top of page
a  light blue background .jpg
image_edited_edited.jpg

അരുന്ധതിയുടെ തുറന്നെഴുത്തും മേരി റോയിയുടെ അതിജീവനവും

'മദർ മേരി കംസ് ടു മീ' ഒരു വായനാനുഭവം'

അരുന്ധതിയുടെ തുറന്നെഴുത്തും മേരി റോയിയുടെ അതിജീവനവും

Mother Mary Comes To Me- by Arundhati Roy

You are an Amazing Woman- Ms. Arundhati Roy… ഇത്രയും ധീരമായി നിങ്ങൾ നിങ്ങളുടെ ജീവിതത്തെ തുറന്ന് കാണിച്ചു എന്നത് അഭിനന്ദനാർഹം തന്നെ.. അരുന്ധതി റോയിയുടെ അമ്മയായ മേരി റോയിയെക്കുറിച്ചുള്ള ഓർമ്മകുറിപ്പാണ് ഈ പുസ്തകം. ഒരു പക്ഷേ ആ അമ്മയുടെ ജീവിതത്തിലൂടെ അരുന്ധതി തൻ്റെ ജീവിത യാത്രയും തുറന്നെഴുതിയിരിക്കുന്നു എന്നതാണ് ഇതിൻ്റെ ഇതിവൃത്തം.



വിവാഹമോചിതയും, സിംഗിൾ പേരന്റുമായ തന്റെ മാതാവിൻ്റെ ജൈത്രയാത്രയിൽ തങ്ങളുടെ അമ്മയിൽ നിന്ന് തനിക്കും തന്റെ സഹോദരനും നേരിടേണ്ടി വന്ന മാനസ്സികവും ശാരീരികവുമായ വേദനകൾ, മുറിവുകൾ അവരുടെ എഴുത്തിൻ്റെ അവസാന വാക്കുകളിൽ പോലും വളരെ ശക്തമായി പ്രതിഫലിക്കുന്നത്, ഒരു പക്ഷേ സമാന ബാല്യത്തിൻ്റെ മുറിവുകൾ എന്നിലും അവശേഷിക്കുന്നത് കൊണ്ട്, വ്യക്തമായി എനിക്കും കാണുവാൻ കഴിഞ്ഞു എന്നതാണ് ഈ പുസ്തകവുമായി എന്നെ ചേർത്ത് വെച്ചത്.



എല്ലാവരും ഉണ്ടായിട്ടും ഒരു പക്ഷേ തനിയെ ജീവിക്കേണ്ടി വന്ന മേരി റോയി എന്ന അമ്മയ്ക്ക് അവരുടെ ദേഷ്യവും സങ്കടവും നിരാശയുമൊക്കെ പുറത്ത് കാണിക്കുവാൻ അവർക്ക് ആകെയുണ്ടായിരുന്നത് അവരുടെ കുട്ടികളായ അവരുടെ മകനും മകളും മാത്രമായിരുന്നു. പേടിപ്പിച്ചും, ശിക്ഷിച്ചും, ചീത്തവിളിച്ചുമൊക്കെ ആ കുട്ടികളെ അവർ വളർത്തിയപ്പോൾ അവർക്ക് നഷ്ടമായ ബാല്യം, അവർക്ക് നഷ്ടമായ സ്നേഹം, അവർക്ക് നഷ്ടമായ കരുതൽ ആ കുഞ്ഞുങ്ങളുടെ ജീവിത അവസാനം വരെ അവരുടെ ഏറ്റവും വലിയ നഷ്ട ബോധങ്ങളിൽ ഒന്നായിരിക്കുമെന്നത് ഇത് വായിക്കുന്ന ഓരോ അമ്മയ്ക്കും, അപ്പനും തിരിച്ചറിയുവാൻ കഴിഞ്ഞാൽ അതായിരിക്കും അരുന്ധതി റോയിക്ക് ഈ പുസ്തകത്തിലൂടെ നമുക്ക് നൽകുവാനുള്ള ഒരു സന്ദേശം..



മേരി റോയി എന്ന ധീരായ സ്ത്രീയെക്കുറിച്ച് പറയുകയാണെങ്കിൽ തന്റെ ഭർത്താവിൻ്റെ അമിതമായ മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടുവാൻ വിവാഹമോചനം സ്വീകരിക്കുമ്പോൾ അവർക്ക് ആകെയുണ്ടായിരുന്ന സ്വത്ത് രണ്ട് കുഞ്ഞുങ്ങൾ ആയിരുന്നു. അവരെയും കൊണ്ട് ഊട്ടിയിൽ വന്ന് തന്റെ പിതൃസ്വത്തിലുള്ള ഒരു വീട്ടിൽ താമസിക്കുമ്പോൾ തന്റെ സഹോദരനും അമ്മയും കൂടി വന്ന് അവരെ ആ വീട്ടിൽ നിന്ന് ഇറക്കിവിടുന്നിടത്ത് നിന്നാണ് 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാനിയമത്തിനെതിരെയുള്ള സുപ്രധാനമായ ആ നിയമ പോരാട്ടം ആരംഭിച്ചത്. 1960-കളുടെ പാതിയോടെ ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1986-ൽ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. അപ്പന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്ന ക്രിസ്ത്യൻ സമൂഹത്തെ ഞെട്ടിച്ച ആ വിധിയാണ് മേരിയെ പ്രശസ്തയാക്കിയത്.


