top of page

അവിചാരിതമായ കണ്ടുമുട്ടൽ

അദ്ധ്യായം 4

അവിചാരിതമായ കണ്ടുമുട്ടൽ

അവിചാരിതമായ കണ്ടുമുട്ടൽ

അന്ന് ഉച്ചക്ക് ശേഷമുള്ള ശബരി എസ്പ്രസ്സിനാണ് പൗർണ്ണമിയും കുടുംബവും പോകുന്നത്. അവൾ കാലത്ത് രാധികയേയും കൂട്ടി ഒരിക്കൽ കൂടി ആ സ്വർഗ്ഗയാരാമത്തിൽ ചുറ്റിക്കറങ്ങുവാൻ കൊതിച്ചു. കാഴ്ചയുടെ വസന്തം തീർത്ത് പച്ചപ്പുൽ വിരിച്ച കുന്നിൻ പുറങ്ങളും, പതഞ്ഞൊഴുകുന്ന കാട്ടരുവിയും, പുലർകാലത്തെ സംഗീതം കൊണ്ടു വരവേൽക്കുന്ന കിളികൾ ഓരോരോ പായാരം ചൊല്ലിക്കൊണ്ട് പ്രകൃതിയോട് പുതിയ കഥകൾ ചൊല്ലുന്നതുമെല്ലാം കേൾക്കുവാൻ അവൾ കൊതിച്ചു.

മനോഹാരിതമായ ആ പ്രദേശം അവളെ അത്രയേറെ ആകർഷിച്ചിരുന്നു. അങ്ങ് ദൂരെ പ്രകൃതി കെട്ടിയ വെള്ളിക്കൊലുസുപോലെ പുഴയുടെ നേർത്ത കാഴ്ചയും താഴ്വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും അവൾ തൻ്റെ ക്യാമറ കണ്ണിൽ ഒപ്പിയെടുത്തു.

പ്രകൃതിയെ ഏറെ സ്നേഹിക്കുന്നവളാണ് പൗർണ്ണമി. ഇപ്രാവശ്യത്തെ യാത്ര ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നോയെന്നു പോലും വീട്ടുകാർ സംശയിച്ചു.

പ്രിയപ്പെട്ടവരേ പിരിഞ്ഞു പോകാൻ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു. വിഷു ആഘോഷം കഴിഞ്ഞ് പൗർണ്ണമിയും കുടുംബവും ഹൈദരാബാദിലേയ്ക്ക് ട്രെയിൻ കയറി. പൗർണ്ണമിയുടെ തൊട്ടടുത്ത് ഇരുന്നിരുന്നത് ഏകദേശം ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവതിയാണ്. ഇരു നിറം, ഐശ്വര്യമുള്ള മുഖം, പൗർണ്ണമിയുടെ കണ്ണുകളിൽ നിറഞ്ഞ അപരിചിതത്വം ഒരു പുഞ്ചിരിയായി യുവതിയിലേയ്ക്ക് ഒഴുകിയിറങ്ങി. അവളും അതിനോട് പുഞ്ചിരിയോടെ പ്രതികരിച്ചു. നിശബ്ദമായൊരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു.

കുറേ നേരം അവർ മൗനം പാലിച്ചിരുന്നു. ആ സ്ത്രീ ബാഗ് തുറന്ന് അതിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് വായിക്കാൻ തുടങ്ങി. പൗർണ്ണമി മുഖമുയർത്തി ആ ബുക്കിലേയ്ക്ക് നോക്കി. അവൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പൗർണ്ണമിയുടെ "പ്രകാശിക്കുന്ന കണ്ണുകൾ" എന്ന നോവലായിരുന്നു അത്.

മുന്നിൽ ഇരിക്കുന്ന ആരാധികയെ പൗർണ്ണമി കൺകുളിർക്കെ വീക്ഷിച്ചു. ജിജിഞാസ ഏറിയപ്പോൾ പൗർണ്ണമി അവളോട് ചോദിച്ചു, എന്താ പേര്?.

