top of page

ന്യൂസിലാൻഡും .. കുറെ വിശേഷങ്ങളും , പിന്നെ ഞാനും

ന്യൂസിലാൻഡ് ജീവിതാനുഭവം.

ഞാൻ സെനു ജോസഫ്.    രാവിലെ ഉണർന്ന് എഴുന്നേറ്റപ്പോൾ  മനസ്സിൽ എന്തൊക്കെയോ ആകുലതകൾ കെട്ടികിടക്കുന്നതുപോലെ തോന്നി. എന്തെങ്കിലുമൊക്കെ എഴുതിയാൽ  കൊള്ളാമെന്ന്  മനസ്സിൽ തോന്നി തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി. കഥയും, കവിതയുമൊന്നും  എഴുതുവാൻ ഒരു ഉത്സാഹം ഇല്ല. പിന്നെ സ്വന്തം അനുഭവങ്ങളും ജീവിത സാഹചര്യങ്ങളും എഴുതാം എന്ന് വിചാരിച്ചു പതുക്കെ പേപ്പറും എടുത്തു.


ന്യൂസിലാൻഡ്  എനിക്ക് പുതിയൊരു  രാജ്യമാണ്.   ഇവിടെ എത്തിയിട്ട് ഏതാണ്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ.  ന്യൂസിലാൻഡിനെ പറ്റി  വളരെ ആഴത്തിൽ പഠിച്ച്  എഴുതുവാൻ ഉള്ള പരിചയം ആയിട്ടില്ല.  എന്നാൽ പുതുമയുടെ കൗതുകവും പേറി നടക്കുന്നൊരു , ഒരു തുടക്കക്കാരൻ്റെ  മനസ്സാണ് എനിക്കീ  മണ്ണിൽ.


ഈ  രാജ്യത്തേക്ക് കടന്നു വരുന്നതിന് മുൻപ് തന്നെ പ്രവാസജീവിതം ആരംഭിച്ചു.  പതിനഞ്ചു  വർഷകാലം മസ്‌കറ്റിൽ  ജോലി ചെയ്‌തു.  നാളികേരത്തിൻ്റെ  നാട് വിട്ട് ഇന്ത്യയിലെ തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്  എന്നീ  സംസ്ഥാനങ്ങളിൽ ജോലി ചെയ്‌തു.  ഈ കാലയളവിൽ നേടിയെടുത്ത അനുഭവസമ്പത്ത് എനിക്ക് അത്രയേറെ വിലപ്പെട്ടതാണ്. അതു  കൂടാതെ ഈശ്വരാനുഗ്രഹംകൊണ്ട്  ജോലിയുടെ  ഭാഗമായി  പത്തോളം രാജ്യങ്ങളിൽ  വിവിധ ട്രെയിനിങ്ങുകളിൽ പങ്കെടുക്കുവാൻ സാധിച്ചു.


വ്യത്യസ്‌ത സംസ്‌കാരങ്ങളുമായും,  വിവിധ തരം ആളുകളുമായി ഇടപെട്ടതുകൊണ്ട് ഈ ലോകത്തിൽ നിന്നും കുറെയേറെ കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞു. അതിൻ്റെയൊക്കെ വെളിച്ചത്തിൽ ന്യൂസിലാൻഡിലെ വിവിധ സാഹചര്യങ്ങളെ വിലയിത്തുവാൻ എനിക്ക് കിട്ടിയ ഈ വിലയേറിയ അവസരം ഉപയോഗിക്കട്ടെ.


ഞാനിതുവരെ കണ്ടതിൽ വച്ച് മനുഷ്യനേയും,  മനുഷ്യത്വത്തെത്വത്തെയും ഇത്രയേറെ ബഹുമാനിക്കുന്ന നാട് വേറെയില്ല എന്നതാണ് സത്യം. തൊഴിലിൻ്റെ  വലിപ്പച്ചെറുപ്പമോ,  ശമ്പളത്തിൻ്റെ ആധിക്യമോ, ജാതിയോ, നിറമോ, ജീവിതസാഹസഹ്യമോ  ഒന്നും നോക്കിയല്ല മനുഷ്യർ പരസ്പരം ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും. അത് ഇവിടുത്തെ മനുഷ്യർ  കാലങ്ങളായി പിന്തുടർന്നു  പോരുന്ന ഒരു സംസ്കാരമാണ്. ജനനം മുതൽ മരണം വരെയുള്ള യാത്രയ്ക്കിടയിൽ വളർത്തിയെടുത്ത വ്യത്യസ്‍തമായ സംസ്‌കാരം.

ഇനി എൻ്റെ  ഒരു ജീവിതാനുഭവം പങ്കുവയ്ക്കാം.


ന്യൂസിലാൻഡിൽ എത്തിയിട്ട് ഒരു മാസത്തിനുള്ളിൽ എനിക്ക് ജോലി കിട്ടി.ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട്  ഒരു ദിവസം ഞാൻ ഇരുനൂറ്  കിലോമീറ്റർ അകലെയുള്ള  ഒരു സ്ഥലത്തേക്ക് ഡ്രൈവ് ചെയ്തു പോയി. രാവിലെ എട്ടുമണിക്ക് എനിക്ക് ആ സ്ഥലത്തെത്തണം. എനിക്കാണെങ്കിൽ സ്ഥലങ്ങളോ വഴിയോ ഒന്നും പരിചയമില്ല. ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര. ഞാൻ വീട്ടിൽ നിന്ന് ഇത്തിരി താമസിച്ചാണ് ഇറങ്ങിയത്. ആൾക്കാർ വരുന്നതേയുള്ളൂ റോഡിൽ തീരെ തിരക്കില്ല. ഞാൻ നല്ല സ്പീഡിൽ പോവുകയാണ്. ഒരു കുത്തിറക്കം ഇറങ്ങി ചെല്ലുമ്പോൾ അവിടെ ഒരു പാലം. ഏതാണ്ട് 100 മീറ്റർ നീളമുണ്ട്. പാലത്തിൽ വാഹനങ്ങൾ ഒന്നും തന്നെയില്ല.


