top of page
മലയാളസാഹിത്യത്തിൽ വെള്ളയോടൻ്റെ  പങ്ക്

സ്നേഹബന്ധങ്ങളെ നെയ്യുന്നൊരാൾ

​തമിഴ് സാഹിത്യവുമായി വെള്ളിയോടൻ്റെ ബന്ധം

2017 ൽ തൻ്റെ കടൽമരങ്ങൾ എന്ന കഥാസമാഹാരം തമിഴിലേക്ക് വിവർത്തനം ചെയ്‌തതിന് ശേഷമാണ് തമിഴ്‌ സാഹിത്യലോകവുമായി വെള്ളിയോടന് ആത്മബന്ധം ആരംഭിക്കുന്നത്. കടൽമരങ്ങൾ എന്ന കഥാ സമാഹാരത്തിലെ "മരണവേര്" എന്ന കഥ ശ്രീലങ്കൻ അഭയാർത്ഥികളുമായി ബന്ധപ്പെട്ടതായിരുന്നു. പ്രശ്സ്ത തമിഴ് സാഹിത്യകാരൻ സുബ്രഭാരതി മണിയൻ കഥ വായിക്കുവാൻ ഇടയാക്കുകയും എഴുത്തുകാരനെ കണ്ടുപിടിക്കുകയും ചെയ്‌തു . തുടർന്ന് കേരളത്തിൽ വെച്ച് വെള്ളിയോടനെ കാണുകയും, പൊള്ളാച്ചിയിൽ സ്വീകരണം നൽകുകയും ചെയ്‌തു . അമിറകം (തമിഴ്) സാഹിത്യകൂട്ടാഴ്മ വെള്ളിയോടൻ്റെ പരാജിതജരുടെ വിശുദ്ധ ഗ്രന്ഥം, പെണ്ണാച്ചി , ആയ തുടങ്ങിയ പുസ്തകങ്ങളുടെ തമിഴ് വിവർത്തനം ചർച്ച ചെയ്യുകയും, തമിഴ് വായനക്കാർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു. 2018 ൽ വെള്ളയോടന് തിരുപ്പൂർ സാഹിത്യ പുരസ്കാരം ലഭിച്ചു.


"തിരുപ്പൂർ സാഹിത്യപുരസ്‌കാരം നേടിയ ഏക മലയാളി എഴുത്തുകാരനും വെള്ളിയോടനാണ്" ആദ്യകാലങ്ങളിൽ ടെലിഫിലിമുകളിൽ തിരക്കഥകൾ എഴുതിയിട്ടുണ്ട്. ദുബായ് ഇലക്ടിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അന്താരാഷ്‌ട്ര എഴുത്തുകാരുടെ രചനകൾ ചർച്ച ചെയ്യാറുണ്ട്. അതിൽ വെള്ളിയോടൻ്റെ പുസ്‌തകങ്ങളും ഉൾപെട്ടിട്ടുണ്ടെന്നുള്ളത് അഭിമാനകരമാണ്.


യു.എ.ഇയിലെ മലയാളീ എഴുത്തുകാർക്കിടയിൽ ഏറ്റവും അധികം തമിഴിൽ സ്വീകാര്യത നേടിയത്, ഒരു പക്ഷേ വെള്ളിയോടനാവും.


സൗദി സർക്കാരിൻ്റെ ഗ്രാൻറ്റ് കിട്ടി അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്‌തകമാണ്‌ "ഷാസിയ". പരാജിതരുടെ വിശുദ്ധഗ്രന്ഥങ്ങൾ എന്ന പുസ്തകമാണ് ഷാസിയ എന്ന പേരിൽ മൊഴിമാറ്റം നടത്തിയത്. ആ പുസ്‌തകം വിവർത്തനം ചെയ്‌തത്‌ ഒരു ഈജിപ്ഷ്യനാണ് . ആ പുസ്‌തകം ഗ്രാൻടോടു കൂടി പ്രസിദ്ധീകരിച്ചിരിക്കുന്നത് സൗദി അറേബ്യയയിൽ തന്നെയുള്ള ഒരു പ്രസാധകരാണ്. ഷാസിയ എന്ന പുസ്തകത്തിൻ്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് സ്പാനിഷുകാരനാണ്. പേജ് ലേഔട്ട്, എഡിറ്റിംഗ് ഒക്കെ നിരവ്വഹിച്ചിക്കുന്നത്‌ ഒരു മൊറൊക്കോക്കാരനാണ്.

