
ഞാനൊരു റോബോട്ട് അല്ലേയല്ല.
ഒരു റോബോട്ടല്ലെന്ന് തെളിയിക്കാനുള്ള എൻ്റെ പോരാട്ടം ശക്തമായിട്ടിന്നും തുടരുന്നു.

ഞാനൊരു റോബോട്ട് അല്ലേയല്ല.
ഒരു റോബോട്ടല്ലെന്ന് തെളിയിക്കാനുള്ള എൻ്റെ പോരാട്ടം ശക്തമായിട്ടിന്നും തുടരുന്നു.
ഞാനോരോ തവണയും ഒരു പുതിയ വെബ്സൈറ്റിൽ ലോഗിൻ ചെയ്യാനോ, ഒരു ഫോം പൂരിപ്പിക്കാനോ, അല്ലെങ്കിൽ വെറുതെ ഒരു അഭിപ്രായം രേഖപ്പെടുത്താനോ ശ്രമിക്കുമ്പോഴും ഈ ചോദ്യം എന്നെതന്നെ തുറിച്ചുനോക്കും.
"ഞാൻ ഒരു റോബോട്ടല്ലെന്ന് തെളിയിക്കുക.".
ആ വാദഗതിയെ തെളിയിക്കാതെ മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേരുന്ന എനിക്ക് മുന്നിൽ രണ്ടു മാർഗ്ഗങ്ങൾ മാത്രമേയുള്ളു. ഒന്നുകിൽ റോബോട്ടല്ലെന്ന് തെളിയിക്കുക. അല്ലെങ്കിൽ കംപ്യൂട്ടറിനു മുന്നിൽ നിന്നും എഴുനേറ്റു പോകുക.
"സമയം" ചിറകുകൾ വിരിച്ചു പറന്നു പോകുന്ന വേളകളിൽ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്നത് എനിക്കൊരു വിനോദമാണ്. ആ താത്പര്യമൊരു ക്ലിക്കിൽ ഒതുക്കി മൗനമായിട്ടിരിക്കുവാൻ എനിക്ക് പ്രചോദനമേകും.
എങ്കിലും ആ ചോദ്യം എന്നെ അലട്ടിക്കൊണ്ടിരിക്കും. ശരിക്കും ഞാനൊരു റോബോട്ടാണോ?. അല്ല .. അല്ലേയല്ല. ഇന്നലെയും, അടുക്കളയിൽ കയറി പാചകം ചെയ്തു, രാവിലെ ചായ ഉണ്ടാക്കി കുടിച്ചു.
ആധുനിക യുഗത്തിൽ മനുഷ്യർ ചെയ്യുന്ന ജോലികൾ മിക്കവാറും റോബോട്ടുകളും ചെയ്യും. അതിനാൽ ഒരു താരതമ്യം ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ്. ശാസ്ത്രംലോകം അത്രയേറെ വികസിച്ചിരിക്കുന്നു.
***
ആദ്യമൊക്കെ ഞാൻ കൂളായി ആ "ചിത്രത്തിൽ കാണുന്ന വാഹനങ്ങൾ തിരഞ്ഞെടുക്കുകയും ", "ട്രാഫിക് ലൈറ്റുകൾ അടയാളപ്പെടുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ, ഓരോ തവണയും ആ ചോദ്യം വരുമ്പോൾ എൻ്റെ നെഞ്ചിടിപ്പ് കൂടും. കാരണം, ഈ ചോദ്യം അത്ര നിസ്സാരക്കാരനല്ല!.
ചിലപ്പോൾ അവർ കാണിക്കുന്ന ചിത്രങ്ങൾ കണ്ടാൽ തോന്നും, "ഇതെന്താ സാധനം?" എന്ന്! ഒരു മങ്ങിയ ബസ്സിൻ്റെ പകുതി മാത്രം കാണിച്ചിട്ട് ചോദിക്കും, "ഇതിൽ ബസ്സുണ്ടോ?". എൻ്റെ കമ്പ്യൂട്ടറിൻ്റെ സ്ക്രീനിൽ മറഞ്ഞിരിക്കുന്ന ഒരു പുള്ളി പോലും ചിലപ്പോൾ എനിക്ക് ബസ്സായി തോന്നിയേക്കാം. ചിലപ്പോൾ മറ്റു ചില ചിത്രങ്ങൾ കാട്ടിയുള്ള ചോദ്യങ്ങൾ. അത്രയ്ക്ക് ആകാംഷയാണ് ആ ചോദ്യങ്ങളൊക്കെയും എനിക്ക് സമ്മാനിക്കുന്നത് .