'സ്വന്തം കൂടപ്പിറപ്പിനെതിരേ സുപ്രീംകോടതിവരെ പോയവൾ എന്നൊരു പേരുദോഷം ഉണ്ടായോ' എന്ന ഒരു പത്രപ്രവർത്തകൻ്റെ ചോദ്യത്തിന്, ‘‘ഞാൻ സഹോദരനെതിരെയല്ല, നീതി തേടിയാണ് കോടതിയിൽ പോയത്. അന്നത്തെ നിയമവാഴ്ചയ്ക്കെതിരെയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ, മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്.’’ എന്ന ഉത്തരമാണ് മേരി റോയ് നൽകിയത്.



കുടുംബത്തേയും ജീവിതത്തെയുമൊക്കെ ചേർത്തുവെച്ചുള്ള ഈ യാത്രയിൽ അരുന്ധതി റോയ് ഇന്ത്യൻ രാഷ്ട്രീയത്തേയും, രാഷ്ട്രീയ ചൂഷണങ്ങളേയും, കാലാകാലങ്ങളായി ഗോത്ര സമുദായങ്ങൾ അനുഭവിക്കുന്ന പീഢനങ്ങളേയും, ഇന്ത്യൻ മൈനോരിറ്റിയായ മുസ്ലീം സമുദായം നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ചും, കാശ്മീർ പ്രശ്നനത്തെക്കുറിച്ചും, കോർപറേറ്റുകൾക്ക് തീറെഴുതി കൊടുത്ത ഇന്ത്യൻ പാരിസ്ഥിതിക അവസ്ഥാന്തരങ്ങളേക്കുറിച്ചുമൊക്കെ ഏറ്റവും സധൈര്യത്തോടെ അവർ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.



സർദാർ സരോവർ പദ്ധതിക്കെതിരെ മേധ പാട്കർ നയിച്ച നർമ്മദയെ രക്ഷിക്കൂ എന്ന പ്രക്ഷോഭത്തിൽ അരുന്ധതി റോയ് പങ്കെടുക്കുകയും, പദ്ധതി ബാധിതരുടെ
പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് എഴുതിയ ഗ്രേറ്റർ കോമൺ ഗുഡ് എന്ന ലേഖനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ ബുക്കർ സമ്മാന തുകയും തന്റെ പുസ്തകത്തിന്റെ റോയൽറ്റിയിലെ ഒരംശവും നർമ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിന് അവർ ദാനം ചെയ്തിരുന്നു. ഇൻഡ്യൻ നിയമനിർമ്മാണ സഭ ആക്രമിച്ച കുറ്റത്തിന് വധ ശിക്ഷ വിധിക്കപ്പെട്ട അഫ്സൽ ഗുരുവിൻ്റെ ശിക്ഷയ്ക്ക് എതിരെ പ്രതികരിക്കുകയും, യഥാർത്ഥ പ്രതികൾക്ക് പകരം അഫ്സൽ എന്ന വ്യക്തിയെ ബലിയാട് ആക്കുകയും ആയിരുന്നുവെന്ന് അവർ വാദിച്ചു. 2003-ൽ വയനാട് ജില്ലയിലെ മുത്തങ്ങയിൽ പോലീസും ആദിവാസികളുമായുണ്ടായ സംഘർഷത്തിനെതിരെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ എ. കെ. ആന്റണിക്ക് “താങ്കളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു” എന്ന തുറന്ന കത്ത് അവർ എഴുതി. അവർ എന്നും നില കൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടി ആയിരുന്നു. പക്ഷേ കപട രാഷ്ട്രീയ സമൂഹങ്ങൾ അവരെ അധിക്ഷേപിക്കുകയും അവർക്ക് എതിരെ നിയമ പോരാട്ടം നടത്തുകയും ചെയ്തു. അവർ ഒരു രാഷ്ട്രീയ പാർട്ടിയുടേയോ, മതവർഗ്ഗത്തിൻ്റെയോ വക്താവ് അല്ല എന്നതാണ് അരുന്ധതി റോയ് എന്ന എഴുത്തുകാരിയെ വിത്യസ്തയാക്കുന്നത്.



ഇനിയും എഴുതുവാൻ ഏറെയുണ്ട്. ഇന്ത്യ എന്ന രാജ്യത്തെ ജാതി-മത-വർഗ്ഗ-വർണ്ണ- രാഷ്ട്രീയ വിവേചനങ്ങൾക്ക് അപ്പുറം കാണുവാൻ സാധിക്കുന്ന മനുഷ്യർക്ക് ഈ പുസ്തകം അഭികാമ്യം എന്ന് ഞാൻ പറയുന്നു. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട അരുന്ധതി റോയി…❤️🙏🥰



അഭിമാനപൂർവ്വം

കാർത്തിക താന്നിക്കൻ

bottom of page