top of page
a  light blue background .jpg

അറിവില്ലായ്മയും ആത്മവിശ്വാസവും

: ഒരു ബാങ്ക് കവർച്ചക്കാരൻ ലോകത്തിന് നൽകിയ വലിയ പാഠം

McArthur Wheeler

അദൃശ്യനായ കവർച്ചക്കാരനും ലോട്ടറിയടിച്ച മനഃശാസ്ത്രവും

ചില കുറ്റകൃത്യങ്ങൾ നമ്മെ ഭയപ്പെടുത്തും, ചിലത് അദ്ഭുതപ്പെടുത്തും. എന്നാൽ 1995-ൽ അമേരിക്കയിൽ നടന്ന ഒരു ബാങ്ക് കവർച്ച ലോകത്തെ ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്തു. ഒരു നാരങ്ങയും കുറച്ച് അബദ്ധധാരണകളും ചേർന്ന് മനഃശാസ്ത്ര ലോകത്തെ ഏറ്റവും വലിയൊരു കണ്ടെത്തലിലേക്ക് വഴിവെച്ച ആ വിചിത്ര കഥയിതാ.

നാരങ്ങാനീര് തേച്ച അദൃശ്യ മനുഷ്യൻ

1995 ജനുവരി 6, കടും തണുപ്പുള്ള ഒരു പ്രഭാതം. അമേരിക്കയിലെ പിറ്റ്‌സ്ബർഗ് നഗരത്തിലെ രണ്ട് പ്രമുഖ ബാങ്കുകളിൽ ഒന്നിനു പുറകെ ഒന്നായി കവർച്ച നടന്നു.

മോഷണം സാധാരണ സംഭവമാണെങ്കിലും, ഈ കവർച്ചയിൽ പോലീസിനെപ്പോലും ഞെട്ടിച്ചത് മറ്റൊന്നാണ്—കവർച്ചക്കാരൻ്റെ മുഖത്ത് മാസ്കോ, തലയിൽ മങ്കിക്യാപ്പോ, കൈകളിൽ ഗ്ലൗസോ ഒന്നുമുണ്ടായിരുന്നില്ല! അരയിൽ തിരുകിയ തോക്കെടുത്ത് ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തുമ്പോഴും, സെക്യൂരിറ്റി ക്യാമറകൾക്ക് നേരെ നോക്കി അയാൾ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

മക്ആർതർ വീലർ (McArthur Wheeler) എന്ന 44-കാരനായിരുന്നു ആ ധീരനായ കള്ളൻ. ഫേഷ്യൽ ക്യാമറകൾക്ക് മുന്നിൽ യാതൊരു ഭയവുമില്ലാതെ അയാൾ നിൽക്കാൻ കാരണം തികച്ചും ലളിതമായിരുന്നു—താൻ പൂർണ്ണമായും അദൃശ്യനാണെന്ന് അയാൾ വിശ്വസിച്ചിരുന്നു!.


കുട്ടിക്കാലത്ത് പലരും കേട്ടിട്ടുള്ള ഒരു കാര്യമുണ്ട്: നാരങ്ങാനീര് കൊണ്ട് പേപ്പറിൽ എഴുതിയാൽ അത് അദൃശ്യമായിരിക്കും , അത് ചൂടാക്കുമ്പോൾ മാത്രമേ തെളിഞ്ഞു കാണൂ. ഈ അറിവുവെച്ച് വീലർ ഒരു കണക്കുകൂട്ടി—"നാരങ്ങാനീര് പേപ്പറിനെ അദൃശ്യമാക്കുമെങ്കിൽ, അത് എൻ്റെ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ സെക്യൂരിറ്റി ക്യാമറകൾക്കും എന്നെ കാണാൻ കഴിയില്ല!".


പരാജയപ്പെട്ട സെൽഫി പരീക്ഷണം

ബാങ്ക് കൊള്ളയടിക്കാൻ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വീലർ തൻ്റെ വീട്ടുതൊടിയിൽ വെച്ച് ഒരു പരീക്ഷണം നടത്തി. മുഖത്ത് നാരങ്ങാനീര് മുഴുവൻ തേച്ചുപിടിപ്പിച്ച ശേഷം ഒരു പോളറോയ്ഡ് ക്യാമറ ഉപയോഗിച്ച് ഒരു സെൽഫിയെടുത്തു.


ഫോട്ടോ പ്രിന്റ് ചെയ്തു വന്നപ്പോൾ വീലർ ഞെട്ടി—അതിൽ സ്വന്തം മുഖമേയില്ല!

തൻ്റെ കെമിസ്ട്രി തിയറി 100% വിജയിച്ചുവെന്ന് അയാൾ ഉറപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു: കണ്ണിൽ നാരങ്ങാനീര് വീണ് നീറിയപ്പോൾ വീലർ ക്യാമറ അറിയാതെ മുകളിലേക്ക് മാറ്റിപ്പിടിച്ചതായിരുന്നു! പക്ഷെ താൻ 'അദൃശ്യനായി' എന്ന് സ്വയം വിശ്വസിച്ച് അയാൾ നേരെ ബാങ്കുകളിലേക്ക് വെച്ചുപിടിച്ചു.

"പക്ഷേ, ഞാൻ നാരങ്ങാനീര് പുരട്ടിയിരുന്നല്ലോ!"

കവർച്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം പോലീസിന് ബാങ്കിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങൾ ലഭിച്ചു. വീലറുടെ വ്യക്തമായ മുഖം കണ്ട പോലീസ് രാത്രി 11 മണിയുടെ വാർത്താബുള്ളറ്റിനിൽ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടു.

