


പെണ്ണയനങ്ങളുടെ ചരിത്രവഴികളിലൂടെ
പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ എന്ന പെൺ പ്രവാസ ഓർമ്മകളുടെ ആമുഖം

രണ്ടാം പതിപ്പിലേക്ക് കടക്കുന്ന
പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ
എന്ന പെൺ പ്രവാസ ഓർമ്മകളുടെ
ആമുഖം
പെണ്ണയനങ്ങളുടെ
ചരിത്രവഴികളിലൂടെ
...................................
(ആമുഖം)
എഡിറ്റർ: രമേഷ് പെരുമ്പിലാവ്.
ഇബ്ൻ ബത്തൂത്ത 14-ാം നൂറ്റാണ്ടിലെ തൻ്റെ യാത്രാവിവരത്തിൽ സ്ത്രീ യാത്രികരെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എലിൻ നുസാന്തറ (Ellen Nusantara) എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഇന്തോനേഷ്യൻ സ്ത്രീ 15-ാം നൂറ്റാണ്ടിൽ ചൈനയിലേക്ക് യാത്ര ചെയ്തിരുന്നെന്നു രേഖകളിൽ കാണാം.
Jeanne Baret (18-ആം നൂറ്റാണ്ട്) പുരുഷവേഷം ധരിച്ച് ലോകം ചുറ്റിയ ആദ്യ വനിതയെന്ന റെക്കോർഡ് ജീനിൻ്റെ പേരിലാണ്. ജീൻ ബാരറ്റ് (ജനനം: ജൂലൈ 27, 1740, ബർഗണ്ടി, ഫ്രാൻസ് - മരണം: ഓഗസ്റ്റ് 5, 1807, സെന്റ്-ഔലേ) ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞയും പര്യവേക്ഷകയുമായിരുന്നു അവർ.
ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ ദരിദ്ര സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന തൊഴിലാളികളുടെ ഒരു കുടുംബത്തിലാണ് ബാരറ്റ് ജനിച്ചത്. ചെറുപ്പം മുതൽ തന്നെ ബാരറ്റ് പ്രകൃതി ലോകത്തിൽ മുഴുകിയിരുന്നു, പ്രത്യേകിച്ച് സസ്യങ്ങളുടെ ഔഷധ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ.
1760-ൽ ബാരറ്റ് ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായ ഫിലിബർട്ട് കൊമേഴ്‌സണെ കണ്ടുമുട്ടുകയും അദ്ദേഹത്തിൻ്റെ വീട്ടിൽ ഒരു വേലക്കാരിയായി ചേരുകയും ചെയ്തു. കൊമേഴ്‌സണെ സസ്യ വർഗ്ഗീകരണത്തിൽ സഹായിക്കുക തുടങ്ങിയ നിരവധി സസ്യശാസ്ത്ര ചുമതലകൾ അവരുടെ റോളിൽ ഉൾപ്പെട്ടിരുന്നു. 1762-ൽ അദ്ദേഹത്തിൻ്റെ ഭാര്യയുടെ മരണശേഷം ബാരറ്റും കൊമേഴ്‌സണും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറി.
1766-ൽ ഫ്രഞ്ച് നാവികനായ ലൂയിസ്-ആന്റോയിൻ ഡി ബൊഗൻവില്ലെ, ഫ്രഞ്ച് നാവിക കപ്പലായ എറ്റോയിലിൽ സസ്യശാസ്ത്രജ്ഞനായി സേവനമനുഷ്ഠിക്കാൻ കൊമേഴ്‌സണെ ക്ഷണിച്ചു. ബാരറ്റിൻ്റെ പ്രണയപരമായ അടുപ്പമോ സസ്യശാസ്ത്ര വൈദഗ്ധ്യത്തോടുള്ള ബഹുമാനമോ കാരണമായിരിക്കാം, തൻ്റെ സഹായിയായി യാത്രയിൽ പങ്കുചേരാൻ കൊമേഴ്‌സൺ അഭ്യർത്ഥിച്ചത്. ഫ്രഞ്ച് നാവിക നിയമങ്ങൾ നാവിക കപ്പലുകളിൽ സ്ത്രീകളുടെ സാന്നിധ്യം നിരോധിച്ചതിനാൽ, ബാരറ്റ് ഒരു പുരുഷനായി വേഷംമാറി അവളുടെ പേര് "ജീൻ" എന്ന് ചുരുക്കി.
