

നാബോത്തിൻ്റെ മുന്തിരി തോട്ടം ( chapter1)
(രാജകീയ പ്രൗഢി വിളിച്ചോതുന്ന ശമര്യയിലായിരുന്നു ഒമ്രി രാജാവിൻ്റെ രാജകൊട്ടാരം. വലിയൊരു മലയിലായിരുന്നു ആ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. ആ മല ഷെമേറിൽ നിന്ന് രണ്ട് താലന്ത് വെള്ളിക്ക് വാങ്ങിയിട്ട് അവിടെയായിരുന്നു രാജാവ് ആ കൊട്ടാരം പണി കഴിപ്പിച്ചത്. ഒമ്രി തൻ്റെ പിതാക്കൻമാരെ പോലെ നിദ്ര പ്രാപിച്ചു.. തുടർന്ന് ഈ ചരിത്ര കഥ വായിക്കുക)
നാബോത്തിൻ്റെ മുന്തിരി തോട്ടം.
തങ്ങളുടെ നാഥൻ മരണപ്പെട്ടതിൻ്റെ ദുഖത്തിലായിരുന്നു ഇസ്രായേൽ ജനത. രാജ്യത്ത് അങ്ങോളം ദുഖാചാരം ആചരിക്കുവാൻ മന്ത്രി ജോസഫൈൻ ഉത്തരവ് ഇട്ടു. രാജാവിൻ്റെ നന്മകളെ പ്രകീത്തിച്ചുകൊണ്ട് മൊവാബ്യ കല്ലിൽ ലിഖിതം എഴുതുവാനുള്ള ഏർപ്പാടുകൾ ചെയ്തു. അതേ സമയം ആഹാബ് യുദ്ധമുറകൾ അഭ്യസിക്കുന്ന തിരക്കിലായിരുന്നു.
പിതാവിൻ്റെ വിയോഗം അറിഞ്ഞ ഉടനെ തന്നെ കുതിരപ്പുറത്ത് കയറി കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു ആഹാബിന് അനുയായിയായി ഓബദ്യാവ്, യുവകുമാരനോടൊപ്പം യാത്രചെയ്യുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായ വിയോഗമായിരുന്നത്..
ഭരണ കാര്യങ്ങളിൽ വളരെ കുറച്ചു മാത്രം ഇടപെട്ടിരുന്ന ആഹാബിന് ആ വിയോഗം താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. എങ്കിലും ഗാംഭീര്യം ഒട്ടും തന്നെ കുറവില്ലായിരുന്നു. അമ്മ മഹാറാണി വളരെയേറെ ദുഃഖത്തിൽ ആയിരിക്കും. ഇനി എല്ലാം ഒറ്റയ്ക്ക് തന്നെ നോക്കി നടത്തണം..
വിശാലമായ വയലുകൾ , പച്ച പുതച്ചു കിടക്കുന്ന മലകൾ, അങ്ങിങ്ങായി മനോഹരമായി പരിപാലിക്കപ്പെട്ടിരിക്കുന്ന കൃഷിത്തോട്ടങ്ങൾ, കുന്നുകൾക്ക് അലങ്കാരം പോലെ പരിപാലിച്ചിരിക്കുന്ന മുന്തിരി തോട്ടങ്ങൾ , ഒലിവു മരങ്ങൾ, മരുഭൂപ്രദേശങ്ങൾ ഇവയൊക്കെ കടന്നു വേണമായിരുന്നു അവർക്ക് യാത്ര ചെയ്യുവാൻ. ആട്ടുപറ്റങ്ങളുമായി നടന്നു നീങ്ങുന്ന ഇടയബാലന്മാർ രാജകുമാരനെ കാണാതിരുന്നില്ല. ഒമ്രി രാജാവിൻ്റെ നാടുനീങ്ങൽ വാർത്ത നാടൊട്ടുക്ക് വിളംബരം ചെയ്യുവാൻ രാജകിങ്കരന്മാർ അങ്ങിങ്ങായി യാത്ര ചെയ്യുന്നത് അവർ കണ്ടിരുന്നതാണ്.
