

ന്യൂസിലാൻഡ് തൊഴിൽ സൗഹൃദ രാജ്യമോ?.
എങ്ങനെ തൊഴിലാളി മുതലാളി സൗഹൃദം ഉടലെടുത്തു?.
ന്യൂസിലാൻഡും .. കുറെ വിശേഷങ്ങളും , പിന്നെ ഞാനും - പരമ്പര
ഈ ലക്കം ന്യൂസിലാൻഡിലെ തൊഴിൽ സാഹചര്യങ്ങളെപ്പറ്റി എഴുതി തുടങ്ങാമെന്നാണ് കരുതിയത്. ഒരു പേജ് എഴുതിയിട്ട്, വായിച്ചു നോക്കിയപ്പോൾ എന്തോ ഒരു അപൂർണ്ണത. അതിനിടയ്ക്ക് ജോലിയുടെ തിരക്കുകളിലേക്ക് ഊളയിടുകയും ചെയ്തു. പിന്നീട് എഴുത്തിന് ഒരു തുടർച്ച കിട്ടിയില്ല. ആ പേപ്പർ അങ്ങനെ തന്നെ മേശപ്പുറത്ത് എൻ്റെ വരവും കാത്ത് കിടന്നു.
പൂജാ മാഗസിനിൽ നിന്ന് വിളി വന്നപ്പോഴാണ് വീണ്ടും എഴുതുവാനുള്ള ത്വര എന്നിൽ രൂപപ്പെട്ടത്. പകുതി എഴുതിവെച്ച പേപ്പറിൽ നിന്നുമൊരു തുടർച്ചയായിരുന്നില്ല അത്. പുതിയ പേപ്പർ എടുത്ത് അതിൽ വീണ്ടും കുത്തിക്കുറിച്ചു തുടങ്ങി. പുതിയ അനുഭവങ്ങളിലേക്കും, സാഹചര്യങ്ങളിലേക്കുമുള്ള ഒരു പ്രയാണം. ഏറെ അപഗ്രഹിച്ചു എഴുതേണ്ട കാര്യങ്ങളായതിനാൽ പിന്നെയും കുറെ കൂടി വൈകി.
എന്തായാലും എഴുത്ത് വൈകിയതിന് ക്ഷമചോദിക്കുന്നു.
ഞാൻ ഇത് എഴുതുമ്പോൾ കേരളത്തിലെ ചാനലുകളിലും പത്രങ്ങളിലും തൊഴിലിനെപ്പറ്റിയും, തൊഴിൽ സാഹചര്യങ്ങളെപ്പറ്റിയും, കൂലിയെപ്പറ്റിയും, ആനുകൂല്യങ്ങളെപ്പറ്റിയുമെല്ലാം ചർച്ച നടക്കുകയാണ്.
കേരളത്തിലെ പാവപ്പെട്ട സ്ത്രീകൾ പൊരി വെയിലും മഴയും കൊണ്ട് ഒരു മാസമായി സെക്രട്ടേറിയേറ്റിനു മുൻപിൽ നടത്തുന്ന സമരത്തിൻ്റെ ചർച്ചകൾ... അവരുടെ ആവശ്യം അവരുടെ വേതനം ഏഴായിരത്തിൽ നിന്നും ഉയർത്തണമെന്നതാണ്. അമ്മമാരും, ഗർഭിണികളും, പിഞ്ചു കുട്ടികളും, എഴുപതു കഴിഞ്ഞ അമ്മൂമ്മമാരും തൊണ്ട പൊട്ടി നിലവിളിക്കുന്നു.
കേൾവിക്കാർ ആരെന്ന് ഞാൻ ചിന്തിച്ചുനോക്കി.
ഭരണകൂടത്തിൻ്റെ നിലപാടുകൾ ഇവിടെ ഏറെ ചർച്ച ചെയ്യപ്പെടുന്നു. വിഷയത്തിൽ നി ന്നും വഴിമാറുമെന്നതുകൊണ്ടും സർക്കാർ നിലപാടുകൾക്ക് വ്യക്‌തത വരുന്നതുകൊണ്ടും ഞാൻ അധികം എഴുതി ദീർഘിപ്പിക്കുന്നില്ല. ഇത്രയും എഴുതിയത് ന്യൂസിലാൻഡിലെ സർക്കാർ തൊഴിലാളികളോട് കാണിക്കുന്ന നീതിയും, സന്മനസും, അവിടുത്തെ ആളുകൾ തൊഴിലിനോട് കാണിക്കുന്ന ബഹുമാനവും സത്യസന്ധതയും വിവരിക്കാൻ വേണ്ടി മാത്രമാണ് .
തൊഴിലിടങ്ങൾ സൗഹൃദമായ കൂടിച്ചേരലിൻ്റെ ഉദ്യാനങ്ങളായി മാറ്റാൻ ഇവിടുത്തെ തൊഴിൽ നിയമങ്ങളും, തൊഴിൽ മനോഭാവങ്ങളും ഏറെ സഹായിക്കുന്നു. ഏതു തൊഴിലിനും അതിൻ്റെതായ മാന്യതയുണ്ടെന്നു ഇവിടെയുള്ളവർ വിശ്വസിക്കുന്നു. നമ്മുടെ നാട്ടിൽ ഏറ്റവും കുറവ് സാലറിയുള്ളത് കഠിനമായ ജോലികളായ ഡ്രൈവിംഗ്, ആശാരിപ്പണി, മേസ്തിരിപ്പണി തുടങ്ങിയവ ചെയ്യുന്നവർക്കാണ്.