യാത്രയിലുടനീളം ബാരറ്റ് സസ്യശാസ്ത്രത്തിൽ പുതിയ വഴികൾ കണ്ടെത്തി. വഴിയിലുടനീളം ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് അവളും കൊമേഴ്‌സണും 6,000-ത്തിലധികം സസ്യ സാമ്പിളുകൾ ശേഖരിച്ചു, അവയിൽ ചിലത് ഒടുവിൽ ജാർഡിൻ ഡെസ് പ്ലാന്റസിലെ ഫ്രഞ്ച് ദേശീയ ഹെർബേറിയത്തിൽ എത്തി. കൊമേഴ്‌സൻ്റെ ബലഹീനത ബാരറ്റിനെ ശാസ്ത്രീയ പ്രവർത്തനത്തിൻ്റെ ഭൂരിഭാഗവും ഏറ്റെടുത്തു. റിയോ ഡി ജനീറോയിൽ, പൂക്കുന്ന വള്ളികളുടെ ഒരു ജനുസ് അവർ കണ്ടെത്തിയതായി കരുതപ്പെടുന്നു, അതിന് അവളും കൊമേഴ്‌സണും കപ്പലിൻ്റെ ക്യാപ്റ്റനായി ബൗഗൈൻവില്ല എന്ന് പേരിട്ടു.
1767-ൽ പോളിനേഷ്യൻ ദ്വീപായ താഹിതിയിൽ താമസിക്കുന്നവർ ബാരറ്റിനെ ഒരു സ്ത്രീയായി തിരിച്ചറിഞ്ഞു.
ബാരറ്റിൻ്റെ സ്ത്രീത്വം കണ്ടെത്തിയ വെല്ലുവിളികൾക്കിടയിലും, അവർ മാസങ്ങളോളം കപ്പലിൽ തന്നെ തുടർന്നു. കപ്പലിലെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങാൻ അവൾക്ക് വളരെ അപൂർവമായി മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ, കൂടാതെ സ്ത്രീയെന്ന് തിരിച്ചറിഞ്ഞതിൽപ്പിന്നെ ജീവനക്കാരിൽ നിന്ന് ലൈംഗിക ആക്രമണങ്ങൾ തുടർന്നിരുന്നു. എറ്റോയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിൽ കുറച്ചുനേരം നങ്കൂരമിട്ടപ്പോൾ, ബാരറ്റും കൊമേഴ്‌സണും കപ്പലിൽ നിന്ന് ഇറങ്ങി.
ദ്വീപിൻ്റെ ഗവർണറുടെ അതിഥികളായി ദമ്പതികൾ മൗറീഷ്യസിൽ താമസിച്ചു. കൊമേഴ്‌സണിൻ്റെ അവസ്ഥ വഷളായപ്പോൾ, ബാരറ്റ് അദ്ദേഹത്തിൻ്റെ സഹായിയും വീട്ടുജോലിക്കാരിയുമായി സേവനമനുഷ്ഠിച്ചു; ഒടുവിൽ 1773-ൽ അദ്ദേഹം മരിച്ചു. അവർ മൗറീഷ്യസിലെ ഒരു മദ്യശാലയിലും ജോലി ചെയ്തു. 1774-ൽ ജീൻ ഡുബെർനാറ്റ് എന്ന ഫ്രഞ്ച് പട്ടാളക്കാരനെ കണ്ടുമുട്ടുകയും അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു.
ശാസ്ത്രത്തിന് ബാരറ്റ് നൽകിയ സംഭാവനകളിൽ പലതും അവഗണിക്കപ്പെടുകയോ കോമേഴ്‌സണിൻ്റെതാണെന്ന് ആരോപിക്കപ്പെടുകയോ ചെയ്‌തെങ്കിലും, അവരുടെ പൈതൃകം ഇപ്പോഴും നിലനിൽക്കുന്നു. 2012-ൽ സോളാനം ബറേറ്റിയ എന്ന ഒരു ഇനം മുന്തിരിവള്ളി അവരുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടു. ആറ് വർഷത്തിന് ശേഷം, ബാരറ്റിൻ്റെ സ്മരണയ്ക്കായി ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോ ദി ബാരറ്റ് മോണ്ടെസിലെ ഒരു പർവത ശൃംഖലയ്ക്ക് പേരിട്ടു.