അങ്ങിങ്ങായി ആളുകൾ രാജകൊട്ടാരം ലക്ഷ്യമാക്കി നടന്നു നീങ്ങുന്നുമുണ്ടായിരുന്നു. ദൂരം അവർക്കൊരു വിഷയമേ അല്ലായിരുന്നു. അവർക്ക് അവരുടെ പ്രിയപ്പെട്ട ഭരണാധികാരിയെ ഒരു നോക്ക് കാണാമായിരുന്നു. ദുഃഖാചരണം കഴിഞ്ഞു രാജാവിനെ സംസ്കരിക്കുവാൻ കുറെയേറെ ദിവസം എടുക്കുമെന്ന് അവർക്കൊക്കെ അറിയാം.
യാത്രയ്ക്ക് ഇടയിൽ ആഹാബ് രാജകുമാരൻ പിതാവിൻ്റെ സാമ്രാജ്യത്തെ പറ്റി കൂടെയുള്ള ഭടന്മാരോട് തിരക്കാതിരുന്നില്ല. ഈ അവസരം ഇതൊന്നും പറയാനുള്ളതല്ല. എങ്കിലും രാജകുമാരൻ ചോദിച്ച സ്ഥിതിക്ക് ആ കഥ പറയാതെ ഇരിക്കുന്നതും ശരിയല്ല. കൂട്ടത്തിൽ മുതിർന്ന ഒരു പടനായകൻ അയാൾക്ക് അറിയാവുന്ന കഥകൾ പറയുവാൻ തുടങ്ങി.
ആ കഥയിൽ ഒമ്രി രാജാവ് അധികാരം പിടിച്ചെടുത്ത ദിവസത്തെ പറ്റിയും, അതിന് നിമിത്തമായ ചരിത്ര സത്യത്തെയും കുറിച്ചുള്ള വിവരണങ്ങൾ എല്ലാം ഉൾപ്പെടുത്തടുവാൻ അയാൾ ശ്രമിച്ചിരുന്നു.
ആ കഥ അയാൾ പറയുവാൻ തുടങ്ങിയത് ഇങ്ങനെയായിരുന്നു.
"യെഹൂദ രാജാവായ ആസയുടെ ഇരുപത്തിയാറാം ആണ്ടിൽ ബയെസയുടെ മകൻ ഏലാ യിസ്രേലിൻ്റെ രാജാവായി തിർസ്സയിൽ രണ്ടു സംവത്സരം വാണിരുന്നു.. എന്നാൽ രഥങ്ങളുടെ പകുതിക്ക് അവകാശിയായ സിമ്രി എന്ന അവൻ്റെ ഭൃത്യൻ രാജാവിന് വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയും, ആസ രാജാവ് കടന്നു വന്ന തിറസ്സാരാജധാനി വിചാരകനായ അൻസ്സയുടെ വീട്ടിൽ കുടിച്ചു ലഹരി പിടിച്ചു ഇരിക്കുമ്പോൾ, സിമ്രി അകത്തു കടന്ന് രാജാവിനെ വെട്ടി കൊല്ലുകയും പകരം രാജാവാകുകയും ചെയ്തു.. "
സിമ്രി രാജാവായ ഉടനെ ബയെസയുടെ കുടുംബത്തെ മുഴുവൻ നിഗ്രഹിച്ചു. ഒരു പുരുഷ പ്രജയും ശേഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുവാനും അയാൾ മറന്നില്ല.
