
ആ യാത്രയുടെ ലഹരി
അദ്ധ്യായം. 5.

അദ്ധ്യായം. 5.
വർഷങ്ങൾ അതിവേഗം കടന്നുപോയി. ഐ.പി.എസ്. റിക്രൂട്ട്‌മെൻ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ പൗർണ്ണമി, നിയമത്തിൻ്റെ ഉന്നത പാഠങ്ങൾ ഉൾക്കൊണ്ട്, നൽസാർ നിയമ സർവ്വകലാശാലയിൽ നിന്ന് ഐ.പി.എസ്. പ്രൊബേഷണർമാർക്കായുള്ള ക്രിമിനൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ആ ലക്ഷ്യബോധമുള്ള യാത്ര അവളെ ഒരു പുതിയ ജീവിതത്തിൻ്റെ പടിവാതിൽക്കൽ എത്തിച്ചു.
അവിടെവെച്ചാണ് പൗർണ്ണമിയുടെ ജീവിതത്തിലേക്ക് ആകാശ് കടന്നുവന്നത്. ഇടതൂർന്ന ചുരുണ്ട മുടിയും, ആകർഷകമായ കണ്ണുകളും, ഉയർന്ന നാസികയുമുള്ള അതിമനോഹരനായ ഒരു യുവാവ്. അവൻ്റെ ശാന്തമായ പെരുമാറ്റവും മുഖത്തെ മായാത്ത പുഞ്ചിരിയും പൗർണ്ണമിയുടെ ഹൃദയത്തിൽ സ്പർശിച്ചു. വാക്കുകൾക്കപ്പുറം, അവരുടെ മനസ്സുകൾ പരസ്‌പരം പ്രണയത്തിൻ്റെ സന്ദേശങ്ങൾ കൈമാറി. വൈകാതെ അവർ സഹപാഠികൾക്കപ്പുറം ഉറ്റ സുഹൃത്തുക്കളായി മാറി. അവർ ഒരുമിച്ചുള്ള നിമിഷങ്ങൾക്ക് പുതിയൊരു സമസ്യ രൂപംകൊണ്ടു.
പൗർണ്ണമിയുടെ സാഹിത്യപരമായ കഴിവുകളെ ആകാശ് പ്രോത്സാഹിപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.
ആകാശിൻ്റെ കുടുംബം സ്നേഹവും ഊഷ്മളതയും നിറഞ്ഞതാണ്. അച്ഛൻ, കേണൽ രവി ശങ്കർ, അമ്മ മൃദുല "റെയിൽവേ ഹോസ്പിറ്റലിലെ ഡി.എം.ഒയാണ്" . അമേരിക്കയിൽ എം.ബി.എ. പഠിക്കുന്ന സഹോദരി അഖിലയും ഉൾപ്പെട്ടതാണ് ആകാശിൻ്റെ ലോകം. ഗുരുവായൂർ സ്വദേശികൾ. വളർന്നുവന്ന കുടുംബ പശ്ചാത്തലം ആകാശിൻ്റെ വ്യക്തിത്വത്തെ മിനുക്കി.
നാളത്തെ കലാപരിപാടികൾക്ക് ആകാശ് നേരത്തേ എത്തില്ലേ? . പൗർണ്ണമിയുടെ ആ ചോദ്യം അവനെ ആവേശം കൊള്ളിച്ചു.
അതിന് പ്രത്യേക ക്ഷണമൊന്നും ആവശ്യമല്ല. നേരത്തേ തന്നെ എത്തിക്കോളാം, ആകാശ് അവൾക്ക് വാക്ക് കൊടുത്തു.
രാത്രിയേറെ വൈകിയാണ് പൗർണ്ണമി ഉറങ്ങിയത്. എങ്കിലും പിറ്റേന്ന് കാലത്ത് നേരത്തെ തന്നെ അവൾ പ്രോഗ്രാം സ്ഥലത്തെത്തി. പൗർണ്ണമിയെ ഒരുക്കിയത് അവളുടെ കൂട്ടുകാരാണ്. ഒൻപത് മണിക്കുള്ള പ്രോഗ്രാമിന് വേണ്ടി നേരത്തേ തന്നെ അവൾ ഒരുങ്ങിയിരിപ്പ് തുടങ്ങി.
