top of page

ബീവറുകളുടെ ഒളിച്ചുകളികൾ തുടരുന്നു - ക്യാനഡാ യാത്ര - ഭാഗം മൂന്ന്

കാനഡയിലേക്കുള്ള എൻ്റെയും കുടുംബത്തിൻ്റെയും യാത്ര. - ഭാഗം 3

തുള്ളിയ്ക്ക് ഒരു കുടം വെച്ച് പെയ്ത് മഴ. അത്രയേറെ സൗന്ദര്യം ആ മഴയ്ക്ക് ഉണ്ടായിരുന്നോയെന്ന് എനിക്കറിയില്ല. പക്ഷേ ഓസ്‌ട്രേലിയയിൽ നിന്നും കാനഡയിൽ ചെന്നിട്ട് അവിടെ പെയ്‌ത മഴ കാണുവാനും ഒരു ഭാഗ്യം വേണമല്ലോ. ആ ഭാഗ്യം ഞങ്ങൾക്ക് ഉണ്ടായി. ഇത്രയും സമയം നിന്നു പെയ്യുന്ന മഴ വളരെ വിരളമാണത്രെ. ബ്ലെസൻ ഞങ്ങളോട് പറഞ്ഞു.


ഊണു കഴിഞ്ഞ് കുറെയേറെ നേരം കൂടി കഴിഞ്ഞാണ് മഴ തോർന്നത്. നായാഗ്രയിലേക്കുള്ള യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റി. അപ്പോഴാണ് ബീവറിനെ കണ്ടാൽ കൊള്ളാമെന്നുള്ള ആഗ്രഹം ഞാൻ പ്രകടിപ്പിച്ചത്. വെറും ഏഴ് ദിവസത്തെ യാത്രയിൽ കാണുവാൻ പറ്റുന്ന കാഴ്ചകൾക്ക് ഒരു പരിധി ഉണ്ടെന്ന് അറിയാമായിരുന്നിട്ടു കൂടി ബ്ലസ്സൻ ശ്രമിക്കാം എന്ന് പറഞ്ഞു.


അങ്ങനെ മഴ തോർന്ന ശേഷം ഞങ്ങൾ അവിടെ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഒരു സ്ഥലത്ത് പോയി. മനോഹരമായ സ്ഥലം. കാട് കയറി കിടക്കുന്നു. ആളുകൾ നടക്കുവാനും, ഓടുവാനും, വ്യായാമം ചെയ്യുവാനുമൊക്കെ ആശ്രയിക്കുന്ന പാർക്ക്. വിശാലമായി കിടക്കുന്ന കാടുകൾ. ഈ കാടുകൾക്ക് ഇടയിൽ അങ്ങിങ്ങായി ബീവറുകൾ പണ്ട് ഉണ്ടായിരുന്നു. ഇപ്പോഴും കാണുമായിരിക്കും.


വഴി പോലും മറച്ചുകൊണ്ട് ചെടികൾ വളർന്നു നിൽക്കുന്നു. അതിനിടയിലൂടെ കുളങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഒന്നു രണ്ട് കുളങ്ങൾ ഞങ്ങൾ കാണുകയും ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. പ്രകൃതിക്ക് നാശം വരുത്തുന്ന ബീവറുകളെ, മാറ്റി പാർപ്പിച്ചിരിക്കുന്നു. പണ്ട് അവിടെ ഉണ്ടായിരുന്നു. അവയുടെ പല്ലുകൾക്ക് നല്ല മൂർച്ചയാണ്. മരങ്ങൾ ഓക്കേ നിഷ്പ്രയാസം മുറിച്ചു വെള്ളത്തിലൂടെ ഒഴുക്കി വലിയ തടയണ നിർമ്മിക്കുവാൻ അവയുടെ അത്രയും മിടുക്കുള്ള ആരും തന്നെ ഈ ലോകത്ത് ഇല്ല. മനുഷ്യനു പോലും ഒരു വലിയ തടയണ നിർമ്മിക്കുവാൻ കാലങ്ങൾ ആവശ്യമുണ്ട്.


ആ കുളങ്ങളിൽ അവർ ഉണ്ടാക്കിയിരിക്കുന്ന ചില തടയണകൾ കണ്ടു. പക്ഷേ ബീവറുകൾ മാത്രം പ്രത്യക്ഷപ്പെട്ടില്ല. അവയെ മാറ്റി പാർപ്പിച്ചിട്ടുണ്ടാവാം. അത് കഴിഞ്ഞു വലിയൊരു റെസ്റ്റോറൻഡിലേക്ക് ഞാൻ പോയി. ചൂട് അസഹനീയമാണ്. കാനഡയിൽ ചൂട് കാലം വളരെ കുറച്ചു മാത്രമേയുള്ളു. പിന്നെ മഞ്ഞു വീഴ്‌ചയുടെ കാലമാണ്.


ബൊഫെ സിസ്റ്റം . ഇഷ്ടം പോലെ ഭക്ഷണം എടുത്ത് കഴിക്കാം. പക്ഷേ , ചെറിയ വയറു കൊണ്ട് കഴിക്കുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് ഇഷ്ടമുള്ള കുറെ വിഭവങ്ങൾ എടുത്തു കഴിച്ചെന്നു വരുത്തി. ഭക്ഷണം അനാവശ്യമായി കളയുവാൻ മനസ്സ് അനുവദിച്ചില്ല. എല്ലാം കുറേശ്ശേ കഴിക്കുകയും ചെയ്തു.


പിന്നീട് വലിയൊരു ഒരു ബീച്ചിലേക്കാണ് പോയത്. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കടൽ തീരത്തുള്ള ബീച്ച് അല്ല. നയാഗ്രയിലെ വെള്ളച്ചാട്ടത്തിൽ നിന്നും ഉത്ഭവിച്ച് ഉണ്ടായിരിക്കുന്ന വലിയ നദികൾക്ക് ചുറ്റുമുള്ള തീരം. കടൽത്തീരത്തെ വെല്ലുന്ന ബീച്ച്. ധാരാളം ആളുകൾ സൂര്യാസ്തമയം കാണുവാൻ അവിടെയുണ്ട്. പക്ഷേ ധാരാളം കൊതുകുകളും ഉണ്ട്. അവിടുത്തെ കാഴ്ചകൾ കണ്ടു കഴിഞ്ഞപ്പോഴേക്ക് അന്നത്തെ ദിവസം അവസാനിച്ചു. തിരികെ മടങ്ങുന്ന വഴിക്ക് കാറിൽ ഇരുന്നു കുറെയേറെ കാഴ്ചകൾ കണ്ടു. പിറ്റേന്ന് രാവിലെ എഴുനേറ്റ് നയാഗ്ര കാണുവാൻ പോകണം. ലണ്ടനിൽ നിന്നും മൂന്ന് മണിക്കൂർ ഡ്രൈവുണ്ട് നയാഗ്രയിലേക്ക്.


നയാഗ്രാ വിശേഷങ്ങൾ അടുത്ത ലക്കത്തിൽ തുടരും



രഞ്ജിത്ത് മാത്യു

കനേഡിയൻ വിശേഷങ്ങൾ

bottom of page