യഹോവയായ ദൈവത്തിന് അനിഷ്ടമായത് ചെയ്യുവാൻ ബയെസയും, മകൻ ഏലായും കണ്ടെത്തിയ മാർഗ്ഗം തങ്ങളുടെ മിഥ്യാമൂർത്തികളെ ആരാധിക്കുകയായിരുന്നു. യിസ്രേലിൻ്റെ ദൈവമായ യഹോവയ്ക്ക് അത് ഒരിക്കലൂം സ്വീകാര്യവും ആയിരുന്നില്ല. പാപങ്ങൾ പെരുകുകയും അകൃത്യങ്ങൾ കൂടുകയും ചെയ്‌തപ്പോൾ യഹോവയുടെ കല്‌പന പ്രകാരം യേഹൂ പ്രവാചകൻ അവർക്ക് ഇടയിലേക്ക് കടന്നു വന്ന് രാജസ്ഥാനം എന്നും നിലനിൽക്കില്ലെന്ന് അരുൾ ചെയ്‌തതാണ്. അതിന് സിമ്രി നിമിത്തമായി മാറുകയും ചെയ്‌തു.
സിമ്രിയ്ക്ക് പക്ഷേ യെരുശലേമിൽ അധികം കാലം രാജാവായിരിക്കുവാൻ ആയില്ല. വെറും ഏഴ് ദിവസം രാജാവായി വാഴുവാൻ മാത്രമേ സിമ്രിയ്ക്ക് കഴിഞ്ഞുള്ളു. യഹോവയുടെ ആത്‌മാവ് സിമ്രിയുടെ മേൽ ഇല്ലായിരുന്നു. സിമ്രി കൂട്ടുകെട്ട് ഉണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നറിഞ്ഞ പടജ്ജനം അവരുടെ പാളയത്തിൽ വെച്ച് ഒമ്രിയെ യിസ്രേലിന് നായകനായി വാഴിച്ചു.
ഒമ്രി എല്ലാ യിസ്രയേൽ ജനങ്ങളേയും കൂട്ടി കൊണ്ട് ചെന്ന് തിർസയെ നിരോധിക്കുകയും, പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ നിമിഷം സിമ്രി രാജധാനിയുടെ ഉൾമുറിയിൽ കടന്ന് രാജധാനിക്ക് തീ വെച്ച് അതിൽ വെന്തു മരിച്ചു .
അതിന് ശേഷം ആളുകൾ രണ്ടു പക്ഷം പിടിച്ചു.
ഗിനത്തിൻ്റെ മകനായ തിബ്‌നിയെ രാജാവാക്കണമെന്ന് ഒരു കൂട്ടർ വാദിച്ചു. മറുപകുതി ഒമ്രിയുടെ പക്ഷം ചേർന്നു. പക്ഷേ യഹോവയുടെ തീരുമാനമാണ് അവർക്കിടയിൽ നടപ്പായത്. അതിങ്ങനെ ആയിരുന്നു.
അവർ തമ്മിൽ അവിടെ വെച്ച് ചെറിയ തോതിൽ പോരാട്ടം ഉണ്ടാകുകയും, ഒമ്രിയുടെ പക്ഷം ഗിനത്തിൻ്റെ മകനായ തിബ്‌നിയുടെ പക്ഷത്തെ തോൽപിക്കുകയും , ഒമ്രി രാജാവാകുകയും ചെയ്‌തു.
ഒമ്രി യിസ്രേലിൽ രാജാവായി പന്ത്രണ്ട് സംവത്സരവും, തിർസ്സയിൽ ആറു സംവത്സരവും വാണശേഷം ശെമെരിനോട് രണ്ട് താലന്ത് വെള്ളിക്ക് വലിയൊരു മല വാങ്ങുകയും, അവിടെ കൊട്ടാരം പണിയുകയും ചെയ്‌തു. മല ഉടമസ്ഥനായ ശെമെരിൻ്റെ പേരിൻ പ്രകാരം ആ സ്ഥലത്തിന് ശമര്യായെന്ന് പേരിട്ടു വിളിച്ചു.
യഹോവ വലിയവൻ ... കൂട്ടത്തിൽ ഒരു ഭടൻ ഉച്ചത്തിൽ ആർപ്പിട്ടു.. ആഹാബ് അതിനെ പിൻതാങ്ങി കൊണ്ട് ഉച്ചത്തിൽ യഹോവയ്‌ക്ക് സ്‌തുതി പാടി. യഹോവയുടെ മാർഗ്ഗത്തിൽ നടക്കുമെന്ന് പ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരുന്നു ആഹാബ് രാജകുമാരൻ്റെ പിന്നീടുള്ള യാത്ര.