ന്യൂസിലാൻഡിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്നത് ഈ ജോലികൾ ചെയ്യുന്നവരാണ്. ഇങ്ങനെയുള്ള പല കമ്പനികളിലും മാനേജർമാരുടെ ശമ്പളം തൊഴിലാളികളുടെ ശമ്പളത്തിലും കുറവാണ്.മിക്കവരുടെയും ശമ്പളം കരാർ അടിസ്ഥാനത്തിൽ മണിക്കൂർ നിരക്കിലാണ്... ജോലി ചെയ്യുന്ന മണിക്കൂറിനു മാത്രം ശമ്പളം ലഭിക്കുന്നതിനാൽ തൊഴിലാളികൾ അവരുടെ ജോലി സമയത്തു കൃത്യമായി എത്തുന്നു.. ജോലി ചെയ്യുന്നു. അവർക്ക് കൃത്യ സമയത്തു ജോലി നിർത്തി പോകാനാകും... കൂടുതൽ മണിക്കൂർ നിന്ന് ജോലി തീർക്കണമെങ്കിൽ തൊഴിൽ സ്ഥാപനം തൊഴിലുടമയ്ക്കും, തൊഴിലുടമ ജോലിക്കാരനും മണിക്കൂർ അടിസ്ഥാനത്തിൽ കൂടുതൽ പേയ്‌മെന്റ് ചെയ്യണം... അതായതു ബൈബിളിൽ യേശുക്രിസ്തു പറഞ്ഞ കാര്യം ഇവിടെ കൃത്യമായി നടക്കുന്നു.
എല്ലാവരും അവനവൻ്റെ വിയർപ്പുകൊണ്ടു ഭക്ഷണം കഴിക്കുന്നു. കൂടുതൽ അധ്വാനിക്കുന്നവന് കൂടുതൽ ശമ്പളം. കുറച്ചു അധ്വാനിക്കുന്നവന് കുറച്ചു ശമ്പളം. ഇവിടുത്തെ ഗവർമെൻഡ് ഇതെല്ലാം കൃത്യമായി നിരീക്ഷിക്കാൻ സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.
അങ്ങനെ തൊഴിലാളി മുതലാളി സൗഹൃദം നിലനിൽക്കുന്നു.
ഇവിടുത്തെ സാലറി ടാക്സ് ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഞാൻ ജോലി ചെയ്‌ത മറ്റു രാജ്യങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ ടാക്സ് സിസ്റ്റമാണ് ഇവിടെ ഉള്ളത്. നമ്മൾ മലയാളികൾ ഏറെ പരാതി പറയുന്നതും ആക ുലപ്പെടുന്നതും അതിനെക്കുറിച്ച് തന്നെ. ഇന്ത്യയിൽ വളരെക്കുറച്ചു ടാക്സ് നാം സാലറിക്കു പേ ചെയ്യുമ്പോൾ ഗൾഫിൽ ടാക്സ് ഫ്രീ സാലറിയാണ്.
ഇവിടെ സാലറിയുടെ തുക അനുസരിച്ചു മുപ്പത്തിമൂന്ന് ശതമാനം വരെ ടാക്സ് ഉണ്ട്.
പക്ഷെ കുറച്ചു വരുമാനം ഉള്ളവർക്കു കുറച്ചു ടാക്‌സും കൂടുതൽ വരുമാനം ഉള്ളവർക്ക് കൂടുതൽ ടാക്‌സും. മലയാളികളിൽ കൂടുതലും നഴ്സസ് ആണ്... അവരുടെ സാലറി കൂടുതൽ ആയതിനാൽ ടാക്സ് 33% വരെ ഈടാക്കുന്നു... ഗൾഫ് രാജ്യങ്ങളിൽ ടാക്‌സ് കൊടുക്കാതെ വര്ഷങ്ങളോളം മുഴുവൻ സാലറിയും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ട് ഇവിടെ വരുമ്പോൾ സാലറിയുടെ മൂന്നിൽ ഒരു ഭാഗം ടാക്സ് ആയി കൊടുക്കുമ്പോൾ നമ്മുടെ മലയാളി സഹോദരങ്ങൾ ഏറെ ആകുലരും നിരാശരും ആകാറുണ്ട്. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇവിടുത്തെ ടാക്സ് സിസ്റ്റം വളരെക്കുറച്ചു ജനസംഖ്യയുള്ള ഈ കുഞ്ഞൻ രാജ്യത്തിൻ്റെ നട്ടെല്ല്. കൂടുതൽ വരുമാനം ഉള്ളവർക്ക് കൂടുതൽ ടാക്സ് ഈടാക്കുന്നത് കൊണ്ട് ആളുകൾ തങ്ങളുടെ വരുമാനം കൂട്ടാൻ വേണ്ടി കൂടുതൽ ജോലി ചെയ്യാൻ തയാറാകില്ല.. അതുവഴി കൂടുതൽ ആളുകൾക്ക് ജോലി ലഭിക്കുകയും. രാജ്യത്ത് സാമ്പത്തിക അസമത്വങ്ങൾ കുറയുകയും ചെയ്യും.
ചുരുക്കി പറഞ്ഞാൽ നമ്മുടെ രാജ്യത്തേതുപോലെ പണക്കാരൻ എന്നും പണക്കാരനും, പാവപെട്ടവൻ എന്നും പാവപ്പെട്ടവനുമായി കഴിയുന്ന സാമൂഹിക സാമ്പത്തിക ആസന്തുലിവസ്ഥ വളരെ കുറവാനിവിടെ.
ഗവൺമെന്റിൻ്റെ ശക്തമായ മേൽനോട്ടം ഇതിൻ്റെ മാറ്റു കൂട്ടുന്നു....
തുടരും .



