top of page

ന്യൂസിലാൻഡിലെ കുട്ടികളുടെ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും

കുട്ടികളുടെ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും

മൂന്നാം ലക്കത്തിൽ കുറച്ചു സാമൂഹ്യ പ്രാധാന്യമുള്ള വിഷയം തിരഞ്ഞെടുക്കാമെന്നു കരുതി. ന്യൂസിലാൻഡിലെ കുട്ടികളുടെ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും വിവരിക്കാൻ ഈ അവസരം ഞാൻ ഉപയോഗിക്കാം...


മലയാളികളെല്ലാം മക്കളുടെ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ്. അവർ തങ്ങളുടെ സമ്പാദ്യത്തിൻ്റെ ഭൂരിഭാഗവും ചിലവാക്കുന്നത് മക്കളുടെ വിദ്യാഭ്യാസത്തിനും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടിയാണ്. ചിലർ തങ്ങളുടെ മാതാപിതാക്കൾ കൊടുത്ത കുടുംബ സ്വത്തു വരെ വിറ്റു മക്കളുടെ വിദേശ പഠന ആവശ്യങ്ങൾ നടത്തുന്നു. അവരുടെ ജീവിത ലക്ഷ്യം തന്നെ മക്കളെ വിദേശത്ത് പഠിപ്പിക്കുകയാണ്.


എൻ്റെ ഒരു സുഹൃത്ത്‌ ഗൾഫിൽ ഇരുപത് വർഷം ജോലി ചെയ്ത് ഉണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിൽ കുടുംബത്തോടൊപ്പം കഴിയാൻ പോയിട്ട് അധികകാലം അവിടെ നിൽക്കാതെ തിരികെ മടങ്ങിയ കഥ എനിക്കറിയാം. ആ സുഹൃത്ത്‌ മക്കളെ വിദേശത്ത് പഠിക്കുവാൻ വിട്ട കടം വീട്ടുവാനായി കുറഞ്ഞ ശമ്പളത്തിൽ പ്രവാസിയായി വീണ്ടും ഗൾഫിലേക്ക് തന്നെ തിരികെ വന്നു.


മക്കൾ നല്ല മാർക്ക് നേടുവാനായി ഓരോ മാതാപിതാക്കളും കുട്ടിക്കാലത്തുതന്നെ അവർക്ക് ട്യൂഷനും ഏർപ്പാടാക്കുന്നു. ഇതോടെ മത്സരബുദ്ധിയോടെ കളികൂട്ടുകാരെ കാണുവാനുള്ള ത്വര കുട്ടികളിൽ ബാല്യകാലത്ത് തന്നെ ഉടലെടുക്കുന്നു.



എൻ്റെ കാര്യം പറയുകയാണെങ്കിൽ, കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി കൂടുതലായി ഒന്നും മുടക്കിയിട്ടില്ല. ഗൾഫിലെ ജോലിയും ബിസിനെസ്സും ഒക്കെയായി ഏതാണ്ട് പതിനഞ്ചു വർഷം കുടുംബസമേതം കഴിഞ്ഞ ശേഷം മകൾ പത്താം ക്ലാസ്സിൽ എത്തിയപ്പോഴാണ് ഞാൻ ന്യൂസിലാൻഡിൽ എത്തിയത്.


മകൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. സാമ്പത്തികമായി നോക്കുമ്പോൾ ഇവിടെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.



ടാക്സും മറ്റു ചിലവുകളും കഴിഞ്ഞു ഗൾഫിലെ, വരുമാനത്തിൻ്റെ അൻപതു ശതമാനം മിച്ചം പിടിക്കാം. പക്ഷേ അവിടെ കുട്ടികളുടെ പഠന ചെലവ് ഏറെ കൂടുതലാണ്.. ഒരു കുട്ടിയുടെ ഫീസ് മാത്രം മാസം ഏകദേശം 15,000 ഇന്ത്യൻ രൂപയെങ്കിലും വരും. സ്കൂളിലേക്കുള്ള യാത്രാ ചിലവുകളും കൂടെ കൂട്ടുമ്പോൾ അതൊരു ഭാരിച്ച ബാധ്യതയായി തീരും. അതുകൊണ്ട് കുറഞ്ഞ വരുമാനമുള്ള മാതാപിതാക്കൾ ഏറെ കഷ്ടപ്പെടുന്നു. കുട്ടികളുടെ എണ്ണം ഒന്നായി ചുരുക്കാൻ അവർ നിർബന്ധിതരാകുന്നു..


