top of page
a  light blue background .jpg

ഇകെമെൻ' ഷബാനിയും 'ചിന്തകൻ' കിയോമാസയും!

മാസ്സ് അച്ഛൻ, ക്ലാസ്സ് മകൻ! ഇതാണ് ജപ്പാനിലെ 'ഗൊറില്ല ജോഡി'

Shabani and Kiyomasa

ചിന്താകുഴപ്പത്തിലായ ഗൊറില്ലയും, സുന്ദരനായ പിതാവ് ഗൊറില്ലയും

താടിക്ക് കയ്യും കൊടുത്ത്, ലോകത്തിലെ സകല സങ്കടങ്ങളും തലയിലേറ്റിയ മട്ടിൽ വലിയ എന്തോ ഗൗരവമുള്ള വിഷയം ആലോചിച്ചിരിക്കുന്ന ഒരു ഗൊറില്ല! കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നില്ലേ?

ജപ്പാനിലെ നഗോയയിലുള്ള ഹിഗാഷിയാമ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡൻസിലെ (Higashiyama Zoo and Botanical Gardens) വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയായ കിയോമാസ (Kiyomasa) ആണ് ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്രേമികളുടെ മനംകവർന്ന ആ പുതിയ താരം!
രാജകീയ പാരമ്പര്യവും വൈറൽ പ്രശസ്തിയും

2012 നവംബർ 1-നാണ് കിയോമാസയുടെ ജനനം. പതിനാറാം നൂറ്റാണ്ടിലെ പ്രശസ്ത ജാപ്പനീസ് സമുറായിയായ കാറ്റോ കിയോമാസയുടെ (Katō Kiyomasa) ഓർമ്മയ്ക്കായാണ് അവന് ഈ പേര് നൽകിയത്. എന്നാൽ പേരിനേക്കാൾ ഉപരി അവൻ്റെ മാസ്മരിക പാരമ്പര്യമാണ് അവനെ വേറിട്ടുനിർത്തുന്നത്. ജപ്പാനിലെ "ഇകെമെൻ" (Ikemen - അതിസുന്ദരനായ പുരുഷൻ) എന്ന് ആരാധകർ വിശേഷിപ്പിച്ച, ലോകപ്രശസ്തനായ 'ഷബാനി' (Shabani) എന്ന സിൽവർബാക്ക് ഗൊറില്ലയുടെ മകനാണ് കിയോമാസ! 'നെനെ' (Nene) എന്നാണ് അമ്മയുടെ പേര്.

ഇന്റർനെറ്റിനെ കീഴടക്കിയ "ചിന്തകൻ"

ലോകപ്രശസ്ത ഫ്രഞ്ച് ശിൽപ്പി അഗസ്റ്റെ റോഡിൻ്റെ 'ദി തിങ്കർ' (The Thinker) എന്ന ശില്പത്തെ വെല്ലുന്ന ഭാവത്തോടെയാണ് കിയോമാസ ക്യാമറയിൽ പതിഞ്ഞത്. താടിക്ക് കയ്യും കൊടുത്ത്, ഗൗരവത്തിൽ ദൂരേക്ക് കണ്ണും നട്ടിരിക്കുന്ന അവൻ്റെ വീഡിയോ സന്ദർശകർ പകർത്തിയതോടെയാണ് അവൻ ഇന്റർനെറ്റിലെ തരംഗമായത്.

"ഓവർതിങ്കിംഗ് ഗൊറില്ല" (Overthinking Gorilla) എന്നാണ് സോഷ്യൽ മീഡിയ അവന് നൽകിയിരിക്കുന്ന സ്നേഹപ്പേര്. "ജീവിതത്തിലെ തെറ്റായ തീരുമാനങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുകയാണോ" അതോ "കൂട്ടുകാരുമായി വഴക്കിട്ടതിൻ്റെ സങ്കടത്തിലാണോ" എന്നിങ്ങനെ രസകരമായ കമന്റുകളോടെയാണ് ഈ ചിത്രങ്ങളും വീഡിയോകളും ആളുകൾ ഏറ്റെടുക്കുന്നത്.


ഗ്ലോബൽ സൂപ്പർസ്റ്റാർ 'ഷബാനി':

മൂന്ന് ഭൂഖണ്ഡങ്ങൾ കടന്നൊരു ഗൊറില്ലക്കഥ!

കിയോമാസയുടെ അച്ഛൻ 'ഷബാനി' ഒരു സാധാരണ ഗൊറില്ലയല്ല! ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു യഥാർത്ഥ അന്താരാഷ്ട്ര താരമാണ് അവൻ.

മൂന്ന് രാജ്യങ്ങളിലൂടെ കടന്നുപോയ അവൻ്റെ ആവേശകരമായ ജീവിതവഴി ഇതാ:

യൂറോപ്പ് മുതൽ ജപ്പാൻ വരെ: ഒരു രാജകീയ പ്രയാണം

യൂറോപ്പിലെ ജനനം: 1996 ഒക്ടോബർ 20-ന് നെതർലാൻഡ്സിലെ പ്രശസ്തമായ ആപെൻഹെയുൽ പ്രൈമേറ്റ് പാർക്കിലാണ് ഷബാനിയുടെ ജനനം.

ഓസ്ട്രേലിയയിലെ ബാല്യം: ജനിച്ചു തൊട്ടടുത്ത മാസം തന്നെ (1996 ഡിസംബറിൽ) അവൻ കുടുംബസമേതം ഓസ്ട്രേലിയയിലെ പ്രശസ്തമായ സിഡ്നി തരോംഗ സൂവിലേക്ക് കുടിയേറി. അവിടെയാണ് അവൻ ഒരു കരുത്തനായ സിൽവർബാക്ക് ഗൊറില്ലയായി വളർന്നത്.

ജപ്പാനിലെ പുതിയ വീട്: 2007-ൽ വംശവർദ്ധനവ് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായി അവനെ ജപ്പാനിലെ നഗോയയിലുള്ള ഹിഗാഷിയാമ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡൻസിലേക്ക് മാറ്റി.

ഇന്റർനെറ്റിനെ ഇളക്കിമറിച്ച "ഇകെമെൻ" തരംഗം!

ജപ്പാനിലെത്തിയതോടെ ഷബാനിയുടെ ജീവിതം ഒരു സിനിമാക്കഥ പോലെ മാറിമറിഞ്ഞു! ഹോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന അവൻ്റെ ഗൗരവമാർന്ന നോട്ടവും മാസറ്റ്രാക്റ്റീവ് പോസുകളും കണ്ട ജാപ്പനീസ് മാധ്യമങ്ങൾ അവന് "ഇകെമെൻ" (Ikemen - അതിസുന്ദരനായ പുരുഷൻ) എന്ന് പേരിട്ടു.

ക്യാമറയ്ക്ക് മുന്നിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ പോസ് ചെയ്യുന്ന ഈ "ഹാൻഡ്സം ഗൊറില്ലയെ" ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ദിവസവും മൃഗശാലയിലേക്ക് ഒഴുകിയെത്തിയത്. ജപ്പാനിൽ ഷബാനിയുടെ പേരിൽ പുറത്തിറങ്ങിയ ഫോട്ടോ ബുക്കുകളും കലണ്ടറുകളും വരെ റെക്കോർഡ് വിൽപ്പന നേടി സൂപ്പർസ്റ്റാർ പദവി ഉറപ്പിച്ചു!


പൂജ ഓൺലൈൻ സ്പെഷ്യൽ ഡെസ്ക്

bottom of page