top of page

കാനഡാ പര്യടനവും കുറെ വിശേഷ ങ്ങളും - ഭാഗം 2

കാനഡയിലേക്കുള്ള എൻ്റെയും കുടുംബത്തിൻ്റെയും യാത്ര. - ഭാഗം 2

"മഞ്ഞു പുതഞ്ഞു കിടന്നിരുന്ന വഴികളാണ് ഈ കാണുന്നത്". ബ്ലെസ്സൻ വിവരണം തുടർന്നു . മഞ്ഞു വീഴ്ചയ്ക്ക് മുൻപ് ഈ കാണുന്ന മരങ്ങളിലെ ഇലകളുടെയൊക്കെ നിറം മാറും , ആ സമയത്ത് ഈ വഴി കടന്നു പോയാൽ , ഈ ഹരിത ശോഭയൊന്നും കാണുവാൻ പറ്റില്ല. ഓസ്‌ട്രേലിയയിലും ഈ കാലാവസ്ഥാ മാറ്റങ്ങൾ മരങ്ങളിൽ നടത്തുന്ന മിനുക്കു പണികളെ പറ്റി ഞാൻ ഓർത്തു. സൗത്ത് ഓസ്‌ട്രേലിയായിൽ മഞ്ഞുവീഴ്ച ഇല്ലെന്ന് മാത്രമേയുള്ളു. ഇനിയുള്ള വരവ് മഞ്ഞു വീഴ്ചയുള്ള കാലത്താകാം. ഞങ്ങളുടെ ആ താമാശ ബ്ലെസ്സൻ ആസ്വദിച്ചു ചിരിച്ചു.


അതിനെന്താ. എപ്പോൾ വേണമെങ്കിലും വരാമല്ലോ. ഞങ്ങൾ യാത്ര തുടർന്നു.


നഗരത്തിൻ്റെ ആകാശരേഖകൾ വേഗത്തിൽ മറയുകയും, ഞങ്ങൾക്ക് ചുറ്റും വിശാലമായ വയലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ആ വയലുകളിൽ മുഴുവൻ ഗോതമ്പ് വിളഞ്ഞു കിടക്കുന്നു. മഞ്ഞ നിറമുള്ള പാടങ്ങൾ.


ബ്ലെസ്സൻ കർഷകർ പിന്തുടരുന്ന രീതിയെ കുറിച്ച് ഞങ്ങളോട് വിവരിച്ചു. സമയം നഷ്ടം ഇല്ലാതെ തന്നെ അവർ വിളവെടുക്കുവാൻ ഉപയോഗിക്കുന്ന രീതി.


"മഞ്ഞു കാലം തുടങ്ങുന്നതിന് മുൻപ് തന്നെ കർഷകർ ഗോതമ്പ് ആ പാടങ്ങളിൽ മെഷീൻ ഉപയോഗിച്ച് വിതറിയിരിക്കും. അവയെല്ലാം മഞ്ഞുകാലത്ത് യാതൊരു കേടും പറ്റാതെ ആ കൃഷിയിടങ്ങളിൽ , മുളയ്ക്കുവാൻ പാകമായി കിടക്കും. മഞ്ഞു കാലം മാറി വേനൽക്കാലം എത്തുമ്പോഴേക്ക് ഈ ഗോതമ്പ് മണികൾ മുളച്ചിരിക്കും. ഏതാനും മാസങ്ങൾക്കകം ഈ ഗോതമ്പ് പാടങ്ങൾ വിളവെടുപ്പിന് പാകമാകും.


മഞ്ഞ പട്ടുടത്ത സുന്ദരിയെപോലെ ഈ പാടങ്ങൾ മഞ്ഞ നിറത്തിൽ കിടക്കുന്നത് കാണുവാൻ എത്രയോ രസമാണ്. ബ്ലെസ്സൻ്റെ വിവരണം കേട്ടുകൊണ്ടിരുന്നതിനിടയിൽ ഞാൻ ഓർത്തു. മെഷീൻ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് വിളവെടുപ്പും കഴിഞ്ഞിരിക്കും. അവ കൂട്ടി വയ്ക്കുവാനുള്ള മനോഹരമായ ഷെഡുകൾ അങ്ങ് ദൂരെ തന്നെ കാണാം.


