top of page

പ്രത്യാശയുടെ വെള്ളിനിലാവ്

മനസ്സിനുള്ളിലെ പറുദീസ - അദ്ധ്യായം 10

പ്രത്യാശയുടെ വെള്ളിനിലാവ്

മഞ്ഞു പെയ്തിറങ്ങുന്ന ഒരു പുലരി. പൗർണ്ണമി പ്രസവത്തിനായി ആശുപത്രിയിലേക്ക് യാത്രയായി. സുഖപ്രസവത്തിനായി മുത്തശ്ശി നേർച്ചകൾ നേർന്നു. ആകാശിൻ്റെ ഉള്ളിലും സന്തോഷത്തിൻ്റെ തിളക്കം. പുതിയൊരു അതിഥി വീട്ടിലേക്ക് ഉടനെയെത്തും. എല്ലാവരും ശുഭ പ്രതീക്ഷയിലാണ്. അങ്ങനെ പൗർണ്ണമിയുടെ ഏറെ നാളത്തെ കാത്തിരുപ്പിന് വിരാമമായി. നല്ല ഓമനത്തമുള്ള ഒരു ആൺകുട്ടി.

രണ്ടു ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി.

മലഞ്ചെരുവുകളിൽ സൂര്യൻ മെല്ലെ മേഘക്കീറുകളിലൂടെ തലനീട്ടി, ഇരുളിൻ്റെ കരിമ്പടം മാറ്റി പ്രകാശത്തിൻ്റെ പൊൻകിരണങ്ങൾ തൂവിത്തുടങ്ങി. മുത്തശ്ശി പടിക്കലേക്ക് കണ്ണും നട്ടിരുന്നു.

ആകാശ്, പൗർണ്ണമി ദമ്പതികൾ തങ്ങളുടെ ഓമന പുത്രനുമായി മുത്തശ്ശിയുടെ അടുത്തേക്ക് കടന്നുവന്നു. മുത്തശ്ശിയുടെ ചുണ്ടിൽ വാത്സല്യത്തിൻ്റെ മന്ദസ്മിതം വിരിഞ്ഞു. കുഞ്ഞിനെ വീട്ടിലേക്ക് ആദ്യമായി കൊണ്ടുവരുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവർ ക്രമീകരിച്ചിരുന്നു.


അവർ കാറിൽ നിന്നിറങ്ങുംമുമ്പേ, ഒരു പതിനെട്ടുകാരിയുടെ ചുറുചുറുക്കോടെ മുത്തശ്ശി അവർക്കരികിലേക്ക് കുതിച്ചു. പൗർണ്ണമിയുടെ അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാരിയെടുത്തു. ആ വീട്ടിൽ സന്തോഷത്തിൻ്റെ തിരമാലകൾ അലയടിച്ചുയർന്നു, ആനന്ദത്തിൽ ആറാടി നിന്ന നിമിഷങ്ങളായിരുന്നു അത്.

ആകാശും പൗർണ്ണമിയും തങ്ങളുടെ പൊന്നോമനയ്ക്ക് ഒരു മികച്ച പേര് കണ്ടെത്താൻ ചർച്ച ചെയ്തു. ഒടുവിൽ, അർത്ഥപൂർണ്ണമായ ഒരു പേര് അവർ തിരഞ്ഞെടുത്തു " അദീപ്".

അവൻ്റെ നൂലുകെട്ട് ചടങ്ങ് (28-ാം ദിവസം) അതിഗംഭീരമായി അവർ ആഘോഷിച്ചു.

അദീപിന് സമ്മാനം കിട്ടിയ സ്വർണ്ണാഭരണങ്ങൾ കുറെയൊക്കെ അവനെ അണിയിച്ചു.

ആ നാട്ടിലെ കുറെ സാധുക്കൾക്കും, കുടുംബാംഗങ്ങൾക്കും, നാട്ടുകാർക്കും വിപുലമായ സദ്യയൊരുക്കി. എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്നത് ആകാശിൻ്റെ കുടുംബമാണ്.