പൗർണ്ണമി ഗിരിജാ കല്യാണം കുച്ചിപ്പുടി ഭംഗിയായി അവതരിപ്പിച്ചു. അവളുടെ നൃത്തം സദസ്സിൽ കോളിളക്കം സൃഷ്ടിക്കുകയും, കാണികൾ ഹർഷാരവത്തോടെ അവളെ അഭിനന്ദിക്കുകയും ചെയ്തു.
അടുത്തതായി, സഹപാഠിയായ വിവേകിൻ്റെ ഓട്ടൻതുള്ളൽ . മുൻനിരയിലിരുന്നവരെ നോക്കി തമാശ കലർത്തി കൈചൂണ്ടി, ഫലിതബോധത്തോടെയുള്ള അവൻ്റെ അവതരണ ശൈലിയിൽ നർമ്മരസം നിറഞ്ഞു. ഐതിഹ്യകഥാപാത്രങ്ങളായി തിന്നു മുടിച്ചു നടക്കുന്ന നമ്പൂതിരിമാരും, കള്ളു കുടിച്ചു കുടുംബം നശിപ്പിക്കുന്ന നായന്മാരും, ഇതിഹാസ കഥാപാത്രങ്ങളായി രാജാക്കന്മാരുമെല്ലാം ഫലിത പരിഹാസങ്ങളുടെ ചാട്ടവാറടിയേറ്റു ആളുകളെ ചിരിപ്പിച്ചു. വിവേകിൻ്റെ നാവിൽ നിന്നും ഉതിർന്നു വീണ ശബ്ദവും പരിഹാസവും സദസ്യരുടെ ചിന്താശ്രേണിയിൽ പുതിയൊരു താൾ തുന്നിച്ചേർത്തു.
അടുത്തതായി, ജിതിൻ എന്ന യുവാവിൻ്റെ കഥാപ്രസംഗം. വി. സാംബശിവൻ രചിച്ച "ഇരുട്ടിൻ്റെ ശക്തി" എന്ന നാടകത്തിലെ കഥയാണ് അവൻ അവതരിപ്പിച്ചത്. കഥയിലെ നായിക അനീസ്യയെ ജിതിൻ ഇങ്ങനെയാണ് വർണ്ണിച്ചത്:
"പുഷ്പിതജീവിതവാടിയിലൊരപ്സര സുന്ദരിയാണനീസ്യ..."
പൂക്കൾ നിറഞ്ഞ ജീവിതമാകുന്ന ആരാമത്തിലെ ഒരു ദേവകന്യകയെപ്പോലെ സുന്ദരിയാണവൾ. സ്വാഭാവികമായും അങ്ങനെയൊരാൾക്ക് ആരാധകരുണ്ടാകുമല്ലോ? ഒരു അപ്സരസ്സിനെപ്പോലെ സുന്ദരിയായ അനീസ്യക്ക് ആരാധകരുടെ നിര തന്നെയുണ്ടാകുമെന്ന് നമ്മൾ കരുതും. എന്നാൽ, ജിതിൻ തുടർന്നു:
പക്ഷേ, അവൻ പറഞ്ഞു, "ആരാധകരില്ലാത്തവനിതൻ ആരോമൽ നായികയാണനീസ്യ." കഷ്ടം! അവൾക്ക് ആരാധകരില്ല! ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, ഈ കഥയിൽ അവൾക്ക് അത്തരമൊരു ദുർവിധിയുണ്ടായത്.
ജിതിൻ തുടർന്നു:
"ദാഹമേ തീവ്രഹൃദയദാഹം
ദാഹിച്ചു ദാഹിച്ചു വാണ നീസ്യ.
ദാഹമേ തീവ്രഹൃദയദാഹം
ദാഹിച്ചു ദാഹിച്ചു വാണ നീസ്യ."
