

ന്യൂസിലാൻഡിലെ സ്‌കൂളുകളും , അവിടുത്തെ അഡ്‌മിഷനും
സെനു ജോസഫ്
ഞാൻ കഴിഞ്ഞ ലക്കത്തിൽ വിവരിച്ചത് ന്യൂസിലാൻഡിലെ പ്രാഥമിക വിദ്യാഭ്യാസത്തേക്കുറിച്ചാണ്. ജീവിത സാഹചര്യങ്ങളുമായി ഇഴുകി ചേർന്നു സമൂഹത്തെ മനസിലാക്കി ജാതി മത വർണ്ണ വർഗ വ്യത്യാസമില്ലാതെ മനുഷ്യത്വപരമായി ജീവിതം കെട്ടിപ്പിടിക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം.
വിദ്യാഭ്യാസമെന്നത് മൂല്യങ്ങളുടെ വളർച്ചയും വിഭാഗീയതയുടെ തകർച്ചയുമാണെന്ന് പ്രശസ്ത ചിന ്തകൻ സോക്രീറ്റിസ് പറഞ്ഞു വച്ചതു ഓർത്തു പോകുന്നു. ഇന്ന് നമ്മുടെ നാട്ടിൽ കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം എത്രത്തോളം മൂല്യങ്ങൾ വളർത്തുന്നതാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ചിന്തകൾ കാടു കയറുമ്പോൾ എഴുത്തുകാരൻ വിഷയത്തിൽ നിന്നും വഴി മാറി സഞ്ചരിക്കുന്നത് വായനക്കാർ ക്ഷമിക്കുമല്ലോ. ന്യൂസിലാൻഡിൽ നാട്ടിലെപ്പോലെ കുട്ടികൾക്ക് മാതാപിതാക്കൾ ഇഷ്ടപ്പെട്ട അവരുടെ സ്റ്റാറ്റസ് നോക്കിയുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടാറില്ല.
ഇവിടെ സ്കൂളുകളുടെ അഡ്മിഷൻ ചുറ്റളവ് നാം താമസിക്കുന്ന ഏരിയ അനുസരിച്ചു പരിമിതപ്പെടുത്തിയിരിക്കുന്നു. നമ്മുടെ നാട്ടിൽ പണമുള്ളവൻ അവരുടെ മക്കൾക്കു വലിയ സ്കൂളിൽ ഡോണഷനും റെക്കമന്റേഷൻ ഒക്കെയായി അഡ്മിഷൻ നേടുന്നു. പാവപ്പെട്ടവൻ അവൻ്റെ മക്കളെ ഗവണ്മെന്റ് സ്കൂളിൽ പഠിപ്പിക്കുന്നു. അങ്ങനെ നാലാം വയസ്സിൽ തന്നെ കുട്ടികളിൽ പാവപ്പെട്ടവൻ, പണക്കാരൻ എന്ന ചിന്താഗതി കുത്തി വെക്കുന്നു. എന്നാൽ ന്യൂസിലാൻഡിൽ കുട്ടികൾക്ക് അഡ്മിഷൻ കിട്ടുന്നത് അവർ താമസിക്കുന്ന സോൺ നോക്കിയാണ്... നമ്മൾ താമസിക്കുന്ന ഏരിയയിൽ ഉള്ള സ്കൂളിൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് അഡ്മിഷൻ കിട്ടൂ. നാം സ്കൂളിൻ്റെ വലിപ്പം നോക്കി വേറെ ഏരിയയിൽ ഉള്ള സ്കൂളിൽ പോയി അപേക്ഷിച്ചാൽ അത് നിരസിക്കപ്പെടും.. ഇവിടുത്തെ നിയമമനുസരിച്ചു സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ കുട്ടികൾക്ക് അവർ താമസിക്കുന്ന സോണിലെ സ്കൂളിൽ അഡ്മിഷൻ നൽകിയിരിക്കണം.. അതുകൊണ്ട് തന്നെ സ്കൂൾ അഡ്മിഷൻ കിട്ടാത്ത ഒരു കുട്ടിയേയും ഞാൻ ഈ നാട്ടിൽ കണ്ടിട്ടില്ല... കുട്ടികൾ അവരുടെ ഏരിയയിൽ തന്നെ പഠിക്കുന്നത് കൊണ്ട് ഏറെ യാത്ര ചെയ്യേണ്ട ആവശ്യവും വരുന്നില്ല.
എൻ്റെ കുട്ടികൾ ജനിച്ചു വളർന്നത് ഗൾഫിലാണ്... അവിടെ എൻ്റെ വീടിനടുത്തുള്ള ഇന്ത്യൻ സ്കൂളിൽ മകൾക്ക് അഡ്മിഷൻ കിട്ടാനായി നൂറു പേരുടെ കാല് പിടിക്കാൻ പോയ കാര്യം ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു... എൻ്റെ കൂട്ടുകാരൻ അങ്ങനെ ചെയ്യാതിരുന്നത് കൊണ്ട് അവൻ്റെ മക്കൾ വീട്ടിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പഠിച്ചിരുന്നത്... മക്കളെ സ്കൂളിൽ വിടനായി അവൻ ഏറെ കഷ്ടപ്പെട്ടിരുന്നു... ചെറിയ കുട്ടികൾ സ്കൂളിൽ എത്താനായി രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം യാത്ര ചെയ്തിരുന്നു.
ഇതൊക്കെ ഞാൻ ആരെയും ചെറുതാക്കാനോ വന്ന വഴി മറന്നതുകൊണ്ടോ പറയുന്നതല്ല. കടന്നു വന്ന വഴികൾ ഓർമ്മയുള്ളത് കൊണ്ടാണ്. യഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ് ഞാൻ.
"സത്യത്തിൻ്റെ മുഖമെന്നും ഇരുട്ടിൽ ഒളിഞ്ഞിരിക്കും".
പക്ഷേ എത്ര മൂടിവെച്ചാലും സത്യമൊരിക്കൽ മറ നീക്കി പുറത്തു വന്നു സൂര്യനെപ്പോലെ പ്രകാശിക്കുമെന്നുള്ള പ്രവാചകൻ്റെ വചനങ്ങളാകട്ടെ നമ്മുടെ മാർഗ്ഗദീപം.
സെനു ജോസഫ്

