാട്ടർ പ്രൂഫ് ഡ്രസ്സുമിട്ട് സഹപ്രവർത്തകരേയും കൂട്ടി പുഴയിലേയ്ക്ക് ചാടി. വളരെയധികം സാഹസപ്പെട്ടും ജീവൻ പണയം വെച്ചും പത്തു മുപ്പതുപേരെ രക്ഷിച്ചു.

പരുക്കേറ്റവരെ ആശുപത്രിയിലേക്കും മരിച്ചവരെ മോർച്ചറിയിലേയ്ക്കും മാറ്റി. മോർച്ചറിയിൽ സ്ഥലപരിമിതി രൂക്ഷമായതിനാൽ കുറച്ചുപേരേ അടുത്തുള്ള ആശുപത്രിയിലേയ്ക്കും മാറ്റി. മരിച്ചവരെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവർക്കും മരിച്ചവർക്കും പ്രധാനമന്ത്രിയും, റെയിൽവേ മന്ത്രിയും കൂടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മൃത ശരീരങ്ങൾ ഏറ്റുവാങ്ങാനും തുടർന്ന് അന്ത്യ കർമ്മങ്ങൾ നടത്തുവാനുമായി പൊട്ടിയൊഴുകുന്ന കണ്ണുകളോടെ നിൽക്കുന്ന ബന്ധുക്കൾ. ചിലർ ആശുപത്രിയിലേയ്ക്കും മറ്റുചിലർ പുഴയുടെ തീരത്തും കാത്തു നിന്നു. സ്ത്രീകളും കുട്ടികളുമടക്കം റെയിൽവേ ട്രാക്കിൽ തലചിന്നിച്ചിതറി ചോരപ്പുഴ ഒഴുകി കിടക്കുന്ന നൊമ്പര കാഴ്ച ആരുടേയും ഹൃദയം പിളർക്കും. ആ ഭീകരാന്തരീക്ഷത്തിൽ സ്വയം മറന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ആകാശിൻ്റെ മനസ്സിൽ വേറെ ചിന്തകളൊന്നും ഇല്ല.

ഈ സമയങ്ങളിലൊക്കെ പൗർണ്ണമി ആകാശിനെ ഫോണിൽ വിളിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഫോൺ എടുക്കാൻ പറ്റാത്തതുകൊണ്ടും അയാൾ ഫോൺ എവിടെയോ സേഫ് ആയി വെച്ചതുകൊണ്ടും പൗർണ്ണമി വിളിച്ചത് ആകാശ് കേട്ടില്ല.

ഫോൺ റിംഗ് ചെയ്തിട്ടും എടുക്കാതിരുന്നപ്പോൾ അവൾ പരിഭ്രമിച്ചു. ചുറ്റും ശത്രുക്കളാണ്. ആകാശിന് എന്തോ അപായം സംഭവിച്ചിരിക്കുന്നു എന്നവൾ കണക്കു കൂട്ടി. ആ കണ്ണുകൾ നിറഞ്ഞൊഴുകി. ഇതുകണ്ട പൗർണ്ണമിയുടെ അച്ഛനും ആകാശിനെ വിളിച്ചു. അപ്പോഴും അതേ അനുഭവം തന്നെ . എല്ലാ മുഖങ്ങളിലും ദുഃഖം അലയടിച്ചു.

അഗാധമായൊരു ഭയം പൗർണ്ണമിയെ പിടികൂടുകയും ടെൻഷൻ കയറി അവൾക്ക് ബിപി. കൂടുകയും ക്രമേണ അവളുടെ ബോധം മറയുകയും ചെയ്തു. വീട്ടിൽ ആകെ ബഹളവും നിലവിളിയുമായി. പൗർണ്ണമിയുടെ അച്ഛൻ കാറിറക്കി അവളേയും കൊണ്ട് പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് വണ്ടി വിട്ടു. എമർജൻസി വിഭാഗത്തിൽ കയറ്റിയ അവളെ ഡോക്ടർ വിശദമായി പരിശോധിച്ചു മരുന്നു നൽകി. എല്ലാവരും കണ്ണീരും കയ്യുമായി കഴിഞ്ഞ നിമിഷങ്ങൾ.

