top of page

വിശാഖം: സദ്യവട്ടങ്ങളുടെ ആരംഭവും സമൃദ്ധിയുടെ ഓർമ്മകളും

Karthika Thannickan

Onam


    ഓണത്തിൻ്റെ നാലാം നാളായ 'വിശാഖം' എത്തുമ്പോൾ മുതൽ നാടെങ്ങും ഓണസദ്യയ്ക്കുള്ള വലിയൊരുക്കങ്ങൾ ആരംഭിക്കുകയായി. അതുകൊണ്ടുതന്നെ ഓണാഘോഷത്തിലെ ഏറ്റവും സുപ്രധാനവും ആവേശകരവുമായ ദിവസങ്ങളിലൊന്നായാണ് വിശാഖം കണക്കാക്കപ്പെടുന്നത്. വിളവെടുപ്പിൻ്റെ കതിരുത്സവം കൂടിയായതിനാൽ, പണ്ടുകാലത്ത് ഗ്രാമീണ ചന്തകളിലും പൊതുവിടങ്ങളിലും ജനങ്ങൾ വൻതോതിൽ തടിച്ചുകൂടുന്ന ദിവസമായിരുന്നു ഇത്.

    ചിങ്ങ-കന്നി മാസങ്ങളിലെ കൊയ്ത്തുകാലവും നിറപുത്തരിയും മലയാളിയുടെ വീടുകളിൽ ഐശ്വര്യത്തിൻ്റെ വെളിച്ചം തൂകിയിരുന്നു. കൊയ്ത്തും മെതിയും കറ്റകെട്ടലും, വൈക്കോൽത്തുമ്പുകളിൽ ചാടിത്തിമിർത്ത ബാല്യകാല വികൃതികളുമൊക്കെ ഇന്ന് ഓർമ്മകളുടെ താളുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായി മാറി.

    'കാണം വിറ്റും ഓണം ഉണ്ണണം' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുംവിധം, 26 കൂട്ടം വിഭവങ്ങൾ നിറഞ്ഞ വിഭവസമൃദ്ധമായ സദ്യയാണ് ഓണത്തിൻ്റെ മാറ്റ് കൂട്ടുന്നത്. ഈ സദ്യ ഒരുക്കുന്നതിനായി പ്രായഭേദമന്യേ കുടുംബത്തിലെ ഓരോ അംഗവും തങ്ങളാലാവുന്ന പങ്കാളിത്തം നൽകുക എന്നത് പണ്ടുമുതലേയുള്ള ഒരു മനോഹര ആചാരമാണ്.

    എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, 26 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യകൾ പലപ്പോഴും കാറ്ററിംഗ് പാക്കറ്റുകളിലോ റസിഡന്റ്സ് അസോസിയേഷനുകളുടെ ആഘോഷങ്ങളിലോ മാത്രമായി ചുരുങ്ങിപ്പോയിട്ടുണ്ട്. കാലവും ജീവിതരീതികളും മാറുന്നതിനനുസരിച്ച് നമ്മുടെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. എങ്കിലും, തിരുവോണനാളിൽ സ്വന്തം വീട്ടിൽ ഒരു തവി പായസമെങ്കിലും ഉണ്ടാക്കാത്ത ഒരു മലയാളി വീടും ഉണ്ടാകില്ല എന്നത് തീർച്ചയാണ്!

    കാർത്തിക താന്നിയ്ക്കൻ
bottom of page