യാത്രയുടെ ദൈർഖ്യം കൂടി വരുന്നത് മർത്തയെ അസ്വസ്ഥതയാക്കി. എയ്ഞ്ചലയും, പങ്കുവും അവളെ കാത്ത് വീട്ടിൽ ഇരിക്കുന്നുണ്ട്. കുട്ടികളുടെ ലോകം വേറിട്ടതാണ്. അവർക്ക് അവരുടേതായ മറ്റൊരു നിഷ്കളങ്കമായ ലോകം. അവിടെ ചെറിയ സന്തോഷങ്ങളിൽ അവർ ആനന്ദം കണ്ടെത്തുന്നു.


പിന്നീട് ഹൈവേ 401 ലേക്ക് വണ്ടി കയറി ഓടി തുടങ്ങി. ഹൈവേ സുഗമവും നേർരേഖയിലുള്ളതുമായ ഒരു പാതയാണ്, റോഡരികിൽ അങ്ങിങ്ങായി വിശ്രമകേന്ദ്രങ്ങളുമുണ്ട്. ഓരോന്നിനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പ്രാദേശിക ആകർഷണങ്ങൾ കാണാനുമുള്ള അവസരങ്ങൾ നൽകുന്നു. മിസിസാഗ, കേംബ്രിഡ്ജ് തുടങ്ങിയ നഗരങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി.



യാത്ര തുടരുമ്പോൾ, ഞങ്ങൾ സ്ട്രാറ്റ്ഫോർഡിലേക്ക് ഉള്ള വഴി കണ്ടിരുന്നു. തിയേറ്റർ ഫെസ്റ്റിവലിന് പേരുകേട്ടതാണ് ആ സ്ഥലം. വുഡ്സ്റ്റോക്കിലൂടെ യാത്ര തുടരാമെന്നുള്ള ബോർഡ് അവിടെ കണ്ടു. , മനോഹരമായ പാർക്കുകൾ ഉള്ള സ്ഥലമാണ് അത്. അവിടേക്ക് ഒന്നും തിരിയാതെ ഞങ്ങൾ അവരുടെ വീട്ടിലേക്കുള്ള യാത്ര തുടർന്നു.


ലണ്ടനിലേക്ക് അടുക്കുമ്പോൾ പ്രകൃതി കൂടുതൽ ഗ്രാമീണവും ശാന്തവുമാകുന്ന കാഴ്ചയാണ് കാണുവാൻ കഴിഞ്ഞത്. വഴിയിൽ കൃഷിയിടങ്ങളും ചെറിയ ഗ്രാമങ്ങളും കാണാം. ലണ്ടൻ്റെ ചരിത്രപരമായ സ്ഥലങ്ങളും പ്രകൃതിപരമായ സൗന്ദര്യങ്ങളും ഞങ്ങളെ മാടി വിളിക്കുന്നതുപോലെ തോന്നി.


ഇന്ത്യൻ കടയിൽ കയറി എന്തൊക്കെയോ സാധങ്ങൾ വാങ്ങി വേണം വീട്ടിൽ ചെല്ലുവാൻ, അഡലൈഡിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾക്ക് ഇന്ത്യൻ കടയിൽ എത്തിയപ്പോൾ സന്തോഷം തോന്നി. അവിടെയുള്ള കടകളുടെ പേരും അഡലൈഡ് കൂട്ടി തന്നെയാണ് ഇട്ടിരുന്നത്. പിന്നീട് ഏതാനും നിമിഷങ്ങൾക്കകം ഞങ്ങൾ അവരുടെ വീട്ടിൽ എത്തിച്ചേർന്നു.


യാത്രയുടെ ക്ഷീണവും, സമയ വ്യത്യാസവും ഞങ്ങളെ വല്ലാതെ അലട്ടി. ആൻസിയും, ആഞ്ചലയും , പങ്കുവും ഞങ്ങളെ സ്വീകരിക്കുവാൻ വീട്ടുപടിക്കൽ തന്നെ നിന്നു.


യാത്രാ ക്ഷീണം ഉണ്ടായിരുന്നെങ്കിലും മാർത്ത നല്ല സന്തോഷത്തിലാണ്. അവൾക്ക് രണ്ടു കളിക്കൂട്ടുകാരെ കിട്ടി. ഓസ്‌ട്രേലിയായിൽ നിന്നും ഒരു ബാഗ് നിറയെ പാവകളുമായി യാത്ര തിരിച്ച അവൾ, ആ പാവകൾ എല്ലാം അവരെ കാണിക്കുവാനുള്ള വൃഗ്രതയിലാണ്. കുട്ടികളുടെ ലോകം വേറിട്ടതാണ്. അവിടെ മുതിർന്നവർ വെറും കാഴ്ചക്കാർ മാത്രം.