സ്റ്റെല്ല. മറുപടി പറഞ്ഞിട്ട് അവൾ വിദൂരതയിലേയ്ക്ക് കണ്ണും നട്ട് തീവ്രമായ ആലോചനയിൽ മുഴുകി ഇരുന്നു. അവളുടെ മുഖത്ത് വിഷാദത്തിൻ്റെ കാർമേഘക്കെട്ടുകൾ തെളിഞ്ഞു കിടന്നു. പൗർണ്ണമി അവളെ തന്നെ ശ്രദ്ധിച്ചിരുന്നു. എന്തോ മനോവേദന അവളെ അലട്ടുന്നുണ്ടെന്ന് പൗർണ്ണമിക്ക് മനസ്സിലായി.

എവിടുന്നു വരുന്നു?... പൗർണ്ണമി ചോദിച്ചു.

കൊല്ലം അവൾ ഉത്തരം നൽകി.

അപ്പോഴാണ് സ്റ്റെല്ല ആ മുഖം ശ്രദ്ധിച്ചത്. എവിടെയോ കണ്ടു മറന്ന മുഖം. ഓർമ്മയിൽ വരുന്നില്ല.
അവൾ തൻ്റെ കയ്യിലിരുന്ന ബുക്ക്‌ അലസമായി തിരിച്ചും, മറിച്ചും പിടിച്ചു. അപ്പോഴാണ് പുറംചട്ടയിലുള്ള പൗർണ്ണമിയുടെ ഫോട്ടോ അവളുടെ ദൃഷ്ടിയിൽ പെട്ടത്. അവൾ അത്ഭുതത്തോടെ പൗർണ്ണമിയേയും പുസ്തകത്തിലെ ഫോട്ടോയിലേക്കും മാറി മാറി നോക്കി. വിവിധ ഭാവങ്ങൾ ആ മുഖത്ത് മിന്നി മറഞ്ഞു.

സ്റ്റെല്ല വിനയത്തോടെ ചോദിച്ചു. പൗർണ്ണമി അല്ലേ?.. നിങ്ങൾ നോവൽ എഴുതുമോ?..
സംശയം തീർക്കാനെന്ന മട്ടിൽ അവൾ ചോദിച്ചു.

അതേ ഞാൻ പൗർണ്ണമി തന്നെയാണ്. നിങ്ങൾ വായിക്കുന്ന ഈ പുസ്തകം ഞാൻ എഴുതിയതാണ്. അവർ പരിചയപ്പെട്ടു.

കുറെയേറെ നേരം സംസാരിച്ചപ്പോൾ തന്നെ അവർ ദീർഘകാല സുഹൃത്തുക്കളെ പോലെയായി.

"സ്റ്റെല്ല" അതാണ്‌ അവളുടെ വിളി പേര്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം യുവതി. ഏറെ നേരത്തെ പരിചയത്തിന്നൊടുവിൽ സ്റ്റെല്ല അവളുടെ കഥകൾ പറഞ്ഞു തുടങ്ങി.

ഒരു പാവപ്പെട്ട വീട്ടിൽ ജനിച്ച പെൺകുട്ടിയാണ് സ്റ്റെല്ല. നഗരത്തിൻ്റെ കോലാഹലത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഒരു ഉൾനാടൻ ഗ്രാമം, അവിടെയാണ് അവളുടെ വീട്. വാനോളം ഉയത്തിൽ നിൽക്കുന്ന തെങ്ങുകളും, നെൽകൃഷിയുമെല്ലാം ഇടകലർന്ന്, കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കർഷകർ ജീവിക്കുന്ന ഗ്രാമം.

പച്ചപ്പ് നിറഞ്ഞു കിടക്കുന്ന പാടശേഖരങ്ങൾ… പ്രകൃതിയുടെ ഹൃദയസ്പന്ദനമെന്നപോലെ അവിടെയെല്ലാം ജീവൻ്റെ തുടിപ്പുകൾ നിലനിന്നു.

ആ ഗ്രാമത്തിൻ്റെ കിഴക്കേ വശത്ത് നീരുറവകൊണ്ട് രൂപപ്പെട്ട ഒരു തോടുണ്ട് . ആ തോടിൻ്റെ വശങ്ങളിൽ കൈതക്കരികൾ, മറ്റു പലയിനം ചെടികൾ ഒക്കെയുണ്ട്. ആ കൈതക്കരിയിൽ പൂക്കൾ പൊട്ടി വിടരുന്ന സുഗന്ധം കാറ്റിലൂടെ തീണ്ടി പാറുമ്പോൾ, സ്റ്റെല്ലയുടെ ഹൃദയം അക്ഷരാർത്ഥത്തിൽ ആ പൂവിനായി ദാഹിച്ചു.

