
നിലാവിൻ്റെ ശാന്തതയിൽ ഒരു പുലരി
മനസ്സിലൊരു പറുദീസ - അദ്ധ്യായം 9

നീലരാവിൻ്റെ ശിശിരയാമത്തിൽ, പ്രപഞ്ചാത്മാവിൻ്റെ ശ്വാസോച്ഛ്വാസത്തിൽ നിന്നടർന്നുവീണ നേർത്ത കുളിർക്കാറ്റിൽ, പൗർണ്ണമി തൻ്റെ സ്വപ്നങ്ങളെ തഴുകി, മട്ടുപ്പാവിലെ ചൂരൽ കസേരയിൽ പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അങ്ങിനെയിരുന്നു. ചുറ്റും പരന്നുകിടക്കുന്ന വലിയ പറമ്പും, അതിൽ തലയുയർത്തിനിൽക്കുന്ന വൻമരങ്ങളും – മാവ്, പ്ലാവ്, കശുമാവ് തുടങ്ങിയ പലതരം വൃക്ഷങ്ങളും – അവളുടെ കണ്ണുകൾക്ക് വിരുന്നൊരുക്കി. ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും, വിവിധയിനം പച്ചക്കറികളും കൊണ്ട് സമൃദ്ധമായ തോട്ടം ജീവൻ തുടിച്ചുനിന്നു. മുറ്റം നിറയെ കറ്റകളുടെ കൂമ്പാരങ്ങൾ, കൊയ്ത്തിൻ്റെയും മെതിയുടെയും ആരവങ്ങളാൽ മുഖരിതമായിരുന്നു. ടൗണിൽ വളർന്ന പൗർണ്ണമിക്ക് ഇതൊരു അത്ഭുതക്കാഴ്ചയായിരുന്നു; ഈ നാടിൻ്റെ പ്രകൃതിഭംഗി അവളുടെ മനസ്സിനെ അതിരറ്റ് ആകർഷിച്ചു.
ഈ വേളയിൽ, ആകാശിൻ്റെ നാട്ടിലേക്കുള്ള സ്ഥലം മാറ്റത്തിനായുള്ള കാത്തിരിപ്പ് സഫലമായി. ആ സന്തോഷവാർത്ത അവനെ തേടിയെത്തിയപ്പോൾ, അവൻ ഉടൻതന്നെ പൗർണ്ണമിയെ ആ വിവരം അറിയിച്ചു. പുതിയൊരു സ്ഥലത്ത്, പുത്തൻ പ്രതീക്ഷകളുമായി, ആകാശ് അവിടെ ജോയിൻ ചെയ്യാൻ തയ്യാറായി. തൻ്റെ സ്വപ്നസാക്ഷാത്കാരം പങ്കിടാനായി അവൻ പൗർണ്ണമിയുടെ വീട്ടിലേക്ക് ഓടിയെത്തി. ദുരന്തത്തിൻ്റെ ഓർമ്മകൾ പൂർണ്ണമായി മാഞ്ഞുപോയിട്ടില്ലെങ്കിലും, ഓരോ ദിവസവും അവർ പരസ്പരം കൂടുതൽ ചേർന്നുനിന്നു.
ഒരു സായാഹ്നം, പൗർണ്ണമിയും ആകാശും കൂടി മുകളിലെ ബാൽക്കണിയിൽ നിന്ന് അസ്തമയസൂര്യനെ നോക്കി ഇരിക്കുമ്പോൾ, ആകാശ് പൗർണ്ണമിയുടെ കൈ തൻ്റെ മടിയിൽ വെച്ച് തലോടി. അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവളുടെ കണ്ണുകളിലേക്ക് മിഴികൾ നട്ട് അവൻ പതിയെ പാടി: "ശ്യാമസുന്ദരപുഷ്പമേ, എൻ്റെ പ്രേമസംഗീതമാണോ നീ..." അവൾ അവൻ്റെ മിഴികളിലേക്ക് ഉറ്റുനോക്കി. കണ്ണും കണ്ണും തമ്മിൽ വീണ്ടും കഥ പറഞ്ഞു; സ്നേഹത്തിൻ്റെയും , പ്രത്യാശയുടെ, വരാനിരിക്കുന്ന സന്തോഷ നിമിഷത്തിൻ്റെയും മനോഹരമായ കഥ.
