top of page

ധീരനായ വികർണ്ണൻ

കൗരവസഭയിലെ ഏക ധർമ്മസ്വരൂപൻ

ചതിയുടെ കളി


​ഹസ്തിനപുരിയിലെ രാജസഭ മൗനത്തിലാണ്ടു പോയ ഒരു ദിനം. ആ മൗനം ഭീരുത്വത്തിൻ്റെതായിരുന്നു. പാണ്ഡവർ തങ്ങളുടെ സർവ്വസ്വവും ചൂതാട്ടത്തിൽ തോറ്റിരിക്കുന്നു. ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ച് സഭയുടെ നടുവിലേക്ക് കൊണ്ടുവന്നു. കുരുവംശത്തിൻ്റെ മുതിർന്ന കാരണവർ ഭീഷ്മരും, ആചാര്യന്മാരായ ദ്രോണരും കൃപരും തലതാഴ്ത്തി ഇരിക്കുകയാണ്.

​അവിടെ ഒരു സ്ത്രീയുടെ മാനം ചോദ്യം ചെയ്യപ്പെടുമ്പോൾ, നീതിയുടെ പക്ഷം പിടിക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു യുവാവ് എഴുന്നേറ്റു നിന്നു. അത് ദുര്യോധനൻ്റെ അനുജനും ധൃതരാഷ്ട്രപുത്രനുമായ വികർണ്ണനാണ്.

അയാൾ ധീരമായി കുറെ ചോദ്യങ്ങൾ ചോദിച്ചു. ​തൻ്റെ ജ്യേഷ്ഠന്മാരെയും സഭയിലെ മുതിർന്നവരെയും നോക്കി വികർണ്ണൻ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ആ ചോദ്യങ്ങൾ ചോദിച്ചത് .

​"എന്തുകൊണ്ടാണ് നിങ്ങളെല്ലാവരും ഈ അധർമ്മത്തിന് സാക്ഷിയായി മൗനം പാലിക്കുന്നത്? ഈ സഭയിൽ നടക്കുന്നത് കടുത്ത അനീതിയാണ്!"


​വികർണ്ണൻ തൻ്റെ വാദങ്ങൾ ഓരോന്നായി സഭയിൽ നിരത്തി,

​അനധികൃതമായ പണയം ശരിയാണോ?, യുധിഷ്ഠിരൻ ആദ്യം തന്നെത്തന്നെ പണയപ്പെടുത്തി തോറ്റതാണ്. അടിമയായിക്കഴിഞ്ഞ ഒരാൾക്ക് പിന്നീട് തൻ്റെ ഭാര്യയെ പണയം വയ്ക്കാൻ യാതൊരു അധികാരവുമില്ല.

​ചതിയുടെ കളിയല്ലേ ഇത്?. ഈ ചൂതാട്ടം ഒരു വിനോദമല്ല, മറിച്ച് ശകുനിയുടെ കുടിലതന്ത്രമാണ് . ചതിയിലൂടെ നേടിയ വിജയത്തെ ഒരിക്കലും ധർമ്മമായി കാണാനാവില്ല.

​കുലത്തിൻ്റെ നാശത്തിന് ഈ പ്രവർത്തി കാരണമാകും. കുലസ്ത്രീയെ അപമാനിക്കുന്ന ഇടത്ത് ഐശ്വര്യം ഉണ്ടാവില്ലെന്നും ഇത് കുരുവംശത്തിൻ്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം താക്കീത് നൽകി.

​കർണ്ണനും ദുര്യോധനനും വികർണ്ണനെ പരിഹസിച്ചു. ഒരു കൊച്ചുബാലൻ മുതിർന്നവരെ പഠിപ്പിക്കാൻ വളർന്നിട്ടില്ലെന്ന് പറഞ്ഞ് അവർ അവനെ നിശബ്ദനാക്കാൻ ശ്രമിച്ചു. എങ്കിലും, ആ സഭയിൽ ധർമ്മം എന്താണെന്ന് ഉറക്കെ വിളിച്ചുപറയാൻ വികർണ്ണൻ കാട്ടിയ ആർജ്ജവം അദ്ദേഹത്തെ ചരിത്രത്തിൽ അമരനാക്കി.

​വർഷങ്ങൾക്കുശേഷം കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഭീമനും വികർണ്ണനും നേർക്കുനേർ വന്നു. നൂറു കൗരവരെയും വധിക്കുമെന്ന് ശപഥം ചെയ്ത ഭീമന് മുന്നിൽ വികർണ്ണൻ നിസ്സഹായനായി നിന്നു. ഭീമൻ വിതുമ്പലോടെ വികർണ്ണനോട് പറഞ്ഞു.

​"വികർണ്ണാ, നിന്നെ കൊല്ലാൻ എനിക്ക് ആഗ്രഹമില്ല. ദ്രൗപദി അപമാനിക്കപ്പെട്ടപ്പോൾ നീതിക്ക് വേണ്ടി സംസാരിച്ച ഒരേയൊരു കൗരവൻ നീയാണ്. പക്ഷേ എൻ്റെ ശപഥം എനിക്ക് പാലിച്ചേ തീരൂ."


​തൻ്റെ കുലത്തോടുള്ള കടമ നിർവഹിക്കാൻ വികർണ്ണനും പോരാടി. ഒടുവിൽ ഭീമൻ്റെ ഗദയാൽ വികർണ്ണൻ വീണപ്പോൾ, ഒരു ശത്രുവിൻ്റെ മൃതദേഹത്തിനരികിൽ ഇരുന്നല്ല, മറിച്ച് ഒരു നല്ല മനുഷ്യൻ്റെ വേർപാടിൽ ഭീമൻ ദുഃഖിച്ചു.

​ഗുണപാഠം: ഭൂരിപക്ഷം തെറ്റിൻ്റെ കൂടെ നിൽക്കുമ്പോഴും ഒറ്റയ്ക്കാണെങ്കിൽ പോലും സത്യത്തിന് വേണ്ടി സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ വീര്യം.

bottom of page