ചടങ്ങുകൾ കഴിഞ്ഞ് സന്തോഷത്തിൽ മതിമറന്നിരിക്കുന്ന സമയത്താണ് ആകാശിന് നെൽസൻ്റെ ഫോൺ കാൾ വന്നത്.

മറുപുറത്ത് നിന്നും ശ്രവിച്ച ഞെട്ടിപ്പിക്കുന്ന വാർത്ത ആകാശിന് വിശ്വസിക്കുവാനായില്ല. തൻ്റെ പരിചയക്കാരനായ പത്രപ്രവർത്തകൻ നീരജിനെ ആരോ വെടിവെച്ച് കൊന്നു. ആ നടുക്കുന്ന സംഭവം കേട്ട് ആകാശിൻ്റെ മനസ്സാകെ തളർന്നു. ഇന്നലെയും താൻ അയാളുമായി കുറെ നേരം സംസാരിച്ചിരുന്നതാണല്ലോ.


ആകാശ് സംഭവസ്ഥലത്തേക്ക് തിരിച്ചു. അവിടെയെത്തിയപ്പോൾ ഹൃദയഭേദകമായ പലതരം കാഴ്ചകൾ അയാളെ ആസ്വസ്ഥനാക്കി. ആ കാര്യങ്ങളുടെ നിജസ്ഥിതി ആകാശ് അന്വേഷിച്ചു.

നീരജിൻ്റെ ഭാര്യ നിഷയെ തൂണിൽ കെട്ടിയിട്ട ശേഷം, മുഖംമൂടി ധരിച്ച അക്രമികൾ നീരജിൻ്റെ ഓഫീസ് മുറിയിൽ കയറി അയാളെ വെടിവെച്ച് കൊല്ലുകയായിരുന്നുവത്രേ.

വെടിയൊച്ച കേട്ട് നിഷ വലിയൊരു നിലവിളിയോടെ ബോധരഹിതയായി വീണു. കൊലയ്ക്ക് ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കോളേജ് വിട്ടുവന്ന ഏക മകൻ സച്ചിനാണ് ബോധം കെട്ടു കിടക്കുന്ന അമ്മയെയും മരിച്ചു കിടക്കുന്ന അച്ഛനെയും കണ്ടത്. അവൻ അലമുറയിട്ട് കരഞ്ഞു. കരച്ചിൽ കേട്ട് അയൽവാസികൾ ഓടിക്കൂടി. ചിലർ പോലീസിനെ വിവരമറിയിച്ചു. മറ്റു ചിലർ മാധ്യമപ്രവർത്തകരെയും പത്രമാഫീസിലേക്കും വിവരം നൽകി.
പോലീസ് സംഘം സംഭവസ്ഥലത്തെത്തി. പത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പാഞ്ഞെത്തി.

ആകാശും നെൽസനും നീരജ് വെടിയേറ്റ് കിടക്കുന്ന മുറിയിലേക്ക് കടന്നു. കയ്യുറകളണിഞ്ഞ് അവർ ആ ശരീരവും പരിസരവും പരിശോധിച്ചു. തലയുടെ പുറകിലും ചെവിയുടെ ഇരുവശങ്ങളിലും നെറ്റിയിലുമായി വെടിയേറ്റിട്ടുണ്ട്.

കൊലയാളികളുടെ പ്രത്യക്ഷത്തിൽ യാതൊരു തെളിവും അവിടെ അവശേഷിച്ചിരുന്നില്ല. പോലീസ് നായ അവിടമാകെ മണം പിടിച്ച് നേരെ കിഴക്കോട്ടോടി. അവിടെ കണ്ട കാറിൻ്റെ ടയർ പാടുകളിലേക്ക് നോക്കി കുരച്ചുകൊണ്ട് നിന്നു. ഇതിൽ നിന്ന് അക്രമികൾ കാറിൽ സ്ഥലം വിട്ടു എന്ന് അവർക്ക് മനസ്സിലായി.