ജിതിൻ്റെ കഥാപ്രസംഗം പുതിയൊരു വഴിത്തിരിവിലേക്ക് കടന്നു. "ഇതാ വരുന്നു അനീസ്യയുടെ ഭർത്താവ്... ഇതാ വരുന്നു എന്നല്ല, ഞങ്ങൾ എടുത്തുകൊണ്ടുവരികയാണ്!" സദസ്സിൽ ചിരിയുണർത്തിക്കൊണ്ട് അവൻ പറഞ്ഞു, "കാരണം, ആൾ കിടപ്പിലാണ്, തീരെ സുഖമില്ല. അദ്ദേഹം കിടക്കുന്ന കട്ടിൽ സഹിതം പൊക്കിയെടുത്ത് കൊണ്ടുവരികയാണ്. അത്രയ്ക്ക് വയ്യാത്ത അവസ്ഥയാണ്. വയസ്സ് എഴുപത്തിയേഴ്. നല്ല പൊരുത്തം!" ജിതിൻ്റെ നർമ്മം നിറഞ്ഞ അവതരണം സദസ്സിനെ ചിരിപ്പിക്കുകയും അതേസമയം കഥയുടെ ഗൗരവം നിലനിർത്തുകയും ചെയ്തു.
പിന്നെയും ഏറെ കഴിഞ്ഞാണ് കലാമേള അവസാനിച്ചത്. പൗർണ്ണമിയെ അനുമോദിക്കുവാനായി ആകാശ് മുൻപന്തിയിൽ തന്നെയാണ് ഇരുന്നത്. എല്ലാം കൊണ്ടും അതി ഗംഭീരമായ ഒരു കലോത്സവം തന്നെ. അവിടെ കൂടിയ ആളുകൾക്കും എതിർ അഭിപ്രായം ഉണ്ടായില്ല. വിവേകിനേയും ജിതിനേയും പ്രശംസിക്കാൻ ആളുകൾ തിക്കും ബഹളവും കൂട്ടി. രാത്രിയേറെ വൈകിയാണ് എല്ലാവരും അവിടെ നിന്നും മടങ്ങിയത്.
പിറ്റേന്ന് വൈകുന്നേരം പൗർണ്ണമി ആകാശിനോടൊപ്പം നടക്കാനിറങ്ങി. വഴിയോരക്കാഴ്ചകൾ കണ്ട് പലതും സംസാരിച്ചു കൊണ്ട് അവർ നടന്നു. തളിർത്ത ഇലകളും പൂക്കളും കൊണ്ട് ആ പ്രദേശമാകെ മനോഹാരിത പൊഴിച്ചു നിന്നു. ഇടയ്ക്കിടെ ആ പൂക്കളിൽ കുശലം പറയാനെത്തുന്ന ചിത്രശലഭങ്ങൾ അവരെ കണ്ട് ചിറകടിച്ചു പാറിപ്പറന്നു. പൗർണ്ണമിക്ക് അതൊരു രസകരമായ കാഴ്ചയായി തോന്നി .
അവൾ നാട്ടിലേക്ക് പോകുന്ന വിവരം ആകാശിനോട് പറഞ്ഞു. "പോസ്റ്റിങ് വരാൻ ഇനിയും സമയമുണ്ടല്ലോ?" അവർ സംസാരിച്ചു. അസ്തമയ സൂര്യൻ്റെ ചുവപ്പു വെട്ടം പതിയെ ഇരുളിൽ മറഞ്ഞു. നിഴലുകൾ മങ്ങിത്തുടങ്ങിയപ്പോൾ, അവർ മെല്ലെ വീട്ടിലേക്ക് നടന്നു.
പിറ്റേന്ന്, പൗർണ്ണമിയും തൊട്ടടുത്ത് താമസിക്കുന്ന വിശ്വൻ അങ്കിളിൻ്റെ മകളും കൂടി അമ്പലത്തിലേക്ക് നടന്നു. ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പേറി വന്ന കുളിർകാറ്റ് ആ സായാഹ്ന നടത്തത്തിന് കൂടുതൽ ഉന്മേഷം പകർന്നു.