ഒരു ഭാഷയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ, മനുഷ്യാനുഭവങ്ങളുടെ സാർവത്രികതയെ തൻ്റെ തൂലികയിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച എഴുത്തുകാരനാണ് വെള്ളിയോടൻ. അദ്ദേഹത്തിൻ്റെ കഥകളിലൂടെ മലയാളവും തമിഴും തമ്മിൽ ഒരു പുതിയ സാംസ്കാരിക പാലം നിർമ്മിക്കപ്പെട്ടു. ഭാഷയും ദേശവും എത്ര അകലെയാണെങ്കിലും മനുഷ്യൻ്റെ വികാരങ്ങൾ ഒന്നാണെന്ന് അദ്ദേഹത്തിൻ്റെ എഴുത്തുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.


മലയാളസാഹിത്യത്തിൽ വെള്ളയോടൻ്റെ പങ്ക് .


സമുദ്രം പോലെ അഗാധമായ മനുഷ്യജീവിതമാണ് വെള്ളിയോടനെന്ന എന്ന എഴുത്തുകാരൻ നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നത്. ​മലയാള സാഹിത്യത്തിൽ തന്റേതായ ഇടം നേടിയ എഴുത്തുകാരനാണ് വെള്ളിയോടൻ. അദ്ദേഹത്തിൻ്റെ രചനകൾ ഉപരിപ്ലവമായ ആഖ്യാനങ്ങൾക്കപ്പുറം, മനുഷ്യജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. വായനക്കാരെ ചിന്തിപ്പിക്കുകയും സ്വയം വിലയിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരുതരം മാന്ത്രികത അദ്ദേഹത്തിൻ്റെ വാക്കുകളിലുണ്ട്.


​വേറിട്ട എഴുത്ത് ശൈലി


​വെള്ളിയോടൻ്റെ എഴുത്ത് ശൈലി മൃദുവും എന്നാൽ ശക്തവുമാണ്. അത്ഭുതകരമായ വർണ്ണനകളോ വാചകക്കസർത്തുകളോ ഇല്ലാതെ, ലളിതമായ ഭാഷയിലൂടെ കഥാപാത്രങ്ങളുടെ മനസ്സിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. 'പെണ്ണാച്ചി' എന്ന അദ്ദേഹത്തിൻ്റെ നോവൽ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ അകത്തെയും പുറത്തെയും ജീവിതങ്ങളെ അനായാസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കഥാപാത്രങ്ങളുടെ ചിന്തകളും വേദനകളും സ്വപ്നങ്ങളും നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയും. അത്തരമൊരു എഴുത്ത് ശൈലി വായനക്കാരനെ കഥയുമായി കൂടുതൽ അടുപ്പിക്കുന്നു.