പിന്നെ ചില "ക്യാപ്ച" ചോദ്യങ്ങളുണ്ട് - വളഞ്ഞും പുളഞ്ഞുമിരിക്കുന്ന അക്ഷരങ്ങളും അക്കങ്ങളും. അവ വായിച്ചെടുക്കാൻ ഞാൻ എൻ്റെ തല പല ദിശകളിലേക്ക് ചലിപ്പിക്കേണ്ടിവരും. കാഴ്‌ച കുറവുമൂലം കണ്ണാടി തേടി അലഞ്ഞിട്ടുള്ള ദിവസങ്ങളുണ്ട്. ചിലപ്പോൾ തോന്നും, ഇതിലും എളുപ്പം ഒരു പുരാതന ലിപി വായിക്കുന്നതായിരിക്കും എന്ന്! അവസാനം തെറ്റായ ഉത്തരം നൽകി വീണ്ടും ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ദേഷ്യം... ഹോ, അത് പറഞ്ഞറിയിക്കാൻ വയ്യ!.
ഇതിലേറ്റവും രസകരമായ കാര്യം എന്താണെന്നുവെച്ചാൽ, ചിലപ്പോൾ ഞാൻ ശരിയായ ഉത്തരം നൽകിയിട്ടും വെബ്സൈറ്റ് പറയും, "നിങ്ങൾ ഒരു റോബോട്ടാണ്!". അപ്പോൾ ശരിക്കും തോന്നും, എൻ്റെ സിസ്റ്റത്തിനകത്ത് എവിടെയെങ്കിലും ഒരു ചെറിയ റോബോട്ട് ഒളിഞ്ഞിരുന്ന് എന്നെ ചതിക്കുകയാണോ എന്ന്!
ഈ "ഞാനൊരു റോബോട്ടല്ല" എന്ന പരീക്ഷണം എൻ്റെ ജീവിതത്തിലെ ഒരു സ്ഥിരം കോമഡി രംഗമായി മാറിയിരിക്കുന്നു.
ചിലപ്പോൾ ഞാൻ എൻ്റെ കമ്പ്യൂട്ടറിനോട് ദേഷ്യപ്പെടും, ചിലപ്പോൾ അതിനെ നോക്കി ചിരിക്കും. എന്തായാലും, ഓരോ തവണയും ഈ ചോദ്യം വരുമ്പോൾ ഞാൻ ഓർക്കും - ഞാനൊരു സാധാരണ മനുഷ്യനാണ്, തെറ്റുകൾ സംഭവിക്കാം. റോബോട്ടുകൾക്ക് തെറ്റുകൾ സംഭവിക്കില്ലല്ലോ, അല്ലേ?.
അവസാനമായി വെബ്സൈറ്റ് ഉണ്ടാക്കുന്നവരോട് എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട്.
വെബ്സൈറ്റ് ഉണ്ടാക്കുന്നവരേ , ഞങ്ങളെ ഇത്രയധികം പരീക്ഷിക്കല്ലേ! ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും തെറ്റുകൾ പറ്റാം! കുറച്ചുകൂടി എളുപ്പമുള്ള വഴികൾ കണ്ടുപിടിക്കൂ പ്ലീസ്! അല്ലെങ്കിൽ, ഒരു ദിവസം ഞാൻ ശരിക്കും ഒരു റോബോട്ടായി മാറിയേക്കാം -
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന മറ്റൊരു റോബോട്ട്. ആധുനികയുഗത്തിലെ ഭീകരതയുടെ മുഖമണിഞ്ഞ മറ്റൊരു റോബോട്ട്.
രഞ്ജിത്ത് മാത്യു