ഈ സമയം ആകാശ് അവിടം മുഴുവൻ പരിശോധിച്ചു. ഒടുവിൽ അയാൾ നീരജിൻ്റെ അലമാര തുറക്കാൻ തീരുമാനിച്ചു. ഒരുപക്ഷേ വല്ല തെളിവും അവശേഷിച്ചിട്ടുണ്ടെങ്കിലോ?

അപ്പോഴാണ് നീരജിന്റെൻ്റെ ഡയറി ആകാശിൻ്റെ കണ്ണിൽപ്പെട്ടത്. അയാൾ അതെടുത്ത് മറിച്ചുനോക്കി. അയാളുടെ കണ്ണുകൾ വിടർന്നു. അതിലെ വരികളിലൂടെ ആ പോലീസ് ഓഫീസറുടെ കണ്ണുകൾ ഒഴുകി നടന്നു. തനിക്കറിയേണ്ട വിവരങ്ങൾ ഇതിലുണ്ടെന്ന് അയാൾക്ക് മനസ്സിലായി.

അയാൾ നെൽസനെ വിളിച്ചു. രണ്ടുപേരും ചേർന്ന് ഡയറി പരിശോധിച്ചു. വലിയൊരു തട്ടിപ്പിൻ്റെ കഥയാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് അവർക്ക് വ്യക്തമായി.


ലോറൻസ് എന്ന് പേരായ ഒരു കള്ളക്കടത്തുകാരനാണ് വില്ലൻ. ഒരുപാട് കേസുകളിൽ പ്രതിയായ അയാളെക്കുറിച്ചുള്ള പത്രവാർത്ത ആകാശ് വായിച്ചത് ഓർത്തടുത്തു.


നെൽസൺ അതിൻ്റെ മഹസ്സർ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോളാണ് തലേന്ന് ലോറൻസ് പത്രമാഫീസിൽ വന്നതും, ആ പത്രവാർത്ത പിൻവലിക്കണമെന്ന് ആവശ്യപ്പെ കഥയുമൊക്ക കൂടെ ജോലി ചെയ്ത ഒരാൾ പറഞ്ഞത്. പണം ലോറൻസിന് വിഷയമല്ലത്രേ. വാർത്ത വരുവാൻ പാടില്ല.

അതിനായി ഒരു കെട്ടു നോട്ടുകൾ അവൻ നീരജിൻ്റെ മേശപ്പുറത്ത് വെച്ചു. ഇത് കണ്ട നീരജ് അവനോട് നോട്ടുകൾ മേശപ്പുറത്തുനിന്ന് എടുക്കാനും, കൈക്കൂലി വാങ്ങി ഇതിൽ നിന്ന് താൻ പിന്മാറുമെന്ന് വിചാരിക്കേണ്ടെന്നും, കളവു വിവരം തൊണ്ടി സഹിതം താൻ പത്രത്തിൽ കൊടുക്കുമെന്നും, ഇവിടെനിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നും പറഞ്ഞ് ഫോൺ കയ്യിലെടുത്തു. അവൻ ഭീഷണി മുഴക്കികൊണ്ടാണ് അവിടെ നിന്ന് ഇറങ്ങിപ്പോയത്.


കൊല നടന്നതിൻ്റെ തലേ ദിവസത്തെ സംഭവങ്ങൾ നീരജ് ഡയറിയിൽ കുറിച്ചു വെച്ചിട്ടുണ്ടല്ലോ. ആ വിവരം കേസിന് ഗുണം ചെയ്യും.


പിന്നെയും ഡയറിക്കുറിപ്പിൽ നിന്ന് കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലായി.

ഇതിനുമുമ്പ് രണ്ടു പ്രാവശ്യം അയാൾ നീരജിനെ കാണാൻ ഓഫീസിൽ വന്നിട്ടുണ്ട്. ലോറൻസ് നീരജിൻ്റെ വീട്ടിലേക്ക് വരുന്നതും ഓടിപ്പോകുന്നതും സിസി ടിവി ക്യാമറയിൽ വ്യക്തമായി തെളിഞ്ഞു കാണാം.