പറഞ്ഞു വന്നത് ആദ്യ സ്ത്രീ യാത്രികപോലും തൻ്റെ ജീവിതം കൊണ്ട് ഏതൊക്കെ വിധം ലോകത്ത് ഇടപ്പെട്ടു എന്നതാണ്. വർത്തമാനകാലത്ത് സ്ത്രീകൾ തനിയെ ലോകം മുഴുവൻ സഞ്ചരിക്കുന്നത് ഒരു സാധാരണ കാര്യമാണ്.
സ്ത്രീകളുടെ പ്രവാസം എന്നത് കണക്കുകളിലോ ആനുകാലിക സംഭവങ്ങളിലോ ഒതുങ്ങിപ്പോകുന്ന ഒരു കാര്യം അല്ല; അത് അവരുടെ ആകമാനമായ അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും വെല്ലുവിളികളുടെയും കഥയാണ്. “പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ” എന്ന ഈ പുസ്തകം പെൺപ്രവാസജീവിതങ്ങളുടെ ഉൾക്കാഴ്ചകളെ സമാഹരിക്കുന്നു. .
പ്രവാസം പുരുഷപ്രധാനമായിരുന്നു എന്ന പഴയ ധാരണയെ നിശ്ശബ്ദമായി തിരിച്ചറിഞ്ഞുകൊണ്ട്, ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള സ്ത്രീകൾ അവരുടെ യാത്രകളും പ്രയാസങ്ങളും വിജയങ്ങളും തുറന്നുപറയുകയാണ്. ഈ എഴുത്തുകളിലൂടെ നമ്മൾ കാണുന്നത്, ചിലപ്പോൾ വിജാതീയമായ ഇടങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾ മറ്റൊരവസരത്തിൽ, സ്വന്തം സ്വാതന്ത്ര്യത്തിനായി സങ്കീർണ്ണമായ ദിശകളിൽ നടത്തിയ അന്വേഷണങ്ങൾ.
പ്രവാസജീവിതത്തിൻ്റെ തനിമയും ദ്വന്ദവിവേചനവും
പ്രവാസിയായ സ്ത്രീ തൻ്റെ ജീവിതത്തിൽ നേരിടുന്ന വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികളാണ് പല എഴുത്തുകളിലും പ്രകാശിക്കുന്നത്.
പലരുടെയും പ്രവാസം അവരുടെ ആത്മാർത്ഥമായ സ്വാതന്ത്ര്യത്തിൻ്റെ തുടക്കമാണ്. പെൺ പ്രവാസം മാത്രം പ്രമേയമാക്കിയിരിക്കുന്ന ഈ സമാഹാരത്തിലെ ഓരോ കുറിപ്പും വായനക്കാർക്ക് സ്പന്ദനാത്മകമായ അനുഭവം തന്നെയാകും. അവസാനിപ്പിക്കാനാകാത്ത കഥകളുടെ തുടക്കം, നമുക്ക് മാത്രമല്ല, വരും തലമുറയ്ക്കും സ്ത്രീജീവിതങ്ങളുടെ ഭാവുകത്വം കുറിക്കുന്ന ഒരു ദിശാബോധം നൽകും
വായനയിൽ എഴുത്തിൽ ജോലിയിൽ തൻ്റെ ചിന്തകളെ ഉരച്ചു മിനുക്കിയെടുക്കുന്നത്, നാടുവിട്ടുള്ള ഈ ജീവിതം തന്നെയെന്ന് അടിവരയിടുന്നു ഷബിനി വാസുദേവ് 'അതിരുകൾക്കപ്പുറം നമ്മുടേതാകുന്ന ചിലയിടങ്ങൾ' എന്ന കുറിപ്പിലൂടെ. ബഹറിനിലെ ഭൂമികയിൽ നിന്നാണ് എഴുത്തുകാരി തൻ്റെ അനുഭങ്ങളെ അടയാളപ്പെടുത്തുന്നത്.