ഈ സമയത്ത് മനസ്സു വിഷമിച്ചാലുണ്ടാകുന്ന ഭവിഷത്തുക്കൾ ഡോക്ടർ ആ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. വിവരമറിഞ്ഞ ആകാശിൻ്റെ മാതാപിതാക്കളും ആശുപത്രിയിൽ എത്തി. മരുമകളുടെ ദയനീയാവസ്ഥ അവരെ ഏറെ വിഷമിപ്പിച്ചു. ആകാശിൻ്റെ അച്ഛനും അമ്മയും മാറി മാറി വിളിച്ചിട്ടും അവൻ ഫോൺ എടുക്കുന്നില്ല. എല്ലാ മനസ്സുകളിലും ആകാരണമായൊരു ഭയം പൊട്ടി മുളച്ചു. ആകാശിൻ്റെ അച്ഛൻ മാഗ്‌ളൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചന്വേഷിച്ചു.

അപ്പോഴാണ് ട്രെയിൻ അപകടത്തെ കുറിച്ചും ആകാശ് സംഭവ സ്ഥലത്തേയ്ക്ക് പോയിരിക്കയാണെന്നും അറിയാൻ കഴിഞ്ഞത്. അവർ ഈ വിവരം മറ്റുള്ളവരിലേക്കും എത്തിച്ചു. എല്ലാ മനസ്സുകളിലും ആശ്വാസം പകർന്ന വാർത്ത പൗർണ്ണമിയെ അറിയിക്കാനായി അവർ കാത്തിരുന്നു.

ഏറെ സമയത്തിനു ശേഷം പൗർണ്ണമി മെല്ലെ കണ്ണു തുറന്നു. അവൾ എല്ലാ മുഖങ്ങളിലേക്കും മാറി മാറി നോക്കി. ആ ചുണ്ടുകൾ പിറു പിറുത്തു ആകാശ്.....

ആകാശിൻ്റെ അച്ഛൻ സംഭവങ്ങളുടെ സത്യാവസ്ഥ പൗർണ്ണമിയെ പറഞ്ഞു ധരിപ്പിച്ചു. ആ മുഖത്ത്
സമാധാനത്തിൻ്റെ തിരി തെളിഞ്ഞു.

ഫോണിൽ വന്നിട്ടുള്ള മിസ്സ്‌ കാളുകൾ കണ്ട് ആകാശ് നടുങ്ങി. അയാൾ പെട്ടെന്ന് അച്ഛനെ വിളിച്ചു വിവരം അന്വേഷിച്ചു. ഉടൻ പൗർണ്ണമിയെ വിളിച്ചു.

പൗർണ്ണമിയുടെ ഫോൺ അടിച്ചു. ഫോൺ അടിക്കുന്ന ശബ്ദം കേട്ട പൗർണ്ണമി
കണ്ണു തുറന്നു. വിറയലോടെ അവൾ ഫോൺ കയ്യിൽ എടുത്തു. അത് ആകാശ് ആയിരുന്നു. ആ മുഖത്ത് തെളിച്ചം പകർന്നു. വദനത്തിൽ പുഞ്ചിരി കളിയാടി.

അവൻ അവളോട്‌ ഉണ്ടായ സംഭവങ്ങൾ വിശദമായി പറഞ്ഞു. അപ്പോൾ ആ മുഖത്തുണ്ടായ ദേഷ്യവും , വേദനയും പറഞ്ഞറിയിക്കാൻ കഴിയില്ല. എല്ലാവരുടേയും മിസ്സ്‌ കാൾ കണ്ട് അവനാകെ ഭയപ്പെട്ടു.