അവർ പലതും സംസാരിച്ചു. സംസാരത്തിനിടയിൽ അമ്പലത്തിലെത്തിയത് അവരറിഞ്ഞതു കൂടിയില്ല. ധാരാളം ആളുകൾ അവിടെ ദർശനം നടത്തുവാൻ ഉണ്ട്. ഭക്തി സാന്ദ്രമായ അന്തരീക്ഷം. പൗർണ്ണമി മനസ്സുരുകി ഭഗവാനോട് പ്രാർത്ഥിച്ചു. ഭക്തിയോടെ തൊഴുത് പ്രസാദവും വാങ്ങി അവർ തിരികെ നടന്നു. പിറ്റേന്ന് അവർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. പൗർണ്ണമിയുടെ അച്ഛൻ കേണൽ രാജശേഖരൻ സർവീസിൽ നിന്നും വിരമിച്ചു. അച്ഛന് ഇപ്പോൾ സമയം ഇഷ്ടം പോലെയുണ്ടല്ലോ?. പൗർണ്ണമിയുടെ ആ ചോദ്യം കേട്ടതായി ഭാവിക്കാതെ അച്‌ഛൻ വീടിനുള്ളിലേക്ക് നടന്നു. നിൻ്റെ അമ്മ വസുമതിക്ക് ഇനി ഒരു വർഷം കൂടിയേ സേവനമുള്ളൂ. അതിന് മുൻപ് നിൻ്റെ കല്യാണം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
പൗർണ്ണമി മറുപടിയൊന്നും പറഞ്ഞില്ല.
പിറ്റേന്ന്, കോഴ്‌സ് പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവെക്കാനായി പൗർണ്ണമി അച്ഛനമ്മമാരോടൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചു. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പോയി കാഞ്ചിപുരം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് അവരുടെ പദ്ധതി. ഇൻഡിഗോ വിമാനത്തിലാണ് അവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
അവർ ചെക്കിങ്ങ് ചെയ്യുന്നിടത്ത് എത്തിയപ്പോഴേക്കും മിസ്സ് നീതു അവർക്കു വേണ്ടി സ്വയം ചെക്ക് ഇൻ ചെയ്യാൻ സഹായം വാഗ്ദാനം ചെയ്തു. ഒരു മിനുട്ടിനുള്ളിൽ നീതു അവർക്ക് പ്രിന്റ് ചെയ്ത ബോർഡിംഗ് പാസ്സ് എടുത്ത് നൽകി. അവർ മുൻകൈ എടുത്തതുകൊണ്ടും മര്യാദയും മികച്ച സേവനവും കൊണ്ട് ചെക്കിൻ കൗണ്ടറിൽ ക്യു നിൽക്കേണ്ട ആവശ്യം വന്നില്ല. പ്ലെയിൻ യാത്ര മടുപ്പുളവാക്കിയില്ല. എയർഹോസ്റ്റൽസിൻ്റെ സേവന മനോഭാവവും പെരുമാറ്റ ശൈലിയും വിനയവും അവരെ ഏറെ ആകർഷിച്ചു.