മരുക്കാട്ടിലും കൃഷ്ണകൾ പൂക്കാറുണ്ടെന്നും അത് വസന്തശലഭങ്ങൾക്ക് ചിറകുകൾ തുന്നി കൊടുക്കാറുണ്ടെന്നും ഒട്ടും സന്ദേഹമില്ലാതെ ഉച്ചത്തിൽ വിളിച്ചു പറയുന്നു സൗദിയിലെ മരുഭൂവഴികളിലൂടെ സബീന എം സാലി.
ആൺ പെൺ വ്യത്യാസങ്ങൾ ഇല്ലാതെ മേശ പങ്കിടുന്നത് അമേരിക്കക്കാർ നഴ്സറിയിലെ തുടങ്ങുന്നതാണ്. വേലികളും വേർതിരിവുകളും ഇല്ലാതെ കിൻഡർ ഗാർഡൻ മുതൽ യൂണിവേഴ്സിറ്റി വരെ ഒന്നിച്ചിരുന്ന് പഠനം നടത്തുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നല്ല സുഹൃത്തുക്കളാവാൻ കഴിയുന്നു. മനുഷ്യബന്ധങ്ങളെക്കുറിച്ച് കുറച്ചു കൂടി വിശാലമായ കാഴ്ചപ്പാട് കാനഡയിൽ നിന്നും നിർമ്മല അവതരിപ്പിക്കുന്നു.
കേരളത്തിൽ നിന്നുള്ള തൊഴിൽ കുടിയേറ്റത്തിൽ സ്ത്രീ അനുഭവങ്ങൾക്ക് സവിശേഷ സ്ഥാനം ഉണ്ട് കുടിയേറ്റം സാമൂഹ്യ മാറ്റത്തിന് കാരണമാക്കിയെങ്കിൽ അതിൽ സ്ത്രീകളുടെ കാര്യമായ പങ്കുമുണ്ട്. സാഹചര്യങ്ങളാണ് സ്ത്രീകളെ വിദേശത്ത് എത്തിക്കുന്നത്. ആ സാഹചര്യങ്ങൾ കാലങ്ങളിലൂടെ പരിവർത്തനത്തിന് വിധേയമായിട്ടുണ്ടെന്ന് പറയുന്നു, അതിജീവനത്തിൻ്റെ പെണ്ണയനങ്ങളിലൂടെ ഷീല ടോമി.
ഞാൻ ഉണ്ടാകേണ്ട ഇടങ്ങളിലുള്ള എൻ്റെ അസാന്നിധ്യം എന്റേതെന്നു കരുതപ്പെടുന്ന ഇടങ്ങളിൽ നിന്നുള്ള എൻ്റെ ഒഴിഞ്ഞു നിൽപ്പ്, അത് ഉളവാക്കുന്ന ശൂന്യത, അതാണെൻ്റെ പ്രവാസം. ഭൂഖണ്ഡങ്ങൾ അകലെയെങ്കിലും നമ്മുടെ ചിന്തകളെയും വികാരങ്ങളെയും കഥകളെയും രൂപപ്പെടുത്തുന്നത് നാം ജന്മം കൊണ്ട ഇടം തന്നെയാണെന്ന് പ്രവാസം എന്ന തുറവിൽ സോണിയ റഫീക്ക് എഴുതുന്നു.
പ്രവാസി, അത് ആണായാലും പെണ്ണായാലും ഞാനായാലും നിങ്ങളായാലും ഒരു ഫൈറ്റർ തന്നെയാണ്. വിട്ടുപോന്ന ഓർമ്മകളോട്, ഏകാന്തതയോട്, ചുട്ടുപഴുത്ത മനസ്സുകളോട്, അവയിൽ അറ്റമില്ലാതെ പരന്നുകിടക്കുന്ന മരുഭൂമികളോട്, മഞ്ഞു ഭൂഖണ്ഡങ്ങളോട് നിരന്തരമായി പൊരുതിക്കൊണ്ടിരിക്കുന്ന പോരാളിണെന്ന് സൗദിയിലെ വാസത്തെ സാക്ഷ്യപ്പെടുത്തുന്നു
സിതാര. എസ്.