കൈതപ്പൂവിൻ്റെ മോഹിപ്പിക്കുന്ന സുഗന്ധം കാറ്റിലേറുമ്പോൾ, കുഞ്ഞു സ്റ്റെല്ലയുടെ മനസിൽ കുളിരുമാറുന്ന ആകാംക്ഷയും ഉന്മേഷവുമാണ് ഉടലെടുത്തത്.

"അമ്മേ, ഒരു പൂവെങ്കിലും കൊണ്ടുതരേണമേ!"

കുഞ്ഞിൻ്റെ ആ പിടിവാശിക്ക് മുന്നിൽ അമ്മയുടെ മനം അലിഞ്ഞു. എങ്കിലും മകളോട് ഒന്നുകൂടി പറഞ്ഞു നോക്കി. “അതിൻ്റെ ഉള്ളിലുണ്ടാവാം... പാമ്പ്,”

പക്ഷേ, സ്റ്റെല്ല അവളുടെ വാക്കുകളിൽ ഉറച്ചു നിന്നു. അവസാനം ആ അമ്മ വഴങ്ങി.

മകളുടെ പിടിവാശിക്ക് മുന്നിൽ ആ അമ്മയ്ക്ക് പിടിച്ചു നിൽക്കാനായില്ല. അവർ കൈതപ്പൂ പൊട്ടിക്കാനായി കൈത കൂട്ടത്തിലേക്ക് പോയി.

പൂ പറിക്കുമ്പോൾ എന്തോ കാലിൽ കടിച്ചതായി തോന്നി. അവർ അത് സാരമാക്കിയില്ല. സ്റ്റെല്ലക്ക് കൈതോലയും കൊടുത്ത് അവളുടെ കൈയും പിടിച്ച് വീട്ടിലേയ്ക്ക് നടന്നു.

ഇടവപ്പാതി മഴ തുടങ്ങിയിരുന്നു. ശക്തമായ ഇടിയും കാറ്റും തിമർക്കുന്നു. വീടിൻ്റെ മുറ്റത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മക്ക് എന്തെല്ലാമോ ആസ്വസ്ഥതകൾ. ആ ശരീരം വിറച്ചു. കാലു മുഴുവൻ നീല നിറം ബാധിച്ചു. അപ്പച്ചനാണെങ്കിൽ വീട്ടിലില്ല. പുറത്ത് പോയിരിക്കയാണ്‌.

അവൾക്കൊന്നും മനസ്സിലായില്ല. അവൾ ഉറക്കെ ബഹളം വെച്ചു കരഞ്ഞു. ആളുകൾ ഓടി കൂടി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

ആരോ പറയുന്നതു കേട്ടു. വിഷം തീണ്ടിയതാണെന്ന്. പിന്നെ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. തൻ്റെ അമ്മയെ കൊലക്കു കൊടുത്തത് താനാണെന്ന യാഥാർഥ്യം അവളെ നിരന്തരം വേട്ടയാടി.

ആ ദുഃഖം അവൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ചിറകൊടിഞ്ഞ പക്ഷിയെ പോൽ അവൾ ദിവസങ്ങൾ കഴിച്ചു കൂട്ടി.

നീണ്ട നാലഞ്ച് വർഷം കടന്നു പോയി. സ്റ്റെല്ല ഫസ്റ്റ് ക്ലാസ്സോടെ പത്താം ക്ലാസ്സ്‌ പാസായി. തൻ്റെ സന്തോഷം പങ്കിടാൻ അമ്മയില്ലല്ലോ എന്നുള്ള ദുഃഖം അവളെ ഏറെ അലട്ടി.

അവൾ പുഴക്കരയിലേക്ക് നടന്നു. പുഴയിലെങ്ങും ആരേയും കാണുന്നില്ല.
അവൾ പുഴയിലേക്കിറങ്ങി പാറയുടെ മുകളിൽ കയറി ഇരുന്നു. പാറയുടെ ഇടയിലൂടെ വന്നലയ്ക്കുന്ന അലകളിൽ പോക്കുവെയിൽ വീണു തിളങ്ങി. നദിയിൽ നിന്നും വന്ന കാറ്റ് അവളെ തഴുകി തലോടി.