​ഏകാന്തതയുടെയും പോരാട്ടങ്ങളുടെയും കഥകൾ


​ഏകാന്തത എന്നത് വെള്ളിയോടൻ്റെ രചനകളിലെ ഒരു പ്രധാന പ്രമേയമാണ്. അത് വീടിൻ്റെ നഷ്ടമോ, കുടുംബത്തിൽ നിന്നുള്ള അകൽച്ചയോ, അല്ലെങ്കിൽ സമൂഹത്തിൽ ഒറ്റപ്പെട്ടുപോവുന്നതിൻ്റെ വേദനയോ ആകാം. അദ്ദേഹത്തിൻ്റെ കഥാസമാഹാരമായ 'ദി സുനാമിക് ഡാൻസ് ഓഫ് ഗോഡ്' വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെ ദുരവസ്ഥകൾ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രാഷ്ട്രീയ ഭരണകൂടങ്ങളുടെയും കാലങ്ങളായി സമൂഹത്തിൽ വേരുറച്ച പുരുഷാധിപത്യപരമായ വ്യവസ്ഥിതികളുടെയും ഇരകളായി മാറുന്ന സാധാരണക്കാരുടെ ജീവിതം ഈ കഥകളിൽ കാണാം. വിശ്വസ്തത, സ്നേഹം, മനുഷ്യത്വം തുടങ്ങിയ മൂല്യങ്ങൾ നഷ്ടമാകുമ്പോൾ സമൂഹത്തിൽ സംഭവിക്കുന്ന ശൂന്യതയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതേസമയം, സഹാനുഭൂതിയും മനുഷ്യത്വവും തിരികെ കൊണ്ടുവരാനുള്ള സാധ്യതകളും ഈ പ്രമേയങ്ങളിൽ ഒളിഞ്ഞു കിടക്കുന്നു.


​സാമൂഹിക വിമർശനത്തിൻ്റെ ശബ്ദം


​വെള്ളിയോടൻ ഒരു നിരീക്ഷകൻ മാത്രമല്ല, ഒരു സാമൂഹിക വിമർശകൻ കൂടിയാണ്. അദ്ദേഹത്തിൻ്റെ ഓരോ രചനയും സമൂഹത്തിലെ അനീതികൾക്കെതിരെയുള്ള ഒരു ചോദ്യം കൂടിയാണ്. വ്യക്തിയുടെ സ്വത്വം എങ്ങനെ വ്യവസ്ഥിതികളാൽ അടിച്ചമർത്തപ്പെടുന്നു എന്നും, എങ്കിലും അതിനെതിരെ പോരാടാൻ ഒരു വ്യക്തിക്ക് എങ്ങനെ ശക്തി കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. സങ്കീർണ്ണവും എന്നാൽ ഹൃദയസ്പർശിയായതുമായ ഈ കഥകൾ, ഈ ലോകത്തിലെ മനുഷ്യൻ്റെ അവസ്ഥയെക്കുറിച്ചുള്ള ശക്തമായ ഒരു പ്രസ്താവനയാണ്. ഓരോ വായനയിലും നമ്മളെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കി മാറ്റാൻ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കഴിവുണ്ട്.


സൗഹൃദം


സൗഹൃദങ്ങൾക്ക് എന്നും വലിയ വില കൽപ്പിക്കുന്ന ഒരു വ്യക്തിയായിട്ടാണ് ഞാൻ വെള്ളിയോടനെ കണ്ടിട്ടുള്ളത്. വർഷങ്ങൾക്കു മുൻപ് ഷാർജയിൽ വെച്ച്, തീർത്തും യാദൃശ്ചികമായി പാം പുസ്തകപ്പുരയുടെ ഒരു സാഹിത്യചർച്ചയിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. ആ സുവർണ്ണ നിമിഷത്തിൽ, സലീം അയ്യനേത്ത്, രാജേഷ് ചിത്തിര, പോൾ സെബാസ്റ്റ്യൻ, വിജു സി. പറവൂർ, രഞ്ജിത്ത് വാസുദേവൻ, സാദിഖ് കാവിൽ, ഷീലാ ടോമി, പ്രവീൺ പാലക്കീൽ തുടങ്ങിയ പ്രിയപ്പെട്ട എഴുത്തുകാരെയും പരിചയപ്പെടാൻ എനിക്ക് ഭാഗ്യം ലഭിച്ചു.