കാനഡയിലെ വീടുകൾ രണ്ടു നില വീടുകളാണ്. വീടിന് താഴെ മറ്റൊരു ബേസ്‌മെന്റ് കൂടിയുണ്ട്. മൂന്നു നില വീട് എന്ന് വേണമെങ്കിൽ പറയാം. വീടിൻ്റെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കുറുക്കൻ്റെ തോല് ഞാൻ ശ്രദ്ധിച്ചത്. റെഡ് ഫോക്സ് എന്ന വിഭാഗത്തിൽ പെട്ട മൃഗത്തിൻ്റെ തോലും , കുറുക്കൻ്റെ മുഖവും, ജീവാനുള്ളത് പോലെ തോന്നി.


കാനഡയിലെ ആദിവാസികൾ അവയെ പിടിക്കുകയും, കൊന്നു തിന്നുകയും ചെയ്യുമത്രേ. വേട്ടയാടുന്നതിന് നിയന്ത്രങ്ങൾ കുറച്ചൊക്കെ ഉണ്ടെങ്കിലും, വേട്ടയാടുന്നതിന് തടസ്സം ഒന്നും തന്നെയില്ല. മഞ്ഞിൽ ജീവിക്കാൻ പാകത്തിന് ഉള്ള രോമങ്ങൾ നിറഞ്ഞ കുപ്പായമാണ് ഞാൻ കണ്ട കുറുക്കന് ഉള്ളത്.


കുറെ നേരം കുട്ടികളുമായി കളിതമാശകൾ പറഞ്ഞു ഇരുന്നു. ഏഞ്ചല എഴുതിയ ചെറുകഥയും, കവിതയുടെയെയും പുസ്‌തകം എന്നെ കാണിച്ചു. അവൾ തന്നെ കുറെ പേപ്പർ എടുത്ത് ഉണ്ടാക്കിയ ചെറിയ ബുക്ക്. അവളുടെ കലാവാസന കണ്ടപ്പോൾ സന്തോഷം തോന്നി. അവളുടെ എഴുത്തുകളിലൂടെ കണ്ണുകൾ പായിച്ച് മെല്ലെ വായിച്ചു. അങ്ങിങ്ങായി അക്ഷര തെറ്റുകൾ ഉണ്ട്. ഏഴു വയസ്സുള്ള അവൾക്ക് അത്രയേറെ ചെയ്യുവാൻ കഴിഞ്ഞതിൽ അവളെ ഞാൻ അഭിനന്ദിച്ചു.


ബ്ലസ്സൻ വീടിൻ്റെ പിൻഭാഗത്തുള്ള കൃഷി തോട്ടം ഞങ്ങളെ കാട്ടി തന്നു. ചീരയും, പയറും, കോവലും, വഴുതനയും,. ബെറിയും ഒക്കെ നിൽപ്പുണ്ട്. മനോഹരമായി പരിപാലിക്കുന്ന കൃഷിത്തോട്ടം.. കാനഡയിൽ മരങ്ങൾ ഇഷ്ടം പോലെ ഉള്ളതിനാൽ എല്ലാ വീടുകളുടേയും മതിൽ തടികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ കൃഷി ചെയ്യാതെ ഭൂമിയെല്ലാം തരിശായി ഇട്ടിരിക്കുന്ന ആളുകളെ പറ്റി ഞാൻ ഓർത്തു. മഞ്ഞു വീഴ്‌ചയ്ക്ക് ശേഷമുള്ള കുറച്ചുകാലങ്ങളിൽ നിന്നും വിളവെടുത്താൽ തന്നെ , ഒരു വർഷത്തേക്കുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കുവാൻ കഴിയും. പക്ഷേ ജോലി തിരക്കിനിടയിൽ, കൃഷിക്കായി സമയം കണ്ടെത്തുന്നത് പ്രയാസവുമാണ്.. ബ്ലെസ്സൻ പറഞ്ഞവസാനിപ്പിച്ചു.


ഭക്ഷണം കഴിഞ്ഞ് കുറെയേറെ നേരം ഞങ്ങൾ പിന്നെയും വർത്തമാനം പറഞ്ഞിരുന്നു. നാളെ എവിടെങ്കിലും ഒക്കെ പോകാമെന്ന് പറഞ്ഞാണ് രാത്രിയിൽ ഉറങ്ങുവാൻ പോയത്.


പക്ഷേ പിറ്റേന്ന് രാവിലെയുള്ള ഞങ്ങളുടെ യാത്ര മുടങ്ങി. അതിനൊരു കാരണവും ഉണ്ടായി.


(തുടരും )

കനേഡിയൻ വിശേഷങ്ങൾ

bottom of page