അവൾ വിദൂരതയിൽ നിൽക്കുന്ന കൈതക്കൂട്ടത്തിലേക്ക് കണ്ണുകൾ പായിച്ചു. അമ്മയുടെ ഓർമ്മകൾ ആ കരിനീല മിഴികളെ ഈറനണിയിച്ചു.

ദൂരെ നിന്നും വരുന്ന റോസാമ്മ ചേട്ടത്തിയെ കണ്ടവൾ പാറയിൽ നിന്നും ഇറങ്ങി മുഖം കഴുകി അവരുടെ നേരെ നടന്നു. റോസമ്മചേട്ടത്തിയുടെ അലക്കലും കുളിയും കഴിയുന്നവരെ അവൾ
അവിടെ നിന്നു. പിന്നെ അവരോടൊപ്പം വീട്ടിലേയ്ക്ക് നടന്നു.

കാലം ആർക്കു വേണ്ടിയും കാത്തുനിന്നില്ല. ഒരു ദിവസം അപ്പച്ചൻ അമ്മയുടെ സ്ഥാനത്തേയ്ക്ക് വേറൊരു സ്ത്രീയെ കൂട്ടി കൊണ്ടു വന്നു. അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

രണ്ടാനമ്മയുടെ ക്രൂരപീഡനങ്ങൾക്ക് ഇരയായ സ്റ്റെല്ല രണ്ടു വട്ടം ആത്മഹത്യക്ക് ശ്രമിച്ചു. അതിൽ നിന്നെല്ലാം അവളെ രക്ഷപ്പെടുത്തിയത് അയൽവീട്ടിലെ റോസമ്മ ചേട്ടത്തിയാണ്.

അവളുടെ കദന കഥ കണ്ട് മനം നൊന്ത റോസമ്മ തൻ്റെ ബന്ധുവായ ജെസ്സിയോട് പറഞ്ഞ് അവൾക്കൊരു ജോലി ശരിപ്പെടുത്തി കൊടുത്തു. പോകുന്നതിന് മുൻപ് അമ്മച്ചിയുടെ കുഴിമാടത്തിൽ പോയി ഏറെ നേരം കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു. അപ്പച്ചനോട് യാത്ര പറഞ്ഞ് ജോലി സ്ഥലമായ ആന്ധ്രാ പ്രദേശിലേക്ക് പോയി.

പിന്നീടുള്ള ജീവിതകഥ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

വിവാഹം ഏതൊരു സ്ത്രീയുടേയും സ്വപ്‍നമാണ്. സ്നേഹിക്കുവാൻ ഒരു പുരുഷൻ, ആ ബന്ധത്തിൽ കുറെ കുട്ടികൾ. ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ അവിടെ വെച്ചു പരിചയപ്പെട്ട ഒരു തെലുങ്കനെ വിവാഹം കഴിച്ചു. സ്നേഹം എന്തെന്ന് അറിഞ്ഞ നാളുകൾ. ആ സ്നേഹമൊക്കെ കഷണികമാണെന്ന് ബോധ്യപ്പെടുവാൻ അധിക കാലം വേണ്ടിവന്നില്ല.

പതുക്കെ പതുക്കെ അയാളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. അവളുടെ ശമ്പളം മുഴുവൻ അയാളെ ഏൽപ്പിക്കണം. അവളുടെ ചെറിയ ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ പോലും അയാൾ കനിയണം.എല്ലാം സഹിച്ച് വിട്ടു വീഴ്ച്ചകളിലൂടെയും , പൊരുത്തപ്പെടലുകളിലൂടേയും ജീവിതം വലിയ കുഴപ്പമില്ലാതെ തള്ളി നീക്കുവാൻ
അവൾ ശ്രമിച്ചു. ഇതിനെല്ലാം പുറമേ അമ്മായി അമ്മയുടെ കുത്തു വാക്കുകളും ശകാരങ്ങളും , മറുവശത്ത് അസഹനീയമായി തുടർന്നു.

സ്റ്റെല്ലക്ക് തൻ്റെ മനസ്സിലെ ഭാരം ഇറക്കി വെച്ചപ്പോൾ അല്പം ആശ്വാസം തോന്നി. അവൾ പൊട്ടി കരഞ്ഞുകൊണ്ട് പൗർണ്ണമിയുടെ അരികിലിരുന്നു. സ്റ്റെല്ലയുടെ ജീവിത കഥ മുഴുവൻ കേട്ടപ്പോൾ പൗർണ്ണമി ക്ക് അവളോട്‌ അലിവും എന്തെന്നില്ലാത്ത സ്നേഹവും തോന്നി.