താമ്രം എയർപോർട്ടിൽ പ്ലെയിൻ ലാൻഡ് ചെയ്തപ്പോൾ അവർ എയർഹോസ്റ്റൽസ് മേരിയോടും, നീതുവിനോടും യാത്ര പറഞ്ഞിറങ്ങി. എയർ പോർട്ടിനു വെളിയിൽ നിന്നും ടാക്സി പിടിച്ച് അവർ കാഞ്ചിപുരത്തേയ്ക്ക് പോയി. അന്നവിടെ റൂം എടുത്തു പിറ്റേന്ന് ക്ഷേത്രങ്ങൾ കാണാനായി പുറപ്പെട്ടു.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വര ക്ഷേത്രം, പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്ന ശിവക്ഷേത്രമാണ്. ഇവിടെ പ്രാർത്ഥിച്ചാൽ പുനർജന്മം ഉണ്ടാകില്ലെന്നാണ് വിശ്വാസം. ബാല്യം, യൗവനം, വാർദ്ധക്യം എന്നീ ജീവിതഘട്ടങ്ങളെ സൂചിപ്പിക്കുന്ന പ്രദക്ഷിണ രീതി ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്. പാർവതി ദേവിയുടെ തപസ്സും ശിവൻ്റെ പരീക്ഷണങ്ങളും ഇതിൻ്റെ ഉത്ഭവ ഐതിഹ്യമാണ്. വേഗാവതി നദിയിലെ വെള്ളപ്പൊക്കത്തിൽ ശിവലിംഗം സംരക്ഷിക്കാൻ ദേവി അതിനെ ആലിംഗനം ചെയ്തു. ഈ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ എന്ന സങ്കൽപ്പത്തിൽ നിന്നാണ് ഏകാംബരേശ്വരൻ എന്ന പേരുണ്ടായത്.
കാഞ്ചീപുരത്തിൻ്റെ മറ്റൊരു വലിയ പ്രത്യേകത അവിടുത്തെ പേരുകേട്ട കാഞ്ചീപുരം സാരികളാണ്. പൗർണ്ണമി തൻ്റെ അമ്മയ്ക്കും, മുത്തശ്ശിക്കും, തനിക്കായും അവിടെനിന്ന് മനോഹരമായ സാരികൾ തിരഞ്ഞെടുത്തു. മുത്തശ്ശിക്ക് അവൾ തിരഞ്ഞെടുത്തത് വെള്ള നിറമുള്ള സാരിയാണ് .
കാഞ്ചീപുരത്തിൻ്റെ കിരീടത്തെ അലങ്കരിക്കുന്ന മറ്റൊരു തൂവൽ, വിദൂര ദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന അവിടുത്തെ അത്ഭുതകരമായ ക്ഷേത്രങ്ങളാണ്. അവർ അവിടെയുള്ള പ്രധാന ആരാധനാലയങ്ങളെല്ലാം സന്ദർശിച്ചതിന് ശേഷം മടക്കയാത്രയ്ക്ക് തയ്യാറെടുത്തു.
രാത്രിയിലത്തെ ട്രെയിനിൽ തന്നെ അവർ താമ്രം സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി. പിറ്റേന്ന് മൂന്നു മണി ആയപ്പോഴേക്കും അവർ തറവാട്ടിൽ എത്തി. മുത്തശ്ശി അവരെ കാത്ത് അക്ഷമയോടെ ഇരിക്കയായിരുന്നു.
യാത്ര ക്ഷീണം അവരെ വല്ലാതെ തളർത്തി. മുത്തശ്ശിയോട് കുശാലാന്വേഷണം നടത്തി ലഘു ഭക്ഷണവും കഴിച്ച് അവൻ വിശ്രമിക്കാനായി പോയി.
അതിനിടയിലാണ് പൗർണ്ണമിക്ക് ആകാശിൻ്റെ ഫോൺ വന്നത്. നല്ല സുഹൃത്ത് എന്നതിൽ കവിഞ്ഞു അവർ തമ്മിൽ യാതൊരു ബന്ധവും ഇല്ല . രണ്ടു ദിവസത്തിനുള്ളിൽ അയാൾ നാട്ടിലെത്തുമെന്ന വിവരം അവളെ അറിയിച്ചു.
പൗർണ്ണമിയ്ക്ക് സന്തോഷം തോന്നി. ശിഷ്ട ജീവിതം ആരുമായി പങ്കിടണമെന്നുള്ള തീരുമാനം എടുക്കുവാൻ സമയമായോ?. അവൾ ആലോചനയിൽ മുഴുകി. കല്യാണ ആലോചനകൾ വരുവാൻ തുടങ്ങി. മനസ്സിൽ ഉള്ള കാര്യങ്ങൾ തുറന്നുപറയണം. കല്യാണം ജോലി കിട്ടിയിട്ട് മതി. അവൾ ഓർത്തു.