വാർത്ത വന്ന് മിനിറ്റുകൾക്കകം ആളുകൾ കള്ളനെ തിരിച്ചറിഞ്ഞു. അർദ്ധരാത്രിയോടെ പോലീസ് വീലറുടെ വാതിലിൽ മുട്ടി. കഥകു തുറന്ന വീലറുടെ കൈകളിൽ പോലീസ് വിലങ്ങുവെച്ചു.

പോലീസ് കാണിച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ വീലർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. നിരാശയോടെയും അത്ഭുതത്തോടെയും അയാൾ പോലീസിനോട് ചോദിച്ചു:

"പക്ഷേ, ഞാൻ നാരങ്ങാനീര് പുരട്ടിയിരുന്നല്ലോ! അതെങ്ങനെ സംഭവിച്ചു?"

അബദ്ധധാരണകളുടെ പേരിൽ കോടതി അയാൾക്ക് 24 വർഷത്തിലേറെ തടവുശിക്ഷ വിധിച്ചു.

ഒരു ബാങ്ക് മോഷണം മനഃശാസ്ത്ര ലോകത്തെ മാറ്റിയപ്പോൾ ഈ വിചിത്രമായ വാർത്ത കോർണെൽ സർവ്വകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ ഡേവിഡ് ഡണ്ണിങ് (David Dunning) വായിക്കാനിടയായി. അദ്ദേഹത്തിൻ്റെ മനസ്സിൽ ഒരു ചോദ്യം ഉദിച്ചു:

"ഒരാൾക്ക് ബാങ്ക് കൊള്ളയടിക്കാൻ വേണ്ടത്ര ബുദ്ധിയില്ലെങ്കിൽ, താൻ ചെയ്യുന്നത് അബദ്ധമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി എങ്കിലും അയാൾക്കുണ്ടാകുമോ?"

ഡണ്ണിങ് തൻ്റെ ഗവേഷണ വിദ്യാർത്ഥിയായ ജസ്റ്റിൻ ക്രൂഗറുമായി (Justin Kruger) ചേർന്ന് മനുഷ്യരുടെ സ്വയം വിലയിരുത്തലുകളെക്കുറിച്ച് (Self-Assessment) പഠനം തുടങ്ങി. തങ്ങൾക്ക് വലിയ കഴിവുണ്ടെന്ന് കരുതുന്ന പലരുടെയും യഥാർത്ഥ ശേഷി എത്രത്തോളമുണ്ടെന്ന് അവർ അളന്നു.

1999-ൽ അവർ തങ്ങളുടെ പ്രശസ്തമായ പഠനം പ്രസിദ്ധീകരിച്ചു. ഈ പഠനത്തിലൂടെയാണ് പ്രശസ്തമായ "ഡണ്ണിങ്-ക്രൂഗർ ഇഫക്റ്റ്" (Dunning–Kruger Effect) എന്ന പ്രതിഭാസം രൂപപ്പെടുന്നത്.

എന്താണ് ഡണ്ണിങ്-ക്രൂഗർ ഇഫക്റ്റ്?

എളുപ്പത്തിൽ പറഞ്ഞാൽ, "തങ്ങൾക്ക് ഒന്നുമറിയില്ല എന്ന കാര്യം പോലും അറിയാത്ത അവസ്ഥ!"

കുറഞ്ഞ കഴിവ്, ഉയർന്ന ആത്മവിശ്വാസം: ഒരു വിഷയത്തിൽ വളരെ കുറച്ച് അറിവുള്ള ആളുകൾ, തങ്ങൾക്ക് അതിൽ വലിയ അറിവുണ്ടെന്ന് തെറ്റായി വിശ്വസിക്കുന്നു. തങ്ങളുടെ അറിവില്ലായ്മ തിരിച്ചറിയാൻ ആവശ്യമായ സാമാന്യബോധം പോലും അവർക്കില്ലാത്തതാണ് ഇതിന് കാരണം (മക്ആർതർ വീലറെപ്പോലെ).

ഉയർന്ന കഴിവ്, കുറഞ്ഞ ആത്മവിശ്വാസം: എന്നാൽ, ഒരു വിഷയത്തിൽ ആഴത്തിൽ അറിവുള്ള പ്രഗത്ഭർ, തങ്ങളുടെ അറിവിനെപ്പോഴും സംശയത്തോടെ കാണുന്നു. തങ്ങൾക്ക് എളുപ്പമുള്ള കാര്യങ്ങൾ മറ്റെല്ലാവർക്കും എളുപ്പമായിരിക്കുമെന്ന് അവർ തെറ്റിദ്ധരിക്കുന്നു.

ലളിതമായ ഒരു പാഠം

നമ്മുടെ നിത്യജീവിതത്തിലും സോഷ്യൽ മീഡിയയിലുമെല്ലാം ഈ 'നാരങ്ങാനീര് കുറ്റവാളികളെ' കാണാം. ഒന്നും അറിയില്ലെങ്കിലും എല്ലാ വിഷയത്തിലും അന്തിമവിധി പ്രഖ്യാപിക്കുന്ന അല്പജ്ഞാനർ.

മക്ആർതർ വീലർ എന്ന ബാങ്ക് കൊള്ളക്കാരൻ മനഃശാസ്ത്ര ലോകത്തിന് നൽകിയ ഏറ്റവും വലിയ പാഠം ഇതാണ്: ഒരു കാര്യം ശരിയായി ചെയ്യാൻ ആവശ്യമായ അറിവ് തന്നെയാണ്, നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് തിരിച്ചറിയാനും വേണ്ടത്!.

പൂജ ഓൺലൈൻ ഡെസ്ക്

bottom of page