മസ്‌കറ്റിലൊക്കെ നല്ല സ്പീഡിൽ വാഹനം ഓടിച്ചു ശീലം  കൊണ്ടാവാം,   സ്‌പീഡിൽ  തന്നെ   ഞാൻ പാലത്തിൽ കയറി. പാലത്തിന് സമീപം ഒരു സിഗ്നൽ ലൈറ്റ് ഉണ്ട്. യാതയ്ക്കിടയിൽ അതൊട്ട് ശ്രദ്ധിച്ചതുമില്ല.


പാലത്തിൻ്റെ  നടുവിലെത്തിയപ്പോൾ എതിർവശത്തു നിന്നും ഒരു പോലീസ് കാർ വരുന്നു. ഞാൻ സ്പീഡിൽ പാലത്തിലൂടെ വരുന്നത് കണ്ട് അവർ കാർ മറുകരയിൽ വണ്ടി നിർത്തി. ഞാൻ വിചാരിച്ചു അവർ എനിക്ക്       കടന്നുപോകാൻ വഴി തന്നതാണെന്ന്.  എൻ്റെ  കാർ അടുത്തെത്തിയപ്പോൾ  അവർ കൈ കാണിച്ചു. എനിക്കാണെങ്കിൽ അന്ന്  ന്യൂസിലാൻഡ് ലൈസൻസ് ഇല്ല. ഞാൻ കാർ നിർത്തിയപ്പോൾ അവർ  ഇറങ്ങി എൻ്റെ  അരികിലേക്ക്  നടന്നു വന്നു. അവർ ഇംഗ്ലീഷിൽ കൂടുതൽ ചോദ്യങ്ങൾക്ക് ചോദിച്ചു. ഇവിടെ എത്തിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളതിനാൽ  എൻ്റെ  ഇംഗ്ലീഷ് അക്‌സെന്റ്   അവർക്ക് അത്ര മനസ്സിലായതുമില്ല.  



ഗൾഫിലെ  അനുഭവം ഉള്ളതുകൊണ്ട്  എല്ലാ യാത്ര രേഖകളും ഞാൻ കയ്യിൽ സൂക്ഷിച്ചിരുന്നു.  ഞാനെൻ്റെ കയ്യിലുള്ള ഡോക്യുമെന്റ് എല്ലാം എടുത്ത് അവരെ കാണിച്ചു. ഞാൻ ന്യൂസിലാൻഡിൽ പുതുമുഖമാണെന്ന്  അവർക്ക് മനസ്സിലായി. അതിലൊരാൾ പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു. താങ്കൾ വന്ന പാലം ഒരു വൺവേ പാലമാണ്. അതിൻ്റെ  സിഗ്നൽ അനുസരിച്ച് ഒരു വശത്തേക്ക് മാത്രമേ ഒരു സമയം അതിൽ സഞ്ചരിക്കാനാവും. ഇന്ത്യയിലും ഗൾഫിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വണ്ടിയോടിച്ചിട്ടുള്ള ഞാൻ ഏറെ ഭയന്നു.


വലിയ ശിക്ഷയാണ് ഈ കുറ്റത്തിന് ഈ രാജ്യത്ത് നൽകുന്നത്.


പോലീസുകാരൻ എന്നെ ഉപദേശിക്കാൻ തുടങ്ങി. നിങ്ങളുടെ കുടുംബം നിങ്ങളെ കാത്ത് വീട്ടിൽ ഇരിക്കുന്നില്ലേ?. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ നിങ്ങളുടെ കുട്ടികൾ എന്തുചെയ്യും?. മറ്റാരെങ്കിലും അശ്രദ്ധമായി വന്നിരുന്നെങ്കിൽ ഇപ്പോൾ അപകടം ഉണ്ടാകുമായിരുന്നില്ലേ?.


ചോദ്യങ്ങളുടെ വലിയൊരു നിരയാണ് എനിക്കു മുൻപിൽ അവർ അവതരിപ്പിച്ചത്. ഞാൻ അവർ പറഞ്ഞതെല്ലാം കേട്ടു.  ഈ ഉപദേശങ്ങൾക്കെല്ലാം ശേഷം ആ പോലീസുകാർ  പുഞ്ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു.


ഇനി ആവർത്തിക്കരുത് എന്നൊരു  മുന്നറിയിപ്പും. അപ്പോഴാണ് എൻ്റെ  ശ്വാസം  നേരേവീണത് . ഇവിടുത്തെ പോലീസിനോട് ഏറെ ബഹുമാനം തോന്നി. ഞാൻ യാത്ര തുടർന്നു...


സെനു ജോസഫ്



 ( തുടർന്നു വായിക്കുക ന്യൂസിലാൻഡിലെ തൊഴിൽ സാഹചര്യങ്ങൾ )



ideal loanz.jpg
bottom of page