നിനച്ചിരിക്കാതെ ഒരു ദിവസം ആകാശിൻ്റെ അച്ഛനും അമ്മയും ആകാശും പൗർണ്ണമിയുടെ വീട്ടിലെത്തി. സംഭാഷണത്തിന്നൊടുവിൽ ആകാശിൻ്റെ മാതാപിതാക്കൾ അവരുടെ ആഗമനോദ്ദേശം പൗർണ്ണമിയുടെ വീട്ടുകാരെ അറിയിച്ചു.
അവരുടെ ആഗ്രഹം കേട്ടപ്പോൾ പൗർണ്ണമിയ്ക്ക് സന്തോഷം തോന്നി. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം അവളുടെ മനസ്സിൽ ഒരായിരം മാരിവില്ലുകൾ വിടർന്നു. ആകാശിന് ഇങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നെന്ന് അവൾ ഒരിക്കലും കരുതിയില്ല.
ജാതകം നോക്കിയപ്പോൾ പൊരുത്തങ്ങളേറെ. പിന്നീട് ഏല്ലാം പെട്ടെന്നാണ് നടന്നത്.
വിളിക്കേണ്ടിയ ബന്ധുക്കളെയെല്ലാം ഫോണിലൂടെ വിളിച്ചു. വസ്ത്രം, ആഭരണം എല്ലാം വാങ്ങി. വിവാഹ സദ്യയ്ക്ക് ഓർഡർ കൊടുത്തു. വിവാഹ തലേന്ന് വീടൊരു ഉത്സവപറമ്പ് പോലെയായി.
"വിവാഹം ഒരു യോഗമാണ്. അത് അതിൻ്റെ സമയത്ത് മാത്രം നടക്കുന്ന ഒന്നാണ്. മുത്തശ്ശി പൗർണ്ണമിയെ അരികിലിരുത്തി തലോടി. പൗർണ്ണമിയ്ക്ക് വിഷമം തോന്നി. മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി മുത്തശ്ശി ചെറിയൊരു വിവരണം അവൾക്ക് നൽകി.
അങ്ങനെ, ഇരുകൂട്ടരുടെയും അനുഗ്രഹവും ആശിർവാദത്തോടെയും അവരുടെ വിവാഹം അതിഗംഭീരമായി നടന്നു. ആകാശിന് കർണാടകയിൽ തന്നെയാണ് ജോലി കിട്ടിയത് .
വിവാഹശേഷം അവർ മംഗലാപുരത്തേക്ക് താമസം മാറ്റി. ആകാശ് ഡി.ഐ.ജി. ആയി സ്ഥാനക്കയറ്റം നേടി. പൗർണ്ണമി അവളുടെ എഴുത്ത് തുടർന്നു. ആകാശ് അവൾക്ക് എല്ലാ പ്രോത്സാഹനവും നൽകി. നാട്ടിൽ വന്നതിനുശേഷം അവൾ "സ്വപ്നസഞ്ചാരി" എന്ന നോവൽ എഴുതാൻ തുടങ്ങി. പാവപ്പെട്ട കർഷകരുടെ ജീവിതവും അവരുടെ യാതനകളും കുടുംബ പ്രാരാബ്ധങ്ങളുമാണ് നോവലിൻ്റെ ഇതിവൃത്തം. ആ നോവൽ ഒരു വലിയ വിജയമായി. ആ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം, ഡോ. അംബേദ്കർ പുരസ്കാരം, കൂടാതെ സ്വന്തം നാട്ടിൽ ആദരവും ലഭിച്ചു. ആകാശിൻ്റെ അച്ഛനും അമ്മയ്ക്കും ഇത് ഏറെ സന്തോഷകരവും അഭിമാനകരവുമായി. അവർ മരുമകളെ കെട്ടിപ്പിടിച്ച് തങ്ങളുടെ സന്തോഷം അറിയിച്ചു.