പരിസരപ്രദേശങ്ങൾ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർ അവിടെയുള്ള ഒരു കുറ്റിക്കാട്ടിൽ നിന്ന് വെടിവെക്കാൻ ഉപയോഗിച്ചിരുന്ന പിസ്റ്റൾ, അത് പൊതിഞ്ഞ ടവ്വലും, ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും കണ്ടെടുത്തു.

ഫോറൻസിക് വിഭാഗം വന്ന് വിരലടയാളം കണ്ടുപിടിച്ചു. ഇത് ലോറൻസിൻ്റെ തന്നെയാണ് എന്ന നിഗമനത്തിൽ പോലീസും, ഫോറൻസിക്ക് വിഭാഗവും ഉറച്ചു നിന്നു. തെളിവുകൾ എല്ലാം വിശദമായ പരിശോധനയ്ക്ക്‌ അയച്ച ശേഷം, കേസിൻ്റെ മറ്റു കാര്യങ്ങൾ പലതും അവർ വിശദമായി ചർച്ച ചെയ്തു.

ലോറൻസിനെ കണ്ടെത്തണം. പോലീസിന് അതൊരു കനത്ത വെല്ലുവിളിയാണ്. ആകാശ് അന്വേക്ഷണങ്ങൾക്ക് നേതൃത്വം നൽകി.

ദിവസങ്ങൾ കടന്നു പോയി. മകൻ്റെ മുഖം കാണുമ്പോൾ അയാൾ എല്ലാം മറക്കും. പൗർണ്ണമിയുടെ സാമീപ്യവും, ഉപദേശവും കേസുകൾ അന്വേക്ഷിക്കുന്നതിന് സഹായകരമായി.

പൗർണ്ണമിയോട് സംഭവങ്ങളുടെ ചുരുളഴിച്ചുപറഞ്ഞ ശേഷം അയാൾ മുറ്റത്തെ അരമതിലിൽ ചെന്നിരുന്നു. അയാൾ തലപുകഞ്ഞ് ആലോചിച്ചു. ഇടയ്ക്കിടെ വീശുന്ന ഇളംകാറ്റിൻ്റെ ശബ്ദം കാതുകളെ തഴുകി പോകുന്നുണ്ട്. പുറത്തെ നീലാകാശം മങ്ങിത്തുടങ്ങി. മേഘങ്ങൾ കരുവാളിച്ചു തുടങ്ങി. ആകാശ് മെല്ലെ എഴുന്നേറ്റ് വീടിനുള്ളിലേക്ക് കയറിപ്പോയി.


പിറ്റേന്ന് പുലർച്ചെ അയാൾ വീടുവിട്ടിറങ്ങി. നേരെ ലോറൻസിൻ്റെ വ്യവസായ സ്ഥാപനത്തിലേക്കാണ് അയാൾ കയറിച്ചെന്നത്. സ്ഥിതിഗതികൾ അറിയാത്ത ലോറൻസ് ആകാശിനെ കണ്ട് ഒന്ന് പകച്ചു നിന്നു.

അപ്പോഴേക്കും നെൽസണും ഏതാനും പോലീസുകാരും അവിടെയെത്തി. എന്തുചെയ്യണമെന്നറിയാതെ ലോറൻസ് മേശവലിപ്പിൽ നിന്ന് പിസ്റ്റൾ എടുത്തു.

ഇത് കണ്ട ആകാശ് അത് തട്ടിത്തെറിപ്പിച്ചു. നീണ്ടൊരു മൽപ്പിടിത്തത്തിന് ശേഷം അവനെ അവർ കീഴ്പ്പെടുത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചോദ്യം ചെയ്യലിൻ്റെ നീണ്ട ഇടവേളയ്ക്ക് ശേഷം അവനെ ലോക്കപ്പിലിട്ടു. കേസ് ഫയൽ ചെയ്തു.