അവരുടെ തമാശയും കളിയും, അതിനിടയിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ആ വീടിനെ പുളകം അണിയിച്ചു. കളിയും ചിരിയുമായി ആ വീട്ടിൽ ഒരു ഉത്സവത്തിൻ്റെ പ്രതീതി ജനിപ്പിച്ചു. പൗർണ്ണമിയുടെ പ്രസവസമയം അടുത്തുകൊണ്ടിരിക്കയാണ്. എല്ലാ മുഖങ്ങളിലും സമാധാനത്തിൻ്റെ പൊൻവെളിച്ചം വീശി.
അങ്ങിനെ ഇരിക്കുമ്പോഴാണ് ആകാശിന് അമ്മയുടെ ഫോൺ വന്നത്. അച്ഛന് പെട്ടെന്ന് സുഖമില്ലാതായെന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണെന്നും കേട്ടയുടൻ ആകാശ് പൗർണ്ണമിയോടും വീട്ടുകാരോടും വിവരം പറഞ്ഞ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. പൗർണ്ണമിയുടെ അച്ഛനും ആകാശിനോടൊപ്പം പോയി.
അവർ ആശുപത്രിയിലെത്തി. അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന് അവർ അകത്തേക്ക് കയറി. മൂക്കിലേക്ക് തുളച്ചുകയറുന്ന മരുന്നിൻ്റെ ഗന്ധം. അച്ഛൻ നല്ല ഉറക്കത്തിലാണ്. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. അമ്മ കുളിക്കുകയാണെന്ന് തോന്നി. ജനലിൻ്റെ കർട്ടൻ മാറ്റി ആകാശ് ജനലിലൂടെ പുറത്തേക്ക് നോക്കിനിന്നു. പുറത്തുനിന്നൊഴുകി വന്ന കാറ്റ് അവനിൽ ഒരു നവോന്മേഷം പകർന്നു.
ബെഡിൽ ഉറങ്ങിക്കിടക്കുന്ന അച്ഛനെ അവൻ വേദനയോടെ ഏറെനേരം നോക്കിനിന്നു. പൗർണ്ണമിയുടെ അച്ഛനോട് അവിടെയുള്ള സോഫയിൽ ഇരിക്കാൻ പറഞ്ഞ് അവൻ മെല്ലെ കട്ടിലിൽ അച്ഛന്റെ അരികിലായി ഇരുന്നു. അടുത്തേക്ക് വന്ന കാൽപ്പെരുമാറ്റം കേട്ടിട്ടും അച്ഛൻ ഉണർന്നില്ല.
അല്പനിമിഷം കഴിഞ്ഞപ്പോൾ അമ്മ ബാത്‌റൂമിൽ നിന്ന് കുളി കഴിഞ്ഞ് മെല്ലെ നടന്നു വന്നു. തിരമാലകൾക്ക് മുകളിലെ വെൺനുരക്കൂമ്പ് പോലെ അവർ മന്ദം മന്ദം അവനരികിൽ വന്നു നിന്നു. ആ കണ്ണുകൾ നിറഞ്ഞു വന്നു. തികട്ടിവന്ന കരച്ചിലുകൾ കണ്ഠനാളത്തിൽ തങ്ങി തടയപ്പെട്ടു. ആകാശ് നിറഞ്ഞ വേദനയോടെ അല്പനിമിഷം ആ മുഖത്തേക്ക് നോക്കി നിന്നശേഷം അച്ഛൻ്റെ വിവരങ്ങൾ അന്വേഷിച്ചു. പൗർണ്ണമിയുടെ അച്ഛനും വിവരങ്ങൾ തിരക്കി.