യാത്രയിൽ ആഹാബ് പിതാവിനെ കുറിച്ച് ഓർക്കാതെ ഇരുന്നില്ല . സിംഹാസനത്തെച്ചൊല്ലി ഏതാണ്ട് അമ്പത് വർഷത്തെ നിരന്തരമായ ആഭ്യന്തരയുദ്ധം അവസാനിച്ചു രാജസ്ഥാനം നിലനിർത്തുവാൻ പിതാവിൻ്റെ അക്ഷീണ പരിശ്രമം വൻവിജയമായിരുന്നു.തെക്ക് യഹൂദാ രാജ്യവുമായി സമാധാന കരാർ ഉണ്ടാക്കി. രാജ്യത്തിൻ്റെ അതിർത്തികളിൽ കിടക്കുന്ന രണ്ട് എതിരാളി രാജാക്കന്മാരുമായി സഹകരണത്തിൻ്റെ പാത നിരപ്പാക്കിയെടുത്തു.
വടക്ക് അയൽരാജ്യമായ സിഡോണുമായുള്ള ബന്ധം രണ്ട് രാജകീയ കോടതികൾ തമ്മിൽ ഇടപെട്ട് പെട്ടെന്ന് തന്നെ തീർപ്പാക്കുവാൻ ഉള്ള ഏർപ്പാടുകൾ ചെയ്‌തിട്ടുമുണ്ടായിരുന്നു. രണ്ട് ശക്തരായ അയൽക്കാരുമായുള്ള ഈ സമാധാനാവസ്ഥ ഉടമ്പടികൾ ഇസ്രായേൽ രാജ്യത്തെ അതിൻ്റെ സ്വാധീനവും ട്രാൻസ് ജോർദാനിലെ രാഷ്ട്രീയ നിയന്ത്രണവും വിപുലീകരിക്കാൻ പ്രാപ്‌തമാക്കി, ഈ ഘടകങ്ങൾ കൂടി ചേർന്ന് രാജ്യത്തിന് സാമ്പത്തിക അഭിവൃദ്ധി നേടി തരുകയും ചെയ്‌തിട്ടുണ്ടായിരുന്നു.
ആഹാബ് രാജകുമാരൻ ശമര്യയിലെ ആ കുന്നിൻ്റെ താഴ്വരയിൽ എത്തിയപ്പോൾ അവിടെ മുഴുവൻ ആളുകൾ തിങ്ങി നിറഞ്ഞിട്ടുണ്ടായിരുന്നു. രാജപാതയുടെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ ആളുകൾക്ക് ഇടയിലൂടെ രാജകുമാരൻ്റെ കുതിര മെല്ലെ നീങ്ങി. അയൽ രാജ്യമായ യഹൂദയിലെ രാജാവ് ദുഃഖവാർത്ത അറിഞ്ഞു അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. സിറിയയിൽ നിന്നുള്ള ഭരണാധികാരികൾ , മോവാദ് ദേശത്ത് നിന്നുള്ള പൗരപ്രമാണികൾ എല്ലാവരും രാജാവിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള കുറിപ്പുകൾ അയച്ചിരുന്നു..