ലോറൻസിൻ്റെ പേരിൽ ധാരാളം കേസുകൾ വേറേയുമുണ്ട്. ലോക്കൽ പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്നുള്ള ചിന്ത ആളുകൾക്കിടയിൽ ചർച്ചയായി. അത് വലിയ പ്രക്ഷോപങ്ങൾക്ക് ഇടയാക്കി.

ജോലി കഴിഞ്ഞ് മിക്കവാറും ദിവസങ്ങളിൽ ആകാശ് വീട്ടിലെത്തുമ്പോൾ നിലാവ് മാഞ്ഞു തുടങ്ങും. എന്നിട്ടും, പൗർണ്ണമി അയാളുടെ വരവും കാത്ത്, ഉമ്മറപ്പടിയിൽ പ്രതീക്ഷയുടെ നിലവിളക്കുപോലെ ഇരിക്കും. ഓരോ നിമിഷവും ഒരു യുഗമായി തോന്നിപ്പിക്കുന്ന കാത്തിരിപ്പ്.

ആകാശ് വരുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ പകലിൻ്റെ എല്ലാ ക്ഷീണവും അലിഞ്ഞില്ലാതാവും. അങ്ങനെയൊരു രാത്രിയിൽ, ചായ മേശയ്ക്ക് ചുറ്റുമിരുന്ന് അവർ സംസാരിച്ചു. "ജീവിതം ഇങ്ങനെയൊക്കെയാണ് പൗർണ്ണമി," ആകാശ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "ലോറൻസിനെ കോടതിയിൽ കയറ്റാൻ കഴിഞ്ഞു. അതൊരു വലിയ വിജയമാണ്. പക്ഷേ ശിക്ഷ ലഭിക്കുന്നത് കോടതിയുടെ തീരുമാനമനുസരിച്ചാണ്. ഇനിയും നമുക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. ഈ യാത്രയിൽ പ്രണയത്തിനും സ്നേഹത്തിനുമെല്ലാം അതിൻ്റെതായ പ്രാധാന്യമുണ്ട്."

അത്രയും പറഞ്ഞ് ആകാശ് പ്രണയപൂർവ്വം പൗർണ്ണമിയുടെ നെറ്റിയിൽ ഒരു മുത്തം നൽകി. ആ സ്നേഹപ്രകടനത്തെ തിരിച്ചറിഞ്ഞതുപോലെ, തൊട്ടടുത്ത് ഉറങ്ങിക്കിടന്ന അദീപ് ഒരു മന്ദസ്മിതം തൂകി. അവൻ്റെ കുഞ്ഞുമുഖത്തെ ആ പുഞ്ചിരിയിൽ അവരുടെ ഹൃദയം നിറഞ്ഞു. "ഇനിയുള്ള നമ്മുടെ യാത്രകളിൽ, നമുക്ക് തണലായും പ്രതീക്ഷയായും അദീപ് ഉണ്ടാകും," പൗർണ്ണമി ആകാശിലേക്ക് ചാഞ്ഞുകൊണ്ട് മന്ത്രിച്ചു.

അവരുടെ കണ്ണുകളിൽ അദീപിൻ്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും, പ്രതിസന്ധികളെ അതിജീവിച്ച പ്രണയത്തിൻ്റെ ദീപ്തിയും നിറഞ്ഞുനിന്നു. കാലം എത്ര കഴിഞ്ഞാലും മായാതെ നിൽക്കുന്ന സ്നേഹത്തിൻ്റെ ഒരു പുതിയ അധ്യായം അവിടെ തുടങ്ങി. അവരുടെ ജീവിതം, പ്രണയത്തിൻ്റെയും പോരാട്ടത്തിൻ്റെയും പ്രതീക്ഷയുടെയും മനോഹരമായ ഒരു ഇതിഹാസമായി, വരും തലമുറകൾക്ക് പാടുവാൻ കഴിയട്ടെ.


(നോവൽ അവസാനിച്ചു)


bottom of page