അങ്ങിനെ നിശ്ശബ്ദമായി സമയങ്ങൾ ഇഴഞ്ഞു നീങ്ങവേ, ആകാശിൻ്റെ അച്ഛൻ മിഴികൾ തുറന്നു. അവനെ കണ്ട് വേദനകൾക്കിടയിലും അച്ഛൻ്റെ ചുണ്ടുകളിൽ ഒരു മന്ദഹാസം വിടർന്നു. ആ കൈകൾ മകൻ്റെ നേരെ നീണ്ടു. ആ കൈ പിടിച്ച് അവൻ നെഞ്ചോട് ചേർത്തു. അല്പസമയം അങ്ങിനെ നിന്ന ആകാശിൻ്റെ മനസ്സ് കാലങ്ങൾക്ക് പുറകിലേക്ക് സഞ്ചരിച്ചു. സ്കൂൾ അവധിക്ക് നാട്ടിൽ വരുന്നതും, ആ ഭംഗിയുള്ള ഗ്രാമവും, വിളഞ്ഞുനിൽക്കുന്ന നെൽപ്പാടങ്ങളും, നെൽക്കതിർ കൊത്തിക്കൊണ്ടുപോകാൻ വരുന്ന തത്തകളും അവൻ്റെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്.
തൻ്റെയും അനുജത്തിയുടെയും ഓരോ ചുവടുവെപ്പിലും അച്ഛൻ്റെ ബലിഷ്ഠമായ കരങ്ങളും, ആ മനസ്സിൽ കവിഞ്ഞൊഴുകുന്ന സ്നേഹവുമാണ് താങ്ങും തണലുമായിരുന്നത്. ആ അച്ഛനാണ് ഇന്ന് ആശുപത്രി കിടക്കയിൽ മരണവും കാത്തുകിടക്കുന്നത്. അച്ഛന്റെ രണ്ടാമത്തെ അറ്റാക്കാണിത്. അവൻ ഒഴുകിവന്ന കണ്ണുനീർ അച്ഛൻ കാണാതിരിക്കാൻ മുഖം തിരിച്ചു.
ഡോക്ടർ വിസിറ്റിംഗിന് വന്നുപോയി. അച്ഛനെ പരിശോധിക്കുമ്പോൾ ഡോക്ടറുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. അദ്ദേഹം ആകാശിനെ വിളിച്ച് അല്പം മാറിനിന്ന് സംസാരിച്ചു. കുറച്ച് ക്രിട്ടിക്കൽ സ്റ്റേജ് ആണെന്നും എപ്പോഴും ശ്രദ്ധ വേണമെന്നും പറഞ്ഞു. നിറഞ്ഞ നിലാവുള്ള ആ രാത്രിയിൽ ആകാശത്തിലെ മേഘസഞ്ചയത്തെ നോക്കി അവൻ കിടന്നു. മേഘസഞ്ചയത്തിന് രൂപമുണ്ടെങ്കിലും മനസ്സിൽ പതിയുന്നത് അച്ഛൻ്റെ രൂപമാണ്. പ്രത്യേകിച്ച് ഒന്നുമില്ലാതെ ആ രാത്രി കടന്നുപോയി. ആകാശ് എല്ലാ വിവരവും ഇടക്കിടെ പൗർണ്ണമിയെ ഫോൺ ചെയ്ത് അറിയിക്കുമായിരുന്നു.
പിറ്റേന്ന് രാവിലെ, പൗർണ്ണമി അച്ഛനമ്മമാരുമൊത്ത് ആകാശിൻ്റെ അച്ഛനെ കാണാൻ എത്തി. ഇങ്ങനെ ഒരു അവസ്ഥയിൽ പൗർണ്ണമി ആശുപത്രിയിലെത്തിയതിന് ആകാശ് അവളോട് ദേഷ്യപ്പെട്ടു. അതുകൊണ്ട് വരാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവളെ പറഞ്ഞു മനസ്സിലാക്കി. ആ അച്ഛൻ തൻ്റെ മരുമകളെ കണ്ട് ഒരുപാട് സന്തോഷിച്ചു. ആ കണ്ണുകളിൽ പ്രകാശം പരന്നു. അയാൾ പെട്ടെന്ന് കിടക്കയിൽ എഴുന്നേറ്റു. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് അവളെ സമാധാനിപ്പിച്ചു. അമ്മയും അവളോട് വിഷമിക്കാതിരിക്കാൻ ഉപദേശിച്ചു. കുറച്ചുനേരം അവിടെ തങ്ങിയശേഷം അവർ യാത്ര പറഞ്ഞിറങ്ങി.