പൗർണ്ണമി ആശുപത്രിയിൽ ആണെന്നറിഞ്ഞ ആകാശ് നടുങ്ങി. സ്ഥലകാലബോധം നഷ്ടപ്പെട്ട് രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെട്ടപ്പോൾ ഇങ്ങനെ ഒരു രംഗം നേരിടേണ്ടിയതായി വരുമെന്ന് അവൻ ഒരിക്കലും ഓർത്തില്ല. അവനിൽ കുറ്റബോധം ആളിക്കത്തി. ഇവിടുത്തെ ജോലി പൂർത്തിയായശേഷം ഉടൻ എത്താമെന്നു പറഞ്ഞു അയാൾ അവളെ സമാധാനിപ്പിച്ചു. അന്നു വൈകുന്നേരം പൗർണ്ണമിയെ ഡിസ്ചാർജ് ചെയ്തു.

രാത്രിയേറെ ഇരുട്ടുന്നതിനു മുൻപേ ആകാശ് വീട്ടിലെത്തി. പൗർണ്ണമിയെ അന്വേഷിച്ചു അവൻ്റെ കണ്ണുകൾ നാലുപാടും പരതി. അവൾ മുറിയിലുണ്ട്. അമ്മ പറഞ്ഞു. അയാൾ റൂമിലേക്കോടി. ആ കണ്ണുകൾ പരസ്പരം നൂറായിരം കഥകൾ പറഞ്ഞു. ആ പുഞ്ചിരിക്കുന്ന മുഖം അവനിൽ സമാധാനത്തിൻ്റെ ചീളുകൾ പാകി.

പൗർണ്ണമിയുടെ മനസ്സിനെ വേദനിപ്പിക്കേണ്ടെന്നു കരുതി കൂടുതൽ സംഭവങ്ങൾ ആകാശ് അവളെ അറിയിച്ചില്ല. നടന്ന സംഭവങ്ങൾ കുറച്ചൊക്കെ ആകാശ് പൗർണ്ണമിയോട് പറഞ്ഞു.

പലതും ചിന്തിച്ച് ഉറക്കം വരാത്ത രാത്രിയിൽ ആകാശ് പുറത്തേയ്ക്ക് നോക്കി കട്ടിലിൽ ഇരുന്നു. "മഞ്ഞിൽ കുളിച്ച്, ആകാശ നീലിമയിൽ പറിച്ചു നട്ടപോൽ തോന്നി ആ നിലാവ്. ഓരോ ചിന്തയിലും ലയിച്ച്, അവൻ പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു."

പൗർണ്ണമി എഴുന്നേറ്റപ്പോൾ സമയം എട്ടുമണി കഴിഞ്ഞു. ബെഡിൽ ചമ്രം പിടഞ്ഞിരുന്നു പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന ആകാശിനെ കണ്ടവൾ ചോദിച്ചു. ആകാശ് ഇന്നലെ ഉറങ്ങിയില്ലേ?... അതിനു മറുപടി ഒരു പുഞ്ചിരിയിൽ ഒതുങ്ങി.

പൗർണ്ണമി എഴുന്നേറ്റു താഴേക്ക് പോയി. വെയിലിൻ്റെ സ്വർണ്ണനിറം മെല്ലെ മെല്ലെ മുറ്റത്തേയ്ക്ക് അരിച്ചിറങ്ങുന്നു. തണുപ്പ് ഇനിയും മാറിയിട്ടില്ല.

വേലക്കാരി ദേവു ഉണ്ടാക്കി തന്ന ബെഡ് കോഫിയുമായി അവൾ ആകാശിൻ്റെ അരികിലെത്തി. അയാൾ പുഞ്ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ നിന്നും കോഫി വാങ്ങി രുചിയോടെ കുടിച്ചു. അത് കുടിച്ചു തീർന്നപ്പോൾ അവനൊരു പുത്തനുണർവ്വ് വന്നു.