പ്രവാസത്തിൻ്റെ ഇരുപത് വർഷങ്ങൾ കഴിയുമ്പോൾ, പണ്ട് ഇരുപത്തിനാലാം വയസ്സിൽ ഈ രാജ്യത്ത് വിമാനമിറങ്ങിയ, നിറച്ചും സ്വപ്നങ്ങളും ആശങ്കകളും നിറഞ്ഞ്, ഇതുവരെ കാണാത്ത പുത്തൻ കാഴ്ചകളിലേക്ക് അതിശയത്തോടെ കണ്ണുമിഴിച്ചു നടക്കുന്ന ഒരു പെൺകുട്ടിയെ ഓർത്തെക്കുന്നു അയർലണ്ടിൽ നിന്നും ദിവ്യ ജോൺ ജോസ് അതിരുകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രവാസം എന്ന നീണ്ട എഴുത്തിൽ
പ്രവാസം പരിഗണനയുടെ, പരിഹാരത്തിൻ്റെ , പരമോന്നതിയുടെ, പരികല്പനകളുടെയിടങ്ങൾ മാത്രമല്ല. പരിഹാസത്തിൻ്റെ , പരിധിയുടെ, പരപീഡയുടെ, ഇടങ്ങൾ കൂടിയാണ്. ഇനിയും എത്രയോ മെച്ചപ്പെടാനുള്ള ലോകത്തിൻ്റെ ചെറുമാതൃക. ഒമാനിൽ നിന്നും ചുവർ പ്രവാസത്തിലൂടെ അമ്മു വള്ളിക്കാട്ട് കാണിച്ചു തരുന്ന ചില ചിത്രങ്ങൾ
വന്നുചേരുന്നവർക്ക് വിളിക്കാനുള്ള സൗകര്യത്തിനായി വിദേശ നാമങ്ങൾ സ്വീകരിക്കുന്ന ഒരു പതിവ് വർഷങ്ങളായി ചൈനക്കാർക്കിടയിലുണ്ട്. മറ്റൊരു ഭാഷയെ അവർ ഉൾക്കൊള്ളുന്നത് ഇത്തരത്തിൽ കൂടിയാണെന്ന് ഫർസാന ചൈനയിൽ നിന്നും എഴുതുന്നു.
പ്രവാസമെന്ന സങ്കടഭാരത്തിലേക്ക് വഴുതി വീഴാതിരിക്കാൻ നെഞ്ചിൻകൂടിനുള്ളിൽ മലയാള അക്ഷരമാലയിലെ ഓരോ അക്ഷരത്തെയും തേനീച്ചച്ചിറകുകൾ മുളപ്പിച്ച്, ഹൃദയത്തിനുള്ളിൽ മൂളിപ്പറത്തി ക്കൊണ്ടിരിക്കുന്നു എന്ന് ചിക്കാഗോയിൽ നിന്ന് ചിത്രകാരി കൂടിയായ ഡോണ മയൂര, കവിതപോലെയുള്ള ഭാഷ കൊണ്ട് പ്രവാസത്തെ ദൃശ്യപ്പെടുത്തുന്നു.
പ്രവാസം എപ്പോഴും പ്രയാസത്തിൻ്റേതു മാത്രമല്ല, മറിച്ച് പെൺപ്രവാസങ്ങൾ പലപ്പോഴും അവൾക്കു ദുരിതാക്ഷരങ്ങളുടെ മുനയൊടിച്ച്, അനുഭവങ്ങളുടെ പുതിയ പാഠങ്ങൾ തീർത്ത വിചിത്രസഞ്ചയങ്ങളിലേക്കുള്ള അനേകം വാതായനങ്ങൾ തുറന്നു കൊടുക്കുന്നുവെന്ന് കടലോളം ആഴമുള്ള പ്രവാസത്തിൽ കുറിച്ചിടുന്നുണ്ട്, അമൽ ഫെർമിസ്.
എനിക്ക് പ്രവാസം എന്തെന്നാൽ എന്നെ പരിചയമില്ലാത്ത എന്നാൽ ആകെ പിടിച്ചുലച്ചു പോകുന്ന അപരിചിതരായ കുറേ മനുഷ്യരാണ്. അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചു പോകും മറ്റെവിടെക്കോ ഉള്ള പറന്നു പോക്കുമാണെന്ന് റസീന ഹൈദർ എഴുതുന്നു.