ഒരാഴ്ച കഴിഞ്ഞു. ഡോക്ടർമാരെക്കൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് ആകാശിൻ്റെ അച്ഛനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ആരോഗ്യം വീണ്ടെടുത്തുവെന്ന വാർത്ത എല്ലാവർക്കും സന്തോഷം സമ്മാനിച്ചു. അങ്ങിനെ പത്താം ദിവസം ആകാശിൻ്റെ അച്ഛനെ പൂർണ്ണ ആരോഗ്യവാനാക്കി ഡോക്ടർ ശരത് ഡിസ്ചാർജ് ചെയ്തു. മഴപോലെ വന്നത് മഞ്ഞുപോലെ പോയത് ആകാശിൻ്റെ ജനിക്കാൻ പോകുന്ന കുട്ടിയുടെ ഭാഗ്യമാണെന്ന് എല്ലാവരും വിധി എഴുതി. അച്ഛൻ വലിയൊരു വിപത്തിൽ നിന്ന് കരകയറി വന്നതിൽ ആ രണ്ടു വീട്ടുകാരും ഒരുപാട് സന്തോഷിച്ചു. അതോടൊപ്പം തന്നെ ആകാശിൻ്റെ സഹോദരി അരുണ, അച്ഛൻ്റെ അസുഖവിവരം അറിഞ്ഞ് അമേരിക്കയിൽ നിന്ന് എത്തി. അവൾ എം.ബി.ബി.എസ് പൂർത്തിയാക്കി അവിടെത്തന്നെ എം.ഡി.യും ചെയ്ത് ജോലിയും നോക്കാനാണ് ഉദ്ദേശിക്കുന്നത്.
അച്ഛനും മകളും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. ആകാശ് അവർക്കിടയിൽ വന്ന് അവരെ സമാധാനിപ്പിച്ചു. വലിയൊരു ദുരന്തം ഒഴിവായിക്കിട്ടിയതിൽ അവർ ഭഗവാനോട് നന്ദി പറഞ്ഞു. അങ്ങിനെ ദിവസങ്ങൾക്ക് ശേഷം ആ കുടുംബത്തിൽ സന്തോഷം കളിയാടി.
ആകാശിൻ്റെ ജോലിയുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട് പൗർണ്ണമി അവനെ കൂടുതൽ മനസ്സിലാക്കി. അവൻ്റെ ജോലിയിലുള്ള ഭാരിച്ച ഉത്തരവാദിത്വം അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അവൾ തന്നാലാകുന്ന എല്ലാ പ്രചോദനങ്ങളും അവനു നൽകിക്കൊണ്ടിരുന്നു.
അവരുടെ ജീവിതത്തിൽ വരാൻ പോകുന്ന പുതിയ അതിഥിയെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ അവർ നെയ്തു. ഇനി തങ്ങളുടെ കാത്തിരിപ്പിന് ദിവസങ്ങളുടെ ദൈർഘ്യം മാത്രമേയുള്ളൂ. പിറ്റേന്ന് ആകാശ് ഡ്യൂട്ടിക്ക് പോയി.
ആ സമയം പൗർണ്ണമി തൻ്റെ പൂർത്തിയാകാത്ത രചനകളെ ചേർത്തുപിടിച്ച്, നിലാവിൻ്റെ ശാന്തതയിൽ ഉറക്കത്തിലേക്ക് വഴുതിവീണു. ആകാശിൻ്റെ സാമീപ്യം നൽകിയ ആശ്വാസത്തിൽ, അവളുടെ മനസ്സ് പതിയെ ശാന്തമായി. പിറ്റേന്ന് രാവിലെ, പുതിയൊരു പുലരിയിലേക്ക് കണ്ണുതുറന്നപ്പോൾ, പൗർണ്ണമിക്ക് ചുറ്റും സ്നേഹവും സമാധാനവും നിറഞ്ഞുനിന്നു. ആകാശിൻ്റെ ജോലിത്തിരക്കുകൾക്കിടയിലും അവർക്ക് പരസ്പരം താങ്ങും തണലുമായിരിക്കാൻ കഴിഞ്ഞു. അവരിരുവരുടെയും കണ്ണുകളിൽ ഭാവിലേക്കുള്ള പ്രത്യാശയുടെ കിരണങ്ങൾ ഓളമിട്ടുനിന്നു.
തുടരും