top of page

മാനവികതയുടെ ഉജ്ജ്വല പ്രതീകം: ഓണവും മഹാബലി സങ്കല്പവും

Karthika Thannickan

Karthika Thannickan


    ഓണം വെറുമൊരു വിളവെടുപ്പ് ഉത്സവമല്ല; സമത്വത്തിൻ്റെയും സ്നേഹത്തിൻ്റെയും അഹിംസയുടെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്. ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നാടും വീടും ഒരുങ്ങുന്ന രണ്ടാം ദിനം മുതൽക്കേ മലയാളിയുടെ മനസ്സിൽ പ്രത്യാശയുടെയും നന്മയുടെയും പുതിയ വെളിച്ചം തെളിയുന്നു. തൊടിയും മുറ്റവും അകത്തളങ്ങളും വഴിയിറമ്പുകളുമെല്ലാം ചെത്തിമിനുക്കി തൂത്തുതുടച്ച് വൃത്തിയാക്കുന്നത്, വരാനിരിക്കുന്ന ഐശ്വര്യത്തെയും തങ്ങളെ ഭരിച്ചിരുന്ന ജനപ്രിയനായ മഹാബലി തമ്പുരാനെയും സ്വീകരിക്കാനാണ്.

    കേരളത്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പരശുരാമൻ്റെ ഐതിഹ്യം നിലനിൽക്കുന്നുണ്ടെങ്കിലും, മലയാളി മനസ്സുകളിൽ എന്നും ചിരപ്രതിഷ്ഠ നേടിയത് മാവേലിത്തമ്പുരാനാണ്. ആയുധമേന്തി കടലെറിഞ്ഞു നാടുണ്ടാക്കിയ വീര്യത്തേക്കാൾ, അഹിംസയ്ക്കും അസമത്വമില്ലാത്ത മാനവികതയ്ക്കും പ്രാധാന്യം നൽകിയ രാജാവിനെയാണ് ജനങ്ങൾ നെഞ്ചിലേറ്റിയത്. അസുരവംശജനെങ്കിലും ദാനധർമ്മങ്ങളിലും നീതിനിഷ്ഠയിലും അധിഷ്ഠിതമായിരുന്നു മഹാബലിയുടെ ഭരണം.

    "മാവേലി നാടു വാണീടും കാലം
    മനുഷ്യരെല്ലാരും ഒന്നുപോലെ..."

    എന്ന വരികൾ കേവലം ഒരു പാട്ടല്ല, മറിച്ച് മനുഷ്യരാശിയുടെ ഏക്കാലത്തെയും വലിയ സ്വപ്നമായ സമത്വസുന്ദരമായ ഒരു സാമൂഹികാവസ്ഥയുടെ നേർക്കാഴ്ചയാണ്. കളവുമില്ല, ചതിയുമില്ല, കള്ളത്തരങ്ങളുമില്ലാത്ത ആ പൊൻകാലം ദേവന്മാരിൽ പോലും അസൂയയുളവാക്കി.

    മഹാബലിയുടെ അഹങ്കാരമടക്കാനും ദേവന്മാരുടെ ഭയമകറ്റാനും വിഷ്ണു ഭഗവാൻ വാമനാവതാരം പൂണ്ടെത്തി. മൂന്നടി മണ്ണ് ചോദിച്ചെത്തിയ വടുവിനായി സമസ്ത ലോകവും അളന്നു തീർത്തപ്പോൾ, മൂന്നാമത്തെ അടിക്കായി സ്വന്തം ശിരസ്സ് കുനിച്ചു കൊടുത്ത മഹാബലിയുടെ ത്യാഗം സീമകളില്ലാത്ത ദാനധർമ്മത്തിൻ്റെ പ്രതീകമാണ്. തനിക്ക് പ്രാണനേക്കാൾ പ്രിയപ്പെട്ടത് തൻ്റെ ജനങ്ങളുടെ ക്ഷേമമാണെന്ന് തെളിയിച്ച ആ അസുരചക്രവർത്തി, വർഷത്തിലൊരിക്കൽ തൻ്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് വരാനുള്ള വരം വാങ്ങി പാതാളത്തിലേക്ക് താണു.

    നാട്ടിലെ കൊച്ചുകൂട്ടികൾക്കുപോലും മനഃപാഠമായ ഈ ഐതിഹ്യം നമ്മെ പഠിപ്പിക്കുന്നത് ജാതി-മത ചിന്തകൾക്കതീതമായ മനുഷ്യസ്‌നേഹമാണ്. ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിൻ്റെ ഉത്തമ മാതൃക കൂടിയാണ് മാവേലി. ഓണം നൽകുന്ന ഈ മാനവിക സന്ദേശം കാലമെത്ര മാറിയാലും മലയാളിയുടെ സ്വത്വമായി നിലനിൽക്കുക തന്നെ ചെയ്യും.

    കാർത്തിക താന്നിയ്ക്കൻ
bottom of page