സ്വദേശത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടി മറുദേശം താണ്ടിയ ഓരോ സ്ത്രീയുടെയും അതിജീവനവും മുന്നേറ്റവും ജീവിത പോരാട്ടവും നാടിൻ്റെ അഭിമാനവും വരുംതലമുറയ്ക്കുള്ള കാത്തുവെപ്പുമാണെന്ന് ഉച്ചത്തിൽ തന്നെ പറയുകയാണ്, സ്വത്വം അടയാളപ്പെടുത്തിയ സ്ത്രീസഞ്ചാരങ്ങളിലൂടെ റസീന കെ.പി.
ഏത് പാതിരക്കും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ ധൈര്യം തന്നതും, നാട്ടുകാരെ പേടിക്കാതെ കാലത്ത് പത്തു മണി വരെ ഉറങ്ങാനായതും പ്രവാസിയായതിൽ പിന്നെയാണെന്ന് എഴുതുന്ന ഹുസ്ന, തൻ്റെ ഉള്ളിലെ കഥപ്പിരാന്ത് ചങ്ങലപൊട്ടിച്ച് വീണ്ടും ഉച്ചത്തിൽ ചിരിച്ചതും ഇവിടെ വെച്ചാണെന്ന് സന്തോഷം കൊള്ളുന്നു.
ഒറ്റക്ക് നനഞ്ഞു തീർത്ത മഴകാലങ്ങളിലേക്ക് ഇടക്കൊക്കെ പറന്നു പോകാൻ തോന്നുമെങ്കിലും ഇപ്പോൾ ഞാനീ മരുക്കാറ്റിനെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് എഴുത്തുകാരി അടിവരയിടുന്നു.
പെണ്ണുപൂക്കുന്ന നാട് തേടി രാജ്യത്തെ വിട്ടുകളയുന്ന സ്ത്രീകളുടെ എണ്ണത്തെ സംബന്ധിച്ച് പഠനങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നതിൻ്റെ ആശങ്കയാണ് 'തിരികെ മടങ്ങുവാൻ തീരെ കൊതിക്കാത്ത പ്രവാസി സ്ത്രീകൾ ' എന്ന സോണിയയുടെ എഴുത്ത്. സ്ത്രീ പ്രവാസത്തെ കുറിച്ച് ആധികാരികമായി ചില കണക്കുകളും പഠനങ്ങളും അവതരിപ്പിക്കുന്നതിനോടൊപ്പം, തിരികെ മടങ്ങാൻ മനസ്സുകൊണ്ട് എല്ലാവരും ആഗ്രഹിക്കുന്നുണ്ടോ ? പ്രത്യേകിച്ച് സ്ത്രീകൾ ആ മടക്കത്തിന് കൊതിക്കുന്നുണ്ടോ ?എന്ന ചോദ്യം ഈ എഴുത്തിൽ പ്രസക്തമാണ്
മലയാളിയുടെ ദേശാന്തര ജീവിതത്തിലെ സാംസ്കാരിക ഇടപെടലുകൾ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണ്. അവിടെ പരസ്പരം അറിയാനും കലാസാഹിത്യ അഭിരുചികളെ വളർത്താനും സാംസ്കാരിക പ്രസ്ഥാനങ്ങൾ നൽകുന്ന കരുത്ത് ചെറുതല്ല. എന്നാൽ മാറിയ കാലത്തിനനുസരിച്ച് കലാസാംസ്കാരിക പ്രവർത്തനങ്ങൾ മാറ്റപ്പെടേണ്ടതുണ്ടെന്ന് കാഫ് കരുതുന്നു. അതിനാൽ അടിത്തട്ടിലെ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെ അറിയാതെയും അറിയിക്കാതെയും മുന്നോട്ടുപോകാൻ കഴിയില്ല. അത്തരം ശ്രമങ്ങളുടെ തുടർച്ചയാണ്, കൾച്ചറൽ ആർട്സ് ആൻഡ് ലിറ്റററി ഫോറത്തിൻ്റെ ആദ്യ പുസ്തകമായ പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ.