അവൻ പൗർണ്ണമിയേയും കൂട്ടി അവളുടെ മനം കവർന്ന പ്രകൃതി രമണീയമായ ആ സ്ഥലത്തേയ്ക്ക് പോയി. ഒരുപാട് തമാശകൾ പറഞ്ഞു ആ മനസ്സിന് കുളിരേകി. അങ്ങിനെ അവർ കളിച്ചും ചിരിച്ചും മനസ്സിന് പുത്തൻ ഉണർവ്‌ വീണ്ടെടുത്തു.

ആ സ്വർഗ്ഗീയ നിമിഷങ്ങളിൽ ലയിച്ചെങ്ങിനെ നടക്കുമ്പോൾ അവൻ്റെ ചുണ്ടിലൂടെ ഒരു മൂളിപ്പാട്ടിൻ്റെ വരികൾ ഉതിർന്നു വീണു.

"ശ്യാമസുന്ദരപുഷ്പമേ
എൻ്റെ പ്രേമ സംഗീതമാണു നീ".....

ചിലപ്പോൾ മനസ്സ് ഓർമ്മയുടെ ചുഴിക്കുത്തിൽ അറിയാതെ വീണു പോകുന്നു. ഞട്ടറ്റു വീഴുന്ന ഒരു പുഷ്പം പോലെ. സ്വപ്നങ്ങളേയും പുൽകി നിന്ന് സമയം പോയത് അറിഞ്ഞില്ല.

പൗർണ്ണമിയുടെ അച്ഛനും അമ്മയും വീട്ടിലുള്ളത് അവന് ഏറെ സമാധാനമേകി.

സമയം സായാഹ്നത്തോടടുത്തു. മുത്തശ്ശി വലിയൊരു ഈശ്വരവിശ്വാസിയാണ്. അവർ സന്ധ്യാ ദീപം കൊളുത്തി പൂജാ മുറിയിൽ പോയിരുന്ന് നാമം ജപിക്കാൻ തുടങ്ങി. അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ..... എന്ന് പുറത്തേയ്‌ക്കോഴുകി വരുന്ന സന്ധ്യാനാമത്തിൻ്റെ ചീളുകളിൽ ലയിച്ചെങ്ങിനെ പൗർണ്ണമി ഏറെ നേരം നിന്നു.

പിന്നീട് ആകാശും പൗർണ്ണമിയും കൂടി മുറ്റത്തെ അരമതിലിൽ പോയിരുന്നു ഏറെ നേരം സംസാരിച്ചു. പൗർണ്ണമിയോട് ആരോഗ്യം ശ്രദ്ധിക്കാനായി അവൻ വീണ്ടും വീണ്ടും പറഞ്ഞു. അവൾ ഒന്നും കഴിക്കാൻ കൊടുത്താലും കഴിക്കില്ല, ഇപ്പോൾ വേണ്ട എന്ന് പറഞ്ഞൊഴിയും.

ഒരു സായാഹ്നത്തിൽ, പൗർണ്ണമി മുറ്റത്ത് നിന്നു വിദൂരതയിലേക്ക് നോക്കി. സൂര്യൻ അസ്തമിച്ചിരുന്നു, പടിഞ്ഞാറേ ചക്രവാളത്തിൽ നിന്ന് ഒഴുകിയെത്തിയ ചെമ്പൊൻ കിരണങ്ങൾ പൂക്കൾക്കിടയിലൂടെ വന്ന് അവളുടെ കവിളുകളിൽ തലോടി. സന്ധ്യക്ക്‌ മുറ്റത്ത് നിൽക്കുന്നത് മുത്തശ്ശി കണ്ടാൽ വഴക്ക് കേൾക്കും എന്നോർത്തപ്പോൾ, അവൾ ആകാശിനെയും കൂട്ടി വേഗം അകത്തേക്ക് കയറി.