രാജകൊട്ടാരത്തിലെ രാജ പതാക പകുതി താഴ്ത്തികെട്ടി, അനുശോചന പ്രതീകമായി വലിയൊരു കറുത്ത പതാകയും അതിനൊപ്പം പാറി പറക്കുന്നുണ്ടായിരുന്നു. ആകാശത് പക്ഷികൾ എന്തോ ദുർനിമിത്തങ്ങൾ കണ്ടതുപോലെ പതിവിന് വിപരീതമായി ആകാശത്തെ പൊതിഞ്ഞു വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
അമ്മ മഹാറാണിയും, രാജ ഭടന്മാരും, മന്ത്രി പ്രമുഖന്മാരും , രാജ സദസ്സിലെ അംഗങ്ങളുമെല്ലാം രാജകുമാരൻ്റെ വരവ് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. തീരുമാനങ്ങൾ എടുക്കാവാൻ ഉള്ള അധികാരം കിട്ടിയിട്ടില്ലെങ്കിലും ആ സമയത്ത് രാജകുമാരൻ്റെ വാക്കുകൾക്ക് വലിയ വിലയുണ്ടായിരിക്കുന്നു.
രാജകൊട്ടാരത്തിൻ്റെ അരികിലേക്ക് അടുക്കും തോറും, ആഹാബിൻ്റെ മനസ്സ് ദുഃഖഭാരത്താൽ നിറഞ്ഞിരുന്നു. പിതാവിൻ്റെ അരികിൽ നിന്നും ജെസ്രീലിലേക്ക് പോയിട്ട് കുറെയേറെ നാളുകൾ ആയിരുന്നു. യുദ്ധമുറകൾക്കുള്ള പരിശീലനവും, രാജ തന്ത്രങ്ങൾ പഠിക്കുവാനും ഒക്കെയുള്ള അവസരമായിരുന്നു അത്.
പിതാവ് സ്വന്തം മരണം മുന്നിൽ കണ്ടിരുന്നുവോ?. അറിയില്ല... ധൃതിപിടിച്ചു തന്നെ പരിശീലനത്തിന് അയച്ചത് രാജ ഭരണം ഏറ്റെടുക്കുവാൻ തന്നെ പ്രാപ്‌തൻ ആകുവാനുള്ള മുൻകരുതൽ ആയിരുന്നിരിക്കണം. ഒക്കെ യഹോവയുടെ തീരുമാനപ്രകാരം നടക്കട്ടെ. കൊട്ടാരത്തിൻ്റെ ഉള്ളിൽ നിന്നും കേൾക്കുന്ന വിലാപസ്വരങ്ങൾ രാജകുമാരൻ്റെ കർണ്ണങ്ങൾക്ക് വേദനയുടെ മുള്ളുകൾ സമ്മാനിച്ചു.
കൊട്ടാരത്തിനുള്ളിൽ കയറിയ രാജകുമാരൻ ആ കാഴ്ച്ച കാണുവാൻ കഴിയാതെ കണ്ണുകൾ .പൊത്തി. പരിശീലനം ഒക്കെ കഴിഞ്ഞു തിരികെവന്ന് രാജഭരണ ചുമതല പിതാവിൽ നിന്നും ഏറ്റെടുക്കുവാൻ ഇരുന്നതാണ്. ഒക്കെ യഹോവയുടെ തീരുമാന പ്രകാരം നടക്കട്ടെ.
ആഹാബ് രാജകുമാരൻ, കൊട്ടാര അങ്കണത്തിൽ രാജ കുടുംബങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയിരുന്ന ഇരിപ്പിടങ്ങളിൽ ഒന്നിൽ ഇരുന്നു. പിതാവ് അന്യ ദൈവങ്ങളെ ആരാധിച്ച് യഹോവയ്‌ക്ക് അനിഷ്‌ടമായത് ചെയ്‌തെന്ന് ആഹാബ് രാജകുമാരന് അറിയാമായിരുന്നു.
യഹോവയുടെ നാമത്തിൽ മാത്രമേ നടക്കുകയുള്ളു എന്ന് മനസ്സുകൊണ്ട് പ്രതിജ്ഞ എടുക്കുവാനും ഒരു നിമിഷം രാജകുമാരൻ സമയം കണ്ടെത്തി.
അമ്മ മഹാറാണി ഇനിയുള്ള തീരുമാനങ്ങൾ എടുക്കുവാൻ ആഹാബ് രാജകുമാരനോട് ആവശ്യപ്പെട്ടു.
(തുടരും )
.png)