പുതിയ ജീവിതവും പുതിയ ദൗത്യവും തുടർന്നുതിനിടയിലാണ് പൗർണ്ണമിക്ക് പോസ്റ്റിങ് ഓർഡർ വന്നത്. ഭാഗ്യവശാൽ, അവൾക്ക് മംഗലാപുരത്ത് തന്നെ ജോലി കിട്ടി . ജോലിയും രചനയുമായി അവർ ദിവസങ്ങൾ കഴിച്ചു. ഒഴിവുസമയങ്ങളിൽ അവർ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്‌തു.
ഒരു ഒഴിവുദിവസം പൗർണ്ണമിയും ആകാശും മംഗലാപുരം കടൽത്തീരത്തേക്ക് പോയി. വൈകുന്നേരം കടൽ ശാന്തമായിരുന്നു. സുന്ദരമായ നീലാകാശത്തിനു ചുവട്ടിൽ ശാന്തമായി ക്കിടക്കുന്ന കടലും, പ്രകാശവർണ്ണങ്ങളിൽ കുളിച്ചു കിടക്കുന്ന സന്ധ്യയുടെ ദൃശ്യങ്ങളും നോക്കി അവർ ആ കടൽപ്പുറത്ത് ഇരുന്നു.
മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ താഴേക്ക് പതിക്കുമ്പോൾ ശാന്തമായ കടൽത്തീരം ഒരു മനോഹര കാഴ്ചയാണ്. തിരമാലകളുടെ താളാത്മകമായ ശബ്ദം മഴയുടെ നേർത്ത സംഗീതവുമായി ഇണങ്ങിച്ചേരുന്നു. തിരമാലകൾ തീരത്ത് ആഞ്ഞടിക്കുന്ന രസകരമായ കാഴ്ചയിലേക്ക് കണ്ണുംനട്ട് അവർ ഏറെനേരം ഇരുന്നു. രാജകൊട്ടാരത്തിൻ്റെ മുറ്റത്ത് വിരിച്ച ചെമ്പട്ടുപോലെ വിലസുന്ന ആകാശം. വർണ്ണ മേഘങ്ങൾക്കിടയിൽ അസ്തമയസൂര്യൻ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു.
ദുഃഖം അണപൊട്ടിയൊഴുകുന്ന ഒരു സുന്ദരിയെപ്പോലെ കടൽ ഇടയ്ക്കിടെ നെടുവീർപ്പിടുന്നു. ആകാശത്തിൽ മാരിവില്ലുകൾ അവിടെയവിടെ പല വർണ്ണങ്ങളിൽ പ്രകാശം പൊഴിക്കുന്നു.
കടൽക്കരയിൽ ഒരു ബോട്ടിൻ്റെ നിഴലിൽ അവർ ഇരുന്നു. ഫിഷിങ് ബോട്ടുകൾ നിരനിരയായി കടൽ ഓളങ്ങളെ തട്ടിമാറ്റി പാഞ്ഞുവരുന്നു. ബോട്ട് നിറയെ പിടിച്ചിട്ട മത്സ്യങ്ങളെ മണൽപ്പരപ്പിലേക്ക് കൂട്ടിയിടുന്നു. കടൽപ്പുറം വലിയ ജനക്കൂട്ടത്താൽ നിറഞ്ഞു. മത്സ്യം വാങ്ങാൻ വന്നവരുടെ തിരക്കായിരുന്നു അവിടെ.
പൗർണ്ണമിയും ആകാശും അന്ന് ബീച്ച് റിസോർട്ടിൽ റൂം ബുക്ക് ചെയ്തിരുന്നു. അവിടെ നിന്നാൽ കടലിൻ്റെ ഭംഗിയും കടൽക്കാറ്റും നന്നായി ആസ്വദിക്കാം.
പൗർണ്ണമിയും ആകാശും റിസോർട്ടിലേക്ക് പോകാനായി എഴുന്നേറ്റു. അപ്പോഴാണ് ഒരു കാഴ്ച അവളുടെ കണ്ണിൽപ്പെട്ടത്.
തുടരും