പിറ്റേന്ന് രാവിലെ, ആകാശ് ജോലിസ്ഥലത്തേക്ക് മടങ്ങി. വേർപാടിൻ്റെ ദുഃഖം അവൻ്റെ കണ്ണുകളെ ഈറനണിയിച്ചെങ്കിലും, നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടാൻ അധികനാൾ കാത്തിരിക്കേണ്ടി വരില്ലല്ലോ എന്ന് അവൻ ആശ്വസിച്ചു. ദിവസങ്ങൾ കൊഴിയുന്നു, നിലാവും നിഴലും കഥ പറയുന്നതുപോലെ , പൗർണ്ണമിയുടെയും ആകാശിൻ്റെ യും കണ്ണുകളും കഥകൾ പറഞ്ഞു. ആകാശ് കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവൾ നോക്കിനിന്നു. അച്ഛനും അമ്മയും മുത്തശ്ശിയും അടങ്ങുന്ന കുടുംബം അവനെ യാത്രയാക്കി.

ആകാശ് പോയപ്പോൾ പൗർണ്ണമിക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നി. വിരഹദുഃഖത്തിൻ്റെ നോവുമായി അവൾ ഇരിക്കുമ്പോളാണ് ഫോൺ നിർത്താതെ ശബ്ദിച്ചത്. വേഗം ഫോൺ കയ്യിലെടുത്ത അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ മുഖം സന്തോഷം കൊണ്ട് വിടർന്നു. അത് സ്റ്റെല്ലയായിരുന്നു. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം പൗർണ്ണമിയുമായി പങ്കുവെക്കാനാണ് വിളിച്ചത്.

പൗർണ്ണമി തൻ്റെ സന്തോഷവും വിശേഷങ്ങളും സ്റ്റെല്ലയെ അറിയിച്ചു. ഒപ്പം, സ്റ്റെല്ലയുടെ കുഞ്ഞിനുള്ള സമ്മാനങ്ങളും വസ്ത്രങ്ങളും കൊറിയറായി അയക്കാൻ അവൾ അച്ഛനെ ചുമതലപ്പെടുത്തി.

അവൾ നേരെ അച്ഛമ്മയുടെ അടുത്തേക്ക് ചെന്നു. രാമായണം വായിച്ചുകൊണ്ടിരുന്ന മുത്തശ്ശി അവളെ കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ ഇരിക്കാൻ ആംഗ്യം കാണിച്ച് വായന തുടർന്നു.

പൗർണ്ണമി കണ്ണിമയ്ക്കാതെ അച്ഛമ്മയെ നോക്കിനിന്നു. മാനത്ത് നിന്ന് പൊട്ടിവീണ മാലാഖയാണോ എന്ന് തോന്നുമാറ് സുന്ദരിയായ ആ രൂപം, കളഭക്കുറി ചാർത്തിയ നെറ്റിത്തടം, തിളങ്ങുന്ന കണ്ണുകൾ, വെള്ളിച്ചരടുകൾ പോലെ മിനുസമുള്ള നരച്ച മുടിയിഴകൾ – ഇതെല്ലാം അവരുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.

രാത്രി ഏറെയായി. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ തയ്യാറായി. പൗർണ്ണമി മുത്തശ്ശിയുടെ അടുത്താണ് കിടന്നത്. സമയം അർദ്ധരാത്രി കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല. അവൾ തൻ്റെ പൂർത്തിയാകാത്ത രചനകൾ എടുത്ത് മറിച്ചുനോക്കി, അത് പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.

ജനൽ തുറന്നു കിടന്നിരുന്നു, അതിലൂടെ സുഖമുള്ള കാറ്റ് ഒഴുകി വന്നു. നല്ല നിലാവുണ്ടായിരുന്നു. ഏതോ മരക്കൊമ്പിലിരുന്ന് രാപ്പാടി പാടുന്നുണ്ടായിരുന്നു. പൗർണ്ണമിയുടെ മനസ്സിലും ഒരു താരാട്ടുപാട്ടിൻ്റെ ഈണങ്ങൾ ചിറകു വിടർത്തി.

(തുടരും )

bottom of page