ജീവിതത്തിൻ്റെ വഴികളിലൂടെ ഞാൻ ഓസ്‌ട്രേലിയയിൽ എത്തിച്ചേർന്നിട്ടും, ആ സൗഹൃദങ്ങളിൽ ചിലത് ഇന്നും എൻ്റെ ഹൃദയത്തിൽ തെളിഞ്ഞ നക്ഷത്രങ്ങളെപ്പോലെ നിലനിൽക്കുന്നു. വെള്ളിയോടനുമായുള്ള ബന്ധം വല്ലപ്പോഴുമുള്ള ഫോൺ സംഭാഷണങ്ങളിൽ ഒതുങ്ങിപ്പോകേണ്ടതായിരുന്നു. എന്നാൽ, എൻ്റെ "സീ ബ്രാലൈൻ" എന്ന ചെറുകഥാ സമാഹാരത്തിന് ഒരു അവതാരിക എഴുതാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ, ഒരു മടിയും കൂടാതെ, നിറഞ്ഞ മനസ്സോടെ അദ്ദേഹം സമ്മതിച്ചത് ആ സൗഹൃദത്തിൻ്റെ ആഴം എത്ര വലുതാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു.


സൗഹൃദത്തിൻ്റെ ഊഷ്മളതയിൽ, ഒരു വാക്കിൻ്റെ അകലം പോലും ഇല്ലാതാക്കി, അകലെയാണെങ്കിലും അടുപ്പം കാത്തുസൂക്ഷിക്കുന്ന ആ മനസ്സ് എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു.


സാഹിത്യലോകത്ത് ഇനിയും ഏറെ മുന്നേറുവാൻ വെള്ളിയോടനെന്ന എഴുത്തുകാരന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.


അറബ് സാഹിത്യത്തെ മറ്റു ഭാഷകളിലേക്ക് കൊണ്ടുവരാൻ വെള്ളിയോടൻ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണ്. അതിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്, പ്രശസ്ത അറബ് എഴുത്തുകാരനായ ശിഹാബ് ഗാനിം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത അറബ് കഥകൾ തമിഴിലേക്ക് എത്തിക്കുവാൻ അദ്ദേഹം മുൻകൈ എടുത്തത്. ഭാഷയുടെ അതിരുകൾ ഭേദിച്ച്, സാഹിത്യത്തെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹം ഇതിൽനിന്നും വ്യക്തമാണ്.


പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി കയറുമ്പോഴും, വിനയത്തിൻ്റെ ഒരു പുഴ അദ്ദേഹത്തിൽ ശാന്തമായി ഒഴുകുന്നുണ്ട്. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും, സാഹിത്യലോകത്തിന് ഇനിയും ഏറെ സംഭാവനകൾ നൽകാനുണ്ടെന്നും ഉള്ള ബോധ്യം അദ്ദേഹത്തെ എപ്പോഴും നയിക്കുന്നു. അതുകൊണ്ട് തന്നെ, ഊർജ്ജസ്വലനായി സാഹിത്യചർച്ചകൾക്കും സാഹിത്യ കൂട്ടായ്മകൾക്കും അദ്ദേഹം എന്നും മുൻപന്തിയിൽ തന്നെയുണ്ട്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും, സാഹിത്യത്തിൻ്റെ പുതിയ വഴികൾ കണ്ടെത്താനും അദ്ദേഹം എപ്പോഴും ശ്രമിക്കുന്നു.


സാഹിത്യത്തെ കേവലം എഴുത്തിൽ മാത്രം ഒതുക്കാതെ, അതിനെ ഒരു സാംസ്‌കാരിക പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോകാനുള്ള വെള്ളിയോടൻ്റെ ഈ ശ്രമങ്ങൾ, ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ മുതൽക്കൂട്ടാണ്.



ലേഖനം തയ്യാറാക്കിയത്

രഞ്ജിത്ത് മാത്യു

Black and White Piano Classes Instagram Post (2).png

Power in Numbers

 പുസ്തകങ്ങൾ 

bottom of page