എൻ്റെ ജീവിത കഥ ചേച്ചിയുടെ എഴുത്തിലൂടെ സമൂഹം അറിയണം. ദുരിതങ്ങൾ നിറഞ്ഞ ഈ ജീവിത കഥ ആർക്കെങ്കിലുമൊക്കെ പ്രചോദനം ആകുമെങ്കിൽ അതിൽ എനിക്ക് സന്തോഷമേയുള്ളു. സ്റ്റെല്ലാ കരച്ചിനിടയിൽ പൗർണ്ണമിയോട്‌ അപേക്ഷിച്ചു.

അങ്ങിനെ പൗർണ്ണമി അടുത്ത നോവലിൽ സ്റ്റെല്ലയെ നായികയാക്കി ഒരു കഥ എഴുതാമെന്ന് അവൾക്ക് വാക്ക് കൊടുത്തു. യാത്ര അവസാനിപ്പിച്ച് അവർ പിരിഞ്ഞപ്പോൾ സ്റ്റെല്ല പൗർണ്ണമിയെ കെട്ടിപ്പിച്ചു കരഞ്ഞു.

ആ ബന്ധത്തിൽ ഉടലെടുത്ത നോവലായിരുന്നു " ഞട്ടറ്റു വീണപൂവ്" . ഒരു ജന്മത്തിൽ അനേകം ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരു പാവം പെൺകുട്ടിയുടെ കഥ. ആരുടേയും മനസ്സിനെ കീഴടക്കുന്ന മറ്റൊരു ജീവിത കഥ. ഈ നോവൽ അനേകം സാഹിത്യ സദസ്സുകളിൽ ചർച്ചയാവുകയും, സാധാരണക്കാരായ ആളുകളുടെ മനസ്സുകളിൽ സഹതാപത്തിൻ്റെ ലിത്തിനിയകൾ വിതറുകയും ചെയ്തു. അവളുടെ ആ നോവൽ ശ്യാം പ്രസാദ് എന്ന സംവിധായകൻ ചലച്ചിത്രമാക്കി അതൊരു വൻ വിജയം ആക്കിതീർത്തു.

പഠിപ്പിലും സാഹിത്യത്തിലും ഒരേ പോലെ ശോഭിച്ച പൗർണ്ണമി കാലക്രമേണ അറിയപ്പെടുന്ന സാഹിത്യകാരികളുടെ കൂട്ടത്തിൽ പ്രഗത്ഭയായി തിളങ്ങി നിന്നു. വിജയക്കൊടി പാറിച്ചുകൊണ്ടുള്ള പൗർണ്ണമിയുടെ ആ യാത്രയെ അസൂയയോടെ കണ്ട ചിലർ അവളെ വിമർശിക്കുവാനും ശ്രമിച്ചു.

പൗർണ്ണമിയുടെ മനസ്സിൽ മറ്റൊരു മോഹം തളിരിട്ടു കിടന്നു. IPS നേടുകയെന്ന സ്വപ്നം. ഉറങ്ങി കിടന്ന സ്വപ്നത്തിന് ചിറകുകൾ വിടർത്തുവാനായി അവൾ ആ തീരുമാനം മാതാപിതാക്കളെ അറിയിച്ചപ്പോൾ, അവരുടെ കണ്ണുകളിലും അതേ തിളക്കം കണ്ടു. അവരുടെ പൂർണ്ണ പിന്തുണയോടെ അവൾ ആ സ്വപ്നങ്ങൾക്ക് പിന്നാലെ ഓടി തുടങ്ങി.

പിന്നീടങ്ങോട്ട് ലക്ഷ്യത്തിലേക്കുള്ള പ്രയാണം. ഓരോ നിമിഷവും അവൾ അതിനായി പ്രയത്നിച്ചു. ഒടുവിൽ, ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയുടെ പടികൾ അവൾക്കായി തുറന്നു.

ആ ട്രെയിനിങ് ക്യാമ്പ് അവൾക്ക്‌ വ്യത്യസ്തമായ മറ്റൊരു ലോകമാണ് സമ്മാനിച്ചത്.

(തുടരും)
ശ്യാമള ഹരിദാസ്

bottom of page