പക്ഷെ ന്യൂസിലാലൻഡിൽ കുട്ടികളുടെ പഠന ചെലവ് വളരെ കുറവാണ്.. ഉള്ളത് പറഞ്ഞാൽ സർക്കാർ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുകയാണെങ്കിൽ ഒരു ഫീസും കൊടുക്കാതെ ഫ്രീ ആയി കുട്ടികളെ പഠിപ്പിക്കാൻ സാധിക്കും. അതുകൊണ്ട് കുറഞ്ഞ വരുമാനമുള്ള മാതാപിതാക്കൾക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റി ആകുലപ്പെടേണ്ട ആവശ്യമില്ല.


നമ്മൾ മലയാളികൾ എവിടെ ചെന്നാലും അവിടത്തെ നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് മോശം കാര്യങ്ങൾ കണ്ടെത്തി വിമർശിക്കാൻ മിടുക്കരാണ്. ഞാൻ പറഞ്ഞു വരുന്നത് ഒട്ടു മിക്ക മലയാളികളും ഇവിടുത്തെ വിദ്യാഭ്യാസരീതിയെ വിമർശിക്കുന്നവരാണ്. അവർക്കിഷ്ടം ടേബിൾ സ്പൂൺ ഫീഡിങ് വിദ്യാഭ്യാസ രീതിയാണ്. അതായതു എല്ലാം അധ്യാപകർ ഫീഡ് ചെയ്തു കൊടുത്ത ശേഷം അത് പരീക്ഷക്ക്‌ ഉത്തരക്കടലാസ്സിൽ പകർത്തുന്ന രീതി. അവരുടെ വിജയം കൂടുതൽ മാർക്ക്‌ വാങ്ങുന്നതിലാണ്. തൻ്റെ അയൽവാസിയുടെ മക്കളെക്കാൾ മാർക്ക്‌ വാങ്ങി പ്രശസ്തരാവണം. അതിലാണ് മാതാപിതാക്കളുടെ ശ്രദ്ധ... ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും അവയെ അതിജീവിച്ചു ജീവിക്കാനുമുള്ള ഒരു പരിശീലനവും അവർക്കു നാട്ടിൽ ലഭിക്കുന്നില്ല... ഇതിന്റെ ഫലമായി കുട്ടികളുടെ വഴിതെറ്റലും ആത്മഹത്യയും കേരളത്തിൽ ഏറെ വർധിച്ചിരുന്നു.


എന്നാൽ ന്യൂസിലാണ്ടിലെ പ്രാഥമിക വിദ്യാഭ്യാസ രീതി ഏറെ വ്യത്യസ്തവും മാതൃകപരവുമാണ്... ഇവിടെത്തെ സ്കൂളുകളിൽ കുട്ടികളെ ജീവിക്കാനാണ് പഠിപ്പിക്കുന്നത്.. 10 ആം ക്ലാസ്സ്‌ വരെ പ്രത്യേക പരീക്ഷകൾ ഒന്നുമില്ല... ഇവിടെ അധ്യാപകർ കുട്ടികളെ പ്രത്യേകമായി കഴിവുകൾ കണ്ടെത്തി പഠിപ്പിക്കുന്നു. നിർബന്ധിച്ചു ഒന്നും പഠിപ്പിക്കുന്നില്ല.. ജീവിത വിജയത്തിന് വേണ്ട പ്രാഥമിക കാര്യങ്ങൾ പരിശീലിപ്പിക്കുന്നു. സ്വന്തം ഭക്ഷണം എങ്ങനെ പാകം ചെയ്യണമെന്ന്.

സ്വന്തം വസ്ത്രം കീറിയാൽ എങ്ങനെ തുന്നണമെന്ന്

സ്വന്തം ജീവിത മാർഗം എങ്ങനെ കണ്ടെത്തണമെന്ന്,

ജീവിതത്തിൽ ഒറ്റക്കായാൽ എങ്ങനെ ജീവിക്കണമെന്ന്... അങ്ങനെ ജീവിക്കാൻ വേണ്ടതൊക്കെ അധ്യാപകർ പഠിപ്പിക്കുന്നു... അങ്ങനെ കുട്ടികൾ ജീവിതത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ പടവുകൾ പിച്ച വച്ചു കയറാൻ പ്രാപ്തരാകുന്നു....



തുടരും


സെനു ജോസഫ്

ideal loanz.jpg
bottom of page